ഇന്നെനിക്കുള്ള വികാരം സന്തോഷമാണൊ അഭിമാനമാണൊ എന്നറിയില്ല. എഴുതാന്‍ പഠിച്ച കാലം മുതല്‍ ഡിഗ്രി വരെ ഏക്ദേശം ഇരുപത് വര്‍ഷങ്ങള്‍ ഞാന്‍ എഴുതിയ കത്തുകള്‍ മാത്രം വായിച്ചിട്ടുള്ള വാപ്പ ആദ്യമായി ഞാന്‍ എഴുതിയ ഒരു പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞു..
രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വാപ്പയാണു ഫോണെടുത്തത്. ഫോണില്‍ വാപ്പാടെ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷത്തോടൊപ്പം എന്നും ചെറിയ ഒരു പേടിയും കൂടെ ഉണ്ടാകാറുണ്ട്. അതെന്തു കൊണ്ടാണെന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല.
ഇത്രയും കാലത്തിനിടയില്‍ എനിക്കൊരു പ്രാവശ്യം മാത്രമാണു വാപ്പാടെ കയ്യില്‍ നിന്നും തല്ലു വാങ്ങിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്താം ക്ലാസിലെ ഓണപരീക്ഷക്ക് കിട്ടിയ മാര്‍ക്ക് കുറഞ്ഞ് പോയത് പേടിച്ച് പറയാതെ വാപ്പ ചോദിച്ചപ്പോള്‍ പേപ്പര്‍ കിട്ടിയില്ല എന്നു നുണ പറഞ്ഞതിന്. കൂടെ ഒരുപദേശവും തന്നു.. "ഒരിക്കലും നുണ പറയരുത്...!!". ( ആ ഉപദേശം അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയോ എന്നു മാത്രം ചോദിക്കരുത്.. )
പ്രീഡിഗ്രിക്കു തോറ്റപ്പോള്‍ വാപ്പ പറഞ്ഞ ഒരു ഡയലോഗുണ്ട്.. "നീയീ തിന്നു ചീര്‍ത്ത തടിയും വെച്ചു ബസ്സില്‍ കേറാതിരുന്നാല്‍ ആ സ്ഥലത്തു മിനിമം രണ്ട് പേര്‍ക്കു സുഖായിട്ടു യാത്ര ചെയ്യാം.. അതു വല്ല പാവപ്പെട്ട വീട്ടിലെ പിള്ളേരാണെങ്കില്‍ അവരെങ്കിലും പോയി പഠിച്ചു നന്നായേനെ..!!" എന്നു..
ഡിഗ്രി കഴിഞ്ഞ് പ്രേമം തലക്കു മൂത്ത് അവസാനം വീട്ടിലവതരിപ്പിക്കേണ്ട ഗതികേടിയാലയപ്പോള്‍ ഉമ്മാനോട് പറയേണ്ടി വന്നു.. പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ ഉമ്മ ഫോണെടുത്ത് വാപ്പാനെ വിളിച്ചു സ്പീക്കര്‍ ഫോണിലിട്ടു.. എന്റെ നെഞ്ചാണെങ്കില്‍ ഏ ആര്‍ റഹ്മാന്റെ സ്റ്റേജ് ഷോക്ക് ശിവമണിയുടെ ഡ്രംസ് അടി പോലെ പല താളത്തിലും അടിക്കാന്‍ തുടങ്ങി. കയ്യിനും കാലിനുമൊന്നും ബലമില്ലാത്ത പോലെ.. കാര്യമറിഞ്ഞാ രണ്ട് തല്ലു കിട്ടും എന്നല്ലാതെ ഓണ്‍ ദി സ്പോട്ട് വാപ്പാനെ വിളിക്കും എന്നു ഞാനൊട്ടു പ്രതീക്ഷിച്ചിരുന്നില്ല.
"അതേ.. അറിഞ്ഞാ..?? നിങ്ങടെ മൂത്ത മോനു പ്രേമം.. ആ പെണ്ണിനെ കെട്ടണം എന്നാണു പറയുന്നത്.."
" ഏഹ്.. അതിനവന്‍ കല്യാണം കഴിക്കാറായോ.. ഇപ്പഴും കുട്ടിയല്ലേ..?"
"ഉവ്വ.. കുട്ടി.. ചെക്കനു ഇരുപത്തിമൂന്നു വയസ്സായി.. ഇപ്പഴും കുട്ടി കുട്ടി എന്നും പറഞ്ഞ് മടിയില്‍ വെച്ചോണ്ടിരുന്നോ.."
"അതിനു വയസ്സു കൂടീട്ടെന്താ.. അതിനുള്ള ബോധവും കൂടെ വേണ്ടേ..? അതു പോട്ടേ.. പെണ്ണിന്റെ പേരെന്താ..?"
"ആഹ്.. എനിക്കറിയില്ല.."
"നാട്..?"
"അറിയില്ല.."
"വീട്..?"
"അറിയില്ല.."
"ജാതി..? മതം..? എന്തെങ്കിലും.."
"എനിക്കറിയില്ലാന്നു.."
"പിന്നെ നിനക്കെന്തൂട്ട് തേങ്ങാക്കൊല അറിഞ്ഞിട്ടാ നീയീ വിളിച്ചത്.??"
"അവനൊരു പെണ്ണിനെ ഇഷ്ടമാണെന്നു മാത്രം എനിക്കറിയാം.. ആ പെണ്ണിനു അവനെയും ഇഷ്ടമാണെന്നാണ് അവന്‍ പറയുന്നത്.. ബാക്കി നിങ്ങള്‍ വാപ്പയും മോനും കൂടെ ആയിക്കോ.."
"ശെരി.. അവനു ഫോണ്‍ കൊടുത്തേ..."
"കൊടുക്കാനൊന്നും ഇല്ല സ്പീക്കര്‍ ഫോണിലാ.. അവന്‍ കേള്‍ക്കുന്നുണ്ട്.."
"ഡാ.. നീയവിടെ ഉണ്ടോ..?"
"ഉണ്ട് വാപ്പ.."
"ഈ കേട്ടതൊക്കെ ശെരിയാണോ..?"
"ഉം.."
"ഉം.. അല്ല.. ഈ വക കാര്യങ്ങള്‍ക്കെല്ലാം ആണുങ്ങളെ പോലെ മറുപടി പറയണം.. നീ വാ തുറന്ന് പറ.."
"ശെരിയാണു വാപ്പ.."
അപ്പുറത്ത് നിന്നും ദീര്‍ഘ നിശ്വാസം...
"ശെരി.. നീയവളെ കെട്ടാം എന്നു വാക്കു കൊടുത്തിട്ടുണ്ടോ...?"
"അങ്ങനെ എന്തു വന്നാലും കെട്ടിക്കോളാം എന്നു പറഞ്ഞിട്ടില്ല.. ഇഷ്ടമാണ്.. വീട്ടിലവതരിപ്പിക്കാം. എന്നിട്ട് വീട്ടുകാര്‍ തമ്മില്‍ അന്വേഷിച്ച് അവര്‍ക്കെല്ലാം ഇഷ്ടപ്പെട്ട് സമ്മതമാണെങ്കില്‍ കെട്ടിക്കോളാം എന്നു വാക്കു കൊടുത്തിട്ടുണ്ട്.."
"ഏഹ്.. അതെന്തൂട്ട് വാക്ക്.. എന്തെങ്കിലുമാകട്ടെ.. ഇനിയിപ്പോ പെണ്ണിന്റെ നാടും വീടും ജാതിയും മതവും ഒന്നും നോക്കിയിട്ട് കാര്യമില്ലല്ലോ... നീ കൊടുത്ത വാക്കു പ്രകാരം അന്വേഷിക്കാം.. വീട്ടുകാരുമായി സംസാരിക്കാം. എന്നിട്ട് എല്ലാം ശെരിയായി വരികയാണെങ്കില്‍ ബാക്കി അതു പോലെ ചെയ്യാം.. പിന്നെ എന്തു വന്നാലും കെട്ടാം എന്നു നീ വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവളെ നിന്നെ കൊണ്ട് കെട്ടിച്ചേനേ.. കാരണം ഒരാണൊരിക്കലും വാക്കു പറഞ്ഞാല്‍ തെറ്റിക്കാന്‍ പാടില്ല.. അതീ കാര്യത്തിലല്ല.. ഏതു കാര്യത്തിലായാലും.. മനസ്സിലായോ..??"
"ഉവ്വ്.. മനസ്സിലായി.."
ഇതാണു മൂപ്പരുടെ ഒരു ഏകദേശ സ്വഭാവം. ഇനി കാര്യത്തിലേക്ക് കടക്കാം.. ഇന്നത്തെ ഫോണ്‍ വിളിയുടെ പ്രസക്ത ഭാഗങ്ങളിലേക്ക്
"ഡാ നീയാ പെരുന്നാളിനു പത്തിരി തിന്നാന്‍ പോയ കാര്യം എഴുതിയത് എനിക്ക് വാട്ട്സാപ്പില്‍ കിട്ടി.. വായിച്ചു കേട്ടോ.."
"ആഹാ.. സന്തോഷം.. എന്നിട്ടിഷ്ടപ്പെട്ടോ..?"
"ഇഷ്ടപ്പെട്ടോന്നു ചോദിച്ചാല്‍.. നീ എഴുതിയിരിക്കുന്ന രീതിയെല്ലാം നന്നായിട്ടുണ്ട്.. വായിക്കാന്‍ രസമുണ്ട്..പക്ഷേ..?"
"ഏഹ്.. ഇനിയെന്തൂട്ട് പക്ഷേ..??"
"തമാശയാണെങ്കിലും കാര്യമാണെങ്കിലും നമ്മളെഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ചാല്‍ അവര്‍ക്കു ജീവിതത്തില്‍ പകര്‍ത്താനോ ഉപകാരമുള്ളതോ ആയ എന്തെങ്കിലും നല്ല ഒരു സന്ദേശം കൂടെ ഉണ്ടെങ്കില്‍ എഴുതുന്നതിനു ഒരു അര്‍ത്ഥമുണ്ടായേനേ.."
"ഉം.. ശെര്യാ വാപ്പാ.. ഇതു ഞാന്‍ ചുമ്മാ തമാശക്ക് എഴുതിയതാ.."
"അതാ പറഞ്ഞത്.. സരസമായ ഭാഷയില്‍ പറയുന്നത് ആളുകളുടെ മനസ്സില്‍ പെട്ടെന്നു കേറും.. ഇനിയും എഴുതുന്നുണ്ടെങ്കില്‍ അതു കൂടെ ശ്രദ്ധിക്കാന്‍ ശ്രമിക്ക്.."
ഈ പോസ്റ്റിന്റെ തുടക്കത്തില്‍ കത്തുകളെ കുറിച്ച് പറഞ്ഞു.. ഞാന്‍ ആദ്യമായി വായിച്ച ഒരു കത്ത് വാപ്പ എനിക്കയച്ചതായിരുന്നു.. അവസാനമായി വായിച്ച കത്തും വാപ്പ എനിക്കയച്ചത് തന്നെ. ആദ്യമായി കത്തെഴുതിയപ്പോള്‍ കത്തെങ്ങനെ തുടങ്ങണം എന്ന് ഉമ്മയോട് ചോദിച്ചപ്പോല്‍ ഉമ്മ പറഞ്ഞ് തന്നു..
"ആദ്യം പേജിന്റെ മുകളില്‍ നടുവിലായി ബി എന്നെഴുതി അടിയില്‍ ഒരു വര വരക്കണം.."
"അതെന്തിനാണുമ്മാ..??"
"നമ്മളെന്തു നല്ല കാര്യം ചെയ്യുമ്പഴും ആദ്യം ബിസ്മില്ലാഹി റഹ്മാനി റഹീം (പരമകാരുണ്യവാനും കരുണാനിധിവുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്നു ചൊല്ലണം.. ബിസ്മിയുടെ ചുരുക്കമായിട്ടാണു 'ബി' എന്നു എഴുതുന്നത്.."
"ശെരി എഴുതി..."
"ഇനി ബാക്കി എഴുതിക്കോ.. എത്രയും ബഹുമാനവും സ്നേഹവും നിറഞ്ഞ വാപ്പ വായിച്ചറിയുന്നതിനു മകന്‍ ഫയാസ് എഴുതുന്നത്.."
അതായിരുന്നു എന്റെ ആദ്യത്തെ കത്തെഴുത്ത്.. പിന്നീട് ഞാന്‍ വാപ്പാക്കെഴുതിയ എല്ലാ എഴുത്തുകളുടെയും തുടക്കം ആ 'ബി' യും വാചകങ്ങളുമായിരുന്നു.ഒരിക്കല്‍ പോലും ഞാനതു മാറ്റി എഴുതിയിട്ടില്ല.
ഇതു വായിച്ച നിങ്ങളിലാരെങ്കിലും നിങ്ങളുടെ ഇ മെയില്‍ അല്ലാതെ കത്തുകളെഴുതിയിട്ടുണ്ടോ..? ഉണ്ടെങ്കില്‍ നിങ്ങളുടെ കത്തെങ്ങനെ ആയിരുന്നു തുടങ്ങിയിരുന്നത്..? നിങ്ങളേഴുതിയിട്ടുള്ള, വായിച്ചിട്ടുള്ള.. നിങ്ങള്‍ക്കു മറക്കാന്‍ പറ്റാത്ത എന്തെങ്കിലും കത്തനുഭവം ഷെയര്‍ ചെയ്യാമോ..? ചുമ്മാ അറിയാനുള്ള ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ..