ജീവിതത്തില്‍ നഷ്ടങ്ങള്‍ പലവിധമുണ്ട്. ഇന്നിപ്പോ ഈ പ്രായത്തില്‍ ഒന്നു തിരിഞ്ഞുനോക്കിയാല്‍ ബാല്യത്തോളം വലിയൊരു നഷ്ടം മറ്റൊന്നില്ല. അന്നുമിന്നും ജീവിതത്തില്‍ മനസ്സില്‍ തൊട്ടുനില്ക്കുന്നവരെത്രയെന്നു ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്നതേയുള്ളു. ഒരുവിധപ്പെട്ട എല്ല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട ഒരു കുട്ടിക്കാലത്തിന്റെ ഏകാന്തതയുണ്ടാക്കിയ അദൃശ്യമായ ഒരു വേലി ഇന്നും മനസ്സിനെ തടഞ്ഞുനിര്ത്തുണ്ട്. സന്തോഷങ്ങളും ആഹ്ലാദത്തിമിര്പ്പുകളും മനസ്സിനെ കീഴടക്കാന്‍ തുടങ്ങുമ്പോഴൊക്കെ ആ പഴയ സങ്കടക്കുട്ടിയുടെ കൈവിരല്ത്തണുപ്പ് പോയ കാലങ്ങളിലേക്ക് ഉണര്‍ത്തുന്നു. അവളാണ് ഇന്നും കാഴ്ചകള്‍ കാണുന്നത്, സ്നേഹിക്കുന്നത്, നിങ്ങളെന്നെ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും പരിഭവിക്കുന്നത്, നിഷേധിച്ചതൊന്നും നമുക്കിനി വേണ്ടെന്ന് പറഞ്ഞു പഠിപ്പിക്കുന്നത്.
വേനലവധി കഴിഞ്ഞ് കസിന്‍സ് മടങ്ങിയാല്‍ അടുത്ത അവധിക്ക് അവരെത്തും വരെയുള്ള കാത്തിരിപ്പ്. അവരോടൊപ്പം കടമ്മനിട്ട ഉത്സവത്തിനു പോകാന്‍, പടയണി കാണാന്‍.. ഒരു വര്‍ഷത്തെ ചോദ്യങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും വളരെ നിസ്സാരമായി പോകേണ്ടെന്നു വിധിക്കുകയും ഇനിയെനിക്ക് ഒരിക്കലും എവിടെയും പോവേണ്ടെന്നുറച്ച് ഞാന്‍ കല്ലുപോലിരിക്കുകയും ചെയ്തിട്ടുണ്ട് ചില വര്‍ഷങ്ങളില്‍. തിരിച്ചുവരുമ്പോ മാലയും വളയും, പടയണിയുടെ കോലങ്ങളും കൊണ്ടുത്തരാമെന്ന് ആശ്വസിപ്പിച്ച് അവരൊക്കെ പോകുന്നു. ഒരു പക്ഷെ എന്നെക്കാള്‍ സങ്കടപ്പെട്ട്.
എങ്കിലും ഒരല്‍പ്പം സ്വാതന്ത്ര്യം കിട്ടിയപ്പോഴൊക്കെ ഞാനവിടെയെത്തി. കിട്ടാത്തതൊക്കെ കണ്ടെടുത്തു. അന്നെഴുതിയ പൊട്ടത്തരങ്ങളൊക്കെ വായിച്ച് നല്ല വാക്കുകളുടെ കവിയെന്നു വിശേഷിപ്പിച്ച ഒരാളുണ്ട്. മുടങ്ങാതെ കത്തുകളെഴുതിയും പുസ്തകങ്ങള്‍ സമ്മാനിച്ചും സ്നേഹത്താല്‍ മൂടപ്പെട്ട ഒരു കാലം. അവിടുത്തെ സൌഹൃദക്കൂട്ടായ്മകളാണ് എന്നിലെ എന്നെ ഒരു പരിധി വരെ രൂപപ്പെടുത്തിയത്. മരണം കൊണ്ടുപോലും വേര്പെടുത്താനാകാത്തൊരിഷ്ടം ആ നാടിനോടും അവിടുത്തെ ഓര്മ്മകളോടുമുണ്ട്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണത്. എന്നിട്ടും ഇനി ഒരിക്കലും തീരിച്ചെത്താന് കഴിയാത്ത വിധം എല്ലാ ബന്ധങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ടു. മാറുന്ന കാലത്തിനൊപ്പം സ്വാഭാവികമായി സംഭവിക്കുന്നതാകാം.
വീണ്ടുമൊരു പടയണിക്കാലമെത്തുമ്പോള് പണ്ട് ഉത്സവലഹരിയില്‍ അലിയാന്‍ കൊതിച്ച്, പറ്റുമോയെന്ന ആശങ്കപ്പെട്ട അതേ കുട്ടിയാകുന്നു. തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കാനും കാണാനും ആരുമില്ലെന്നോര്‍ത്ത് മടിച്ചുനില്‍ക്കുന്നു. എന്നാലുമെന്റെ നാടേ.. എനിക്കെത്താതെ വയ്യ. അടുത്ത പടയണി വരെ നിന്നെയോര്‍ത്ത്, കണ്ടപ്പോള്‍ മുഖം തിരിച്ച പ്രിയപ്പെട്ടവരെയോര്‍ത്ത് സങ്കടപ്പെടാതെ വയ്യ.