ഇതുപോലെഎത്ര മീനങ്ങള്‍
മാനം കപ്പല്‍ കയറ്റവേ
തോറ്റു പോകുന്നു നിങ്ങള്‍
നാടിതിനെ രചിച്ചവര്‍
നന്നായ് നാണം മറയ്ക്കുവാന്‍
നാക്കിലയിലുണ്ണുവാന്‍
പള്ളിക്കൂടങ്ങള്‍ നേടുവാന്‍
പാതയോരത്തു നടക്കുവാന്‍
കുമ്പിട്ടു കൈകെട്ടി നില്‍ക്കാതെ
കുമ്മിണിക്കുഞ്ഞിനെപ്പോറ്റുവാന്‍
അന്നത്തിനായുധമക്ഷരം
എന്നുരുവിട്ടുറക്കെ പഠിച്ചവര്‍..
ഇതുപോലൊരു മീനത്തിലത്രേ
കയ്യൂരില്‍ തൂക്കുമരം പണിഞ്ഞവര്‍
മീനമാസത്തിലെ സൂര്യന്‍
ഉച്ചിയില്‍ പച്ച മറയ്ക്കവേ
ഉരുകുന്ന മാനത്തിന്‍ ചൂടിനേക്കാള്‍
മനമുരുകുന്ന കാഴ്ച്ചയായ്
കരയുന്നമ്മ മലയാളം കാതടിപ്പിക്കുമൊരൊച്ചയാല്‍
അന്നത്തിനാളു കൈനീട്ടുമ്പോള്‍
അഴിമതികാട്ടിരസിപ്പവര്‍
പഠിക്കാന്‍ കഴിയാതെ കുഞ്ഞുങ്ങള്‍
പണിശാലത്തിണ്ണ തെണ്ടവേ
അന്നം നിഷേധിക്കുമക്രമം
അക്ഷരം വില്‍ക്കുന്നു മാന്ത്രികര്‍
നീതികേടിന്റെ പേടിയാല്‍
നെഞ്ചില്‍ ഭക്തി മുളക്കവേ
ഭക്തിയും തൂക്കി വില്‍ക്കുവോര്‍
കപട ലോകമീ ഗോകുലം
ഭരണം തിരിക്കുമതിനരികെ
വിവസ്ത്രമാകുന്നു ജനാധിപത്യം
അറയ്ക്കുന്ന തെറ്റകള്‍ ചെയ്തിട്ടും
അറയ്ക്കാതെ കൈകൂപ്പി നില്‍പ്പവര്‍
അവര്‍ക്കു പിന്നാലെ നീങ്ങുന്നു
അറിയപ്പെടുന്ന നായകര്‍
ഇതുപോലെഎത്ര മീനങ്ങള്‍
മാനം കപ്പല്‍ കയറ്റവേ
തോറ്റു പോകുന്നു നിങ്ങള്‍
നാടിതിനെ രചിച്ചവര്‍
നദികള്‍ നീളെ മരിക്കുമ്പോള്‍
ഫ്ളാറ്റു കെട്ടി രസിപ്പവര്‍
വയല്‍പ്പച്ച മരിച്ചിട്ട്
വിമാനത്തത്തിന്നൊച്ച കേള്‍പ്പവര്‍
വിടരും പൂമൊട്ടുനുള്ളുവാന്‍
തുനിയുന്നുദ്യാനപാലകര്‍
അവര്‍ക്കു വേണ്ടിയും നാട്ടില്‍
ഉയരാനെത്ര കയ്യുകള്‍
ഇതുപോലെഎത്ര മീനങ്ങള്‍
മാനം കപ്പല്‍ കയറ്റവേ
തോറ്റു പോകുന്നു നിങ്ങള്‍
നാടിതിനെ രചിച്ചവര്‍