Dr Sofiya Kanneth

ഐ എസ് ഐ എസ് ഭീകരതയെ വേരോടെ പിഴുതു മാറ്റണം

തീവ്രവാദത്തിന്റെ ന്യൂജെന്‍ മുഖം

തീവ്രവാദത്തിന്റെ ന്യൂ ജനറേഷ ന്‍ നിര്‍വ്വചനങ്ങളിലൊന്നാണ് ISIS. പല ഗ്രൂപ്പുകളിലായി ISIS 80,000 ത്തോളം വരുന്ന ഭീകരതയാണിന്ന്. നിരവധി പേരെ ISIS തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടും അല്ലാതെയും കൊന്നുകൊണ്ടിരിക്കുന്നു. 2004 മുതല്‍  2010 വരെയുള്ള കാലഘട്ടത്തില്‍ ഓരോ വര്‍ഷവും ശരാശരി ആയിരം പേരെയെങ്കിലും ISIS വധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ISIS ചാവേറുകള്‍ മാര്‍ക്കറ്റിലും പള്ളികളിലും മറ്റ് പൊതുസ്ഥലങ്ങളിലും പൊട്ടിത്തെറിച്ചു. അവിടെയും മരിച്ചത് കുറെ നിരപരാധികള്‍ . എന്തിന്, സുന്നികള്‍ക്കിടയില്‍ പോലും ISIS ചവേറുകള്‍ പൊട്ടിത്തെറിച്ചു. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യസീദികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. പലരേയും ജീവനോടെ കുഴിച്ചിട്ടു. സ്ത്രീകളെ ലൈഗീക അടിമകളാക്കി ചന്തയില്‍ വിറ്റു. അതുകൊണ്ടായിരിക്കാം ഇതേ ചരിത്രമുള്ള ബോക്കോഹറം ഇന്ന് ISISന്റെ ആത്മസുഹൃത്താണ്. ജൂത ക്രിസ്ത്യന്‍ മുസ്ലിം ആരാധനാലയനങ്ങള്‍ ISIS വ്യാപകമായി തകര്‍ത്തു. വിവിധ മത വിഭാഗത്തില്‍ പെട്ട പതിനായിരക്കണക്കിനു മനുഷ്യര്‍ ISISന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് വീടും നാടും ഉപേക്ഷിച്ച് പാലായനം ചെയ്തു. സിഞ്ചാറിലും തിക്രിത്തിലും ഏതാനും ദിവസങ്ങള്‍ കൊണ്ട് ആയിരങ്ങളെ ISIS കൊന്നു തള്ളി.

ചരിത്രം

ചരിത്രം പരിശോധിച്ചാല്‍ ഇറാഖില്‍ 2003 മുതല്‍ 2011 വരെ നടന്ന അമേരിക്കന്‍ അധിനിവേശത്തില്‍ ഒരു ലക്ഷം മുതല്‍ ആറര ലക്ഷം പേര്‍ മരിച്ചെന്നാണ് കണക്ക്. മൂന്ന് വര്‍ഷത്തിനിടെ സിറിയയില്‍ മരിച്ചത് ഏകദേശം രണ്ടര ലക്ഷം പേര്‍ . ഇറാഖിലേയും സിറിയയിലേയും ഇന്നത്തെ പ്രധാന പ്രശ്നം അല്‍ -ഖൊയ്ദയുടെ പോഷക സംഘടനയായി തുടങ്ങി ഒടുവില്‍ അല്‍ -ഖൊയ്ദയെക്കാളിലും വളര്‍ന്ന ഇസ്ലാമിക്‌ സ്റ്റേറ്റ് അഥവാ ISIS ആണ് എന്ന് നിസ്സംശയം പറയാം. 2003 ഇലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഈ മേഖലയില്‍ നിരവധി സായുധ സംഘങ്ങള്‍ പൊട്ടി മുളച്ചു. അതിലൊന്നായിരുന്നു ISIS. കുര്‍ദുകള്‍ , ഷിയാകള്‍ , സുന്നികള്‍ , അസീറിയന്‍സ്, യസീദികള്‍ തുടങ്ങി മിക്ക വിഭാഗങ്ങള്‍ക്കും സ്വന്തമായി സായുധ സംഘങ്ങള്‍ ഉണ്ടായി. അവര്‍ക്കെല്ലാം പല ഭാഗങ്ങളില്‍ നിന്നും ആയുധങ്ങളും പണവും ലഭിച്ചു. ഇവര്‍ക്കിടയില്‍ അക്രമങ്ങള്‍ പതിവായിരുന്നെങ്കിലും കാര്യങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നത്‌ 2011 ലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന്‌ ISIS ഒരു വന്‍ ശക്തിയായി മാറുന്നതോടെയാണ്‌ .

ഇസ്രായേല്‍

മേഖലയില്‍ ഇസ്രായേലിന് സൈനീകമായി ഭീഷണിയായിരുന്ന രണ്ടേ രണ്ട് രാജ്യങ്ങള്‍ സിറിയയും ഇറാനുമാണ്. ഇസ്രയേല്‍ സൈന്യവുമായി ചെറുത്ത് നില്‍കാന്‍ ഏറ്റവും ശേഷിയുള്ള ഗ്രൂപ്പ്‌ ഹിസ്ബുള്ളക്ക് ആയുധം എത്തുന്നത്‌ സിറിയയില്‍ നിന്നോ സിറിയ വഴി ഇറാനില്‍ നിന്നോ ആണ്. സിറിയക്കും ഇറാനും ആയുധം ലഭിക്കുന്നത് റഷ്യയില്‍ നിന്നും. 2006 ലെ ലെബനോണ്‍ യുദ്ധത്തില്‍ സാങ്കേതിക വിജയം മാത്രം നേടാന്‍ സാധിച്ച ഇസ്രായേലിന് സിറിയയെ ഒതുക്കാനും അത് വഴി ഹിസ്ബുള്ളയെ ഇല്ലാതാക്കാനും ലഭിച്ച അവസരമായിരുന്നു 2011 ഇലെ സിറിയന്‍ ആഭ്യന്തര യുദ്ധം.

മറ്റ് അറബ് രാജ്യങ്ങളിലെല്ലാം വസന്തം തലസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ സിറിയയില്‍ അത് ആരംഭിച്ചത് അതിര്‍ത്തിയില്‍ നിന്നായിരുന്നു. സിറിയക്കെതിരെ പുതിയ സായുധ സംഘങ്ങള്‍ രൂപപ്പെട്ടു. അതില്‍ പ്രധാനം ഫ്രീ സിറിയന്‍ ആര്‍മി (FSA), അല്‍ -ഖൊയ്ദയുടെ പോഷക സംഘടന അല്‍ -നുസ്ര, ഇറാഖില്‍ മുന്‍പേ ചുവടുറപ്പിച്ച ISIS എന്നിവയായിരുന്നു. സിറിയയില്‍ അസദിനെതിരെ യുദ്ധം ചെയ്യാന്‍ ലോകത്തിലെ 81 ഓളം രാജ്യങ്ങളില്‍ നിന്ന് വിദേശികള്‍ എത്തി എന്നാണ് പഠനങ്ങള്‍ പറയുന്നത്. അവരിലധികവും ചേര്‍ന്നത്‌ അല്‍ -നുസ്രയിലാണ്. ഭരണം നഷ്ടപ്പെട്ട ഇറാഖിലും സിറിയയിലും രൂപം കൊണ്ട സായുധ സംഘങ്ങളുടെ പേരെഴുതാന്‍ ഒരു പേപ്പറിന്റെ രണ്ട് പുറങ്ങള്‍ മതിയാകില്ല.

അമേരിക്കന്‍ കുതന്ത്രങ്ങള്‍


ഇസ്രായേലിന്റെ ആവശ്യം മുന്‍നിര്‍ത്തി അമേരികയും യുറോപ്യരും സിറിയക്കെതിരെ യുദ്ധത്തിനൊരുങ്ങി. പക്ഷേ സിറിയന്‍ യുദ്ധത്തില്‍ പങ്കെടുക്കാനുള്ള വോട്ടെടുപ്പ് UK പാര്‍ലിമെന്റില്‍ പരാചയപ്പെട്ടപ്പോള്‍ തെറ്റിയത് ഇസ്രായേലിന്റെ കണക്ക് കൂട്ടലുകളായിരുന്നു. ഇറാഖ് യുദ്ധത്തിനെതിരെ UK യില്‍ അതിശക്തമായി പ്രതിഷേധിച്ച നല്ല മനുഷ്യര്‍ക്ക്‌ നന്ദി. ഇറാഖ് യുദ്ധം തടയാനായില്ലെങ്കിലും വലിയ മറ്റൊരു വിപത്ത് തടയാന്‍ അവര്‍ക്ക് സാധിച്ചു. ഒരേ സമയം അഫ്ഗാനിസ്ഥാനില്‍ അല്‍ ഖോയ്ദയുമായി യുദ്ധം ചെയ്യുകയും സിറിയയില്‍ അതേ അല്‍ -ഖോയ്ദയുമായി കിടക്ക പങ്കിടുകയും ചെയ്യേണ്ടി വന്ന അമേരിക്കന്‍ ഇരട്ടത്താപ്പ് നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ സിറിയന്‍ യുദ്ധത്തിന് 'പ്ലാന്‍ -ബി' തിരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതിന് വേണ്ടി FSAയെ അവര്‍ മിതവാദികളായി പ്രഖ്യാപിച്ചു. സിറിയന്‍ സൈനീകന്റെ ഹൃദയം കുത്തിയെടുത്ത് പച്ചക്ക് തിന്നുന്ന വീഡിയോ യൂറ്റൂബില്‍ ഇട്ടതൊന്നും പാശ്ചാത്യര്‍ക്ക് തീവ്രവാദമായി തോന്നിയില്ല. ഇസ്രയേലും പാശ്ചാത്യരും ചേര്‍ന്ന് FSAക്ക് പരിശീലനവും ആയുധങ്ങളും നല്‍കി. പലപ്പോഴും പരിക്കേറ്റ FSA അംഗങ്ങള്‍ക്ക് ഇസ്രായേലില്‍ കൊണ്ട് വന്ന് ചികിത്സയടക്കം നല്‍കി. പക്ഷേ മറുപക്ഷത്ത് സിറിയയുക്കൊപ്പം ഇറാനും റഷ്യയും സൈനീകമായും രാഷ്ട്രീയമായും നിലയുറപ്പിച്ചതോടെ FSA ക്ഷീണിച്ചു. ഭരണ പ്രതിപക്ഷ യുദ്ധം ലക്ഷക്കണക്കിന്‌ പേരുടെ ജീവനെടുത്തു. മാരക രാസായുധങ്ങള്‍ അടക്കം ഇരു വിഭാഗങ്ങളും പ്രയോഗിച്ചു.

എണ്ണപ്പാടങ്ങളും തീവ്രവാദികളും

സിറിയയിലെ പ്രധാന എണ്ണപ്പാടങ്ങള്‍ തീവ്രവാദികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളുടെ ഗതി മാറി. എണ്ണപ്പാടങ്ങളുടെയും പ്രധാന നഗരങ്ങളുടെയും നിയന്ത്രണത്തിന് വേണ്ടി ISIS ഉം FSA യും അല്‍ -നുസ്രയും പരസ്പരം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ചില എണ്ണപ്പാടങ്ങള്‍ കുര്‍ദ് സംഘങ്ങള്‍ നിയന്ത്രിച്ചു. രണ്ട് അല്‍ -ഖൊയ്ദ പോഷക സംഘടനകളായ ISISഉം അല്‍ -നുസ്രയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ അല്‍ -ഖൊയ്ദ തലവന്‍ അല്‍ -സവാഹിരി നേരിട്ടിറങ്ങി. സ്വന്തം ശക്തി തിരിച്ചറിഞ്ഞിട്ടാകണം അല്‍ -സവാഹിരിയോട് പോയി പണി നോക്കാന്‍പറഞ്ഞു ISIS. ഒടുവില്‍ ISIS അതി തീവ്രവാദികളാണ് എന്ന് കുറ്റപ്പെടുത്തി അല്‍ -ഖൊയ്ദ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിടിച്ച് നില്‍ക്കാനാകാതെ അല്‍ -നുസ്രയിലെ പല ഗ്രൂപ്പുകളും ISISല്‍ ചേര്‍ന്നു. അല്‍ -നുസ്രയുടെ കൈവശം ഉണ്ടായിരുന്ന പല എണ്ണപ്പാടങ്ങളും ISISന്റെ നിയന്ത്രണത്തിലായി. പല യുറോപ്യന്‍ രാജ്യങ്ങളും സിറിയന്‍ ഗവണ്മെന്റ് പോലും ISIS അടക്കമുള്ള സിറിയയിലെ തീവ്രവാദികളില്‍ നിന്ന് എണ്ണ വാങ്ങിച്ചു. ഇതിലൂടെയുള്ള പണമോഴുക്കിന് പുറമേ ഇവര്‍ക്ക് സൌദി, ഖത്തര്‍ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മില്യണ്‍ കണക്കിന് ഡോളര്‍ ധനസഹായവും ലഭിച്ചു.

കൂടുതല്‍ ശക്തരായ ISIS റിക്രൂട്ടിങ്ങും റീഗ്രൂപിങും ശക്തമായി തുടര്‍ന്നു. അല്‍ -നുസ്രയില്‍ നിന്നും FSA യില്‍ നിന്നും ഒട്ടുമിക്കവരും ISIS ല്‍ ചേര്‍ന്നു. പല സായുധ സംഘങ്ങളും ഇല്ലാതായി. മിക്ക നഗരങ്ങളിലും FSA തന്നെ ഇല്ലാതെയായി. FSA ക്ക് വേണ്ടി ഇസ്രയേലും അമേരിക്കയും ആയുധം നല്‍കി പരിശീലിപ്പിച്ചവര്‍ ട്രെയിനിംഗ് കഴിഞ്ഞപ്പോള്‍ ISISല്‍ ചേര്‍ന്നു. ഇതിന് പുറമേ ലിബിയയില്‍ ഖദ്ദാഫിയെ താഴെയിറക്കാന്‍ പാശ്ചാത്യര്‍ പരിശീലിപ്പിചെടുത്തവരും കൂടി ISISല്‍ ചേര്‍ന്നതോടെ അവര്‍ സമാനതകളില്ലാത്ത ശക്തിയായി മാറി. വന്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നത് മുതല്‍ വിദേശികളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടുവരെ ISIS പണമുണ്ടാക്കി. മേഖലയിലെ സായുധ സംഘങ്ങള്‍ക്കിടയിലുള്ള സമവാക്യങ്ങള്‍ തകര്‍ത്ത് സുന്നി ഭീകരവാദം ബാഗ്ദാദ് കീഴടക്കുന്ന അവസ്ഥയില്‍ വരെ എത്തി.

സലഫി പ്രത്യയശാസ്ത്രം എന്നാല്‍  എന്ത്

എന്നാല്‍ മറുവശത്ത് ISIS ഹിസ്ബുള്ളക്കും ലെബനോന്നും എതിരെ യുദ്ധം ചെയ്യുമ്പോഴും എന്തുകൊണ്ട് ഇസ്രയേലിനെ തൊടുന്നില്ല എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഇതിന് കാരണം ISISന്റെ സലഫി പ്രത്യയശാസ്ത്രമാണ്. അത് പ്രകാരം പലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രയേലിനെ ആക്രമിക്കും മുന്‍പ് ആദ്യം യുദ്ധം ചെയ്യേണ്ടത് ഹമാസിനോടാണ്. കാരണം ജിഹാദ് നടത്താന്‍ ISISന് അല്ലെങ്കില്‍ ISIS പോലെയുള്ള 'യഥാര്‍ത്ഥ വിശ്വാസികള്‍ക്ക്"' മാത്രമേ അധികാരമുള്ളത്രേ. ഹമാസ് അത്തരത്തിലുള്ള സംഘടനയല്ല. അതിനാല്‍ പലസ്തീനിന്‍ ആദ്യം വേണ്ടത് ഹമാസ് പോലെയുള്ള അവിശ്വാസികളെ ഇല്ലാതാക്കി സമുദായം ശുദ്ധീകരിക്കലാണ്.

ഇസ്ലാമിക്‌ സ്റ്റേറ്റ്ന്റെ ISISനും ജ്യൂവിഷ് സ്റ്റേറ്റ്ന്റെ IDFനും പേരില്‍ മാത്രമല്ല സാമ്യം. രണ്ട് പേരും ഉപയോഗിക്കുന്നത് അമേരിക്കന്‍ ആയുധങ്ങളാണ് എന്നതില്‍ തുടങ്ങി ഒരു പ്രദേശത്തെ യഥാര്‍ത്ഥ അവകാശികളെ കൊന്നും ബോംബ്‌ വെച്ചും തുരത്തിയോടിച്ച്‌ അവിടെ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുന്നത് വരെ രണ്ട് പേരും ചെയ്യുന്നത് ഒരേ കാര്യങ്ങളാണ്. അല്‍ -ഖൊയ്ദയൊ അതിന്റെ പോഷക സംഘടനകളോ നാളിതുവരെ ഇസ്രായേലില്‍ ഒരക്രമണവും നടത്തിയിട്ടില്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പ് ഇറാഖില്‍ അല്‍ -ഖൊയ്ദ ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഇറാഖിന്റെ ഭരണം അവരുടെ കൈകളില്‍ എത്തി നില്‍ക്കുന്നു. ഇറാഖിലും സിറിയയിലും സമാധാനം ഉണ്ടാക്കാന്‍ ഇറങ്ങിതിരിച്ചവര്‍ അതിന് മുന്‍പും ശേഷവും ഉള്ള ഇറാഖിന്റെ സ്ഥിതിഎന്താണ് എന്ന് സ്വയം വിലയിരുത്തണം. തങ്ങളായിട്ടുണ്ടാക്കിയ അരാജകത്വം തൂത്ത് വൃത്തിയാക്കേണ്ട ചുമതല പാശ്ചാത്യര്‍ക്കുണ്ട്. എന്നാല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന്റെ പേരില്‍ പണ്ട് നടക്കാതെ പോയ സിറിയന്‍ യുദ്ധം പാശ്ചാത്യര്‍ പൊടിതട്ടിയെടുക്കുന്നതാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ടത്. ISISന് എതിരെയുള്ള യുദ്ധം ഇറാഖില്‍ മാത്രമല്ല സിറിയയിലും വ്യാപിപ്പിക്കും എന്ന് അമേരിക്ക പറയുന്നത്തിന്റെ ഉദ്ദേശം അതാണ്‌. അമേരിക്കയുടെ ഇസ്രായേല്‍ അജണ്ട മനസ്സിലാക്കിയത് കൊണ്ടാകാം തുടക്കത്തില്‍ ISISനെ തുരത്താന്‍ മുന്നില്‍ ഇറങ്ങിയ ഇറാന്‍ ഇതോടെ പിന്‍വാങ്ങി.

UN ഇന്റെ അനുവാദമില്ലാതെ സിറിയയിന്‍ ഇടപെടാന്‍ അനുവദിക്കില്ല എന്ന് റഷ്യയും നിലപാടെടുത്തു. എന്തായാലും അമേരിക്ക നേരിടേണ്ടത് അവര്‍ തന്നെ പരിശീലനം നല്‍കിയ അമേരിക്കന്‍ ആയുധങ്ങളും ടാങ്കുകളും കൈവശമുള്ള അമേരിക്കന്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന അമേരിക്കന്‍ യൂണിഫോമും സണ്‍ഗ്ലാസ്സും ധരിച്ച ISIS തീവ്രവാദികളെയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മുതല്‍ അല്‍ -ഖൊയ്ദവരെയും ഇറാഖിലും സിറിയയിലും FSA മുതല്‍  ISIS വരെയും, ചരിത്രം പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്നു. ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളില്‍ ഇന്ത്യ ഒരു കാരണവശാലും പങ്കാളിയാകരുതെന്നും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ഏത് അന്താരാഷ്ട്ര നടപടിയും ഐക്യരാഷ്ട്രസഭയുടെ അനുമതിയോടെ വേണമെന്നും ആ നിലയിലല്ലാത്ത നിലപാടുകള്‍ക്ക്  സാധുത ഉണ്ടാകില്ലെന്നുമുള്ള   സിപിഐ എം പൊളിറ്റ്ബ്യൂറോ നിലപാട് വിഷയത്തിലെ അമേരിക്കന്‍ കുത്സിത നീക്കങ്ങളെ വെളിവാക്കുന്നു. ലോക ജനാധിപത്യത്തിനും സുസ്ഥിര മാനവികതയ്ക്കും  ഐ എസ് ഐ എസ് തീവ്രവാദത്തിനെതിരെ ഒറ്റച്ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ സമാധാനപ്രിയര്‍ അണി നിരക്കേണ്ടതുണ്ട്.