N P Nisa

എന്റെ യാത്രകള്‍

യാത്രകള്‍ എനിക്കിഷ്ടമാണ്. പല നാടുകളിലൂടെ സഞ്ചരിച്ച് അവിടത്തെ കാഴ്ചകള്‍ കണ്ട്, നാട്ടുകാരോട് സംസാരിച്ച്, അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച്, നാടോടിയെപ്പോലെ കറങ്ങിനടക്കുന്ന കാഴ്ചകള്‍ എന്നെ എക്കാലവും വ്യാമോഹിപ്പിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇന്നോളം പോയിട്ടുള്ളതെല്ലാം കുടുംബത്തോടൊപ്പമുള്ള രണ്ടോ മൂന്നോ ദിവസം നീണ്ട വിനോദയാത്രകള്‍ മാത്രം. അതുമല്ലെങ്കില്‍ കൂട്ടുകാരോടൊപ്പമുള്ള പഠനയാത്രകള്‍. ആ യാത്രകള്‍ പോലും എനിക്ക് ആവേശം നല്‍കിയിരുന്നു. ടി.വി. അവതാരകയായപ്പോള്‍ മനസ്സിലൊരു നിഗൂഢ മോഹമുണ്ടായി. ഒരു ട്രാവലോഗ് ചെയ്യുകയെന്നത്. ഗ്രീന്‍ കേരള എക്‌സ്പ്രസ്സ് ചെയ്യാന്‍ തീരുമാനിച്ചതും ആ പഴയ നാടോടിമോഹം കൊണ്ടുതന്നെ.

എന്നാല്‍ അതിലുപരി എന്നെ ആകര്‍ഷിച്ച മറ്റു ചിലതു കൂടിയുണ്ട്. കേരളീയ ഗ്രാമങ്ങളിലൂടെയുള്ള യാത്ര, അതും സൈക്കിള്‍ യാത്ര..... ഒരു കൗമാരക്കാരിയായി എന്റെ വള്ളുവനാടന്‍ ഗ്രാമത്തിലൂടെ സൈക്കിള്‍ ചവിട്ടിയ ഗതകാലം, നിളയില്‍ തിമിര്‍ത്താടിയ മധ്യവേനലവധികള്‍ എല്ലാം വീണ്ടെടുക്കാനൊരവസരം. അത്തരമൊരവസരം പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഗ്രാമജീവിതത്തിന്റെ ശേഷിപ്പുകള്‍ എന്നില്‍ അവശേഷിക്കുന്നതുകൊണ്ട് സാധാരണക്കാരോട് സംവദിക്കാന്‍ എളുപ്പത്തില്‍ എനിക്കാകുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. അങ്ങനെ ഏഴു തെക്കന്‍ ജില്ലകളിലെ 28 ഗ്രാമപഞ്ചായത്തുകളിലേക്ക് ഘട്ടം ഘട്ടമായി ഞങ്ങള്‍ യാത്ര ചെയ്തു. ആ സൈക്കിള്‍ യാത്രയില്‍ ഞാന്‍ പല കാഴ്ചകള്‍ കണ്ടു. ചിലതെന്നെ അത്ഭുതപ്പെടുത്തി. ചിലത് നൊമ്പരപ്പെടുത്തി. മറ്റു ചിലത് ആവേശം കൊള്ളിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ വ്യത്യസ്ത മുഖമായിരുന്നു അതിലൊന്ന്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഇത്രമാത്രം സ്വയംപര്യാപ്തരായതില്‍ എനിക്കും തോന്നിയ അത്ഭുതവും അഭിമാനവും കുറച്ചൊന്നുമല്ല. കുടുംബശ്രീയും, തൊഴിലുറപ്പ് പദ്ധതിയും, സ്ത്രീകള്‍ക്കായുള്ള മറ്റു പല പദ്ധതികളും വഴി പല രീതിയില്‍ അവര്‍ സ്വന്തമായി വരുമാനം കണ്ടെത്തുന്നുണ്ടായിരുന്നു. അവരില്‍ പലരും ദീര്‍ഘനാളായി വീട്ടമ്മമാരായി കഴിഞ്ഞിരുന്നവര്‍. ഇന്നവര്‍ കത്തുന്ന പാടത്തും കൊടും കാട്ടിലും പണിയെടുക്കുന്നു, തയ്യല്‍ യൂണിറ്റുകളും, കാറ്ററിംഗ് യൂണിറ്റുകളും നടത്തുന്നു, പശു വളര്‍ത്തുന്നു, ആടു വളര്‍ത്തുന്നു, ക്ഷീര സംഘങ്ങള്‍ നടത്തുന്നു, കരകൗശലോല്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു, ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നു, മാലിന്യ സംസ്‌ക്കരണ പ്‌ളാന്റ് നടത്തി നാടു വൃത്തിയാക്കുന്നു. കുളം കുഴിക്കുന്നു, തോടുകളും പുഴകളും വൃത്തിയാക്കി ജലസേചന യോഗ്യമാക്കുന്നു. സ്വന്തമായി അദ്ധ്വാനിച്ചു നേടിയ പണം കൊണ്ട് വീട്ടുചിലവ് നടത്തുന്നു. വീട്ടുപകരണങ്ങള്‍ വാങ്ങുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. ബാങ്ക് അക്കൗണ്ട് നേടി സ്വന്തമായി പണമിടപാടുകള്‍ നടത്തുന്നു.

അഞ്ചു പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ ഉണ്ടായിട്ടും ഇതുവരെയും ഒരു വെള്ളക്കോളര്‍ ജോലി നേടിയില്ലല്ലോ എന്ന് വേവലാതിപ്പെടുന്ന എന്നെ അവരുടെ ആത്മവിശ്വാസം ആദ്യം ലജ്ജിപ്പിച്ചു, പിന്നെ ആവേശം കൊള്ളിച്ചു, എന്നില്‍ ആത്മവിശ്വാസമുളവാക്കി.വയനാട്ടിലെ പൂതാടിയിലും, കോഴിക്കോട്ടെ പുതുപ്പാടിയിലും കണ്ട സമാനതകളുള്ള ചില കാഴ്ചകള്‍ എന്നെ അദ്ഭുതപ്പെടുത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാടിനോട് ചേര്‍ന്ന് എലിഫന്റ് ട്രഞ്ച് നിര്‍മ്മിക്കുന്ന വനിതകള്‍. അവര്‍ അഃിരാവിലെ എഴുന്നേറ്റ് കിലോമീറ്ററുകള്‍ കുത്തനെ കുന്നു കയറി പണി സ്ഥലത്തെത്തുന്നു. ഏതുനേരവും ആനയിറങ്ങുന്ന വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടാവുന്ന കൊടുംകാടിനോട് ചേര്‍ന്ന് കിടങ്ങ് നിര്‍മ്മിക്കുന്നു. പാര കൊണ്ട് കിടങ്ങിലെ വലിയ പാറകള്‍ കുത്തിപ്പൊട്ടിക്കുന്നു. പൊട്ടിച്ച പാറകള്‍ വായ്ത്താരിയോടെ ഒത്ത് പിടിച്ച് കിടങ്ങിന് മുകളിലേക്ക് ഉരുട്ടിക്കയറ്റുന്നു. തലേന്ന് രാത്രി ആന ചവിട്ടി മറിച്ചിട്ട വലിയ മരങ്ങള്‍ വെട്ടിമാറ്റുന്നു. കാട്ടിലെ വിഷമുള്ളുകള്‍ തറച്ച കാലുകളില്‍ പച്ചില മരുന്നു വച്ചുകെട്ടുന്നു. നേരമ്പോക്കുകള്‍ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുന്നു. ഒപ്പം തന്നെ കഠിനമായ ജോലിക്ക് തങ്ങള്‍ക്ക് കിട്ടുന്നത് വെറും 110 രൂപയാണെന്ന് ആവലാതി പറഞ്ഞു. ഇടനേരങ്ങളില്‍ കട്ടന്‍ കാപ്പിയും കപ്പ പുഴുങ്ങിയതും കഴിക്കുന്നു. അവരുടെ കൂട്ടത്തില്‍ കാടു കയറുമ്പോള്‍ ഇടക്ക് തളര്‍ന്നിരുന്ന എന്റെ മോശമായ ആരോഗ്യസ്ഥിതിയെപ്പറ്റി പറഞ്ഞ് അവര്‍ കളിയാക്കി. പിന്നെ പുലിയിറങ്ങുമെന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കി. പൊള്ളുന്ന വെയിലില്‍ എന്റെ മുഖത്തുകൂടി വിയര്‍പ്പിനൊപ്പം ഫൗണ്ടേഷന്‍ ക്രീമും പാന്‍കേക്കും ഒലിച്ചിറങ്ങിയപ്പോള്‍ ഈ കാട്ടിലേക്ക് വരുമ്പോള്‍ മേക്കപ്പ് വേണമായിരുന്നോ എന്നു പറഞ്ഞെന്നെ വീണ്ടും കളിയാക്കി. ക്യാമറക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഞാന്‍ തടിതപ്പി.

പ്രതിസന്ധികളെ തരണം ചെയ്ത് മനക്കരുത്ത് നേടിയതിന്റെ തിളക്കമായിരുന്നു നിലമ്പൂരിലെ സാജിതയുടെ കണ്ണില്‍ കണ്ടത്. സ്വന്തമായി ബേക്കറി യൂണീറ്റ് നടത്തുന്നു സാജിതയിപ്പോള്‍. എട്ടും പൊട്ടും തിരിയാത്ത കൗമാരപ്രായത്തില്‍ വിവാഹം കഴിച്ച് പോയി സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത എത്രയെത്ര യുവതികള്‍ സാജിതയെപ്പോലെ നിലമ്പൂരിലുണ്ടെന്നോ. ആ ഗതികേട് സ്വന്തം പെണ്‍മക്കള്‍ക്ക് വരരുതെന്ന് നിലമ്പൂരിലെ ഓരോ അമ്മയും ആഗ്രഹിക്കുന്നു. അതുകൊണ്ട് 'സ്ത്രീധനവിരുദ്ധ ഗ്രാമം ' എന്ന ആശയത്തെ അവര്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ആശ്രയ പദ്ധതി പ്രകാരം പഞ്ചായത്ത് നല്‍കിയ വീട്ടിലേക്കുള്ള ഓരോ യാത്രയും ജീവിതത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അശരണരായ കുറെ മനുഷ്യര്‍...... ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ ആ വീടുകളില്‍ കഴിഞ്ഞുകൂടുന്നു. പേരാമ്പ്രയിലെ ഒരമ്മ ഞങ്ങള്‍ വിളിച്ചപ്പോള്‍ തോര്‍ത്ത്മുണ്ട് കൊണ്ട് പാതി മുഖം മറച്ച് പുറത്തേക്കിറങ്ങിവന്നു. ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ സങ്കടപ്പെരുമഴ പെയ്യിക്കാന്‍ അവര്‍ കാത്തുനിന്നു. ഒന്നും ചോദിക്കാനാവാതെ ഞാനും കുഴങ്ങി. പതിനാറു വയസ്സായ അച്ഛനുപേക്ഷിച്ച, അമ്മ മരിച്ച തന്റെ പേരമകള്‍ക്ക് ആശ്രിതയായി ആ വൃദ്ധമാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കാലം കഴിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കാരുമില്ലാതാവും. അതായിരുന്നു അവരുടെ വേദന. 'അമൃതയെവിടെ? ' എന്റെ ഒറ്റ ചോദ്യത്തില്‍ തന്നെ അണപൊട്ടിയൊഴുകി ആ അമ്മയുടെ സങ്കടം. അവളെ പഠിപ്പിക്കണം, വലിയ നിലയിലാക്കണം എന്നെല്ലാം പറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

പിന്നെയും കണ്ടു അതുപോലെ ചില മുഖങ്ങള്‍. കാസര്‍കോഡ് ഉദുമയിലെ ലക്ഷ്മിയമ്മ, എലപ്പുള്ളിയിലെ സത്യഭാമ, ശ്രീകണ്ഠപുരത്തെരാധയും അവരുടെ അമ്മയും. ഓരോ മുഖവും ഉള്ളിലൊരു നൊമ്പരമുണര്‍ത്തികൊണ്ട് ഓര്‍മ്മ വരുന്നു. കണ്ണാടിയിലെ ദേവിയേടത്തിയുടെ നോട്ടുപുസ്തകം നിറയെ കവിതകളായിരുന്നു. സാക്ഷരതാ ക്ലാസ്സില്‍ പോയി അക്ഷരാഭ്യാസം നേടിയതായിരുന്നു 52 വയസ്സുള്ള കര്‍ഷകത്തൊഴിലാളിയായ ആ അമ്മ. അവരുടെ വിപ്ലവനായകനായ ഇ.എം.എസ്സിനെക്കുറിച്ചെഴുതിയ കവിത ഞങ്ങളെ ഉറക്കെ ചൊല്ലികേള്‍പ്പിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് മറക്കാനാകാത്ത മറ്റു ചില മുഖങ്ങളുമുണ്ട്. എലപ്പുള്ളിയിലെ ശുദ്ധോധനന്‍ ഡോക്ടര്‍ക്ക് ചിരപരിചിതമാണ് അവിടത്തെ ഓരോ വീടും വീട്ടുകാരും, അവരുടെ പക്ഷിമൃഗാദികളും. തെക്കുനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറ്റം കിട്ടി എലപ്പുള്ളിയിലെത്തിയതാണ് ഈ മൃഗഡോക്ടര്‍. എലപ്പുള്ളി പഞ്ചായത്തിന്റെ ഓരോ മുക്കും മൂലയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു. അവിടത്തെ വളര്‍ത്തുമൃഗങ്ങളുടെ പേരുകള്‍ വരെ ശുദ്ധോധനന്‍ ഡോക്ടര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. എലപ്പുള്ളിയുടെ വികസനം പ്രവര്‍ത്തനങ്ങളില്‍ ഒരു നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട് അദ്ദേഹം. തന്റെ ജോലിയോട് വളരെയധികം ആത്മാര്‍ത്ഥതയും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന ആ മനുഷ്യനെ ഞാന്‍ മറന്നു പോകുന്നതെങ്ങനെ? പിന്നെ തിരുവേഗപ്പുറയിലെ ജനാര്‍ദ്ദനന്‍ മാഷ്. വളരെ ശാന്തനായി, ഓരോ സ്ഥലവും കാണിച്ചു തരികയും, ആ സ്ഥലത്തെക്കുറിച്ച് വളറെ വിശദമായി പറഞ്ഞുതരികയും ചെയ്ത ജനാര്‍ദ്ദനന്‍ മാഷ് ഒരു ശുദ്ധ വള്ളുവനാടന്‍ മാഷുതന്നെയായിരുന്നു. വിളയൂരിലെ ശങ്കരന്‍കുട്ടി ഓരോ പദ്ധതിയെപ്പറ്റിയും വിവരങ്ങള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ വളരെ സാഹിത്യഭംഗിയുള്ള വാക്യപ്രയോഗത്തോടെ നെടുനീളന്‍ വിവരണങ്ങള്‍ നിമിഷനേരം കൊണ്ട് എനിക്ക് എഴുതി തന്നു.

ഇത്രയും സാഹിത്യഭംഗിയുള്ള വാക്കുകള്‍ കാണാപാഠം പഠിച്ച് പറയാന്‍ എനിക്ക് കെല്‍പ്പില്ലെന്ന് പറഞ്ഞ് ഞാന്‍ പലപ്പോഴും ഒഴിഞ്ഞു മാറി. എഴുതാന്‍ പേപ്പറില്ലാതായപ്പോള്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയില്‍ വരെ ശങ്കരന്‍കുട്ടി എനിക്ക് സ്‌ക്രിപ്റ്റ് എഴുതി തന്നു. ശ്രീനിവാസന്റെ അസിസ്റ്റന്റ് ആകാമെന്ന് പറഞ്ഞ് പ്രൊഡ്യൂസര്‍ രാഖി ആ മനുഷ്യനെ കളിയാക്കി. ഉദുമ പഞ്ചായത്തു പ്രസിഡന്റ് ലക്ഷ്മി ചേച്ചി, തിരുവേഗപ്പുറയിലെ പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചര്‍, അകത്തേത്തറയിലെ സുനിത ചേച്ചി, കണ്ണാടിയിലെ ശാലിനി അങ്ങനെഅങ്ങനെ ഓര്‍മ്മയിലേക്ക് വരുന്ന ഒരുപാട് മുഖങ്ങള്‍. കണ്ണൂരില്‍ നാല് ഗ്രാമപഞ്ചായത്തുകളിലും, കാസര്‍കോഡ് ഉദുമയിലും കാഞ്ഞങ്ങാടും ഞങ്ങള്‍ പോയി. കോഴിക്കോടിനപ്പുറം ഞാന്‍ കേരളം കണ്ടിട്ടില്ലായിരുന്നു. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷമുള്ള വടക്കന്‍ കേരളത്തിലേക്ക് പോകണമെന്ന് ഒരിക്കലും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നതുമില്ല. അതുകൊണ്ടുതന്നെ ഇത്തിരി അനിഷ്ടത്തോടെയാണ് ആ പഞ്ചായത്തുകളിലേക്ക് പോയത്. എന്നാല്‍ എന്റെ മുഴുവന്‍ ആശങ്കകളെയും മാറ്റിമറിച്ച അനുഭവമായിരുന്നു പിന്നീട് ഉണ്ടായത്. ആ നാടെന്നെ വല്ലാതെ ആകര്‍ഷിച്ചു. അവിടുത്തെ ആളുകളുടെ സ്‌നേഹം, ഭാഷ, ഭക്ഷണം എല്ലാം എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. അകത്തേത്തറ ഗ്രാമപഞ്ചായത്തിലൂടെയുള്ള യാത്രയാണ് ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത്. സമ്പൂര്‍ണ്ണ വനവത്ക്കരണം എന്ന ആശയവുമായി നാടുനീളെ ലക്ഷകണക്കിന് മരങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു അവിടെ. പച്ച കവറിട്ടു മൂടിയ വൃക്ഷത്തൈകള്‍ ഉണ്ടായിരുന്നു അകത്തേത്തറയുടെ നാട്ടുവഴികളിലുടനീളം ഞങ്ങളെ എതിരേറ്റത്. പത്തിരുപത് വര്‍ഷം കഴിയുമ്പോള്‍ ആ നാടിന്റെ മുഖഛായ തന്നെ മാറിപ്പോകും ഉറപ്പ്.

ഒരുപാട് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും ഒരിക്കല്‍ കൂടി പോകണമെന്ന് തോന്നുന്ന ഒരു സ്ഥലം എലപ്പുള്ളിയാണ്. കത്തുന്ന പൊരിവെയിലിലും പച്ചച്ചുനിന്നു എലപ്പുള്ളി. രണ്ടാം ഘട്ടത്തില്‍ ഒരിക്കല്‍ കൂടി അവിടേക്കു പോയപ്പോള്‍ മഴ നനഞ്ഞ് തോര്‍ന്ന എലപ്പുള്ളി കൂടുതല്‍ സുന്ദരിയായി. ഓരോ യാത്രയും ഓരോ പുതിയ അനുഭവമായിരുന്നു. വെളിച്ചം വീണു തുടങ്ങുമ്പോഴേ ഞങ്ങള്‍ ചിത്രീകരണത്തിനിറങ്ങും. പഞ്ചായത്തിലെ സാധാരണക്കാരായ മനുഷ്യരെ കാണും. അവര്‍ ഞങ്ങളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ആതിഥ്യ മര്യാദയോടെ ഞങ്ങള്‍ക്ക് ഭക്ഷണം നല്‍കി. വൈവിധ്യങ്ങളായ അവരുടെ ജനക്ഷേമ പദ്ധതികള്‍ കൊണ്ട് ഞങ്ങളെ അമ്പരിപ്പിച്ചു. സൂര്യന്റെ അവസാന കിരണവും മറയുന്നതുവരെ ഞങ്ങള്‍ ഓടിനടന്ന് ഷൂട്ടുചെയ്യുമായിരുന്നു. (ചിലപ്പോഴൊക്കെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഉപയോഗിച്ച് വരെ ഷൂട്ട് ചെയ്തിരുന്നു.) അടുത്തദിവസം രാവിലെ പുത്തനുണര്‍വടെ അടുത്ത പഞ്ചായത്തിലേക്ക് യാത്ര പോകും. കഠിനമായ വേനല്‍ച്ചൂടും പകല്‍ മുഴുവന്‍ നീളുന്ന ഷൂട്ടിംഗും ഒരിക്കലും ഞങ്ങളെയാരെയും തളര്‍ത്തിയില്ല. എലപ്പുള്ളിയിലെ തേനാരി തീര്‍ത്ഥം, രാമശേരി ഇഡ്ഡലി, നിലമ്പൂരിലെ തൂക്കുപാലം, കനോലി പ്‌ളോട്ട്, കോങ്ങാട് നക്‌സലിസ്റ്റുകള്‍ നാരായണന്‍കുട്ടി നായര്‍ എന്ന ജന്മിയുടെ തല കൊയ്ത കുളക്കടവ്, കരിവള്ളൂരിലെ രക്തസാക്ഷി സ്മാരകം, വിളയൂരിലെ രായിരനെല്ലൂര്‍ മലകയറ്റം, ഏഴോമിലെ മീന്‍ വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ചയൂണ്. ഒക്കെ ഒരിക്കലും മായാത്ത ഓര്‍മ്മച്ചിത്രങ്ങളായി മനസ്സിന്റെ ആല്‍ബത്തില്‍ ഞാന്‍ സൂക്ഷിക്കുന്നു.പിന്നെ രാഖി, ഉമേഷ്, ക്യാമറാമാന്‍ പ്രശാന്തേട്ടന്‍, ശങ്കു, ഡ്രൈവര്‍ രാമേട്ടന്‍. ഞങ്ങളുടെ കൊച്ചു പിണക്കങ്ങള്‍, തമാശകള്‍, പൊട്ടിച്ചിരികള്‍.... എല്ലാറ്റിനുമുപരി എന്റെ ഇളംനീല ലേഡിബേര്‍ഡ് സൈക്കിള്‍, അതില്‍ കയറി ഞാനിപ്പോഴും ആ ഗ്രാമപ്രദേശങ്ങളിലൂടെ അലഞ്ഞ് നടക്കുകയാണ്........ മനസ്സുകൊണ്ട്.