ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൂര്യതേജസ്സായ ഹര്‍കിഷന്‍സിങ് സുര്‍ജിത് ചരിത്രത്തിലായിട്ട് 2013 ആഗസ്റ് 1 ന് 5 വര്‍ഷമാകുന്നു. ഏഴരപ്പതിറ്റാണ്ടു നീണ്ട ത്യാഗസമ്പൂര്ണവും സമരതീക്ഷ്ണവുമായ ജീവിതത്തില്‍നിന്ന് അദ്ദേഹം വിടപറയുമ്പോള്‍ വിപ്ളവപ്രസ്ഥാനത്തിന്റെ ഉജ്വലമായ ഒരു അധ്യായമായിരുന്നു സഖാവ് സുര്‍ജിത് ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസനായകരില് ഒരാളായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ ടെലിവിഷനില്‍ കാണുമ്പോഴും ഒരിക്കല്‍ നേരിട്ട് കണ്ടപ്പോഴും അദ്ദേഹത്തിന്റ കണ്ണുകള്‍ കലങ്ങിയിരിക്കുന്നതായി തോന്നിയിട്ടുണ്ട്. സഖാവ് സുര്‍ജിത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും ഓജസ്സുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. പിന്നെന്തേ, കണ്ണുകള്‍ക്ക് മാത്രം ജീവനില്ലാത്തതായി തോന്നുന്നത്. സംശയം അങ്ങനെ നിലനില്‍ക്കുമ്പോഴാണ് സുര്‍ജിത്തിന്റെ ജീവിതത്തെപ്പറ്റി വായിക്കാനവസരം കിട്ടിയത്.
സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ എല്ലാ സൈനിക സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് പതിനാറ് വയസ്സുള്ള ഒരു ചെറുപ്പക്കാരന് ഹോഷിയാര്‍പൂര്‍ ജില്ലാകോടതിയുടെ മുകളില്‍ പാറിക്കളിച്ചിരുന്ന യൂണിയന് ജാക്ക് താഴെയിറക്കി അവിടെ ദേശീയപതാക ഉയര്‍ത്തി. ഫയര്‍...... പട്ടാളമേധാവിയുടെ അട്ടഹാസം. ആ യുവാവിനെ ഉന്നംവെച്ച് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട ആ യുവാവ് മറ്റാരുമല്ല, ഹര്‍കിഷന്‍സിങ് സുര്‍ജിത്തായിരുന്നു അത്. 1930 മാര്‍ച്ച് 23 നാണ് ഭഗത്സിങ് തൂക്കിലേറ്റപ്പെട്ടത്. ആ ധീര വിപ്ളവകാരിയുടെ ഒന്നാം രക്തസാക്ഷിദിനം വിപുലമായി ആചരിക്കാന്‍ കോഗ്രസ് ആഹ്വാനം ചെയ്തു. അതേദിവസമാണ് ബ്രിട്ടീഷ് ഗവര്‍ണര്‍ ഹോഷിയാര്‍പൂര്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചത്. ജലന്ധറില്‍ നിന്ന് ഇരുപത്തഞ്ചു നാഴിക അകലെയുള്ള കൊച്ചുനഗരമാണ് ഹോഷിയാര്‍പൂര്‍. ജില്ലാകോടതിയിലെ യൂണിയന് ജാക്ക് താഴെയിറക്കി അന്ന് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ഹോഷിയാര്‍പൂര്‍ ജില്ലാ കോഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഹോഷിയാര്‍പൂര്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തില്‍ ആകൃഷ്ടനായി ആ സുപ്രധാന സംഭവത്തിന് സാക്ഷ്യംവഹിക്കാന്‍ സ്കൂള്‍ പരീക്ഷപോലും ഒഴിവാക്കി സുര്‍ജിത് ഹോഷിയാര്പൂരിലെത്തി. നേരെ കോഗ്രസ് ആപ്പീസിലേക്കുപോയ സുര്‍ജിത്തിന് കടുത്ത നിരാശ അനുഭവപ്പെട്ടു. സൈന്യത്തെ വിന്യസിച്ചതിനാല്‍ പരിപാടി റദ്ദുചെയ്യാന്‍ കോഗ്രസ് തീരുമാനിച്ചതാണ് സുര്‍ജിത്തിനെ വിഷമിപ്പിച്ചത്. എന്തുകൊണ്ടാണ് പരിപാടി നിര്‍ത്തിവെച്ചതെന്ന ചോദ്യം സ്വാഭാവികമായും സുര്‍ജിത് ഉന്നയിച്ചു. വെടിവെക്കുമെന്ന ഉത്തരവുകൊണ്ടുമാത്രം ഒരു പ്രക്ഷോഭം പിന്‍വലിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് സമമാണെന്നും ഭഗത് സിംഗിനോട് കാണിക്കുന്ന അനാദരവാണന്നും സുര്‍ജിത് പൊട്ടിത്തെറിച്ചു. അത്ര ധൈര്യമുണ്ടെങ്കില്‍ പോയി കൊടിയുയര്‍ത്തൂ എന്ന ഓഫീസ് സെക്രട്ടറിയുടെ പ്രതികരണം സുര്ജിത്തിലെ വിപ്ളവകാരിയെ ഉണര്‍ത്തി. ത്രിവര്‍ണപതാകയുമായി സുര്‍ജിത് കോടതിവളിപ്പിലേക്കോടി. പിന്‍വശത്തുകൂടി കെട്ടിടത്തിനുമുകളില്‍ കയറി യൂണിയന്‍ജാക്ക് താഴ്ത്തി ത്രിവര്‍ണപതാക ഉയര്‍ത്തി. ഇത് കണ്ണില്‍പെട്ടതോടെ സൈന്യം വെടിവെക്കാന്‍ ആരംഭിച്ചു. വെടിയുണ്ടകള്‍ ശരീരത്തില്‍ മുട്ടിമുട്ടിയില്ല എന്ന മട്ടില്‍ കടന്നുപോയി. അതൊന്നും സുര്‍ജിത് ഗൌനിച്ചില്ല. വിപ്ളവ മനസ്സില്‍ ഉറച്ച തീരുമാനമായിരുന്നു അത്. ഇന്ത്യന്‍ പതാക ഉയര്‍ത്തുക തന്നെ ചെയ്തു. അവസാനം സൈനികര്‍ കെട്ടിടത്തിനുമുകളില്‍ കയറി സുര്‍ജിത്തിനെ പിടികൂടി. ഹോഷിയാര്‍പൂരിലെ സബ്ജയിലിലെ ഒരു വൃത്തികെട്ട മുറിയിലടച്ചു. അടുത്ത ദിവസമാണ് വിചാരണ നടന്നത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സുര്‍ജിത്തിനെ കോടതിയില്‍ കൊണ്ടുവന്നത്. പട്ടാളത്തെപ്പോലും വെല്ലുവിളിച്ച് ജില്ലാ കോടതിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയ ധീരനായ ബാലനെ കാണുന്നതിന് നൂറുകണക്കിനാളുകള്‍ കോടതിപരിസരത്ത് തടിച്ചുകൂടിയിരുന്നു. മജിസ്ട്രേട്ട് സുര്‍ജിത്തിനോട് പേര് ചോദിച്ചു. ലണ്ടന്‍ തോടേസിങ് (ലണ്ടനെ തകര്‍ക്കുന്നവന്‍) എന്നായിരുന്നു ഉത്തരം. ഈ ഘട്ടത്തിലാണ് ഒരുവര്‍ഷത്തെ തടവിന് സുര്‍ജിത്തിനെ ശിക്ഷിക്കാന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഒരുവര്ഷംമാത്രമോ എന്നായിരുന്നു സുര്‍ജിത്തിന്റെ പ്രതികരണം. മജിസ്ട്രേറ്റും പൊലീസധികൃതരും കാണികളുമെല്ലാം അമ്പരന്ന നിമിഷം. ഒന്നല്ല, നാലുവര്ഷംമജിസ്ട്രേറ്റ് അലറി. വെറും നാലുവര്‍ഷമോ? പുഞ്ചിരി തൂകിക്കൊണ്ട് സുര്‍ജിത് വീണ്ടും. മജിസ്ട്രേറ്റിന്റെ കോപം നിയന്ത്രണാധീതമായെങ്കിലും അതിനപ്പുറം 16 വയസ്സുകാരന് ഇത്തരമൊരു കുറ്റത്തിന് ശിക്ഷ നല്കാന് വ്യവസ്ഥയുണ്ടായിരുന്നില്ല.
നിരോധിക്കപ്പെട്ട തൊഴിലാളി കര്‍ഷകപാര്‍ടിക്ക് യോഗം ചേരാന്‍ സൌകര്യം ചെയ്തുകൊടുത്തതിന്റെ പേരിലാണ് ബുണ്ടാല സ്കൂളില്‍ നിന്ന് സുര്‍ജിത് പുറത്താക്കപ്പെട്ടത്. മാപ്പ് എഴുതിക്കൊടുക്കണമെന്ന ഹെഡ്മാസ്റ്ററുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറാകാത്തതിനെതുടര്ന്ന സുര്‍ജിത് സ്കൂളിനോട് വിടപറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിലും സ്വാതന്ത്യ്രസമരത്തിലും സജീവമായ സുര്‍ജിത് ക്രമേണ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നേതാവായി. 1939 ല്‍ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സുര്‍ജിത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാര്‍ടിയുടെ നിര്‍ദേശപ്രകാരം ഒളിവിðപോയെങ്കിലും 1940 ല്‍ അറസ്റ്റിലായി. ബ്രിട്ടീഷ് പട്ടാളം നിരവധിതവണ ചോദ്യംചെയ്തിട്ടും കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനാല്‍ സുര്‍ജിത്തിനെ ലാഹോറിലെ ചെങ്കോട്ട ജയിലില്‍ ആയിരുന്നു. സുര്‍ജിത്തിനെ അടച്ചത് ആഴമുള്ള ഇടുങ്ങിയ ഒരു നിലവറയിലാണ്. കഷ്ടിച്ച് ഒരാള്‍ക്ക് ഇറങ്ങി നില്ക്കാന് മാത്രം പറ്റുന്ന അഗാധ ഗര്‍ത്തം. വെളിച്ചം അല്പം പോലും കടക്കാത്ത ദുര്‍ഗന്ധം നിറഞ്ഞ കാരാഗ്രഹം. ഇവിടെ വച്ച് നിരവധി ഭേദ്യമുറകള്‍. നാലഞ്ച് മിനിട്ട്കൊണ്ട് ഇലതല്ലാം അവസാനിക്കുമെന്ന് കരുതി സുര്‍ജിത്ത്. ഏന്നാല്‍ മിനിറ്റുകള്‍ മണിക്കൂറുകളായി, ദിവസങ്ങളായി. ഇത് തുടര്‍ന്നു. ഭക്ഷണം നിലവറയിലേയ്ക്ക് കെട്ടിയിറക്കും. മല മൂത്ര വിസര്‍ജ്ജനം ആ നില്പ്പില് തന്നെ. ഒന്നിരിക്കാന്‍ പോലും ആവില്ല. ഒരു തരി വെളിച്ചം ഇല്ല. രാവും പകലും ഒന്നും അറിഞ്ഞില്ല. ആഴ്ചയും തീയതിയുമില്ല. ശാരീരികവും മാനസിക പീഡനവും ഒരുമിച്ച്. ഒന്നുകില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ പറയിപ്പിക്കു, അല്ലെങ്കില്‍ സുര്‍ജിത്തിനെ ഭ്രാന്തനാക്കുക. അതായിരുന്നു ലക്ഷ്യം. മൂന്ന മാസം ഇരുട്ടറയില്‍ കഴിഞ്ഞിട്ടും ആ മനസ്സ് തളര്‍ന്നില്ല. ശരീരം തളര്‍ന്ന് അവശനായിട്ടും മനസ്സിന് തളര്‍ച്ചയുമില്ല പതര്‍ച്ചയുമില്ല. മൂന്ന് മാസം കഴിഞ്ഞ് തടവു പുള്ളികളെ പരിശോധിക്കുന്ന ഡോക്ടര്‍ അയര്‍ലണ്ടുകാരനായ ക്വിക് ചെങ്കോട്ടയിലെത്തി. സുര്‍ജിത്തിനെ പുറത്ത് കൊണ്ടുവന്നു. കണ്ണ് തുറന്നിട്ടും സുര്‍ജിത്തിന് ഒന്നും കാണാന്‍ പറ്റിയില്ല. കുഴിഞ്ഞ് കലങ്ങിയിരുന്നു. വെളിച്ചം ലഭിക്കാതെ കണ്ണുകള്‍ നിര്‍ജ്ജീവമാകുമായിരുന്നു. എന്നാല്‍ വീണ്ടു പത്ത് ദിവസം സുര്‍ജിത്തിനെ ആ ഇരുട്ട് തടവറയില്‍ ടച്ചു. സുര്‍ജിത്തിനെ പുറത്തേയ്ക്ക് മാറ്റിയില്ലെങ്കില്‍ ക്വിക് രാജിവക്കുമെന്ന് മുന്നറിയിപ്പ് നല്കി. അവസാനം കിണറ് തടവറയില്‍ നിന്നു പുറത്തു വന്നപ്പോള്‍ ശൂന്യതയില്‍ എത്തിയതുപോലെ, മനസ്സ് അശാന്തമായതുപോലെ.
സാമ്രാജ്യത്വത്തിനു കീഴടങ്ങുന്ന ആണവക്കരാര്പോലുള്ള പ്രശ്നങ്ങളില്‍ താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ ബ്രിട്ടീഷ്കാരനെതിരെ ജീവന്കളഞ്ഞ് പോരാടി, 16 - ാം വയസ്സില്‍ കോടതിയില്‍ ബ്രിട്ടീഷ് പതാക ഇറക്കി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആ ധീര ബലനാണ് താങ്കളെന്ന് ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞിട്ടുണ്ടോ ?
കലങ്ങിയ കണ്ണുകള്‍
സ്വാതന്ത്യ്ര സമര രഹസ്യങ്ങള്‍ പറയാത്തതിന് ജയിലിലെ മൂന്നര മാസത്തെ ഇരുട്ടറയിലെ തടവാണ് താങ്കളുടെ കണ്ണുകളെ നശിപ്പിച്ചതെന്നറിയുമ്പോള് , സഖാവെ, ഇല്ല, കൂടുതല്‍ ഒന്നും പറയുന്നില്ല, സഖാവിന് പ്രണാമം. 2008 ആഗസ്ത് 3 ന് 4 മണിക്ക് യമുനാ നദിയുടെ തീരത്ത് താങ്കളുടെ ഭൌതിക ശരീരം കത്തുന്നത് കണ്ടപ്പോള്‍, കത്തിച്ചാമ്പലാകുന്നത് ഇന്ത്യയുടെ നന്മ ആഗ്രഹിച്ച , പാവപ്പെട്ടവനെ ചൂഷണം ചെയ്യാത്ത ഒരു സമത്വ സുന്ദര ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു ധീര നേതാവിന്റേതാണെന്നോര്ക്കുമ്പോള്, മനസ്സ് നീറുന്നു. എന്തൊക്കെയോ പ്രതീക്ഷകള്‍ നല്കുന്ന നീറ്റല്‍. ആ നീറ്റല്‍ ആണ് ജീവിക്കാന്‍ കരുത്തേകുന്നത്. അത്രമാത്രം.