Santhosh Wilson

എന്‍ഫീല്‍ഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്ഷേത്രം

എന്‍ഫീല്‍ഡ്‌ ബുള്ളറ്റിനായി പണികഴിക്കപ്പെട്ട ക്ഷേത്രമാണ്‌ രാജസ്ഥാനില്‍ ജോധ്പൂരില്‍ നിന്നും അന്‍പത്‌ കിലോമീറ്റര്‍ അകലെയുള്ള ഓം ബന്ന ക്ഷേത്രം. ബുള്ളറ്റ്‌ ബാബ ക്ഷേത്രം എന്നാണ്‌ സഞ്ചാരികള്‍ക്കിടയില്‍ ഇത്‌ പൊതുവേ അറിയപ്പെടുന്നതെങ്കിലും “ഓം ബന്ന” എന്നാണ്‌ ഇതിനെ പ്രദേശവാസികള്‍ വിളിക്കുന്നത്‌.


ഇക്കഴിഞ്ഞ നവംബറില്‍ കുടുംബവുമൊത്ത്‌ നടത്തിയ രാജസ്ഥാന്‍ യാത്രയിലെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു ബുള്ളറ്റ്‌ ബാബ ക്ഷേത്ര സന്ദര്‍ശനം.


1


ജോധ്പൂര്‍ - പാലി ഹൈവേയില്‍ ഛോട്ടില എന്ന ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം. സൗത്ത്‌ ഇന്ത്യയില്‍ നിന്നു വരുന്ന ഞങ്ങള്‍ ഈ ക്ഷേത്രത്തെപറ്റി എങ്ങനെ അറിഞ്ഞു എന്നായി പോകുന്ന വഴിക്ക്‌ ടാക്സി ഡ്രൈവറുടെ ചോദ്യം. മാസികകളില്‍ ഒക്കെ വായിച്ചിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ കക്ഷിയെ തൃപ്തിയടയിപ്പിച്ചു.


2


ഈ ബുള്ളറ്റിന്റെ മുന്‍കാലചരിത്രത്തില്‍ വസ്തുതയും, ഐതിഹ്യവും, വിശ്വാസവും കെട്ടുപിണഞ്ഞിരിക്കുന്നു. 1988 ഡിസംബര്‍ 2 ന്‌, ഓം ബന്ന എന്നു വിളിക്കപ്പെട്ടിരുന്ന ഓം സിംഗ്‌ റാത്തോര്‍ ബാംഗ്ദി പട്ടണത്തില്‍ നിന്നും തന്റെ ഗ്രാമമായ ഛോട്ടിലയിലേക്ക്‌ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ വരികയായിരുന്നു. വഴിയരികില്‍ ഉള്ള ഒരു മരത്തില്‍ ബൈക്ക്‌ ചെന്നിടിച്ച്‌ സിംഗ്‌ അടുത്തുള്ള കുഴിയിലേക്ക്‌ തെറിച്ചുവീണു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബന്ന മദ്യപിച്ചിരുന്നു എന്നും പറയപ്പെടുന്നു. കേസ്‌ രജിസ്റ്റര്‍ ചെയ്ത പൊലീസ്‌, പിറ്റേന്നു രാവിലെ ബുള്ളറ്റ്‌ എടുത്തു പൊലീസ്‌ സ്റ്റേഷനില്‍ കൊണ്ടു പോയി വെച്ചു. പക്ഷേ അടുത്ത ദിവസം രാവിലെ ഇത്‌ വീണ്ടും അപകടസ്ഥലത്ത്‌ ഇരിക്കുന്നതാണ്‌ കണത്‌. ബൈക്ക്‌ സ്റ്റേഷനിലേക്ക്‌ തിരികെക്കൊണ്ടുപോയ പോലീസ്‌, ഇപ്രാവശ്യം അതിന്റെ ഫ്യൂവല്‍ ടാങ്ക്‌ കാലിയാക്കി വാഹനം ചങ്ങലയിട്ട്‌ പൂട്ടി വച്ചു. പക്ഷേ പിറ്റേദിവസവും ബൈക്ക്‌ വീണ്ടും മരത്തിനടുത്ത്‌!


3


താമസിയാതെ ഗ്രാമീണര്‍ ബുള്ളറ്റിനെ മരത്തിനടുത്ത്‌ പ്രതിഷ്ടിച്ചു. പൂജകളും ആരംഭിച്ചു. അതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക്‌ കാവലായി ഓം ബന്നയെ കണക്കാക്കിപ്പോന്നു. ട്രക്കുകള്‍ ഹോണടിച്ച്‌ ബുള്ളറ്റിനെ വണങ്ങിപ്പോകാന്‍ തുടങ്ങി.


3


നേര്‍ രേഖയില്‍ കിടക്കുന്ന സുന്ദരമായ റോഡ്‌ ആയതിനാല്‍ ജോധ്പൂരില്‍ നിന്നും അര മണിക്കൂര്‍ കൊണ്ട്‌ ക്ഷേത്രത്തിനടുത്തെത്തി. പാതയോരത്താണ്‌ ഈ അമ്പലം. ഒരു ഉയര്‍ന്ന സ്തൂപത്തിനു മുകളില്‍ ബുള്ളറ്റ്‌ നായകന്‍ ഓം ബന്നയുടെ പ്രതിമ. പുറകില്‍ ഒരു ചെറിയ ഷെഡ്ഡില്‍ കഥാനായകന്റെ ബുള്ളറ്റുമുണ്ട്‌. മഴയും വെയിലും മനുഷ്യരും മൃഗങ്ങളും നാശമുണ്ടാക്കാതിരിക്കാന്‍ വേണ്ടി, ഗ്ളാസ്‌ കൂടിനുള്ളിലാണ്‌ ബുള്ളറ്റ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മുന്‍ഭാഗത്ത്‌ ഗ്ളാസ്‌ ആവരണമില്ല. അടുത്തുചെന്ന്‌ ബുള്ളറ്റിനെ ഒന്നു തൊട്ടുവണങ്ങി. ബുള്ളറ്റിനും പ്രതിമയ്ക്കും വലം വച്ചു. കുറെ ചിത്രങ്ങളെടുത്തു. സ്നേഹസൂചകമായി ഒരു ചെറിയ നോട്ടുകൊണ്ട്‌ കാണിക്കയുമിട്ടു.


5
മദ്യമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌. സമീപത്തു തന്നെ അതു കിട്ടും. റോഡരികില്‍, ബുള്ളറ്റ്‌ ഇടിച്ച മരത്തിന്റെ ചെറു ചില്ലകളെല്ലാം നിറമുള്ള വളകളും തുണിക്കഷണങ്ങളും കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അമ്പലത്തിനരികിലൂടെയുള്ള ചെറുവഴിയിലൂടെ ഒന്നുരണ്ട്‌ കിലോമീറ്റര്‍ ചെന്നെത്തുന്നയിടത്താണ്‌ ഓം ബന്നയുടെ ഗ്രാമം.


7


ക്ഷേത്രത്തില്‍ സഞ്ചാരികളുടെ തിരക്ക്‌ അധികമില്ല. ഗ്രാമവാസികളെയാണ്‌ കൂടുതലും കണ്ടത്‌. റോഡിന്‌ എതിര്‍ വശത്തായി കുറെ ചെറിയ കടകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌. പൂജാവസ്തുക്കളും, ബുള്ളറ്റ്‌ ബാബയെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാന സി.ഡികളും മറ്റും ഇവിടെ കിട്ടും. `റെസ്റ്ററന്റോടുകൂടിയ ഒരു ഇടത്തരം ഹോട്ടലും തൊട്ടടുത്തുതന്നെയുണ്ട്‌. തിരികെ വരുന്ന വഴിക്ക്‌, റോഡിന്റെ വലതു വശത്ത്‌, ബൈക്ക്‌ കൊണ്ടു ചെന്നു വെച്ച പൊലീസ്‌ സ്റ്റേഷന്‍ ഡ്രൈവര്‍ കാണിച്ചു തന്നു.


വ്യത്യസ്തങ്ങളായ നാട്ടാചാരങ്ങളോടുള്ള കൗതുകവും, രാജ്യത്തെ ഇരുചക്രവാഹനങ്ങളില്‍ എന്നും തലയുയര്‍ത്തി നില്‍ക്കുന്ന എന്‍ഫീല്‍ഡ്‌ ബുള്ളറ്റിനോടുള്ള ആരാധനയും മനസില്‍ നിറച്ച്‌ തിരികെ ജോധ്പൂരിലേക്ക്‌.