ഓര്‍മ്മയുടെ ഓരോ കുന്നിറക്കങ്ങളിലും വന്നു ചിരിച്ച് നില്‍ക്കുകയാണ് വര്‍മ്മാജി. വാര്‍ദ്ധക്യം വന്നു വിളിക്കും മുമ്പ് അത് തേടിപ്പോയ പി രവിവര്‍മ്മ (Former Dy. Director at Information-Public Relations Dept. Kerala) എന്ന ഞങ്ങളുടെ രാജാവ് ഓരോരുത്തര്‍ക്കും ആരായിരുന്നു എന്ന് നിശ്ചയം പോരാ. എന്തായാലും എനിയ്ക്കെന്നപോലെ പലര്‍ക്കും ഇനി കുറേ രാത്രികള്‍ ഉറക്കമില്ലാത്തവയാണ്. എടാ വാനരാ എന്ന് എന്ന് നീട്ടി വിളിയും നിന്നെ ഞാന്‍ ഒന്ന് മര്‍ദ്ദിക്കട്ടെ എന്ന് സ്നേഹമസൃണമായ തലോടലും ആയി വര്‍മ്മ ഇനിയും ജീവിച്ചു കൊണ്ടേയിരിയ്ക്കും.
ഒട്ടേറെ ഹിമാലയ യാത്രകളില്‍ ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു. രണ്ടാഴ്ചയോളം നീളുന്ന കാല്‍നട യാത്രയിലും മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള ചെറു സഞ്ചാരങ്ങളിലും വര്‍മ്മാജി ഒരു തോഴന്‍ ആയിരുന്നു. കാടു കയറാനും ചെറിയ പേടിയോടെയെങ്കിലും പുഴയില്‍ കുളിക്കാനും മേഘ കൂട്ടങ്ങളെ സിഗരറ്റ് പുക കൊണ്ട് തോല്‍പ്പിക്കാനും എന്നും വര്‍മ്മയ്ക്ക് ഇഷ്ടമായിരുന്നു. ഓരോ യാത്രയും കഴിഞ്ഞ് നീരുവന്ന വീര്‍ത്ത കാലുകള്‍ തടവി ഇരിക്കുമ്പോള്‍ അടുത്ത യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് രവിവര്‍മമ്മയാണ്. യാത്രയുടെ സൗന്ദര്യം എന്നെപ്പോലെ ഉള്ളവരില്‍ സൗരഭ്യമാക്കി മാറ്റിയത് വര്‍മ്മ ഉള്‍പ്പെടെ ഉള്ളവരുടെ സഹവാസം ആകണം.
കടുത്ത കാല്‍നട യാത്രയാണെങ്കില്‍ രണ്ടാം ദിവസം തന്നെ വര്‍മ്മാജി തളരും. പിന്നെ വേച്ചുവേച്ചാണ് നടപ്പ്. ഇനി മുകളിലേക്ക് ഇല്ലെന്നും നിങ്ങള്‍ തിരികെ എത്തുമ്പോള്‍ ഒപ്പം കൂട്ടിയാല്‍ മതിയെന്നും പറഞ്ഞ് അസുഖം നടിച്ച് കിടക്കും. പക്ഷെ അടുത്ത ദിവസം യാത്ര തുടങ്ങുമ്പോള്‍ ആദ്യം കെട്ടിയൊരുങ്ങി എത്തുന്നത് വര്‍മ്മാജി ആയിരിക്കും.
നന്ദാദേവി ബേസ് ക്യാമ്പിലേക്കുള്ള നടത്തം അതികഠിനമാണ്.10 ദിവസമാണ് ഷെഡ്യൂള്‍ എങ്കിലും മിക്കവാറും 2 ദിവസമെങ്കിലും കൂടുതല്‍ വേണ്ടി വരും. പത്തു വര്‍ഷം മുമ്പൊരു സെപ്റ്റംബറില്‍ നന്ദാദേവിയിലേക്ക് നടക്കാന്‍ വര്‍മ്മാജിയും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കുത്തത്തുകയറ്റവും അഗാധമായ താഴ്വരകളും താണ്ടിയുള്ള യാത്ര ഞങ്ങളെയാകെ പരിക്ഷീണരാക്കി. മക്തോളി എന്ന ഗ്രാമത്തില്‍ എത്തുമ്പോള്‍ മുന്നോട്ട് വഴി ഇല്ല. ചെറിയൊരു നടപ്പാലം മഴയില്‍ ഒലിച്ചു പോയി. ഒപ്പമുള്ള ഗൈഡും സഹായികളും ചേര്‍ന്ന് മനുഷ്യ പാലം നിര്‍മ്മിച്ചാണ് അക്കരെക്കടത്തിയത്. അവരുടെ തോളില്‍ ചവിട്ടിക്കയറാന്‍ വിസമ്മതിച്ച വര്‍മ്മ ആദ്യം പിണങ്ങി നിന്നു. ഒടുവില്‍ എല്ലാവരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി മറുകര പൂകി. പക്ഷേ അയാളുടെ മനസ്സ് ആകെ നീറിക്കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിനായി ഒരു പാറക്കെട്ടില്‍ ഇരിക്കുമ്പോള്‍ ഗൈഡിന്‍റെ സഹായികളില്‍ ഏറ്റവും ചെറിയവനെ അരികിലേക്ക് വിളിച്ച് അവന്റെ തലയിലും ചുമലിലുമെല്ലാം തലോടിക്കൊണ്ടിരുന്നു. മകന്റെ പ്രായം പോലുമില്ലാത്ത അവന്റെ ചുമലില്‍ ചവുട്ടിക്കയറിയതിന്റെ വേവലാതിയില്‍ ആയിരുന്നു വര്‍മ്മാജി.
മക്തോളിക്കുന്നിന്റെ മറുവശം എത്തുക ഏറെ ദുഷ്ക്കരമായിരുന്നു. ഒപ്പമുള്ള ശരത് വെര്‍ട്ടിഗോ പേടിക്കാരനും. അവിടെ വര്‍മ്മാജി അതീവ ധൈര്യശാലിയായി. നിമിഷ നേരം കൊണ്ട് അപകടം നിറഞ്ഞ കുന്നില്‍ പറ്റിപ്പിടിച്ച് ഊര്‍ന്നിറങ്ങി. അതോടെ ശരത്തിന്റെ വെര്‍ട്ടിഗോ പേടി മുങ്ങിപ്പോയി.
നര്‍മ ഭാഷണങ്ങളും അവസരോചിത മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുന്നതില്‍ രാജാവായിരുന്നു വര്‍മ്മ. പ്രകോപിപ്പിക്കുന്ന എന്തു തന്നെ വന്നാലും സമചിത്തതയോടെ അത് കൈകാര്യം ചെയ്യുന്ന ചിരി മിടുക്ക് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു. ലഹരി പൂക്കുന്ന സന്ധ്യകളില്‍ , കവിതാസ്വാദനതിന്റെ രാത്രികളില്‍ വര്‍മ്മ ചിരിച്ചുകൊണ്ടിരുന്നു.
രണ്ടാഴ്ച്ച മുമ്പ് നേരില്‍ കാണുമ്പോള്‍ സംസാരിച്ചതും യാത്രയെക്കുറിച്ച് ആണ്. ഇനി ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ പക്ഷേ എനിക്ക് പോകാന്‍ പറ്റുന്ന സ്ഥലത്ത് പോണം. കൂടുതല്‍ നടത്ത ഇല്ലാത്ത സ്ഥലത്ത്. അറം പറ്റിയോ വാക്കുകള്‍ക്ക് ! നടത്ത ഒന്നുമില്ലാത്ത ഏതോ ഇടത്തേക്ക് മറയും മുമ്പുള്ള വാക്കുകള്‍. ഞങ്ങളുടെ യാത്രാ സംഘത്തില്‍ നിന്ന് കൊഴിയുന്ന മൂന്നാമത്തെ ഇതളാണ് വര്‍മ്മാജി. ആദ്യം ശശി. പിന്നെ പപ്പന്‍.
സ്‌പിത്തിയിലെ താഴ്വരകളില്‍ നമ്മള്‍ പപ്പനുമൊത്ത് കറങ്ങി നടന്നത് ഓര്‍മയുണ്ടോ രാജാവേ? രണ്ടുവട്ടം മുടങ്ങിയിട്ടും പിന്നെ വാശിയോടെ നമ്മള്‍ കയറിപ്പോയത്. ചന്ദ്ര താളിലെ കണ്ണാടിത്തടാകത്തിനു മുന്നില്‍ പ്രാര്‍ത്ഥനാ നിമഗ്നരായ് നിന്നത് ? നൂറ്റാണ്ടുകളുടെ പഴമ മണക്കുന്ന ബുദ്ധാശ്രമങ്ങള്‍ക്കുള്ളിലൂടെ കടന്നു പോയത് ?
ഇനി രാജാവില്ല. രണ്ടാഴ്ച്ച മുന്‍പ് കാണുമ്പോഴും അസുഖവിവരം പങ്കവയ്ക്കുമ്പോഴും ഇത്രവേഗം യാത്രക്കൊരുങ്ങിയെന്ന് എന്തേ മനസ്സിലായില്ല. ഇനിയും വരില്ലേ, ഹിമാലയത്തില്‍ എവിടെയെങ്കിലും കണ്ടുമുട്ടാം. അകലെ നക്ഷത്രമായി നിന്ന് ചിരിക്കാന്‍ മറക്കല്ലേ, പ്രിയ രാജാവേ..