അര്‍ച്ചന അയ്യര്‍ . നൃത്തരംഗത്തെ പുതുമുറക്കാരി . ആള്സെയിന്റ്സ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി . അച്ഛന്‍ -എ. ഹരികുമാര്‍ അമ്മ -എല്‍. ചിത്ര നൃത്തഗുരു - ശോഭാ അന്തര്‍ജ്ജനം .വിലാസം : ടി.സി.36 / 1648 വള്ളകടവ് പി. ഒ. ശ്രീവരാഹം ,തിരുവനന്തപുരം നൃത്തം ചെയ്തുകൊക്ണ്ട് നൃത്തമെന്ന കലയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ സ്വാഭാവികലയമാണ് അര്‍ച്ചനയുടെ അരങ്ങവതരണങ്ങളില്‍ പ്രകാശിതമാവുന്നത് . ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും നൃത്തമാധ്യമമാക്കുംപോള്‍ വേറിട്ട സാദ്ധ്യതകളെയാണ് ഈ കലാകാരി തേടിപ്പോകുന്നത് . നൃത്തകലാമേഖലയില്‍ ഉറച്ചു നില്‍ക്കുകയും നൃത്തവേദിയില്‍ സ്വകീയമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയില്‍ മുഴുകുകയും ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ തുടക്കക്കാരിക്കു കഴിയുമെന്ന് ഇന്നുവരെയുള്ള അര്‍ച്ചനയുടെ പ്രകടനങ്ങള്‍ വെച്ചുകൊണ്ട് നിസ്സംശയമായും പറയാന്‍ കഴിയും .
എന്നാല്‍ പ്രതീക്ഷ നല്ക്കുന്നവര്‍ അരങ്ങില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷരാവുന്നു എന്ന യാഥാര്‍ത്യത്തേയും അഭിമുഖീകരിക്കാതെ വയ്യ. അര്‍ച്ചന ചുവടുവെക്കുംപോള്‍ നൃത്തം സിദ്ധാന്തവല്‍ക്കരണത്തിന്റെ സ്വാംശീകരണമാകുന്നില്ല . അര്‍ച്ചനയുടെ അംഗചലനങ്ങളില്‍ നൃത്തം പരീക്ഷണങ്ങളുടെ ഭാഗമായി നില്‍ക്കുന്നില്ല . അര്‍ച്ചനയുടെ കൈമുദ്രകളില്‍ നൃത്തം യാന്ത്രികമായ പുതുമകളുടെ പ്രകടനാത്മകതയാവുന്നില്ല. പകരം , നൃത്തത്തിന്റെ സൌമ്യാനുഭാവങ്ങളിലേക്കും സ്വച്ഛന്ദമായ ആംഗികാഭിനയത്തിലേക്കും നര്‍ത്തകി പകര്‍ന്നാടുന്നു . ഈവിധമുള്ള പകര്‍ന്നാട്ടം സാത്വികാഭിനയം , വാചികാഭിനയം ,ആഹാര്യാഭിനയം എന്നിവയെ സൂക്ഷ്മമായി സംയോജിപ്പികുന്ന സമഗ്രശോഭയിലേക്ക് വികസിക്കുന്നു . ലാസ്യഭംഗിയോ അംഗചലനങ്ങളോ കൊണ്ട് ത്റസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും നര്തകകി അകന്നു മാറുന്നു . വിവിധകരണങ്ങളില്‍ , സ്വരജതികളില്‍ , മൃദംഗജതികളില്‍ നര്‍ത്തകി ,പുഴയില്‍ ഇലയെന്നപോലെ ,അരങ്ങില്‍ സ്വയം മറന്നാടുന്നതായി പ്രേക്ഷകന് തോന്നുന്നു . 'ഹസ്തപാദസമായോഗോ നൃത്തസ്യ കരണം ഭവേത്' (നാട്യശാസ്ത്രം നാലാം അദ്ധ്യായം) അഥവാ , അംഗപ്രത്യംഗങ്ങളും ഉപാംഗങ്ങളും സ്ഥായീഭാവങ്ങളും വ്യഭിചാരിഭാവങ്ങളുമെല്ലാം നൃത്തത്തുടര്ച്ചയില്‍ പടിപടിയായി ലയിച്ച് പ്രേക്ഷകനെ അത്തരമൊരു തോന്നലിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.
അടവുവ്യാപാരങ്ങളുടെയും ചലനങ്ങളുടെയും തന്മയീഭാവത്തിലാണ് അര്‍ച്ചനയുടെ നൃത്തം സാംഗോപാംഗം സമ്മോഹനമാകുന്നത് . നര്‍ത്തനം തുടരുന്തോറും നര്ത്തകിയില്‍ നൃത്തം ഒരു സഹജവ്യാഖ്യാനമായി മാറുന്നു . ശരീരഭാഷയ്ക്കും വടിവിനും അനുയോജ്യമായ സ്ഥാനകങ്ങളും ചാരികളും പാഠഭേദങ്ങളും അങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ത്തമാനകാല നൃത്തരംഗം ബഹുസ്വരമാണ് . ബഹുസ്വരതകളുടെ തന്നെ പലതരം പുതുപരീക്ഷ്ണസ്വരങ്ങളായി , കരകാണാകടലുകളായി അതു പെരുകിക്കൊണ്ടിരിക്കുന്നു . കേളുച്ചരന്‍ മഹാപത്രയും വെമ്പട്ടി ചിന്നസത്യവും ബിര്‍ജുമഹാരാജും രുക്മിണിദേവിയും ബാലസരസ്വതിയും മൃണാളിനി സാരാഭായിയും ഉദയശങ്കറും വീണ്ടും വീണ്ടും നടത്തിയ പാരമ്പര്യത്തിന്റെ പുതുക്കലുകള്‍ , ചന്ദ്രലേഖയും പിനാബാഷേയും സൂസന്ന ലിങ്കും ദക്ഷാസേത്തും നടത്തിയ അപനിര്‍മ്മാണങ്ങള്‍ , ആസ്ടാദ് ദേബൂ , പദ്മിനി ചേറ്റൂര്‍ , നവതേജ്സിംഗ്ജോഹര്‍ , പ്രീതി ആത്രേയാ , അദിതി മംഗല്ദാസ് തുടങ്ങിയവര്‍ നടത്തുന്ന ഉത്തരാധുനികമായ ആവിഷ്ക്കാരങ്ങള്‍ , നളിനി ജയ്വന്തിലും കാമിനി കൌശലിലും പത്മിനിയിലും വൈജയന്തിമാലയിലും തുടങ്ങി വാണിഗണപതിയിലും ഹെലനിലും സില്‍ക്ക് സ്മിതയിലും ഭാനുപ്രിയയിലും ശോഭനയിലും കടന്നുപോകുന്ന നൃത്ത -ചലച്ചിത്രവഴികള്‍ , ജ്യാമിതീയമായ കൃത്യതയെ നൃത്തത്തില്‍ സര്ഗാത്മകമാക്കാനുള്ള അലര്‍മേല്‍ വള്ളിയുടെയും മാളവികാസരുക്കായിയുടെയും ശ്രമങ്ങള്‍ , പത്മാസുബ്രമണ്യത്തിന്റെയും യാമിനികൃഷ്ണമൂര്‍ത്തിയുടെയും ശാന്താ-ധനന്ജ്യന്മാരുടെയും ആത്മീയപരീക്ഷണങ്ങള്‍ ,കനക് റെലെ, ലീലാസാംസന്‍ , ഭാരതി ശിവജി തുടങ്ങിയവരുടെ തനതുസങ്കേതങ്ങള്‍ .
ഇങ്ങനെ എണ്ണമറ്റ ധാരകള്‍ നൃത്തത്തിന്റെ വികസ്വരഭൂമികയില്‍ പിരിയുകയും പിണയുകയും സമാന്തരമാകുകയും മുറിച്ചു കടക്കുകയും ചെയ്യുന്നുണ്ട് . പരമ്പരാഗത ഭാഷയില്‍ ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നൊക്കെ പറയുന്ന ഘടകങ്ങളെ വിശാലവും വൈവിധ്യമാര്‍ന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സമകാലനൃത്തമണ്ഡലത്തില്‍ എവിടെയാണ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ് . നൃത്തരംഗത്തേക്ക് പുതുതായി കടന്നുവരുന്ന ഏതു നര്ത്തകിയേയും പോലെ അര്‍ച്ചനയും ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും . തന്റെ നിരന്തരമായ നൃത്തോപാസനയിലൂടെ അതിന് സര്‍ഗാത്മകമായ മറുപടി പറയാന്‍ അര്‍ച്ചനയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം . നര്തകിയാവുക എളുപ്പമാണ് . നര്‍ത്തകിയായി തുടരുക അതീവദുഷ്ക്കരമാണ് . അര്‍ച്ചന അയ്യര്‍ ഇപ്പോള്‍ നര്‍ത്തകിയാണ് , തര്‍ക്കമില്ല . നര്‍ത്തകിയായി തുടരുമോ എന്നുള്ളത് കാലം തെളിയിക്കട്ടെ . മഹാകാലം.