കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ നമുക്ക് ഈ പേര് അപരിചിതമായിരുന്നു.”ടെക്കികള്‍.” കേള്‍ക്കുമ്പോള്‍ അപരിചിതമെന്നു തോന്നാമെങ്കിലും അവരും മനുഷ്യരാണ്.അവരുടെ കുഞ്ഞുങ്ങളും മനുഷ കുഞ്ഞുങ്ങളാണ്. എന്നാല്‍ സമൂഹവും സര്‍ക്കാരും മനുഷകുഞ്ഞുങ്ങളുടെ പരിഗണനയിലല്ല അവരെയും അവരുടെ അമ്മമാരേയും പെടുത്തിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിര കണക്കിനു് ഐറ്റി പ്രൊഫഷണലുകളായ സ്ത്രീകളുടെ മനസ്സുതേങ്ങുന്നത് സര്‍ക്കാരും സമൂഹവും ഒരുപോലെ കണ്ടില്ലെന്നു നടിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കൊടിപിടിക്കുന്ന പ്രബുദ്ധ കേരളത്തില്‍ അവര്‍ക്കുവേണ്ടി ചുണ്ടനക്കുവാനും വിരല്‍ ചൂണ്ടുവാനും ഇവിടെ ആരുമില്ല.
അമ്മമാര്‍ക്ക് നേരാം വണ്ണം പ്രസവാവധി കൊടുക്കാത്ത കാരണം കൊണ്ട് ആ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍ നിഷേധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളിലുള്ള അമ്മമാരുടെകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കുടിയ്ക്കുവാനുള്ള അവസരം വേണ്ടുവോളം കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളോട് എന്തിനിങ്ങനെ ചിറ്റമ്മനയം കാണിക്കുന്നു? ആ അമ്മമാര്‍ക്ക് ഇതു ശബ്ദിക്കുവാന്‍ അവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ല. അഥവാ ശബ്ദിച്ചാല്‍ പിറ്റെന്ന് ഔട്ട് സോര്‍സിംഗ് ജോലിയുടെ ലഭ്യത കുറവു നിമിത്തം എന്നു പറഞ്ഞുള്ള ഒരു പിരിച്ചു വിടലായിരിക്കും കിട്ടുന്നത്.
കേരളത്തിലെ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഉന്നതാധികാരികള്‍ക്ക് നഗ്നമായ ഈ യാഥാര്‍ത്ഥ്യം അറിയാം. അവര്‍ ഇതിലിടപെട്ടാല്‍ ഐറ്റി വ്യവസായം തകര്‍ക്കുന്നു എന്ന് പറഞ്ഞ് കമ്പനികള്‍ ബഹളം വെയ്ക്കും. എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നും കാംപസ് റിക്രൂട്ടുമെന്‍റു നടത്തി തിരഞ്ഞെടുത്ത് ഏറ്റവും നല്ല കഴിവുള്ള കുട്ടികളെയാണ് കംമ്പനികള്‍ ജോലിയ്ക്കായി കൊണ്ടുപോകുന്നത്. രാവിലെ എട്ടരയ്ക്കും ഒന്‍പതിനും തുടങ്ങുന്ന ജോലി അവസാനിയ്ക്കുന്നത് രാത്രി എട്ടിനും ഒന്‍പതിനും ആയിരിക്കും.ചില കമ്പനികളില്‍ സ്ത്രീകള്‍ക്ക് രാവെളുക്കുവോളം ജോലിചെയ്യേണ്ട ഷിഫ്റ്റുകളും ഉണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.
കേരളത്തിലെ സര്‍ക്കാര്‍സര്‍വ്വീസുവെച്ചു നോക്കുമ്പോള്‍ ഇത്രയും മണിക്കൂറിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടുന്നുണ്ടോ എന്നും സംശയിയ്ക്കേണ്ടിയിരിക്കുന്നു. അവകാശം എന്തെന്നോ അര്‍ഹതപ്പെട്ടത് എന്തെന്നോ അറിയാത്ത ഒരു വിഭാഗം.അതു പറഞ്ഞു കൊടുക്കുവാന്‍ അവര്‍ക്ക് നേതാക്കന്മാരോ തൊഴിലാളി യൂണിയനുകളോ ഇല്ല. വളരെ പരിമിതമായ അവധിയില്‍ അവരുടെ കല്യാണവും മധുവിധുവും എല്ലാം ആഘോഷിക്കും. പിന്നീടാണ് മേല്‍പ്പറഞ്ഞ തലക്കെട്ടിന്‍റെ പ്രസക്തി. കുട്ടികള്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചാലും അവരുടെ ഈ ജോലി സമയവും, കൂടാതെ പ്രസവത്തിനു വേണ്ടി കംമ്പനി അനുവദിച്ചിരിക്കുന്ന വളരെ പരിമിതമായ അവധിയും കാരണം മിക്കവരും സ്വയം വന്ധ്യരാകുവാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്. നമുക്ക് നഷ്ടമാകുന്നത് നല്ല കഴിവുള്ള അച്ഛനമ്മമാരുടെ ബുദ്ധിയുള്ള അടുത്ത തലമുറയെയാണ്.
ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തിനുവെളിയില്‍ ജോലിചെയ്യുന്ന ഒരുസോഫ്റ്റുവെയര്‍ എന്‍ജിനീയറായ പെണ്‍കുട്ടിയുടെ നവജാത ശിശുവിനെ കാണുവാന്‍ പോയി. പ്രസവാവധിയുടെ കാര്യം തിരക്കിയപ്പോളാണ് ആകെ എണ്‍പത്തിനാലുദിവസമേ ഉള്ളുഎന്നും അതില്‍ കമ്പനി നിയമം അനുസരിച്ച് 42 ദിവസം പ്രസവത്തിനു മുന്‍പെടുത്തു കഴിഞ്ഞു എന്നും ബാക്കി 42 ദിവസമേ ഇനി ഉള്ളു എന്നും വളരെ വിഷമത്തോടെയാണ് ആ പെണ്‍കുട്ടി പറഞ്ഞത്. അവളുടെ അടുക്കല്‍ ചൂടുപറ്റി കിടക്കുന്ന ആ പിഞ്ചു കുഞ്ഞിന്‍റെ ദയനീയ അവസ്ഥയാണ് ഞാനപ്പോള്‍ ഓര്‍ത്തത്. സ്വന്തം അമ്മയുടെ പാല്‍ കമ്പനിയുടെ ടോയിലറ്റില്‍ ഇടവേളകളില്‍ പിഴിഞ്ഞ് കളയുമ്പോള്‍ ടിന്നില്‍ വരുന്ന ഏതെങ്കിലും പാല്‍പ്പൊടി വെറും ഒന്നരമാസം ആകുന്നതിനു മുന്‍പേ തന്നെ കലക്കി കുടിയ്ക്കേണ്ടിവരുന്ന ഹതഭാഗ്യയായ കുഞ്ഞ്.
കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും ഉള്ള സ്ത്രീകള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പ്രസവാവധി കൊടുത്ത് നവജാത ശിശുക്കള്‍ക്ക് അമ്മയുടെ മുലപ്പാലൂട്ടി പരിലാളനം കിട്ടുമ്പോള്‍ , അമ്മ പ്രൈവറ്റു കമ്പനിയിലെ ഉദ്യോഗസ്ഥ ആയതിനാല്‍ മുലപ്പാല്‍ നിഷേധിക്കപ്പെടുന്നത് ആ പിഞ്ചു കുഞ്ഞുങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് കുട്ടിയുടെ പതിനെട്ടു വയസ്സിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും രണ്ടുവര്‍ഷം വരെ ചൈല്‍ഡ് കെയര്‍ ലീവും അമ്മയുടെ സര്‍വ്വീസില്‍ എടുക്കാന്‍ അനുവാദമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാര്യയുടെ പ്രസവത്തിന്പതിനഞ്ചു ദിവസത്തെ ലീവ് പുരുഷന്‍മാര്‍ക്കുവരെ അനുവദിച്ചു കൊടുത്തിട്ടുള്ള ഈ കാലഘട്ടത്തിലാണ് പ്രസവാവധി വേണ്ടപോലെ ലഭിയ്ക്കാത്ത കാരണത്താല്‍ ഒരു വിഭാഗം കമ്പനി പ്രൊഫഷണലുകളായ സ്ത്രീകള്‍ കുട്ടികളെ വേണ്ടെന്നു വരെ തീരുമാനം എടുക്കേണ്ടുന്ന ഗതികേടിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്. പ്രസവാവധി വെറും ഒരുമാസം മാത്രംകൊടുക്കുന്ന കമ്പനികളും ഉണ്ടെന്നാണ്അറിയാന്‍ കഴിഞ്ഞത്. 1981ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് പ്രകാരം പ്രസവത്തിന് ആറ് ആഴ്ച മുന്‍പും പ്രസവത്തിനുശേഷം ആറാഴ്ചയും ആണ് കംമ്പനികളിലെ ജീവനക്കാര്‍ക്കുള്ള പ്രസവാവധി.
പ്രസവത്തിനുശേഷം ആറാഴ്ച എന്നു പറയുമ്പോള്‍ കുട്ടിക്ക് വെറും നാല്‍പ്പത്തിരണ്ടു ദിവസം പ്രായമേ ആകുകയുള്ളു. മുലയൂട്ടല്‍ വാരം ആഘോഷിച്ച് അമ്മയുടെ മുലപ്പാലിന്‍റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിച്ചു നടക്കുന്നവരൊന്നും ഇതറിയുന്നില്ലേ? ഇങ്ങനെയുള്ള അവസ്ഥ വരുമ്പോളാണ് വനിതാ സംവരണ ബില്ല് പാസ്സാക്കത്തതിന്‍റെ നഷ്ടം നികത്താനാകാത്തതാണെന്നു തോന്നിപ്പോകുന്നത്.. ഒരുപക്ഷേ സ്ത്രീകളുടെ ഇതേപോലുള്ള അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കുവാന്‍ അതു പാസ്സാക്കിയെടുത്തിരുന്നെങ്കില്‍കഴിഞ്ഞേനെ.
ഒട്ടു മിയ്ക്ക സോഫ്റ്റുവെയര്‍ കമ്പനികളിലേയും കല്യാണം കഴിച്ച പെണ്‍കുട്ടികളും മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് ,അതായത് അവരുടെ ജോലി സമയവും പ്രസവാവധിയുടെ പരിമിതിയും കുട്ടികളെ വളര്‍ത്താനുള്ള ബുദ്ധിമുട്ടു കാരണം കുട്ടികള്‍ വേണ്ടയെന്നുള്ളഒരു രഹസ്യധാരണയില്‍ പോകുന്നവരാണ്. ദാമ്പത്യത്തിന്‍റെ കെട്ടുറപ്പില്‍ കുഞ്ഞുങ്ങളും ഒരുഘടകമാണ്. കുഞ്ഞുങ്ങളില്ലാത്ത ബന്ധം ദമ്പതികള്‍ക്ക് എളുപ്പം പൊട്ടിച്ചെറിയാനും സാധിയ്ക്കും. ഒട്ടുമുക്കാലും ഐറ്റി പ്രൊഫഷണലുകളുടെ ബന്ധവും ശിഥിലമാവുന്നത് ഇങ്ങനെയുള്ള കുറച്ച് അറിയപ്പെടാത്ത കാരണങ്ങളും അതിനു പിന്നിലുള്ളതു കൊണ്ടാണ്.
ഇതിനെയെല്ലാം മറു കടന്നാണ് ചിലര്‍ പ്രസവിയ്ക്കാന്‍ രണ്ടും കല്‍പ്പിച്ച് തയ്യാറാകുന്നത്. പ്രസവിച്ചു കഴിയുമ്പോളാണ് സമയ നിഷ്ടയില്ലാത്ത ജോലിയും പ്രസവാവധിയുടെ പരിമിതിയും മുലം ചെകുത്താനും കടലിനും ഇടയിലകപ്പെട്ട അവസ്ഥ അവര്‍ക്ക് നേരിടേണ്ടി വരുന്നത്. അവരുടെ കുട്ടികളുടെ ദയനീയ അവസ്ഥ ഇങ്ങനെയും.
കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ വകുപ്പും നമ്മുടെ ഭരണാധികാരികളും ഇതൊന്നും അറിയുന്നില്ലേ. അതോ അറിഞ്ഞിട്ടും കമ്പനികളോട് കാണിയ്ക്കുന്ന ഔദാര്യമാണോ. എന്തുകൊണ്ട് നേരാം വണ്ണം പ്രസവാവധി കൊടുക്കാനുള്ള സംവിധാനം അവര്‍ക്കും കൂടി അനുവദിപ്പിച്ചു കൊടുക്കാത്തത്. വെറുതെ സമയം പോകാന്‍ മാത്രം ജോലിക്കു പോകുന്നവരല്ല ഈ കൂട്ടര്‍. ജോലി അവര്‍ക്കും ജീവനോപാധി ആണ്. മിക്കവരും വിദ്യാഭ്യാസ ചെലവിനായിബാങ്കു ലോണും മറ്റും എടുത്തവരും ആയിരിക്കും. ആ കടം വീട്ടേണ്ട ബാദ്ധ്യതയും അവരുടെ അധിക ഭാരമാണ്.
ഓരോവര്‍ഷവും തൊഴില്‍ നികുതിയായി ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കോടിക്കണക്കിനു സര്‍ക്കാര്‍ വസൂലാക്കുന്നുണ്ട്. എന്‍റെ അറിവു ശരിയാണെങ്കില്‍ ടാക്‍സിന്‍റെയും എക്‍സൈസ് ഡ്യൂട്ടിയുടേയും 29ശതമാനം കേന്ദ്ര സര്‍ക്കാര്‍ തിരികെ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നുണ്ട്. ഇവരുടെ പ്രസാവാനുകൂല്യത്തിന്‍റെ ഒരു വിഹിതംഅങ്ങനെയാണെങ്കില്‍ സര്‍ക്കാരിനും കൂടി വഹിക്കാവുന്നതാണ്. നാളത്തെ ഒരു നല്ല തലമുറയെ വാര്‍ ത്തെടുക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയും കൂടിയാണ്. വേണ്ടുംവണ്ണം പരിലാളന കിട്ടാതെ അമ്മയുടെ മുലപ്പാലിന്‍റെ രുചിയറിയാതെ അമ്മയുടെ സ്നേഹം കിട്ടാതെ വളര്‍ന്നു വരുന്ന ഈ മക്കള്‍ സമൂഹത്തിന് ചോദ്യചിഹ്നമാകാതിരിയ്ക്കേണ്ടത് സര്‍ക്കാരിന്‍റെയും കൂടി ഉത്തരവാദിത്വമാണ്.
ഒരു വശത്ത് ആരോഗ്യ വകുപ്പ് കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്താന്‍ പരസ്യങ്ങളിലും മറ്റും അമ്മമാരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് പെറ്റമ്മമാരെ പാലൂട്ടലില്‍ നിന്നും തീര്‍ത്തും അവഗണിച്ചുകൊണ്ട് കമ്പനികളെ സഹായിക്കുന്ന സര്‍ക്കാരിന്‍റെ ഈ ക്രൂരമായ നടപടി നിന്ദ്യവും നീചവുമാണ്. പൊതുവെ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു വിഭാഗം സ്ത്രീ ജീവനക്കാരെ രാത്രിയെന്നില്ലാതെ പകലെന്നില്ലാതെ ജോലിചെയ്യിപ്പിച്ച് അവര്‍ക്ക് നേരാംവണ്ണം പ്രസവാവധിയും ശിശു പരിപാലനത്തിനും ഉള്ള അവസരം നിഷേധിക്കുന്നത് കടുത്ത അപരാധമാണ്.
അമ്മയുടെ മുലപ്പാലാണ് ശിശുവിന്‍റെ ആരോഗ്യമെന്നും ആറുമാസം വരെ തീര്‍ച്ചയായും മുലപ്പാല്‍ തന്നെ കൊടുക്കണമെന്നും ശിശുരോഗ വിദഗ്ദ്ധരായ ഡാക്ടര്‍മാര്‍ ഉപദേശിക്കുമ്പോള്‍ അതൊന്നും “ടെക്കികുഞ്ഞുങ്ങള്‍ക്ക്” ബാധകമല്ലേ? അതോ അവരെ മനുഷകുഞ്ഞുങ്ങളുടെ ഗണത്തില്‍ സര്‍ക്കാര്‍ പെടുത്തിയിട്ടില്ലേ? 1961ലെ മെറ്റേണിറ്റി ബനഫിറ്റ് ആക്‍റ്റ് ആണ് അവര്‍ക്ക് എന്നാണ് പറയപ്പെടുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന നിയമം നേരാംവണ്ണം നടപ്പാക്കിയാല്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലു കുടിയ്ക്കുവാനുള്ള അവസരം കിട്ടിയേനെ. അതായത് കുഞ്ഞിന് പതിനഞ്ചു മാസം ആകുന്നതുവരെ അമ്മയ്ക്ക് രണ്ടു നേഴ്സിംഗ് ബ്രേക്ക് നിര്‍ബന്ധമായും മുലയൂട്ടാന്‍ കൊടുത്തിരിക്കണംഎന്നും പറയുന്നുണ്ട്. അതിനുള്ള അവസരം അവര്‍ക്ക് കിട്ടണമെങ്കില്‍ കമ്പനിയുടെ സമീപം തന്നെ കുഞ്ഞുങ്ങള്‍ക്കുള്ള ഡെകെയര്‍ പോലുള്ള സ്ഥാപനങ്ങള്‍ വേണം. അതായത് നവജാത ശിശു പരിപാലന കേന്ദ്രങ്ങള്‍. അങ്ങനെ ഒന്നും തന്നെ അവിടില്ലെന്നാണ്അറിയുവാന്‍ കഴിഞ്ഞത്.
കുഞ്ഞുങ്ങള്‍ ആരുടെയാണെങ്കിലും അത് പൊതു സ്വത്താണ്. അതില്‍ സംസ്ഥാനസര്‍ക്കാരുടേത് കേന്ദ്ര സര്‍ക്കാരുടേത് സോഫ്റ്റുവേര്‍ ജീവനക്കാരുടേത് എന്നുള്ള വിവേചനം കാണിയ്ക്കരുത്.. നാളത്തെ തലമുറയാണ് അവര്‍.നല്ലരീതിയില്‍ അവര്‍ വളര്‍ന്നു വരേണ്ടത് സമൂഹത്തിന്‍റെയും കൂടി ആവശ്യമാണ്. ഏറ്റവും നല്ല ബുദ്ധിയുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ മക്കളോട് സര്‍ക്കാര്‍ ഈ ചിറ്റമ്മനയം കാണിക്കരുത്.