Anil Kuriyathi

അച്ഛനെയാണെനിക്കിഷ്ട്ടം

അച്ഛന്‍ കഥ പറയുന്നുണ്ട് അച്ഛന്റെ മടിയില്‍ തലചായ്ച്ചു ആകാംക്ഷയോടെ ഞാന്‍ കേട്ടിരിക്കുന്നു …

അച്ഛന്‍ ശുഭ പര്യവസായിയായ കഥകള്‍ മാത്രമേ പറയുകയുള്ളൂ . ദുരന്തങ്ങളെ ഭയമാണ്.

കഥാന്ത്യത്തിലേക്ക് കടക്കുമ്പോഴും അച്ഛന്റെ കണ്ണുകളിലെ നനവ്‌ ,കഥയിലും പടരുന്നത്‌ ഞാനറിയുന്നുണ്ട്

വിതുമ്പുന്ന ചുണ്ടുകള്‍ ചൊല്ല് മുറിപ്പെടുത്തുന്നു. അങ്ങനെ മുറിഞ്ഞും വിതുമ്പിയും കഥ കിതക്കുന്നുണ്ട്‌.

എനിക്കറിയാം വികാരഭരിതനായി അച്ഛന്‍ വിതുമ്പുന്നതെന്തിനെന്നു , എന്റെ ശരീരത്തിന്റെ പുകച്ചില്‍ വിവിധ ഭാഗങ്ങളിലെ അസഹ്യമായ നീറ്റല്‍ അതോര്‍മ്മിപ്പിക്കുന്നുമുണ്ട് ..തലങ്ങനെയും വിലങ്ങനെയും തല്ലി തിമിര്‍ക്കുകയായിരുന്നു വടി ഒടിയുവോളം അച്ഛനെന്നെ …ഒരു പച്ചീര്‍ക്കില്‍ ഓടിച്ചു പോലും. തല്ലാത്ത ആളിന് എന്ത് പറ്റി എന്ന് ഞാനേറെ ചിന്തിച്ചു …എന്തയാലും മനസ്ഥാപമല്ല മനോ വേദനയാണ് അച്ഛനെ അലട്ടുന്നത്.

കുഞ്ഞിലെ ദേശീയ പതാക കണ്ടാല്‍ ഞാനെല്ലാം മറക്കും .ആഗസ്റ്റ്‌ 15 നും ജനുവരി 26 നും സ്കൂളില്‍ നിന്നും ലഭിക്കുന്ന ദേശീയ പതാകയും പറപ്പിച്ചു ഞാനിങ്ങനെ ഓടി നടക്കും എന്തൊരു ആവേശമാണെന്നോ. പക്ഷെ ഇപ്രാവശ്യമെന്തിനു ഇങ്ങനെ ഒരു ബുദ്ധി തോന്നി എന്ന് ചോദിച്ചാല്‍ എന്താ പറയുക ,.. തല്ലു കൊള്ളാന്‍ അല്ലാതെന്താ .

എന്നാല്‍ കാര്യമില്ലാതെയുമില്ല തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെയാണ് ജനിച്ചതും വളര്‍ന്നതും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍ വേ സ്റെഷനില്‍ നിന്നും 2 കിലോമീറ്റെര്‍ അകലെ ആണ് വീട് ,അന്നെല്ലാം ഞങ്ങളുടെ നാട്ടിലെ സമയമാപിനി ആണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റെഷനിലെ ട്രെയിനുകളുടെ സൈറന്‍ . ഓരോ ട്രെയിനും പോകുമ്പോള്‍ അതിന്റെ ചൂളം വിളി കേട്ട് മുത്തശ്ശി നിലവിളിക്കുന്നുണ്ടാകും. ദേ ഒന്‍പതു മണിയുടെ ട്രെയിന്‍ പോകുന്നു .കുട്ടികള്‍ ഇനിയും സ്കൂളില്‍ പോകാന്‍ ഇറങ്ങിയില്ലേ.

ഞാനിതു പറയാന്‍ കാരണം ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് വീടിനു വളരെ അടുത്തായിരുന്നിട്ടും കുഞ്ഞിലെ അതൊന്നു കാണാന്‍ സ്കൂളില്‍ നിന്നും കൊണ്ട് പോകേണ്ടി വന്നു , രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരം അഭിമാനപൂര്‍വ്വം നോക്കി നില്‍ക്കുമ്പോള്‍ അതിനു മുകളില്‍ ഇളം കാറ്റിന്റെ തലോടലില്‍ ഇളകി പറക്കുന്ന ത്രിവര്‍ണ പതാക എന്റെ ഹൃദയം ഹരിക്കുന്നുണ്ടായിരുന്നു . കണ്ണെടുക്കാതെ അതില്‍ നോക്കി നില്‍ക്കുമ്പോള്‍ ഉള്ളിലൊരു കടലിരമ്പം. സിരകളില്‍ ഒരു കോരി തരിപ്പും മുഷ്ട്ടികള്‍ അറിയാതെ ചുരുളുന്നു . അമര്‍ ചിത്ര കഥകളില്‍ നിന്നും ഭഗത് സിങ്ങും , ചന്ദ്രശേഖര്‍ ആസാദും , മഹാത്മജിയും ,..സുഭാഷ് ചന്ദ്ര ബോസും .ഒക്കെ ഇറങ്ങി വരുന്നു ….എനിക്ക് ചുറ്റും തിരമാലകള്‍ പോലെ ആര്‍ത്തലച്ചുയരുന്നു എന്നെ പൊതിയുന്നു…..വന്ദേ മാതരം …

പിന്നെ ആ ചിത്രം മനസ്സില് നിന്ന് മാഞ്ഞിരുന്നില്ല ..സെക്രട്ടറിയേട്ടിന്റെ നെറുകയില്‍ പാറുന്ന മൂവര്‍ണ്ണ പതാക ഞാനെന്റെ ഓല മേഞ്ഞ വീടിന്റെ മേല്‍ കൂരയില്‍ ദേശീയ പതാക പാറുന്നത് കനവു കണ്ടു നടക്കുമ്പോള്‍ വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തി …ഇത്തവണ മൂവര്‍ണ്ണ കൊടി കൈകളില്‍ കിട്ടുമ്പോള്‍ ഒരു വലിയ മോഹം മനസ്സിലിങ്ങനെ , മുട്ടായിയുടെ മധുരം നിണഞ്ഞു വീട് പൂകുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു , ജ്യേഷ്ഠനോട് ആഗ്രഹം പറഞ്ഞു പൂര്‍ണ്ണ പിന്തുണ ,എല്ലാവര്‍ക്കും സമ്മതം അമ്മായിയുടെ മക്കളും കൂട്ടുകാരും ഒക്കെ ചുറ്റിനും കൂടി …നല്ല പ്രോത്സാഹനം സമയം ഉച്ചയോടടുക്കുന്നതിനാല്‍ മുതിര്‍ന്നവര്‍ ആരും പരിസരത്തില്ലായിരുന്നു ഒരൊറ്റ കയറ്റമായിരുന്നു ഹിമാലയത്തിന്റെ നെറുകയില്‍ കയറുന്ന ഒരു പര്‍വതാരോഹകന്റെ ശരീര വഴക്കത്തോടെ മുകളിലോട്ടു …എവറസ്റ്റിന്റെ മുകളിലെത്തിയ ടെന്‍സിങ്ങിനു ഉണ്ടായ അതെ അനുഭൂതി …..ഞാനാ പതാക മേല്‍കൂരയില്‍ കുത്തി നിര്‍ത്തി.

പൂമ്പാറ്റ അമര്‍ ചിത്ര കഥകളില്‍ നിന്നും ഭഗത് സിങ്ങും , ചന്ദ്ര ശേഖര്‍ ആസാദും , മഹാത്മജിയും ,..സുഭാഷ് ചന്ദ്ര ബോസും പിന്നെയും ഇറങ്ങി വരുന്നു ..കയ്യടിയുടെ ഘോഷത്തില്‍ എന്നെ മറന്നു നില്‍ ക്കുമ്പോള്‍ ..അമ്മയുടെ നിലവിളി ഉച്ചത്തില്‍ ഉയരുന്നുണ്ടായിരുന്നു. പകച്ചു മിഴി തുറന്നു താഴെ നോക്കുമ്പോള്‍ അമ്മ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു ….ചേട്ടന്‍ ചെറു ചിരിയുമായി അമ്മയുടെ പുറകില്‍ …‘ചതിയന്‍ ‘ ,….എന്റെ ഉള്ളം കിടുങ്ങി ഭയന്ന് താഴേക്കു ഊര്‍ന്നിറങ്ങുമ്പോള്‍ പല ഭാഗത്തും ഓല ഇളകി വിള്ളല്‍ വീഴുന്നുണ്ടായിരുന്നു. അമ്മ ഭയന്ന് നില വിളി കൂടുതല്‍ ഉച്ചത്തിലാക്കി .ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവേറ്റു. പക്ഷെ സുരക്ഷിതമായി താഴെ എത്തി.

വൈകുവോളം അമ്മ കണ്ണുനീര്‍ വാര്‍ത്തു. വിചാരണ കാത്തു കിടക്കുന്ന തടവ്‌ പുള്ളിയെ പോലെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായി ഞാന്‍ കാത്തിരുന്നു. അച്ഛന്‍ വരാന്‍ സമയമായപ്പോള്‍ അമ്മ മുഖത്തു കൃത്രിമമായ സന്തോഷം വരുത്തി. അമ്മ അങ്ങനെയാണ് അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ മുഖത്തു പ്രസന്ന ഭാവത്തോടെ നില്ക്കും. എന്ത് അല്ലല്‍ ഉണ്ടായാലും അത് മുഖത്തു കാണിക്കില്ല ,അച്ഛന്‍ കുളിച്ചു ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞിട്ടേ അമ്മ വിഷയങ്ങളിലേക്ക് കടക്കൂ …അതമ്മയുടെ ശീലമാണ്. പതിവിനും വിരുദ്ധമായി വന്നയുടനെ അമ്മ കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ പറയുന്നുണ്ട് … മിടിക്കുന്ന ഹൃദയവുമായി ഞാന്‍ കാത്തിരുന്നു ,പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു കയ്യില്‍ കിട്ടിയ ഒരു വടിയുമായി അച്ഛനെന്നെ തലങ്ങും വിലങ്ങും പ്രഹരിച്ചു ,ഞാനുച്ചത്തില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടായിരുന്നു . ആദ്യത്തെ നോവ്‌ പിന്നെ ഒരു തരം മരവിപ്പായി മാറി , ഞാന്‍ വാശിയോടെ തല്ലു കൊണ്ട് നിര്‍വികാരനായി നിന്ന് ….അമ്മ ഭയന്ന് പോയി ഇത്രയും രൂക്ഷമായ പ്രതീകരണം അമ്മ പ്രതീക്ഷിച്ചിരുന്നില്ല ഒടിഞ്ഞ കമ്പും വലിച്ചെറിഞ്ഞു അച്ഛന്‍ ഒരു കൊടുംകാറ്റു പോലെ പുറത്തേക്ക് പോയി ….

എനിക്കറിയാം അച്ഛന്‍ എവിടെക്കാണ്‌ പോകുകയെന്നു , ഞങ്ങളെ തല്ലിയാല്‍ അച്ഛന്‍ പിന്നെ അസ്വസ്ഥനാകും. പുറത്തു പോയി മദ്യപിക്കുകയും കൈനിറയെ പലഹാരങ്ങളുമായി മടങ്ങി വന്നു വിളിച്ചുണര്‍ത്തി അതെല്ലാം കഴിപ്പിക്കും , പിന്നെ നെഞ്ചോട്‌ ചേര്ത്തു പിടിച്ചു കഥകള്‍ ചൊല്ലി പുന്നാരിച്ചുറക്കും

പക്ഷെ മടങ്ങിവരാന്‍ അന്ന് പതിവിലും വൈകുന്നത് കണ്ടപ്പോള്‍ അമ്മയുടെ മുഖത്തു പരിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി …എനിക്കാണെങ്കില്‍ ശരീരം ആസകലം നീറ്റലും ഒരു തരം അസഹ്യമായ പൊള്ളലും …ശരീരം ചുട്ടു പൊള്ളും പോലെ അച്ഛന്‍ വൈകുമ്പോള്‍ ഉള്ളിലൊരു ആധി….എന്നെ ഇങ്ങനെ ഒരിക്കലും തല്ലിയിട്ടില്ല അച്ഛന്‍ ഭയന്നിട്ടുണ്ടാകും ..ഇത്രേം മുകളില്‍ നിന്ന് വീണെങ്കിലൊ …വലിയൊരു അപരാധം ചെയ്ത കുറ്റ ബോധം എന്നെ അലട്ടി …ഞാന്‍ മൂത്രമോഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി പുരയുടെ നെറുകയില്‍ നോക്കി അരണ്ട വെളിച്ചത്തില്‍ എനിക്ക് കാണാം ഉണ്ട് ഇപ്പോഴും അവിടെ അങ്ങനെ പാറി കളിച്ചു …എന്റെ വേദനയെല്ലാം പമ്പ കടന്നു …

വീണ്ടും മുറിക്കുള്ളില്‍ മൂടി പുതച്ചു കിടന്നു ...അച്ഛനെ കാത്തു കിടന്നു അറിയാതെ എപ്പോഴോ കണ്ണടഞ്ഞു പോയി ...ചൂടുള്ള നിശ്വാസം മുഖത്തു തടുന്നത് അറിഞ്ഞാണ് ഉണര്ന്നത് കണ്ണുകള്‍ തുറക്കാതെ തന്നെ ആളെ തിരിച്ചറിഞ്ഞു ...മദ്യത്തിന്റെ മണമുള്ള ആ നിശ്വാസങ്ങളോര്‍ക്കുമ്പോള്‍ വേഗം ഉണര്‍ന്നെണീക്കും ..ഇന്ന് കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല പനിച്ചു വിറക്കുന്നുണ്ട്‌ , ..ബദ്ധപ്പെട്ടു കണ്ണുകള്‍ തുറക്കുമ്പോള്‍ നിറ കണ്ണുകളുമായി അച്ഛന്‍ , ഞാനച്ചന്റെ മടിയില്‍ കിടക്കുകയാണ് .എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അച്ഛന്റെ കണ്ണുകളില്‍ നിന്നും ചൂടുള്ള കണ്ണുനീര്‍ തുള്ളികള്‍ എന്റെ മുഖത്തേക്ക് അടര്‍ന്ന് വീഴുന്നുണ്ട്‌ ..കടുത്ത പനിയില്‍ ഞാന്‍ വിറക്കുന്നുണ്ട്‌ അച്ഛനെന്നെ ചുംബിക്കുന്നു ....എനിക്ക് സങ്കടം വന്നു അച്ഛനെന്തിനാ ഇങ്ങനെ കരയുന്നത് ഞാന്‍ തെറ്റ് ചെയ്തിട്ടല്ലേ ശിക്ഷിച്ചത് എന്ന് പറയണമെന്നുണ്ടായിരുന്നു ....അച്ഛന്‍ എന്തെക്കെയോ വാങ്ങി വന്നിട്ടുണ്ട് എനിക്ക് തീരെ വയ്യ ശരീരമാസകലം നൊന്തു പിടയുന്നു ഞാന്‍ വളരെ പ്രയാസപ്പെട്ടു അച്ഛനോട് പറഞ്ഞു അച്ഛാ എനിക്കൊരു കഥ പറഞ്ഞു തരൂ

അച്ഛന്‍ കഥ പറഞ്ഞു തുടങ്ങി ...

ബിംബിസാര മഹാരാജാവിന്റെ കഥ......

അച്ഛന്റെ കണ്ണുകളിലെ നനവ്‌ ,കഥയിലും പടരുന്നു

വിതുമ്പുന്ന ചുണ്ടുകള്‍ ചൊല്ല് മുറിപ്പെടുത്തുന്നു ...അങ്ങനെ മുറിഞ്ഞും വിതുമ്പിയും കഥ കിതക്കുന്നുണ്ട്‌ ....

കഥകളുടെയും കവിതയുടെ വിശാലമായ ലോകത്തേക്ക് രണ്ടു ചിറകും മുളപ്പിച്ചു തന്നു പറക്കാന്‍ വിട്ട എന്റെ അച്ഛന്