Anand Nooranad

റിയാലിറ്റി

ഇന്നെങ്കിലും നേരത്തെ പോകണം, ഷോണ്‍ കരുതി. അതിനാല്‍ ജോലികളൊക്കെ നേരത്തെ തന്നെ തീര്‍ത്തു. ഇനിയും വെറുതെ ഇരുന്നാല്‍ മനസറിയാതെ പണി കിട്ടും. ഒരു ഐ ടി ഉദ്യോഗസ്ഥന്റെ മടുപ്പ് അവന്റെ ജോലിയില്‍ നിന്ന് ജീവിതത്തിലേക്ക് കടക്കുന്നത്‌ ചിലപ്പോള്‍ അതിനു അടിമപ്പെട്ട് പോകുമ്പോഴാണ്.താന്‍ ഒരു അടിമയല്ല. ഓഫീസില്‍ നിന്നും ഇറങ്ങി. പാര്‍ക്കിംങ്ങ് സ്ലോട്ടിലെ വാഹനത്തില്‍ കയറാന്‍ പോകവേ ഒരു ഫോണ്‍ കോള്‍ ...


"ഇന്ന് നമ്മള്‍ പങ്കെടുത്ത എപ്പിസോഡാണ് ടി വി യില്‍ , നേരത്തെ വരണം."


"ഞാന്‍ ഇറങ്ങിക്കഴിഞ്ഞു....... " ഫോണ്‍ കോള്‍ കട്ട് ചെയ്തു.


വീണു തുടങ്ങുന്ന ഇരുട്ടിനെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ഗസല്‍ ഒപ്പം..


നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ ചെറിയ മഴയില്‍ ആനന്ദം കണ്ടെത്തി അവള്‍ യാത്ര തുടര്‍ന്നു...വഴിയിലൊക്കെ ഒരുപാട് ചുവരെഴുത്തുകള്‍ . അവയിലൊക്കെ ചോരയും കണ്ണീരും മാത്രം. "ഈ ലോകത്ത് എവിടെ കലാപം നടന്നാലും നമ്മള്‍ പ്രതികരിക്കുമല്ലോ. ഇവന്മാര്‍ക്കൊന്നും വേറെ യാതൊരു പണിയും ഇല്ലേ?" അവന്‍ ആത്മഗതം പറഞ്ഞു പരിഹസിച്ചു..." കുറേയവന്മാര്‍ മാറ്റം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നു, കഷ്ടം.." തന്നെ ബാധിക്കാത്ത ഒന്നിനെയും പറ്റി ആകുലതപ്പെടാതെ ഇന്നത്തെ കാലത്തിന്റെ അരാഷ്ട്രീയതയുടെ ഉല്പ്പന്നമായി അവനും യാത്ര തുടര്‍ന്നു. ഇരുപതു മിനിറ്റ് യാത്രക്കൊടുവില്‍ വീട്ടിലെത്തി.


കാറിന്റെ ഞരക്കം കേട്ടപ്പോഴേക്കും ഭാര്യ ഓടിയെത്തി. പതിവിലും സന്തോഷം ഉണ്ട് ആ മുഖത്ത്.


ഇന്ന് നമ്മളുടെ പരിപാടിയാണ്. ചാനലില്‍ നിന്ന് വിളിച്ചിരുന്നു. ഇന്ന് സംപ്രേക്ഷണം ഉണ്ട്. കാണണം എന്ന് പറഞ്ഞു.


"വേഗം വാ ഞാന്‍ നിങ്ങളെ നോക്കി ഇരിക്കയായിരുന്നു".


അന്നത്തെ അത്താഴം നേരത്തേയാക്കി അവര്‍ ടി വി തുറന്നു. അവതാരകയുടെ മുറി വസ്ത്രതോടും മുഷിഞ്ഞ ഭാഷയോടും കൂടിയുള്ള 'റിയാലിറ്റി' ഒട്ടുമില്ലാത്ത ഷോ തുടങ്ങി. ഒരു കുടുംബത്തെ മുഴുവന്‍ പങ്കെടുപ്പിക്കുന്ന പരിപാടി. അന്ന് സ്റ്റുഡിയോയില്‍ വച്ച് വലിയ സന്തോഷത്തോടെയാണ് പങ്കെടുത്തത്. മാത്രമല്ല നല്ല പോയിന്റും കിട്ടി. അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.


"അടുത്തതായി ഷോണും കുടുംബവും.....". അവതാരകയുടെ കിളിമൊഴി. അതാ തങ്ങള്‍ ടിവിയില്‍ . വളരെ വ്യതസ്തമായി ചില കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡില്‍ . അമ്മയുടെ കണ്ണ് കെട്ടും. എന്നിട്ട് സ്വന്തം കുട്ടിക്കൊപ്പം മറ്റു കുട്ടികളെ സ്റ്റേജില്‍ നിര്‍ത്തും. കുട്ടികള്‍ നടക്കാന്‍ പാകമാകാത്തത് കൊണ്ട് മുട്ടുകാലില്‍ ഇഴയും. അമ്മ തന്റെ കുട്ടിയെ കണ്ടുപിടിക്കണം ആ മൂടികെട്ടിയ കണ്ണുമായി....എത്ര മനോഹരം അല്ലെ? ലോകത്തില്‍ ഈ മത്സരത്തേക്കാള്‍ വേണ്ട ഒരമ്മക്ക് ആ വാക്കിന്റെ വില വിളിച്ചു പറയാന്‍ .


മത്സരം ആരംഭിച്ചു. തന്റെ ഭാര്യ ഈ മത്സരത്തില്‍ ജയിക്കണം എന്ന് അവന്‍ അന്ന് മനസുരുകി പ്രാര്‍ത്ഥിച്ചിരുന്നു. അവന്‍ ഓരോ കുട്ടികളെയും മാറി മാറി സ്പര്‍ശിച്ചു നോക്കി. തലമുടിയിലും കണ്ണിലും ചുണ്ടിലും കവിളിലും എല്ലാം. എന്നും തലോടുന്ന കുഞ്ഞിന്നെ തിരിച്ചറിയാന്‍ ഇങ്ങനെയൊരു മത്സരം. പക്ഷെ ആ ചിന്തകളൊന്നും ഷോണിനു തോന്നിയിട്ടില്ല. മത്സരം മൂന്ന് മിനിറ്റു നിന്നു.ആദ്യ അവസരത്തില്‍ തന്നെ അവള്‍ക്ക് പിഴച്ചു. അമ്മയെന്ന നിലയില ആദ്യ പരാജയം, ഈ ലോകം കാണ്‍കെ. രണ്ടാം അവസരത്തില്‍ അവള്‍ വിജയിച്ചു. എങ്കിലും സന്തോഷത്തിനു കുറവില്ല. അവള്‍ ആര്‍ത്ത് വിളിച്ചു. ഏതോ യുദ്ധം ജയിച്ച രാജാവിനെപ്പോലെ. തങ്ങളെ ഈ ലോകം കണ്ടല്ലോ. അടുത്ത തവണ കൂടുതല്‍ ഭംഗിയായി പ്രകടനം കാഴ്ച വക്കണം.ഭാര്യ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി. മാതൃത്വം ചാനലുകാരല്‍ വിറ്റഴിക്കപ്പെട്ട ഒരു അമ്മയും അതിനു ഇരയാകേണ്ടി വന്ന കുഞ്ഞും. അതിനു കൂട്ട് നിന്ന പിതാവും. എല്ലാ സന്തോഷങ്ങളും കെട്ടടങ്ങിയപ്പോള്‍ ഷോണ്‍ ചാനലുകള്‍ മാറ്റാന്‍ തുടങ്ങി. മടുപ്പ് തോന്നി ചാനലുകള്‍ മാറ്റവേ ഒരിടത്തു അവര്‍ നിര്‍ത്തി. ടി വി യില്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഏതോ വാര്‍ത്ത ചാനല്‍ ആണ്. കാതടിപ്പിക്കുന്ന ശബ്ദങ്ങളും കാഴ്ച്ചയെ മരവിപ്പിക്കുന്ന പൊടിപടലങ്ങളും മാത്രം.


അവര്‍ സശ്രദ്ധം അത് വീക്ഷിച്ചു. മറ്റൊരമ്മയെ അവള്‍ അവിടെ കണ്ടു. ഇട്ടിരിക്കുന്ന പര്‍ദ്ദയില്‍ ചോര പുരണ്ടിട്ടുണ്ട്. വിറങ്ങലിക്കുന്ന കൈകളാല്‍ അവരും തിരയുകയാണ് എന്തോ. ആ നിലവിളിയില്‍ എല്ലാം കരിഞ്ഞു ചാമ്പലാകും. ആ കണ്ണുകള്‍ തിരയുന്നത് സ്വന്തം കുഞ്ഞിനെയാണ്. അലങ്കരിച്ച സ്റ്റുഡിയോ തട്ടകമല്ല, ജീവന്‍ വിലക്ക് വച്ച യുദ്ധഭൂമി.....തങ്ങള്‍  തങ്ങളാല്‍ കൊല ചെയ്യപ്പെടുന്ന കുരുക്ഷേത്ര ഭൂമിയില്‍. അവള്‍ ആദ്യമായി ഞെട്ടി. ഭീകരതെയും പടക്കോപ്പുകളും കണ്ടിട്ടല്ല, ആ അമ്മയുടെ കണ്ണുകളിലെ ദയനീയതയും ഒന്ന് ശപിക്കാന്‍ പോലും കഴിയാത്ത നിസ്സഹായതയും.


ഇതാണ് ' റിയാലിറ്റി '.


മത്സരം ഇല്ലാത്ത നിലനില്പ്പിന്റെ പോരാട്ടം. ചോര പുതപ്പിച്ച ജഡം ആ അമ്മ കണ്ടെത്തി. സ്വന്തം കുഞ്ഞിന്റെ മുഖം തിരിച്ചറിയപ്പെടാതെ ഇരിക്കുമ്പോഴും അവള്‍ക്ക് തെറ്റിയില്ല. നെഞ്ചോടു ചേര്‍ത്ത് പിടിച്ച ആ ശരീരത്തില്‍ ഇത്തിരി ജീവന്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ അവള്‍ ആഗ്രഹിച്ചു. മണിക്കൂറുകള്‍ മുന്‍പത്തെ ആളാദക്കൊടുമുടിയില്‍ നോവിന്റെ പീരങ്കി വര്‍ഷം......


അവന്‍ ടി വി നിര്‍ത്തി. കിടക്കുവാന്‍ മുറിയിലെത്തി. മേശയില്‍ ഒരു കത്ത്. അടുത്ത ഷൂട്ടിന്റെ ദിവസവും ചിലവുകളും മറ്റും ഉള്‍പെടുത്തി ചാനലുകള്‍ അയച്ചത്. രണ്ടാമതൊന്നു ചിന്തിച്ചില്ല, അത് വലിച്ചു കീറി ചവറ്റു കുട്ടയില്‍ ഇട്ടു. തെല്ലും കുറ്റബോധമില്ലാത്ത മനുഷ്യനായി, ഒരച്ഛനായി. നിലക്കാത്ത തേങ്ങലുകളും ആ അമ്മയുടെ മുഖവും മാത്രം അവന്റെ ഉറക്കത്തിന്റെ തുടര്‍ച്ചയെ വേട്ടയാടി.


അടുത്ത ദിവസം ജോലിക്ക് പോകുമ്പോള്‍ വഴിയരികില്‍ എവിടെയോ പതിച്ച കയ്യൊപ്പു ശേഖരത്തില്‍ അവനും ചേര്‍ത്തു


' സേവ് ഗാസ, സേ നോ ടു വാര്‍ .......'.