Sujith R S

കാണാതെ പോയവര്‍

ഒന്ന്‍

ഒരു പുതിയ ദിവസത്തിന്‍റെ തുടക്കം റോഡ്‌ അരികിലെ ആ ചായക്കടയിലേക്ക്. പതിവ് തിരക്കുകള്‍ക്കിടയിലും ചായ കുടിക്കാനായി വരുന്ന ചിലര്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ. ചായക്കടക്കാരന്‍റെ ആവശ്യം ചോദിച്ചു കൊണ്ടുള്ള ബഹളം പിന്നെ ആവശ്യം പറഞ്ഞു കൊണ്ട് വരുന്ന മറ്റു ചിലര്‍ ‍ എല്ലാവരെയും തൃപ്തി പെടുത്താന്‍ മരിച്ചു പണിയെടുക്കുന്ന രണ്ട് വേലക്കാര്‍ ‍ . ഇതാണ് ശങ്കരേട്ടന്‍റെ ജീവിതം, അവിടെ നിന്നും ഒരു ചായ കുടിക്കാതെ ഒരു ദിവസം എനിക്ക് ഇല്ല. ഞാന്‍ വീട്ടിലേക്കു പോകുന്നത് അപൂര്‍വ്വമാണ്. അതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജ് ഉണ്ട്, അവിടെയാണ് താമസം, കൂടെ ആരും ഇല്ല, അറിയപ്പെടുന്ന ഒരു ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ ആണ്, അതുകൊണ്ട് തന്നെ തിരക്കുകള്‍ കൂടും എന്നത് തന്നെയാണ് ഈ നാട്ടിലെ അജ്ഞാതവാസത്തിന് കാരണം . ഒരു കാര്യം മറന്നു എന്‍റെ പേര്, എന്‍റെ പേര് മീര, മീര വാസുദേവന്‍ ‍. ലോഡ്ജില്‍ നിന്ന് കുറച്ചു ദൂരം ഉണ്ട് ഈ ശങ്കരേട്ടന്‍റെ ചായക്കടയ്ക്ക്. എനിക്കൊരു ചെറിയ കാറുണ്ട് അതിലാണ് എന്‍റെ ജീവിതം തുടങ്ങുന്നത്, ചാനലിന് വേണ്ടി മരണവും, സമരവും കൊലയും കൊള്ളയും എല്ലാം റിപ്പോര്‍ട്ട്‌ ചെയേണ്ട അവസ്ഥ, അതിലും ഒരു സുഖം ഉണ്ട്. പക്ഷെ ഇന്നത്തെ എന്‍റെ യാത്ര ഒരു പുതിയ കാല്‍വെയിപ്പിലേക്കാണ്. നമ്മുടെ നാട്ടില്‍ കാണാതാകുന്ന കുട്ടികളെ കുറിച്ച്, അവരെ കണ്ടെത്താനുള്ള വഴികളെ കുറിച്ച്, ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് വേദന തോന്നുന്ന വിഷയം. ഞാന്‍ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി, ചുവന്ന കുര്‍ത്തയും ജീന്‍സും പിന്നെ ന്യൂസ്‌ ചാനല്‍ ടാഗും കണ്ടപ്പോള്‍ ചില ആളുകളില്‍ ബഹുമാനം അണപൊട്ടി. വലിയ ബുദ്ധിജീവികളെ പോലെ മുഖത്ത് കണ്ണടയും വെച്ച് വരുന്ന ഇവളാരട എന്ന നോട്ടം നോക്കി ചില വല്യപ്പന്‍മാര്‍ , അങ്ങനെ ഞാന്‍ നേരെ ശങ്കരേട്ടന്‍റെ അടുത്തേക്ക്,

“ശങ്കരേട്ട, ഒരു സ്ട്രോങ്ങ്‌ ചായ”

എന്നെ കണ്ട സന്തോഷത്തില്‍ ശങ്കരേട്ടന്‍റെ വക ഒരു ചിരി . പിന്നെ അകത്തെ ജോലികാരനോട് പറഞ്ഞു,

“എടാ, മോള്‍ക്ക് ഒരു ചായ കൊടുത്തെ"

ഒരു പഴമ്പൊരി എനിക്ക് നേരെ നീട്ടി കൊണ്ട് എന്നോട്,

“ഇന്ന മോളേ, കഴിക്ക്,”

ഞാന്‍ സന്തോഷത്തോടെ അതും വാങ്ങി നിന്നു , ചായ്ക്ക് വേണ്ടിയുള്ള കാത്തു നില്‍പ്പാണ്,

“എടാ, പെട്ടെന്ന് എടുക്ക് മോള്‍ക്ക്‌ പോകാനുള്ളത,”

“ഏയ്‌, സാരല്ല ശങ്കരേട്ട, പതുക്കെ മതി.”

“ഇപ്പോ മോളുടെ പരിപാടി ഒന്നും കാണാറില്ലല്ലോ?”

റിപ്പോര്‍ട്ട്‌ വായിക്കുന്നതും ഒരു പരിപാടി ആണെന്നോ, ശങ്കരേട്ടന് അങ്ങനെ അറിയൂ, ഞാന്‍ അദേഹത്തെ നോക്കി ചിരിച്ചു,

“ഇല്ല ശങ്കരേട്ട, ഞാന്‍ ഇപ്പോ ചാനലിന് വേണ്ടി ഒരു പ്രോജക്റ്റ്‌ ചെയ്യാ, കാണാതെ പോകുന്ന കുട്ടികളെ കുറിച്ച്.”

“ഓ , നല്ലകാര്യമമോളെ, എത്ര അച്ഛനമ്മമാരാണ്‌കൊച്ചിങ്ങളെ ഓര്‍ത്ത് കണ്ണീര്‍ ഒഴുക്കണത്,”

ശങ്കരേട്ടന് കുറച്ചു സാമൂഹിക വീക്ഷണങ്ങള്‍ ഉണ്ടെന്ന് മനസിലായി. ഞാന്‍ ജോലിക്കാരന്‍ കൊണ്ട് തന്ന ചായയും കുടിച്ച് ചുറ്റും ഉള്ള കാഴ്ചകള്‍ക്കായി തിരിഞ്ഞു, എനിക്കറിയാവുന്ന ചിലരെ കണ്ടപ്പോള്‍ ചെറിയൊരു ചിരിയില്‍ പരിചയം പുതുക്കി, പക്ഷേ എന്‍റെ കണ്ണുകളില്‍ മറ്റൊന്നാണ് പെട്ടെന്ന്‍ പതിഞ്ഞത്, ചായക്കടയുടെ മറ്റൊരു ഭാഗത്ത് ഒരു കുട്ടിയെ ഞാന്‍ കണ്ടു മുഷിഞ്ഞ വേഷത്തില്‍ അവന്‍ അവിടെ നിന്ന മനുഷ്യര്‍ക്ക്‌ മുന്നില്‍ പിച്ചയെടുക്കുന്നു. അവനെ കണ്ടാല്‍ 7 വയസില്‍ കൂടില്ല, അവനെ തള്ളിക്കളഞ്ഞു ചിലര്‍ മാറി പോകുന്നു. അവനെ കണ്ട ഭാവം കാണിക്കാതെ കുറെ മനുഷ്യര്‍‍. അവനെ തള്ളി മാറ്റി സ്വന്തം കുഞ്ഞുമായി കടന്നു പോയ ചില അമ്മമാര്‍ , എത്ര വിചിത്രം എന്നോര്‍ത്ത് ഞാന്‍ ചായ ഗ്ലാസ്സ്‌ കടയില്‍ കൊടുത്ത് ഞാന്‍ ആ കുഞ്ഞിന്‍റെ അടുത്തേക്ക് ചെന്നു. അവന്‍ പേടിച്ചപോലെ നില്‍ക്കുന്നു, ഞാന്‍ അവന്‍റെ മുഖത്ത് തലോടി.

“എന്താ മോന്‍റെ പേര്"

അവന്‍ ഒന്നും മിണ്ടുന്നില്ല. അവന്‍ എന്‍റെ മുന്നില്‍ തല താഴ്ത്തി നിന്നു.

“മോന്‍ എന്തെങ്കിലും കഴിച്ചോ?”

അവന്‍ എന്‍റെ മുഖത്ത് നോക്കി ഇല്ല എന്ന അര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി. പിന്നെ അവന്‍ കണ്ണുകള്‍ കൊണ്ട് ചായക്കടയുടെ കണ്ണാടി ചില്ലിനകാതെ പലഹാരങ്ങള്‍ നോക്കിനിന്നു. ഞാന്‍ അവനെയും കൂട്ടി ശങ്കരേട്ടന്‍റെ അടുത്തേക്ക് ചെന്നു.

"എന്തിനാ മോളേ തെരിവികിടന്നതുങ്ങളെ കൊണ്ട് നടക്കണേ?”

“അങ്ങനെ പറയരുത് ശങ്കരേട്ട, അവര്‍ക്കും ഉണ്ടാകും വീടും വീട്ടുകാരും. നമ്മള്‍ അവരെ കൈ സഹായിച്ചാല്‍ കുറച്ചു പുണ്യം എങ്കിലും കിട്ടും, ദേ ഇവന് എന്താന്നുവച്ചാ കൊടുക്ക്‌ എന്‍റെ പറ്റില്‍ എഴുതിക്കോളൂ."

അവന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് സന്തോഷമോ, സങ്കടമോ, അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു. ഒരു കുഞ്ഞു മുഖത്തിന്‍റെ നിഷ്കളങ്കമായ ചിരി അവനില്‍ ഉണ്ടാകാന്‍ അധികം സമയം എടുത്തില്ല. ചായയും പഴമ്പൊരിയും കഴിച്ചു അവന്‍ എന്‍റെ മുഖത്തേക്ക് തന്നെ നന്ദിയോടെ നോക്കി നിന്ന്

"മോന്‍റെ വീട് എവിടായ? മോന്‍റെ പേരെന്താ?”

അവന്‍ വീണ്ടും തല താഴ്ത്തി നിന്നു. അവനെ ഞാന്‍ വാരിയെടുത് എന്‍റെ കാറിന്‍റെ മുകളില്‍ ഇരുത്തി. അവന്‍റെ കണ്ണുകള്‍ എന്നില്‍ തന്നെയായിരുന്നു. ഞാന്‍ അവനോടു കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു.

“മോന്‍റെ വീട്ടില്‍ പോകണ്ടേ? അമ്മയെ കാണണ്ടേ? പറ ആന്‍റി വീട്ടില്‍ കൊണ്ടാക്കി തരം.”

അവന്‍ പേടിച്ച പോലെ

“അമ്മ എന്നെ തല്ലും എനിക്ക് പേടിയ"

ആ കുഞ്ഞ് മുഖത്ത് കണ്ണുനീര്‍ വരുന്നത് അവന് ചേരാത്തത് പോലെ , ഞാന്‍ അവന്‍റെ കണ്ണ് നീര്‍ തുടച്ചു.

"ആര പറഞ്ഞത് തല്ലും എന്ന്, മോന്‍റെ അമ്മ മോനെയോര്‍ത്തു കരയുന്നുണ്ടാകും. അപ്പോ ആ കരച്ചില്‍ മാറ്റേണ്ടത് ആരാ. മോന്‍ പറ എന്തിനാ വീട്ടിന്ന്‍ ഓടി പോയേ?"

അവന്‍ എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവന്‍റെ കുഞ്ഞു വായില്‍ നിന്നും അത് പുറത്ത് വരുന്നതും കാത്ത് ഒരു കാത്തിരിപ്പ്. അവന്‍ ചുറ്റും ഉള്ളവരെ നോക്കുന്നുണ്ടായിരുന്നു. അവനെ ഒരു കാഴ്ച വസ്തുവിനെ പോലെ പലരും നോക്കുന്നത് അവന്‍ കണ്ടറിഞ്ഞു. അവന്‍റെ കുഞ്ഞുടുപ്പിലെ അഴുക്കുകള്‍ കാറില്‍ വീണത്‌ കണ്ട് അവന്‍ എന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ അപ്പോഴും ആലോചിച്ചത് ആ അമ്മയെ പറ്റിയാണ്, മകനെ ഈ ചെറു പ്രായത്തില്‍ നഷ്ടമായ അമ്മയെ പറ്റി. ഒടുവില്‍ അവന്‍റെ കുഞ്ഞു ശബ്ദത്തില്‍ അവന്‍ പറഞ്ഞു.‍‍

രണ്ട്

എന്‍റെ വീട്ടില്‍ ഞാന്‍ തനിച്ചാണ്, എനിക്ക് അനിയനും ചേട്ടനും ഒന്നും ഇല്ല. ഒരു ഓടിട്ട വീടാ എന്‍റേത്. ആ വീടിലെ ചുവരില്‍ ഞാന്‍ ഒരുപാട് കുത്തിക്കുറിക്കാറുണ്ട്. അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍ ഗള്‍ഫില്‍ ആണെന്ന അമ്മ പറഞ്ഞത്. പക്ഷേ ഇതുവരെ അച്ഛന്‍ നാട്ടില്‍ വന്നിട്ടില്ല. എന്‍റെ സ്കൂളിലെ അപ്പുവിന്‍റെ അച്ഛനും ഗള്‍ഫില്‍ ആണെന്ന അവന്‍ പറഞ്ഞത് പക്ഷേ അവന്‍റെ അച്ഛന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും നാട്ടില്‍ വരും. അവന് ഒരുപാട് സമ്മാനങ്ങളും കൊണ്ട് കൊടുക്കും എനിക്ക് അതില്‍ സങ്കടം ഉണ്ട്. എന്നാലും ഞാന്‍ അമ്മയോട് ചോദിച്ചിട്ടില്ല. പക്ഷേ ഞാന്‍ വീട്ടില്‍ അമ്മയുടെ ഫോണ്‍ ബെല്‍ അടിക്കുമ്പോള്‍ കാതോര്‍ത്ത് നില്‍ക്കും അച്ഛന്‍ ആണെങ്കില്‍ എന്നോടും സംസരിക്കൊല്ലോ എന്ന് പ്രതീക്ഷിച്ച്. അമ്മ എന്തൊക്കെയോ സംസാരിക്കും. പിന്നെ ചിരിക്കും. അച്ഛനായിരിക്കും. അച്ഛന് എന്നെ വേണ്ടായിരിക്കും അതാ എന്നോട് സംസാരിക്കാതെ. അച്ഛന് അമ്മയെ മാത്രം മതി. എന്നാലും എന്‍റെ അച്ഛനെയും അമ്മയെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്, അമ്മ പക്ഷേ ഞാന്‍ അച്ഛനെ സ്വയം പഴിക്കുന്നത് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അച്ഛന്‍ അമ്മയെ കളഞ്ഞിട്ടു പോയതാന്ന് മുത്തശ്ശി ഇടക്കിടെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ എന്‍റെ വീട്ടില്‍ ഒരു പ്രശ്നം ഉണ്ടായി, സ്കൂള്‍ നിന്ന് എന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അമ്മ എന്തിനോ മുത്തശ്ശിയോട് വഴക്കിടുന്നു. വിഷയം ഞാന്‍ ആണെന്ന് തോന്നുന്നു, ഞാന്‍ അകത്തേക്ക് ചെന്നപ്പോള്‍ അവിടെ ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ നോക്കി അയാള്‍ ചിരിക്കുന്നു. അച്ഛനകുമോ അതെന്ന് ഞാന്‍ സംശയിച്ചു. പക്ഷേ അകത്ത് ചെന്നപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് അമ്മയെ പെണ്ണ്കാണാന്‍ വന്ന ആളാണ് അത്. മുത്തശ്ശി അമ്മയോട് ദേഷ്യപ്പെടുന്നത് ആദ്യമായിട്ടല്ല. പക്ഷേ ഇത്തവണ വിഷയം ഞാന്‍ ആണ്. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് അമ്മയെ വിളിച്ചു കൊണ്ടിരുന്ന ആ മനുഷ്യന്‍ പുറത്ത് ഇരിക്കുന്ന ആളാണ്.

“നിന്‍റെ ഇഷ്ടത്തിന് നീ ഇറങ്ങി പോയാല്‍ നിന്‍റെ മോനെ ആര് നോക്കും.”

“അവനെ കൂടെ കൊണ്ട് പോകാന്‍ അദ്ദേഹത്തിന് സമ്മതം ആണ്, പിന്നെ നിങ്ങടെ മോന്‍ വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുമ്പോള്‍ ഞാന്‍ എന്താ എങ്ങനെ നരകിക്കണോ?”

അമ്മയുടെ കണ്ണ് നിറയുന്നത് ഞാന്‍ അദ്യമായല്ല കാണുന്നത്. അന്ന് ഞാന്‍ അറിഞ്ഞു അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന്. പക്ഷേ എനിക്ക് എന്‍റെ അച്ഛനെ ഇഷ്ടമാണ്, എന്‍റെ ക്ലാസ്സിലെ അപ്പു എപ്പോഴും അവന്‍റെ അച്ഛനെ പറ്റി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ പുറത്ത് കസേരയില്‍ ഇരിക്കുന്ന ആളെ പോയി നോക്കി. വേണ്ട ഇയാള്‍ എന്‍റെ അച്ഛനാവണ്ട, ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി,

“എനിക്കയാളെ, ഇഷ്ടമായില്ല, വേണ്ടമ്മേ. എനിക്ക് അമ്മയെ മാത്രം മതി.”

മുത്തശ്ശി എന്നെ ചേര്‍ത്ത് നിര്‍ത്തി. അമ്മ ദേഷ്യത്തോടെ നോക്കി നിന്നു,

“എങ്കില്‍ നീ പോടാ, നിന്‍റെ തന്തയുടെ കൂടെ, ഒന്ന് രക്ഷിക്കാന്‍ ഒരാള്‍ കൈനീട്ടുമ്പോള്‍ അവന്‍ കേട്ടിപിടിച്ചോണ്ടിരിക്ക,”

അയാള്‍ അകത്തേക്ക് കടന്ന്‍ വന്നു, അയാളെ കണ്ടപ്പോള്‍ അമ്മ ഒന്ന് ഒതുങ്ങി.

“ഞാന്‍ പിന്നെ ഒരു ദിവസം എല്ലാരേയും കൂട്ടിവരാം. അപ്പോഴേക്കും ഒരു തീരുമാനം പറഞ്ഞാല്‍ മതി.

മുത്തശ്ശിക്ക് അയാളെ അത്രയ്ക്ക് പിടിച്ചിട്ടില്ല, അയാള്‍ എന്നെ നോക്കി ചിരിച്ചു, ഞാന്‍ മുഖം മാറ്റി അമ്മയെ നോക്കി.

“നിങ്ങളുടെ ഇഷ്ടം പോലെ.”

അമ്മയ്ക്ക് അയാളെ മതി. എന്നെ വേണ്ടെന്ന് ഞാന്‍ മനസിലാക്കി, അമ്മയും മുത്തശ്ശിയും അമ്മയും വഴക്ക് തുടരുകയായിരുന്നു. എന്നെ ആര്‍ക്കും വേണ്ട ഞാന്‍ ഒരു ശല്യമായി അവിടെ നിന്നില്ല. ഞാന്‍ പുറത്തേക്കു ചെല്ലുമ്പോള്‍ അവിടെ എന്‍റെ പഴയ കളിപ്പാട്ടങ്ങള്‍ അവിടവിടെ കിടക്കുന്നു, ഞാന്‍ ഓരോന്നായി പെറുക്കി എടുക്കുമ്പോള്‍ അപ്പുറത്ത് നിന്നും ഒരു ശബ്ദം ഞാന്‍ കേട്ടു.

“മോനെ”

ഒരു സ്ത്രീ ശബ്ദം, ഞാന്‍ നോക്കുമ്പോള്‍ അവിടെ കുറെ ആഭരണങ്ങള്‍ ധരിച്ച ഒരു സ്ത്രീ അവരുടെ വായ വെറ്റില മുറുക്കിയ പോലെ ചുവന്നിരിക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് പോകാന്‍ മടിച്ചു. പക്ഷേ അവര്‍ എന്‍റെ അടുത്തേക്ക് വന്നു.

“മോന് മോന്‍റെ അച്ഛനെ കാണാനോ, ഞാന്‍ മോന്‍റെ അച്ഛന്‍റെ അടുതീന്ന വരുന്നത്. മോനെ കൂട്ടി കൊണ്ട് ചെല്ലാന്‍ അച്ഛന്‍ പറഞ്ഞു. മോന്‍ എന്‍റെ കൂടെ വരുന്നോ.”

അച്ഛനെ കാണണം എന്ന എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു കാണും. ഇവരായിരിക്കും അച്ഛന്‍റെ പുതിയ ഭാര്യ.

“എനിക്ക്, അച്ഛനെ കാണണം, എവിടെ അച്ഛന്‍.”

അവരുടെ മുഖത്തെ സന്തോഷത്തിന്‍റെ അര്‍ഥം എനിക്കപ്പോള്‍ മനസിലായില്ല.

“വരൂ അച്ഛന്‍, ആ കാറില്‍ ഇരിപ്പുണ്ട്. മോനെ കാണാന്‍‍ ”

അവര്‍ക്കൊപ്പം ഞാന്‍ റോഡില്‍ കിടന്ന കാറിന് അരികിലേക്ക് ചെന്നു. പക്ഷെ അതില്‍ ഞാന്‍ കണ്ടത് വീട്ടില്‍ വന്ന ആ മനുഷ്യനെ ആണ്. അയാള്‍ എന്നെ നോക്കി ചിരിക്കുന്നു, ഒരു ഒമിനി കാര്‍. ആ സ്ത്രീയും എന്നെ നോക്കി ചിരിക്കുന്നു. പെട്ടെന്ന് അവരെന്നെ കാറിനകത്തെക്ക് എടുത്തു കയറ്റി, എന്‍റെ വായ അവര്‍ മൂടി കെട്ടി. അവര്‍ ആ കാര്‍ എടുത്തു പെട്ടെന്ന് ഓടിച്ചു പോയി, കാറിനുള്ളില്‍ തളര്‍ന്ന് കിടക്കുമ്പോള്‍ ഞാന്‍ കേട്ടു ചില കാര്യങ്ങള്‍ ‍.

“ഇവന്‍റെ തള്ളയെ കൈലെടുതത്ത് കൊണ്ട് സംഗതി കുറച്ചു എളുപ്പമായി. എന്ത് സ്ത്രീയാ അവര്, സ്വന്തം മോനെക്കള്‍ വലുതാണ് ഇന്നലെ കണ്ട ഞാന്‍ ‍, നോക്കിക്കോ ഇവനെ വച്ച് ഞാന്‍ അവരുടെ പണം മുഴുവന്‍ സ്വന്തമാക്കും.”

പണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്, അത് ഇപ്പോ എനിക്കും സംഭവിച്ചു. കരയണോ, എനിക്കറിയില്ല, അവര്‍ എന്നെ കൊല്ലും. ഞാന്‍ അനങ്ങാതെ കിടന്നു, ഒരിടത്ത് വെച്ച് അവര്‍ എന്തിനോ പുറത്തിറങ്ങി, ഞാന്‍ എഴുന്നേറ്റ് ഇരുന്നു, ഞാന്‍ ബോധം പോയി കിടക്കുന്നു എന്ന് വിചാരിച്ചേക്കണം അവര്‍ കാറിന്‍റെ ഡോര്‍ അടച്ചില്ല. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ പുറത്തിറങ്ങി. അവിടെ നിന്ന് ഞാന്‍ ഒരുപാട് ഒരുപാട് ഓടി, ഒടുവില്‍ ഞാന്‍ ഒരിടത്ത് തളര്‍ന്നു വീണു, എനിക്കമ്മയെ കാണണം പക്ഷെ അമ്മയെ എനിക്ക് പേടിയ.

മൂന്ന്

ആ കുഞ്ഞു മനസ്സിന്‍റെ സങ്കടം അത് ഞാന്‍ അറിഞ്ഞു, ആ 7 വയസുകാരന്‍ ഒരുപാട് കരഞ്ഞിരുന്നു, ഞാന്‍ അവനെ ചേര്‍ത്ത് നിര്‍ത്തി ഒരു ചുംബനം കൊടുത്തു, അവനെ ആ അമ്മയുടെ അടുത്ത് എത്തിക്കണം, എന്‍റെ പ്രോജക്റ്റിന്‍റെ ആദ്യ വിജയം കൂടി ആകണം ഇത്. അന്ന് ആ ചായക്കടയില്‍ വെച്ച് തന്നെ ഞാന്‍ അവനെ കുളിപ്പിച്ച് ഒരു സുന്ദരക്കുട്ടനാക്കി. അവന്‍റെ വീട്ടിലേക്ക് അവനെ കൊണ്ട് പോകണം, ഞാന്‍ അവനായി വാങ്ങിയ കുപ്പായം അവന് കൊടുത്തു.

“മോന് അമ്മയെ കാണണ്ടേ, ആന്‍റി മോനെ വീട്ടില്‍ കൊണ്ടാക്കാം, മോന്‍റെ വീട് എവിടയാന്ന്‍ അറിയാമോ.”

അവന്‍ എന്നെ നോക്കി തലയാട്ടി, അവന് വീട് അറിയാം. പക്ഷെ അവന്‍റെ ഭയമാണവനെ ആ വീട്ടില്‍ പോകാന്‍ മടുപ്പിച്ചത്. എന്നാല്‍ ഇന്നവനെ കൊണ്ട് ഞാന്‍ പോകും. ശങ്കരേട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു.

“നന്നായി മോളേ, നീ പറഞ്ഞതാ ശരി. നമ്മള്‍ തെരുവില്‍ കാണുന്ന കുഞ്ഞുങ്ങളോട് കരുണ കാണിക്കാന്‍ മറക്കുന്നു, ആ മക്കളെ ഒന്ന് ശ്രദ്ധിച്ചാല്‍ ‍, അവരെ കുറിച്ച് ഒന്ന് തിരക്കിയാല്‍ ‍, ഒരു പക്ഷേ ഒരു കുടുംബത്തിന്‍റെ സന്തോഷം ആകും തിരിച്ചു കിട്ടുക, ടിവിയിലും മറ്റും മാതാപിതാക്കള്‍ മക്കളെ തിരക്കുമ്പോള്‍ ആണ് നമ്മള്‍ നമ്മള്‍ ചുറ്റും ഉള്ളവരെ നോക്കുന്നത്, അങ്ങനെ തിരികെ കിട്ടുന്ന കുട്ടികള്‍ അതുവരെ എവിടെ ഉണ്ടായിട്ടും നമുക്ക് തിരിച്ചറിയാന്‍ കാലം എടുത്തു എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.”

മനസ്സുകൊണ്ട് ഞാന്‍ ഇപ്പോള്‍ സന്തോഷിക്കുന്നു. ഒരാളെ എങ്കിലും എനിക്ക് തിരുത്താന്‍ ആയല്ലോ. ഞാന്‍ മറ്റൊന്ന് കൂടി പറഞ്ഞു.

“ശങ്കരേട്ട, എവിടെ ഉള്ളവര്‍ക്ക് ഒരാണും പെണ്ണും ഒന്നിച്ചു പോയാലെ രക്തം തിളക്കു, ഇത് പോലുള്ള വരെ കാണുമ്പോള്‍ അവര്‍ കണ്ണടക്കും.”

ആ മനുഷ്യന്‍ ചിരിക്കുന്നു. ചുറ്റും നിന്നവര്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു, ഞാന്‍ ആ കുഞ്ഞിനെ എന്‍റെ കാറിലേക്ക് കയറ്റി. മിടുക്കനായി അവന്‍ ഇനി വീട്ടില്‍ പോകും.

അധികം താമസിക്കാതെ ഞങ്ങള്‍ ആ വീട്ടിലേക്ക് ചെന്നു, ഞാന്‍ മാത്രം കാറില്‍ നിന്ന് ഇറങ്ങി. ഉമ്മറത്ത്‌ ഒരു മുത്തശ്ശി ഇരിക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.

“നമസ്തേ ഞാന്‍ മീര, ഒരു ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ആണ്. ഇവിടെ വേറെയാരും ഇല്ലേ?.”

ആളെ മനസിലാകാത്തതിന്‍റെ ഒരു ബുദ്ധിമുട്ട് അവര്‍ക്ക് ഉണ്ടെന്ന്, തോന്നുന്നു, ആ കുഞ്ഞു പറഞ്ഞത് ഓര്‍മ്മപ്പെടുത്തുന്ന പോലെ ചുവരില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടിരിക്കുന്നു. അപ്പോഴേക്കും ആ അമ്മയും അവിടേക്ക് വന്നു, അവരുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു, ഒരുപാട് കരഞ്ഞ പോലെ, ഒരു അമ്മയും സ്വന്തം മകനേക്കാള്‍‍ മറ്റൊന്നും ആഗ്രഹിക്കില്ല. ആ അമ്മ ആ കുഞ്ഞിന്‍റെ ഭാവിക്കവും മറ്റൊരു വിവാഹത്തെ കുറിച്ചോര്‍ത്തത്.

“നിങ്ങളുടെ മകനെ കാണാതെ പോയെന്ന്‍ കേട്ടിരുന്നു.”

അവരുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

“ഞങ്ങള്‍ ഒരുപാട് അവനെ അന്വേഷിച്ചു, ചാനലുകളിലും പോയി. അവനെ മാത്രം ഞാന്‍ കണ്ടില്ല. എവിടയാണോ എന്‍റെ പൊന്നു മോന്‍. അവന് വേണ്ടിയ ഞാന്‍ ജീവിക്കുന്നത്. മാഡം. വരൂ അകത്തിരിക്കാം.”

“വേണ്ട ഇവിടെ ഞാന്‍ നില്‍ക്കാം. അവന്‍ പിണങ്ങി പോയതാണ് എന്നാണോ നിങ്ങളുടെ വിചാരം.”

അവരുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ഒരു അമ്മയേ.

“അല്ല മാഡം, എനിക്ക് പിന്നീടാണ് മനസിലായത്, പോലീസ് അന്വേഷണം ഉണ്ടായിരുന്നു, എന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു ഒരു ദ്രോഹി എന്നെ പറ്റിച്ചു. അയാളാണ് എന്‍റെ മോനെ.”

‘നിങ്ങള്‍ക്ക് അയാളെ ആ കുഞ്ഞിന്‍റെ അച്ഛന്‍റെ സ്ഥാനം കൊടുക്കാന്‍ തോന്നാന്‍ കാരണം.”

“എന്‍റെ തെറ്റ മാഡം, എന്‍റെ കുഞ്ഞിന് അച്ഛനായിരിക്കും എന്ന് കരുതി. അവന്‍റെ ഭാവിയോര്‍ത്തപ്പോള്‍ എനിക്കതാണ് ശരിയായി തോന്നിയത്. അവന്‍റെ ഇഷ്ടം ഞാന്‍ നോക്കിയില്ല”

അവരുടെ മുഖത്ത് ഞാന്‍ കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു. ഞാന്‍ ചിരിച്ചു കൊണ്ട് കാറിലേക്ക് നോക്കി.

“മോനേ”

ആ അമ്മ പെട്ടെന്ന് എന്നെ നോക്കി. ആ കാറില്‍ നിന്നും ആ കുഞ്ഞു മനസ്സ് പുറത്ത് ഇറങ്ങിയതും, ആ അമ്മ ഓടി അവന്‍റെ അടുത്തേക്ക്. ഒരു അമ്മയുടെ സ്നേഹം ശരിക്കും ഞാന്‍ അറിഞ്ഞു. ആ അമ്മയുടെ സന്തോഷം. അത് കണ്ടു എന്‍റെ കണ്ണ് നിറഞ്ഞു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.

“മക്കളെ സ്നേഹിക്കണം, അവരുടെ മനസ്സറിഞ്ഞ്. നമ്മള്‍ നമ്മുടെ ഇഷ്ട്ടങ്ങളെ അവരിലേക്ക്‌ അടിച്ചെല്‍പ്പിക്കുമ്പോള്‍ ഒന്ന് മനസിലാക്കണം. മക്കള്‍ നമ്മളോട് അടുക്കുകയല്ല അകലുകയാണ് ചെയ്യുന്നത്.”

ആ അമ്മയെയും മകനെയും വീണ്ടും ഒന്നിപ്പിച്ചപ്പോള്‍ എനിക്കൊന്ന് മനസിലായി. നമുക്കും ചിലത് ചെയ്യാനുണ്ട്, ഈ ലോകത്തില്‍ ‍. ഒരുപാട് സന്തോഷത്തോടെ ഞാന്‍ മടങ്ങുമ്പോള്‍ എനിക്കറിയാം, ആ അമ്മയുടെയും മകന്‍റെയും പ്രാര്‍ത്ഥനകളില്‍ ഇനി എനിക്ക് വേണ്ടിയും ഉണ്ടാകും, അത് മാത്രം മതി എനിക്ക് പ്രതിഫലമായി..