വിദ്യാഭ്യാസപരമായും, സാംസ്കാരികമായും വളരെയേറെ മുന്നേറിക്കഴിഞ്ഞു എന്നവകാശപെടുന്ന ഒരു ജനതയാണ് നമ്മുടേത്. അങ്ങിനെ അഭ്യസ്ത വിദ്യരടങ്ങുന്ന ഒരു സമൂഹത്തില്‍ സ്ത്രീക്ക് സുരക്ഷിതമായൊരു ജീവിതം പോലും ഉറപ്പാക്കാനാവുന്നില്ല സ്വന്തം വീടുകളില്‍ പോലും ,എത്രയോ ഉദാഹരണങ്ങള്‍ ദിനംപ്രതിയെന്നോണം നാം നമ്മുടെ കണ്മുന്നില്‍ തന്നെ കാണുകയാണ്.
സ്ത്രീകള്‍ക്കെതിരെ നടന്നുവരുന്ന നേരിട്ടുള്ള അക്രമങ്ങള്‍ക്ക് ആഗോളവല്‍ക്കരണത്തിന്റെതായ ഒരു പങ്കുണ്ട് എന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല,(എന്നാല്‍ ഈ അധിനിവേശങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ കഴിയുന്ന മാധ്യമങ്ങളും സാഹിത്യമേഖലയും ഇതിന് കീഴ്പെട്ടിരിക്കുകയാണ്) സമൂഹത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സിനിമ, ടെലിവിഷന്‍ , അനുബന്ധപരിപാടികള്‍ തുടങ്ങിയവയിലൂടെ കൃത്യമായും മൂലധന കാഴ്ചപാടുകള്‍ സ്ത്രീശരീരം ഉപയോഗിച്ച് കൊണ്ട് നാം അറിയാതെ തന്നെ നമ്മളില്‍ കടത്തിവിടുന്നുണ്ട് . അതിര്‍ത്തി നുഴഞ്ഞ്കയറ്റം ഇല്ലാതെ , ചോര വീഴ്ത്താതെ ഒരു രാജ്യത്തെയും അവിടുത്തെ സംസ്ക്കാരത്തെയും എങ്ങനെ കീഴ്പെടുത്താം എന്നുള്ള ഒരു ഹിഡന്‍ അജണ്ട തന്നെയാണ് ഈ തരത്തില്‍ നടപ്പിലാക്കുന്നതും.
ഒരു രാജ്യത്തിന്റെ സാംസ്‌കാരികാവസ്ഥയെ എങ്ങനെയൊക്കെ നശിപ്പിക്കാന്‍ കഴിയും എന്ന തന്ത്രങ്ങള്‍ തന്നെ മൂലധനശക്തികള്‍ പരീക്ഷിച്ച്കൊണ്ടിരിക്കുകയാണ് . അതിന്റെ പ്രധാന ഇരകള്‍ സ്ത്രീകള്‍ തന്നെയാണ്. പുരാതന കാലം മുതല്‍ തന്നെ സമൂഹത്തില്‍ ഭരണവര്‍ഗവും , മത നേതാക്കന്മാരും സ്ത്രീകളെ രണ്ടാകിട പൌരന്മായി ചിത്രീകരിക്കുകയും അവര്‍ക്ക്,അവര്‍ക്ക് മാത്രമായി ഒരു ചട്ടക്കൂട് ഉണ്ടാക്കുകയും അവരെ അതില്‍കൂടി മാത്രം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു , ഇതില്‍ രസകരമായ് കാര്യം ഈ ചട്ടകൂടുകള്‍ ഒന്നും പുരുഷന് ബാധകമാകുന്നില്ല എന്നാണു ,ചട്ടകൂടുകള്‍ ലംഘിച്ചു സ്ത്രീ പുറത്ത് വരികതന്നെചെയ്യണം .വര്‍ത്തമാനകാലഘട്ടത്തില്‍ സ്ത്രീകള്‍ ചെറിയതോതിലെങ്കിലും പുരുഷനുമായിട്ടുള്ള ഒരു സമത്വത്തിലേക്ക് നടന്ന് കയറുന്നത് നമുക്ക് കാണാന്‍ കഴിയും ഇത് തന്നെയാണ് പുരുഷകേന്ദ്രങ്ങള്‍ ഭയക്കുന്നതും പലവിഷയങ്ങളിലും സ്ത്രീവിരുദ്ധ കാഴ്ച്ച്ചപാടുകളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നത്
സമൂഹത്തില്‍ നിലനിനില്‍ക്കുന്ന എല്ലാ പ്രവണതകളും ഏറിയും കുറഞ്ഞും സിനിമാ മേഖലയിലും നമുക്ക് കാണാം. അത്തരത്തില്‍ നോക്കുമ്പോള്‍ നമ്മുടെ സിനിമകള്‍ പ്രതിനിധാനം ചെയ്യുന്നതും അടിച്ചമര്‍ത്തപെട്ട അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട് ഉണ്ട് എന്ന് തന്നെയാണ് സിനിമകളിലും നാം കാണുന്നത് , സത്യത്തില്‍ സിനിമയാലും മറ്റ് ഏതു മേഘലയിലായാലും സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഒരു പരിഗണനയും ഇതുവരെ അംഗീകരിച്ചു കൊടുത്തിട്ടില്ല ഇതിന്റെ ഫലമായി സ്ത്രീകള്‍ പോലും തങ്ങള്‍ രണ്ടാകിട പൗരന്മാരാണെന്നു എന്ന് തരത്തിലുള്ള ചിന്തയിലേക്ക് നയിക്കപ്പെടുന്നു. ഇങ്ങനെ പലതരത്തില്‍ സ്ത്രീകള്‍ പലരീതിയില്‍ പലഇടങ്ങളില്‍ പലരൂപത്തില്‍ പീഡിപ്പിക്കപെടുന്ന ഒരു സാഹചര്യത്തില്‍ ആണ് പ്രസവം ചിത്രീകരിച്ച എന്ന പേരില്‍ പ്രദര്‍ശനത്തിനു മുന്‍പു തന്നെ കപട(സദാചാരവാദികള്‍) ബ്ലെസിച്ചിത്രം കളിമണ്ണിനെയും അഭിനേത്രി ശ്വേതാമേനോനെയും കുരിശില്‍ തറക്കുന്നത്.
കോടികള്‍ മുടക്കി കോടികള്‍ കൊയ്യുന്ന ഒരു സംവിധാനമാണ് സിനിമ.ഒരു നിര്‍മ്മാതാവും സ്വന്തം പോക്കറ്റ് കാലിയാക്കി നാട് നന്നാക്കുവാനും സംസ്കാരം സംരക്ഷിക്കുന്നതിന് വേണ്ടിയും ആയിരിക്കില്ല സിനിമ എടുക്കുന്നതും..എന്നിരുന്നാലും, ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ജനപ്രിയ മാധ്യമം എന്ന നിലയില്‍ സിനിമ തന്നെയാണ് ഇന്നും ജനങ്ങളുമായി ഏറ്റവും കൂടുതലായി നേരിട്ട് സംവദിക്കുന്നതും മറ്റ് കലാസ്രിഷ്ടികളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്നതും.. ഇങ്ങനെ സാമ്പത്തിക വിജയത്തിനായി എടുക്കുന്ന സിനിമകളില്‍ പല സിനിമകളും പ്രേക്ഷകര്‍ക്കും, നമ്മുടെ സിനിമാ സംസ്കാരത്തിന് തന്നെയും പലസംഭാവനകളും നല്‍കിയിട്ടുമുണ്ട് ഇതില്‍ തന്നെ ദേശ,വിദേശ പുരസ്കാരങ്ങള്‍ നേടിയവയും ഉള്പ്പെടുന്നുമുണ്ട് , വളരെ കുറച്ച് പേരാണെങ്കിലും സാമ്പത്തിക വിജയത്തിനല്ലാതെ തന്നെ ഒട്ടും സിനിമാറ്റിക് അല്ലാത്ത രീതിയില്‍ സിനിമ നിര്‍മ്മിക്കുന്നവരെയും നമുക്ക് കാണാന്‍ കഴിയും, ആത്യന്തികമായി സിനിമ എന്നുള്ളത് പക്കാ ഒരു ബിസിനസ് ആണ് എന്ന് നാം ആദ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു..നല്ല കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും, മറ്റു ചേരുവകളും എല്ലാം കൂടി ഈ ബിസിനസ്സില്‍ എന്ത് കലാമൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും അല്ലെങ്കില്‍ അറുപതോ ,നൂറോ രൂപ മുടക്കി സിനിമ കാണാന്‍ വരുന്ന ഒരു പ്രേക്ഷകന് ആരോജകമാകാത്ത രീതിയില്‍, മോശമില്ല എന്ന് പറയുന്നിടത്ത് ബിസിനസ്സ് അഥവാ സിനിമ വിജയിക്കുകായും ചെയ്യുന്നു,.
ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ളില്‍ നിന്ന് കൊണ്ട് ഏതൊരാള്‍ക്കും സിനിമ നിര്‍മിക്കാം. ഈ പറയുന്ന സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് മാത്രമേ അതിന് അംഗീകാരം കൊടുക്കുന്നുള്ളൂ,. ഏതു സിനിമയില്‍ അഭിനയിക്കണം ഏതു റോള്‍ കൈകാര്യം ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് നേരത്തെ പറഞ്ഞ പോലെ ഓരോ വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ വരുന്നതുമാണ് ,. ഈ അഭിനയം ഒരു സിനിമാ രൂപത്തില്‍ പുറത്ത് വരുന്നതിന് മുന്നേ വേണ്ടപെട്ടവര്‍ വിലയിരുത്തകയും നിയമലംഘനം നടത്തുന്നുവെങ്കില്‍ സിനിമയ്ക്ക് തന്നെ അവതരണാനുമതി നിഷേധിക്കുകയും ചെയ്യുന്നു.. ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സിനിമാ പ്രേക്ഷകരായിട്ടുള്ള മലയാളികള്‍ക്ക് അറിയാഞ്ഞിട്ടാണോ ബ്ലെസ്സി എന്ന സംവിധായകന്റെ സിനിമയിലെ ഒരു പ്രസവത്തിന്റെ പേരില്‍ ഇത്ര രോഷം കൊള്ളുന്നത്,. ഒരു സിനിമ കണ്ടിട്ടല്ല നമ്മള്‍ മലയാളികള്‍ പ്രത്യേകിച്ചും അമ്മയുടെയും അച്ഛന്റെയും വില മനസ്സിലാക്കിയതും അവരെ സ്നേഹിച്ചതും ,
സിനിമയില്‍ അഭിനയിക്കാനുള്ള അവകാശം ഉള്ളതു പോലെ തന്നെ അത് കാണാതിരിക്കാനും സ്വാതന്ത്ര മുണ്ടല്ലോ . സമൂഹത്തെ വിമര്‍ശനപരമായി നോക്കിക്കാണു ന്നവരാണ് കലാകാരന്മാര്‍. മതം/ ഭരണകൂടം തുടങ്ങി എല്ലാം വിമര്‍ശനത്തിന്റെ പരിധികളില്‍ പെടും. ഗാന്ധിജിയെ വിമര്‍ശിക്കുന്നു എന്ന നിലയില്‍ പാപ്പിലിയോ ബുദ്ധ എന്ന് സിനിമയ്ക്ക് നേരെയും ചിലര്‍ വാളോങ്ങുന്നു. എല്ലാം ഫാസിസത്തിന്റെ ഭിന്നരൂപങ്ങള്‍ മാത്രം. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീയുടെ പ്രസവത്തിലെ ന്യായവും അന്യായവും തേടുന്നവരോട് നല്ലനമസ്ക്കാരം.