റോയൽ അക്കാദമി ഓഫ് സയൻസ് ഇന്റർനാഷണൽ ട്രസ്റ്റ് (RASIT) സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഏഴാമത് അന്തർദേശീയ സയൻസ് ദിനം ഫെബ്രുവരി 11-ന് ആചരിക്കുകയാണ്. 2022-ലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സയൻസ് ദിനം കൂടുതൽ ശ്രദ്ധേയമാവുന്നത് അത് മുന്നോട്ടു വെക്കുന്ന ആശയം കൊണ്ടുതന്നെയാണ്. "Equity, Diversity, and Inclusion: Water Unites Us" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. യുണൈറ്റഡ് നേഷൻസ് ലക്ഷ്യം വെയ്ക്കുന്ന ലിംഗസമത്വം, സാമൂഹ്യനീതി എന്നിവയുടെ പൂർത്തീകരണത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകളെയും പെൺകുട്ടികളെയും സജീവ പങ്കാളികളാക്കുന്നതിന്റെ ഭാഗം കൂടിയാണിത്. യു എന്നിന്റെ ഭാവി കാഴ്ചപ്പാടായ സുസ്ഥിരവികസനം എന്ന ആശയത്തെ കൂട്ടിയോജിപ്പിക്കാൻ ഉപയുക്തമാകുംവിധമാണ് ഈ വർഷത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തർ ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. ജലം എല്ലാവർക്കും ലഭ്യമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായി സ്ത്രീകളെയും പെൺകുട്ടികളെയും കണ്ണിചേർത്തികൊണ്ടു “സമത്വം, വൈവിധ്യം, പങ്കാളിത്തം: വെള്ളം നമ്മളെ എല്ലാം കൂട്ടി ചേർക്കട്ടെ” എന്ന വിശാലമായ ചിന്താവിഷയം ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉത്തരവാദിത്തമെന്ന നിലയ്ക്കല്ല അവരിതിന്റെ ഭാഗമാകുന്നത് ഉപഭോക്താക്കളെന്ന നിലയിലാണ്. ഈയൊരു ആശയത്തിലൂടെ അന്താരാഷ്ട്രതലത്തിലുള്ള സുസ്ഥിരവികസനം 2030-ഓടെ സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ യു.എൻ നടത്തുന്ന ചർച്ചകളുടെയും പ്രമേയങ്ങളുടെയും പദ്ധതികളിലേക്ക് സ്ത്രീകളെയും പെൺകുട്ടികളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിക്കാനും കഴിയും.
2011 മാർച്ച് 14 ന് ഐക്യരാഷ്ട്രസഭയുടെ അമ്പത്തിയഞ്ചാം സെക്ഷനിൽ സ്ത്രീകളുടെ നിലവിലെ സാമൂഹ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഈ സെക്ഷനിലെ റിപ്പോർട്ടിൻ പ്രകാരം വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രവേശനവും പങ്കാളിത്തവും ശാസ്ത്ര മേഖലയിലെ സ്ത്രീകളുടെ അവഗണനയും ചർച്ചചെയ്യപ്പെട്ടു. 2013 ഡിസംബർ 20ന് നടന്ന ഐക്യരാഷ്ട്രസഭയുടെ സെക്ഷനിൽ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ വികസനത്തിനായുള്ള നവീകരണ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടു. ഈ സമ്മേളനത്തിലാണ് എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാസ്ത്ര മേഖലയിലേക്കുള്ള രംഗപ്രവേശത്തോടെ മാത്രമേ ലിംഗ സമത്വം എന്ന ആശയം പൂർണ്ണതയിലെത്തിക്കാൻ സാധ്യമാകൂ എന്ന യു. എന്നിന്റെ ആശയധാര പ്രബലമാകുന്നത്. ഈ റിപ്പോർട്ടിനെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ളി ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിനമായി 2015 ഫെബ്രുവരി 11 ആദ്യമായി പ്രഖ്യാപിക്കുന്നത്. കാലം പുരോഗമിച്ചിട്ടും ശാസ്ത്രരംഗത്തു സ്ത്രീകൾ വളരെയധികം വിവേചനം നേരിടുന്നുവെന്ന ബോധ്യത്തിൽ നിന്നാണ് ഈ ദിനാചരണം UN ആചരിച്ചു തുടങ്ങുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഇന്നും ഗവേഷണത്തിനായി ലഭിക്കുന്ന ഗ്രാൻഡുകളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. ഇന്ത്യയിലെ ദേശീയ ശാസ്ത്ര അക്കാദമികളിൽ 12 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് പോലുള്ള നൂതന സാങ്കേതിക മേഖലകളിൽ അഞ്ച് പ്രൊഫഷണലുകളിൽ ഒരാൾ മാത്രമാണ് സ്ത്രീ ഗവേഷകർ. എഞ്ചിനീയറിംഗ് ബിരുദധാരികൾ 28% കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയിൽ 40% ആണ് സ്ത്രീകളുടെ പങ്കാളിത്തം.
ലിംഗസമത്വം സമസ്ത മണ്ഡലങ്ങളിലും പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ ഐക്യരാഷ്ട്ര സഭയുടെ മുഖ്യ അജണ്ടകളിലൊന്നാണ്. അന്താരാഷ്ട്ര ദിനങ്ങളും ആഴ്ചകളും ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതിന്റെ മുഖ്യലക്ഷ്യം ആശങ്കാജനകമായ രീതിയിൽ ഭാവി സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനമധ്യത്തിൽ എത്തിക്കുന്നതിനും ആഗോളതലത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണർത്തുന്നതിനുമാണ്. ലിംഗസമത്വം അതിന്റെ പൂർണത കൈവരിക്കണമെങ്കിൽ ഇന്ന് പുരുഷന്മാർ അടക്കിവാണിരിക്കുന്ന വൈജ്ഞാനികവും ഭൗതികമായിട്ടുള്ള ഇതര വ്യവഹാര മണ്ഡലങ്ങളിൽ സ്ത്രീകളുടെ ശക്തമായ സ്വാധീനം ഉറപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ലോകത്തെ ഏറ്റവുമധികം ബാധിക്കുന്ന ജലദൗർലഭ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ സ്ത്രീകളെ സജീവ പങ്കാളികളാക്കി നിർത്തിക്കൊണ്ട് അവരുടെ അഭിപ്രായങ്ങളും ഗവേഷണ രീതികളും ജനമധ്യത്തിലേക്ക് എത്തിക്കുകയാണ് യു. എൻ ലക്ഷ്യമാക്കുന്നത്. ലോകത്തെ ഉന്നതമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഗവേഷണ ഗ്രാന്റുകൾ, ഗവേഷണത്തിനുള്ള ഭൗതികമായ പിന്തുണ എന്നിവ നൽകുന്നതിലൂടെ ഐക്യരാഷ്ട്ര സംഘടനയുടെ ആശയഗതി അതിന്റെ അർത്ഥം പൂർണ്ണതയിൽ എത്തുമെന്ന് വിശ്വസിക്കാം.