Jyothi Tagore

‘ബി.ടെക്ക് ’ : കനലൊരു തരി ഉള്ളില്‍ പേറുന്ന സിനിമ

ജനപ്രിയകലാരൂപമെന്ന നിലയില്‍ സിനിമയുടെ ഒരു പ്രത്യേകത അതൊരുമുതലാളിത്ത ഉല്‍പ്പന്നമാണെന്നുള്ളതാണ്. കലയായതുകൊണ്ടുതന്നെ വിശാലാര്‍ത്ഥത്തില്‍ ഒരു ജനപക്ഷസ്വഭാവവും പുലര്‍ത്തുന്നുണ്ട്. ഈ വൈരുദ്ധ്യമാണ് വിനോദ/കച്ചവട സിനിമയെന്നും അല്ലാത്തവയെന്നുമുള്ള വേര്‍തിരിവിലൂടെ പ്രകടമാക്കിപ്പോരുന്നത് .കച്ചവടസിനിമയുടെ തന്നെ ഉള്‍ക്കനം നിര്‍ണ്ണയിക്കുന്നതും ഇതുതന്നെയാണ്. മുതലാളിത്തത്തിന്റെ പ്രാഥമികവും ആത്യന്തികവുമായ അടിസ്ഥാനം ലാഭേച്ഛയായതിനാല്‍ വൈരുദ്ധ്യങ്ങള്‍ ആ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ്. ആന്തരികവൈരുദ്ധ്യങ്ങള്‍ അവയെ ദുര്‍ബലപ്പെടുത്തുകയും സഹജമായ അതിജീവനശേഷിയാല്‍ വ്യവസ്ഥിതി നവീകരണശ്രമങ്ങളിലേര്‍പ്പെടും ചെയ്യും. ലാഭചോദനയാല്‍ മാത്രം നിലനിന്നുപോരുന്ന വ്യവസ്ഥിതി ജനതയുടെ അടിസ്ഥാനാവശ്യങ്ങളെ നിവര്‍ത്തിച്ചുകൊണ്ടല്ല വളരുന്നത്, ജനങ്ങളുടെ മുന്‍ഗണനകളിന്മേലും നിര്‍ണ്ണയാധികാരത്തിന്മേലും ഇടപെട്ടുകൊണ്ടാണ്. ട്രന്‍ഡുകളും പരസ്യങ്ങളും മസാലകളും താരാരാധനയുമൊക്കെയാണ് സിനിമയില്‍ ഇതിനായുള്ള ആയുധങ്ങള്‍. വിജയഫോര്‍മുല ആവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചെടിപ്പ് ട്രന്‍ഡുകളുടെ പരാജയത്തില്‍ ചെന്നെന്നുന്നത് മുതലാളിത്തമോഡലിന്റെ ആന്തരിക ദൗര്‍ബല്യങ്ങളുടെ ചെറിയൊരുദാഹരണമാണ്. പുതിയ ട്രന്‍ഡുകളോ താരങ്ങളോ താല്‍ക്കാലികമായി പ്രതിസന്ധി പരിഹരിച്ചേക്കാം. സിനിമയുടെ നവീകരണമാണ് ദീര്‍ഘസ്ഥായിയായ പരിഹാരം. തലമുറമാറ്റവും ഇതിനെ സ്വാധിനിക്കാം. മലയാളസിനിമ അത്തരമൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയഉള്ളടക്കത്തിലും സാരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്. മാറ്റം ചിരസ്ഥായിയും വികസ്വരവുമാണോ എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, അത് പരിവര്‍ത്തനമാണോ നവീകരണമാണോയെന്ന് ഉറപ്പിക്കാനാവുകയുള്ളൂ. എന്തായാലും ഒരുകാര്യം പറയാതെ വയ്യ – അരാഷ്ട്രിയതയുടെ കൂത്തരങ്ങായിരുന്ന കമേഴ്സ്യല്‍സിനിമകള്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയിരിക്കുന്നു.B.Tech ഒന്നാന്തരമൊരു വിനോദസിനിമയാണ്. വിനോദസിനിമയുടെ പരിമിതികളെത്തന്നെ നേട്ടമായിട്ട് മാറ്റാന്‍ ശ്രമിച്ച സിനിമയുമാണ്. ” ഞാനിവിടെയിത് പറഞ്ഞാല്‍ നാളെ ഞാന്‍ ജീവനോടെയുണ്ടാകുമോയെന്നറിയില്ല. എങ്കിലും ഞാനിത് പറയും ” എന്നത് സിനിമയ്ക്കുള്ളിലെ ഡയലോഗ് മാത്രമല്ല, സിനിമയുടെ നിലപാടും അതുതന്നെയാണ്. ഇങ്ങനെ ചിലതാണ് പറയാന്‍ ശ്രമിക്കുന്നതെങ്കില്‍ അടുത്ത സിനിമ ചെയ്യാന്‍ നിങ്ങളിവിടെയുണ്ടാകണമെന്നില്ല എന്നൊരു ഭീഷിണി ഓരോ സിനിമ പ്രവര്‍ത്തകനെയും അലട്ടിയിരുന്നത്രയും വിപണിക്കടിപ്പെട്ട ഒന്നായിരുന്നു മുഖ്യധാരസിനിമ. ചലച്ചിത്ര മേഖലയില്‍ അത്ര ചെറുതല്ലാത്ത മാറ്റങ്ങള്‍ ദൃശ്യമാണെങ്കിലും തീയ്യേറ്റര്‍ രംഗവും തീയേറ്റര്‍സംസ്ക്കാരവുമടക്കം അനുബന്ധഘടകങ്ങള്‍ വഴക്കമില്ലാതെ നിലകൊള്ളുകയാണ്. മികച്ചതെന്ന് അഭിപ്രായം നേടിയ പലചിത്രങ്ങള്‍ക്കും തീയേറ്റര്‍ കിട്ടാതെ വരുകയോ കിട്ടിയാല്‍ തന്നെ കാണികള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയോ ചെയ്യുന്ന അവസ്ഥ ഇന്നുമുണ്ട്. കമേഴ്സ്യല്‍ പാറ്റേണില്‍ത്തന്നെ നടക്കുന്ന വേറിട്ട ശ്രമങ്ങള്‍ക്കും ഇത്തരം ദുരനുഭവങ്ങളാണ് നാം പകരം നല്‍കുന്നത്. Y എന്ന ചെറിയസിനിമയും ഹേയ് ജൂഡ് എന്ന താരസിനിമയും രണ്ടറ്റങ്ങളില്‍ ഈ ദുരവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. സ്വാഭാവികമായും സുരക്ഷിതമായ സര്‍ക്കിളില്‍ ഒതുങ്ങി സിനിമ ചെയ്യാന്‍ പ്രേരണ നല്‍കുന്ന ഘടകമാണത്. വിജയ ഫോര്‍മുലകളും താരങ്ങളും മസാലകളുമൊക്കെ ക്രാഫ്റ്റിന് പകരം മുന്‍തൂക്കം നേടും. രണ്ടുവഴികളാണ് പിന്നെയുള്ളത്. ഒന്ന് ഇതിനെയൊക്കെ നിരസിച്ച് ഒരു സര്‍ഗ്ഗ പ്രക്രിയ എന്ന അര്‍ത്ഥത്തില്‍ മുന്നേറുക. അത്തരം ശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിരുന്നു. കുറേക്കൂടി തീവ്രമായി അത് തുടരുന്നുമുണ്ട്. സംവിധായകന്‍ സുദേവന്‍ ഒരു സ്വകാര്യസംഭാഷണ വേളയില്‍ പറഞ്ഞത് ” എന്റെ സിനിമകള്‍ തീയ്യേറ്റര്‍ ലക്ഷ്യം വെച്ചുള്ളവയല്ല. അതിനായി ഞാന്‍ സിനിമയെടുക്കാറുമില്ല” അതൊരു നിലപാടാണ്. സനല്‍കുമാര്‍ ശശിധരനെപ്പോലുള്ളവര്‍ സമാന്തരമായ ചില പ്രദര്‍ശനരീതികള്‍ സ്വീകരിച്ചുവരുന്നു. സമര്‍പ്പണം കൊണ്ടു ശ്രദ്ധേയമെങ്കിലും പ്രായോഗികമായി എത്രതന്നെ മാതൃകാപരമെന്ന് കരുതാവുന്ന വഴികളാണിതൊക്കെയെന്ന് സംശയമുണ്ട്. വിഭവപരിമിതി തന്നെയാണ് ഒന്നാമത്തെ പ്രശ്നം. കാണികളിലൊരു മഹാഭൂരിപക്ഷവും ആവഴിയ്ക്ക് പുറത്താണ് എന്നത് മറ്റൊരു പ്രതിസന്ധിയുമാണ്. കൂടുതല്‍ പേരിലെയ്ക്ക് എത്തിക്കുകയെന്നത് എല്ലാ ബൗദ്ധികതര്‍ക്കത്തിലുമുപരി പ്രാഥമികചോദനയാണ്. അവിടെയാണ് ബി.ടെക് രണ്ടാമത്തെ വഴി, കച്ചവടസിനിമയുടെ പരിമിതികളെത്തന്നെ ഫലപ്രദമായി ഉപയോഗിക്കുകയെന്ന രീതി അവലംബിച്ചു വിജയം കണ്ടിരിക്കുന്നത്. ഒപ്പം പറയാനുള്ളത് ലളിതമായി, തെളിമയായി, ഉച്ചസ്തൈര്യം വിളിച്ചുപറയുന്നുമുണ്ട്. പറയാനുള്ള ആശയങ്ങളുടെ വാഹനമായി കച്ചവടസിനിമയുടെ തന്ത്രങ്ങളെ ഉപയോഗിക്കുന്നത് കാണാം. താരനായകന്‍, ചിത്രത്തിന്റെ ചടുലശൈലി, പാട്ട്, നൃത്തം, സംഘട്ടനം അടക്കമുള്ള മസാലകളെന്നിവ ചിത്രത്തിന്റെ വിപണിവിജയത്തില്‍ നിര്‍ണ്ണായകമായി. കൊമേഴ്സ്യല്‍ സിനിമയുടെ ഭ്രമത്തില്‍പ്പെട്ട് നില്‍ക്കുന്ന കാണികളിലേയ്ക്ക് അനായാസം കടന്ന് ചെയ്യുകയും ഗൗരവതരമായ ഒരു പ്രമേയം പങ്കുവെയ്ക്കുകയും ചെയ്യുന്നു.കഥ നടക്കുന്ന പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായിരിക്കുന്നത് യാദൃശ്ചികമല്ല. സിനിമയുടെ കേന്ദ്രപ്രമേയമായി വരുന്ന അപരവത്ക്കരണത്തിന് ഇത്തരം സമ്പ്രദായങ്ങള്‍ മോശമല്ലാത്ത സംഭാവനനല്‍കുന്നുണ്ട്. പൊതു വിദ്യാലയങ്ങള്‍ മതേതരത്വത്തിന്റെ ഈറ്റില്ലങ്ങളാണല്ലോ. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം ഉളവാക്കുന്ന നിലവാരത്തകര്‍ച്ചയെ രസകരമായ മുഹൂര്‍ത്തത്തിലൂടെ വരച്ചിടുന്നുണ്ട്. പണമുള്ളവന്റെ ഷോക്കേസ് ഭ്രമത്തിലേയ്ക്ക് വിദ്യാഭ്യാസത്തെ എറിഞ്ഞുകൊടുത്ത നയവ്യതിയാനങ്ങള്‍ അവസരസമത്വമെന്ന സങ്കല്‍പ്പത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുകയും ചെയ്തു. യുവതലമുറയുടെ ഇച്ഛാഭംഗവും ലക്ഷ്യബോധമില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗമായിത്തന്നെ കാണിക്കുന്നുണ്ട്. ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല എന്ന തിട്ടൂരം പാലിക്കപ്പെട്ട കോളേജാണോ അത്?! എന്തായാലും ആദ്യ പകുതിയില്‍ രാഷ്ട്രീയമല്ലാത്ത എല്ലാമവിടെയുണ്ട്. പിന്നീടാണ് ” നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും” എന്ന ലെനിന്റെ വാചകം പോലെ സിനിമയിലെ ജീവിതങ്ങള്‍ മാറി മറിയുന്നത്. മുതലാളിത്ത വ്യാമോഹങ്ങളില്‍ അലസമായിപ്പോയ ജീവിതങ്ങളെ ദുരന്തങ്ങളാണുണര്‍ത്താറുള്ളത്. വ്യാമോഹങ്ങള്‍ പോലെ തന്നെ ദുരന്തങ്ങുളും സമ്മാനിക്കുന്നത് വ്യവസ്ഥിതി തന്നെയാണ്. ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പ്രതിരോധങ്ങളായി വളരുന്നതിന്റെ ദൃശ്യാവിഷ്ക്കാരം കൂടിയാണ് B.Tech. പണമുള്ള മാതാപിതാക്കളുടെ മക്കള്‍ പഠിച്ച് അര്‍മാദിക്കുന്ന ഒരു കച്ചവടസ്ഥാപനത്തിലേയ്ക്കാണ് മുതലാളിത്തം കടിച്ചുതുപ്പിയ നിസ്വരുടെ ഇടയില്‍ നിന്നവന്‍ പഠിക്കാനെത്തുന്നത്. അതിനവനെ സഹായിക്കുന്നത് ബൂര്‍ഷ്വാമൂല്യം പേറുന്ന ചാരിറ്റിയാണ്. അതൊരിക്കലും അവന്റെ അവകാശമായല്ല, വ്യവസ്ഥിതിയുടെ ഔദാര്യമായിട്ടാണ് കണക്കിലെടുക്കേണ്ടത്. തുടക്കത്തില്‍ അത്ര സ്വീകാര്യനല്ലാതിരുന്നവന്‍ സഹപാഠികള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് അവന്റെ കഴിവിനാലും അതിലുപരി വിധേയത്വത്തിനാലുമാണ്. മുതലാളിത്തമെന്നാല്‍ താരതമ്യേന മെച്ചമായ വ്യവസ്ഥയായതിനാല്‍ ആധുനികത അതിന്റെ പ്രത്യക്ഷലക്ഷണങ്ങളിലൊന്നാണ്. ജാതി,മത പരിഗണനകളെ തൊട്ടുമുമ്പുള്ളവ്യവസ്ഥയുടെ മാതിരി പരിപാലിക്കുക അതിന്സാധ്യമല്ല. കൂട്ടത്തിനകത്ത് അത്തരം വൈജാത്യങ്ങള്‍ മാഞ്ഞുപോകുന്നത് സിനിമയില്‍ കാണാം. എന്നാല്‍ ഇന്നും അര്‍ത്ഥഫ്യൂഡലായ ഇന്ത്യനവസ്ഥയില്‍, കാര്യത്തോടടുക്കുമ്പോള്‍ ജാതിക്കും മതത്തിനും ദ്രംഷ്ടകള്‍ മുളയ്ക്കും. കാര്യസാധ്യത്തിനായി മുതലാളിത്തവും അതിന്റെ സൃഷ്ടിയായ ബൂര്‍ഷ്വാ വ്യവസ്ഥിതിയൊന്നാകെയും അതിനരു നില്‍ക്കുകയും ചെയ്യും. ജനാധിപത്യമെന്ന സുന്ദര സങ്കല്‍പ്പത്തിനകത്തേയ്ക്ക് ഭരണകൂടഭീകരതയൊക്കെ കടന്നുവരുന്ന ഒരു വഴിയിതാണ്. മറ്റുചിലപ്പോള്‍ ഭരണകൂടത്തിന് നോക്കി കുത്തിയുടെ വേഷമായിരിക്കും. മുതലാളിത്തവ്യാമോഹമായ തുല്യനീതിയൊക്കെ അവിടെ അവസാനിക്കും. പൗരസങ്കല്‍പ്പം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തികത്തിന്റെയും അടിസ്ഥാനത്തില്‍ പല കള്ളികളിലായി വിഭജിക്കപ്പെടും. അവയ്ക്ക് കറുപ്പെന്നും വെളുപ്പെന്നും മാത്രമാകും നിര്‍വചനം. അപരത്വം സൃഷ്ടിക്കുകയും അതിനെ വിദ്വേഷപരമായി ഉപയോഗിക്കുകയും ചെയ്യും. മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടും. ആ വേട്ടയാടലിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമയെ മൂര്‍ച്ചയുള്ള കാഴ്ചയാക്കി മാറ്റുന്നത്. ആലസ്യത്തില്‍പ്പെട്ടു മയങ്ങുന്ന യുവത്വം തീപ്പൊള്ളലേറ്റുണരുന്നു. തങ്ങളിലൊരാള്‍ക്ക്, മരണത്തിലും മരണാനന്തരവും സംഭവിച്ച ദുരന്തം അവരുടെജീവിതത്തെ രാഷ്ട്രീയമാക്കുന്നു. സ്വയം നായകരായി അഭിരമിച്ച ആദ്യപകുതിയും പച്ചയായ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ച് നിന്ന് പിന്നെ നടത്തിയ പോരാട്ടവുമാണ് സിനിമയുടെ കഥ. ഇന്ത്യന്‍ മതേതരത്തിന്റെ ആണിക്കല്ലായ ജീവിതവൈവിധ്യങ്ങള്‍ക്കായിട്ടാണ് സിനിമ ശബ്ദമുയര്‍ത്തുന്നത്. ചരിത്രത്തെ തിരുത്തുകയും വര്‍ത്തമാനകാലത്തെ കലുഷിതമാക്കുകയും ഭാവിയെ കരിനിഴലിലാക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെയാണത് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ജീവനും ജീവിതവും ബലി കഴിച്ചവരുടെ പിന്‍മുറക്കാര്‍, (അവരേത് മതവിശ്വാസികളുമാകട്ടെ ) ബ്രിട്ടീഷുകാരുടെ മുന്നില്‍ മാപ്പിരന്നവരുടെ ആരാധകര്‍ക്ക് മുന്നില്‍ രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റിനായി ക്യൂ നില്‍ക്കേണ്ട ഗതികേടിനെയാണത് ചര്‍ച്ചയ്ക്ക് വെയ്ക്കുന്നത്. കക്ഷിരാഷ്ട്രീയപരമായി ഉയര്‍ത്തപ്പെട്ട ഒരു മുദ്രാവാക്യം ഈ സിനിമയുടെ കാര്യത്തിലും ഉചിതമാണ്. ” കനല്‍ – അതൊരു തരി മതി “. അത് കലയിലാണ് ഉള്‍ചേര്‍ന്നിരിക്കുന്നതെങ്കില്‍ കാലം തീയുടെ ഒരു കടല്‍ കാത്തുവെച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും. പോരാട്ടം തുടരുകതന്നെയാണ്.


പിന്‍കുറി – പ്രിയനടന്‍ ഹരിശ്രീഅശാകന്റെ മകന്‍ അര്‍ജുന്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പറവയിലെ തന്റെ വേഷപകര്‍ച്ചയില്‍ നിന്ന് ഏറെ വ്യത്യസ്ഥത പുലര്‍ത്തിക്കൊണ്ട് തന്റെ റേഞ്ച് വെളിപ്പെടുത്തിയിരിക്കുന്നു. നടനെന്ന നിലയിലും താരമെന്ന നിലയിലും ആസിഫലിയുടെ കരിയര്‍ ബെസ്റ്റാണ് B.Tech. അപര്‍ണ്ണയ്ക്ക് ചെയ്യാനും മാത്രമൊന്നുമില്ല. അലന്‍സിയര്‍, അനൂപ്മേനോന്‍, വിനോദ്, ശ്രീനാഥ് ഭാസി, അജു വര്‍ഗ്ഗീസ്, സൈജുകുറുപ്പ്, ജാഫര്‍, പുതുമുഖനായിക തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെ. കന്നി സംരംഭം എല്ലാ അര്‍ത്ഥത്തിലും അവിസ്മരണീയമാക്കിയ മൃഥുല്‍നായര്‍ & ടീമിന് അഭിനന്ദനങ്ങള്‍.