Dr P S Sreekala

സാവധാനം ചതുപ്പിലേക്ക്

എല്ലാ സ്റ്റേഷനിലും നിര്‍ത്തിയും മറ്റ് വണ്ടികള്‍ക്കായി ഒഴിഞ്ഞുമാറിക്കിടന്നും സമയം തെറ്റിയോടുന്ന ആ പാസഞ്ചര്‍ ട്രെയിന്‍ അതിനുള്ളിലെ യാത്രക്കാരുടെ ജീവിതം പോലെതന്നെയായിരുന്നു; ഇരമ്പലുമില്ല, പാച്ചിലുമില്ല. അരോചകമായ ഞരക്കത്തോടെ വണ്ടി അവസാനസ്റ്റേഷനില്‍ നിന്നു.

യാത്രക്കാരുടെ മുഖം ക്ഷീണിതമായിരുന്നു. അവര്‍ കൂടുതല്‍ അസ്വസ്ഥതയോടെ നടത്തത്തിനു വേഗതകൂട്ടി. ഇരുണ്ടരാത്രിക്കു കുടപിടിക്കുന്ന കാര്‍മേഘങ്ങളില്‍ തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങി. പ്രാരാബ്ധങ്ങള്‍ നിറച്ചുവെച്ച യാത്രക്കാരുടെ തടിച്ച ബാഗുകള്‍ അവര്‍ക്ക് താങ്ങാനാവുന്നതിനുമപ്പുറമാണെന്ന് മുഖഭാവം വെളിപ്പെടുത്തി. വീടുകളെ ലക്ഷ്യം വെച്ചു നടന്ന അവര്‍ മഴ ചാറിയതോടെ നടത്തത്തിന് വേഗതകൂട്ടി.

സോളമന്‍ തിടുക്കമൊന്നും കാണിച്ചില്ല. എല്ലാ യാത്രക്കാരെയും മുന്നിലാക്കി അവന്‍ സാവധാനം നടന്നു. മുപ്പതു വയസ്സില്‍ താഴെമാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനില്‍ സാധാരണ പ്രകടമാകുന്ന ചലനവേഗങ്ങളല്ല അവനിലുണ്ടായിരുന്നത്. ഇലകള്‍ കൂമ്പിയടഞ്ഞുനില്‍ക്കുന്ന ഉറക്കംതൂങ്ങിമരത്തിന്‍റെ ഉപയോഗശൂന്യമായ കായ്കളും പേരാലിന്‍റെ ഇലകളും മഴവെള്ളവും ചെളിയും ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ പ്ലാറ്റ്ഫോമിലൂടെ സാവധാനം അവന്‍ നടന്നു. സാധാരണയെന്നപോലെ അവന്‍റെ നടത്തം അലക്ഷ്യമായിരുന്നു.

ആഴ്ചയിലൊരിക്കല്‍ മാത്രമേ സോളമന്‍ അവസാന സ്റ്റേഷനില്‍ ട്രയിനിറങ്ങാറുള്ളൂ. അലസമായി നടന്ന് ഇരുട്ടില്‍ മറയുന്ന അവന്‍ എങ്ങോട്ടാണ് പോകാറുള്ളതെന്ന് ആര്‍ക്കുമറിയാമായിരുന്നില്ല. അവനവിടെ ആരുമായും അടുപ്പമുണ്ടായിരുന്നില്ല. വെറുമൊരു ചിരിയുടെ സൗഹൃദം പോലും അവന്‍ സൂക്ഷിച്ചിരുന്നില്ല. അതു കുട്ടിക്കാലം മുതല്‍ അങ്ങനെതന്നെയായിരുന്നു.

ഈ ജീവിതം സോളമന്‍ സ്വയം തെരഞ്ഞെടുത്തതാണ്. അതങ്ങനെ വന്നുഭവിക്കുകയായിരുന്നില്ല. ഒരുപക്ഷേ സുസ്ഥിരമായ ജീവിതത്തിന് അനുകൂലമായ സാഹചര്യമായിരുന്നു സോളമന്റേത്. ഒരുപക്ഷേ എന്നല്ല പറയേണ്ടത്, തീര്‍ച്ചയായും അതങ്ങനെ തന്നെയായിരുന്നു. ഉയ‍ര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരായ അച്ഛനമ്മമാരുടെ ഏകമകന്‍. നഗരത്തിലെ പേരുകേട്ട സി ബി എസ് സി സ്കൂളിലെ പഠനം. മിടുക്കനായ വിദ്യാര്‍ഥി. എന്നും ക്ലാസില്‍ ഒന്നാമന്‍. പക്ഷേ, കൂട്ടുകാരില്ലാത്ത ജീവിതം. ഏകാന്തതയാണ് സോളമന്‍ തെരഞ്ഞെടുത്തത്. ക്ലാസിനുള്ളിലെ ബഹളക്കൂട്ടായ്മകളില്‍ നിന്ന് അവന്‍ ഒഴിഞ്ഞുനിന്നു. അവന്‍റേതുമാത്രമായൊരു ലോകം ഏതു തിരക്കിനിടയിലും സൃഷ്ടിച്ചെടുക്കാന്‍ അവന് കഴിയുമായിരുന്നു. പുസ്തകം തുറന്ന് അവനിരിക്കും ഓ, അവനൊരു വല്യ പഠിപ്പിസ്റ്റ് കൂട്ടുകാര്‍ പരിഹസിക്കും. ആ പരിഹാസത്തില്‍ അസൂയകലര്‍ന്നിരുന്നു. അവനെ അതൊന്നും ബാധിക്കുമായിരുന്നില്ല.

പ്ലസ് ടു ക്ലാസില്‍ മെഹര്‍ബാന്‍ അവസരം കിട്ടുമ്പോഴെല്ലാം അവനെ കളിയാക്കി. "ഇവനെന്താ നമ്മളോടിത്ര പുച്ഛം, ഒരു വല്യ ഇംഗ്ലീഷുകാരന്‍. അമേരിക്കന്‍ സായ്പെന്നാ ഭാവം. വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ത്തത് നമ്മളാണോടാ തേവാങ്കേ..?? അവള്‍ പരിഹസിക്കും. അവനില്‍ കോപം ഇരച്ചുകയറും. പല്ലു ഞെരിച്ച് അവന്‍ നടന്നുപോകുമ്പോള്‍ അവളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ ചിരിക്കും. ആ ചിരി അവന്‍റെ രാത്രികളെ അസ്വസ്ഥമാക്കാന്‍ തുടങ്ങി. തന്‍റെ സഹപാഠികളില്‍ നിന്ന് എന്തു വ്യത്യാസമാണ് തനിക്കുള്ളത്? എന്തുകൊണ്ടാണ് അവരോടൊന്നും സൗഹൃദത്തിലാവാന്‍ തനിക്കു കഴിയാത്തത്? പുസ്തകം തുറന്നുവച്ച് ഉത്തരമില്ലാത്ത തന്‍റെ ചോദ്യങ്ങളുമായി അവനിരുന്നു.

മിടുക്കിയായിരുന്നു മെഹര്‍ബാന്‍. കറുപ്പെന്നു തന്നെ പറയാമായിരുന്ന അവളുടെ നിറത്തിന് സവിശേഷമായൊരു അഴകുണ്ടായിരുന്നു. ക്ലാസില്‍ മുസ്ലീം സമുദായത്തിലുള്ള വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നെങ്കിലും തട്ടമിട്ടുവരുമായിരുന്ന ഒരേയൊരു പെണ്‍കുട്ടി അവളായിരുന്നു. പറന്നുനടക്കുന്ന ചിത്രശലഭത്തെപ്പോലെ ചടുലമായിരുന്നു അവളുടെ ചലനങ്ങള്‍. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഒരുപോലെ സൗഹൃദം പ്രകടിപ്പിച്ചിരുന്ന അവള്‍ കളിയാക്കിയിരുന്നത് സോളമനെ മാത്രമായിരുന്നു.

റീജ്യണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പു നേടിയ ശേഷം അവള്‍ സ്കൂളില്‍ വരുന്നത് അടുത്ത ദിവസമാണെന്ന് സോളമനറിയാം. സ്കൂള്‍ അസംബ്ളിയില്‍ അവളെ അനുമോദിക്കും. അതു കാണാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് അസംബ്ളിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ അവന്‍ ആഗ്രഹിച്ചു. കുട്ടികള്‍ പലപ്പോഴും അസുഖമാണെന്ന് നുണ പറഞ്ഞ് ക്ലാസിലിരിക്കാറുള്ളത് അവന്‍ കാണാറുണ്ട്. അവനതിനോടൊക്കെ അവജ്ഞയായിരുന്നു. യൂണിഫോം അലക്കിത്തേച്ച് വൃത്തിയോടെ ധരിക്കുന്നതുപോലെ തന്നെ ജീവിതത്തിന്‍റെ ഓരോ ചലനത്തിലും പെര്‍ഫെക്ഷന്‍ വേണമെന്നും സത്യസന്ധതയുണ്ടാവണമെന്നും അവന് നിര്‍ബന്ധമായിരുന്നു. മെഹര്‍ബാന്‍റെ പെര്‍ഫെക്ഷനിലും സത്യസന്ധതയിലും മികവിലും അവന് മതിപ്പുണ്ടായിരുന്നു. എന്നാല്‍, നിരന്തരമുള്ള പരിഹാസം അവന് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. അവളുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് അവന് അറിയാമായിരുന്നു. പക്ഷേ, അതു പരിഹരിക്കുവാനവന് കഴിയുമായിരുന്നില്ല. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ അവന്‍റെ അച്ഛനമ്മമാര്‍ക്കും സാധ്യമായിരുന്നില്ല. അവര്‍ക്കൊരുപക്ഷേ, അതിനു കഴിഞ്ഞേനെ. എന്നാല്‍, തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം അവരെ അതിന് അനുവദിച്ചിരുന്നില്ല. സോളമന്‍ വില്യംസ് പെരേര എന്ന മകനെക്കുറിച്ച് അവര്‍ക്ക് ആശങ്കയോ വേവലാതിയോ ഉണ്ടായിരുന്നില്ല. അവന്‍ നന്നായി പഠിക്കണമെന്ന ആഗ്രഹം പോലും അവര്‍ക്ക് വിശേഷിച്ചുണ്ടായിരുന്നില്ല. കാരണം എത്രയോ തലമുറകള്‍ക്കു വേണ്ടുന്ന സമ്പാദ്യം തെരേസ വില്യംസിന്‍റെയും മാത്യൂസ് പെരേരയുടെയും അപ്പനപ്പൂപ്പന്മാര്‍ സമ്പാദിച്ചുവച്ചിട്ടുണ്ടായിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് എന്ന വിധമായിരുന്നു സോളമന് പഠനത്തോടുള്ള താത്പര്യം. എല്ലായ്പോഴും അവന്‍ പാഠപുസ്തകത്തില്‍ തലകുമ്പിട്ടിരുന്നു. പോലീസ് കമ്മീഷണറായ മാത്യൂസ് പെരേരയ്ക്കും ചീഫ് സെക്രട്ടറിയായ തെരേസ വില്യംസിനും വൈകി ജനിച്ച മകന്‍ എല്ലായ്പോഴും ആ വീട്ടില്‍ തനിച്ചായിരുന്നു. വളരെക്കുട്ടിക്കാലം മുതല്‍തന്നെ അവര്‍ അവനെ മുതിര്‍ന്നൊരു വ്യക്തിയായാണ് പരിഗണിച്ചിരുന്നത്. വാല്‍സല്യമോ സ്നേഹമോ അവന്‍ അറിഞ്ഞിരുന്നില്ല.

സോളമന്‍റെ നാലാം നിലയിലുള്ള ഫ്ലാറ്റില്‍ നിന്നു നോക്കിയാല്‍ കാണുന്ന ചതുപ്പിനടുത്ത് നിരവധി കുടിലുകളിലൊന്നായിരുന്നു മെഹര്‍ബാന്‍റേത്. അവിചാരിതമായാണ് അവനത് അറിഞ്ഞത്. സോളോന്‍ കുഞ്ഞിന്‍റെ പപ്പയും സംഘവും താഴെയുള്ള ലക്ഷം വീട് കോളനിയിലെത്തിയിട്ടുണ്ടെന്നും തീവ്രവാദികളുമായി ബന്ധമുള്ള ഒരു ചെറുപ്പക്കാരനെ അറസ്റ്റുചെയ്തുവെന്നും കുഞ്ഞുണ്ണി മാമന്‍ അടുക്കളയിലെ മറിയച്ചേടത്തിയോട് പറയുന്നതു കേള്‍ക്കാനിടയായി. ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അത്. അവന്‍ കൂലിപ്പണിക്കാരനാണെന്നും അവനാണ് ആ കുടുംബത്തിന്‍റെ ആശ്രയമെന്നും അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നവന്‍ മനസ്സിലാക്കി. അത്യപൂര്‍വ്വമായി മാത്രം തുറക്കാറുള്ള ജനാല അന്നവന്‍ തുറന്നു. വളഞ്ഞുപുളഞ്ഞ് അനന്തതയിലേക്ക് ഒഴുകുന്ന റെയില്‍പ്പാളത്തിനപ്പുറത്താണ് ചതുപ്പ്. അതിനോട് ചേര്‍ന്നാണ് കുടിലുകള്‍ നിറഞ്ഞ കോളനി. അവന്‍ ജനവാതിലുകള്‍ അടച്ചു.

അടുത്ത ദിവസത്തെ അസംബ്ലിയില്‍ നിന്നൊഴിയാന്‍ സത്യസന്ധമായൊരു കാരണമാലോചിച്ച് അവന്‍ കിടന്നു. മനസ്സില്ലാമനസ്സോടെയാണ് അവന്‍ രാവിലെ സ്കൂളിലെത്തിയത്. അസംബ്ലിക്കു നേരമായിട്ടും മെഹര്‍ബാന്‍ എത്താത്തതില്‍ അവന്‍ ഉള്ളുകൊണ്ട് സന്തോഷിച്ചു. പിന്നീടുള്ള ദിവസങ്ങളിലും മെഹര്‍ബാനെ ക്ലാസില്‍ കണ്ടില്ല. കുട്ടികള്‍ അടക്കം പറയുന്നതു കേള്‍ക്കാന്‍ നില്‍ക്കുന്ന ശീലമില്ലാത്തതിനാല്‍ അവനതിനു മുതിര്‍ന്നില്ല. എങ്കിലും അവര്‍ പറയുന്നത് മെഹര്‍ബാനെക്കുറിച്ചാണ് എന്നവനു മനസ്സിലായിത്തുടങ്ങി. അവളിനി പഠിക്കാന്‍ വരുന്നില്ലെന്നും അവളുടെ ഇക്കായെ പോലീസ് അറസ്റ്റുചെയ്തെന്നും അവന്‍ മനസ്സിലാക്കി.

ആദ്യമായി അവന്‍ പപ്പയോട് സംസാരിക്കാനായി അയാള്‍ വരുന്നതു കാത്തിരുന്നു. മുഹമ്മദ് സബീര്‍ എന്നൊരാളെ അറസ്റ്റ് ചെയ്തതെന്തിനെന്ന് അവന്‍ അന്വേഷിച്ചു. മകന് ഇന്‍വെസ്റ്റിഗേഷനില്‍ താല്‍പര്യം വളരുകയാണെന്ന ധാരണയില്‍ അയാള്‍ വിശദമായിത്തന്നെ കേസ് ഹിസ്റ്ററി മകനോട് പറഞ്ഞു. "റെയില്‍വേ പാളത്തില്‍ ബോംബ് വയ്ക്കാന്‍ ഒരു സംഘം പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം കിട്ടി. നഗരത്തിലെ മുസ്ലീം ചെറുപ്പക്കാരെ കേന്ദ്രീകരിച്ചായി അന്വേഷണം. സബീറും നിരീക്ഷണത്തിലായിരുന്നു. അവന്‍ വാടകയ്ക്ക് ഓടിക്കുന്ന കാറില്‍ നിന്ന് ഒരു ദിവസം ഒരു തോക്കു കിട്ടിയതോടെ അവനെക്കുറിച്ചുള്ള സംശയം ബലപ്പെട്ടു. സവാരി നടത്തിയ ഏതോ യാത്രക്കാരുടേതെന്നാണ് അവന്‍ പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വിശ്വസിക്കാനാവില്ലല്ലോ. അതുകൊണ്ട് അവനെ അറസ്റ്റ് ചെയ്തു. മറ്റൊരു സംഘത്തെയും ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ആദ്യമൊക്കെ ആ സംഘത്തെ പരിചയമില്ലെന്നു പറഞ്ഞിരുന്ന അവന്‍ കാര്യമായ ചോദ്യം ചെയ്യലിനൊടുവില്‍ സമ്മതിച്ചു. തന്‍റെ വണ്ടിയിലിരുന്നാണ് അവര്‍ യാത്ര ചെയ്തത്. തന്‍റെ വീട്ടിലിരുന്നാണ് അവര്‍ ഗൂഢാലോചന നടത്തിയത്. അവനെയിപ്പോള്‍ റിമാന്‍റ് ചെയ്തിരിക്കയാണ്. എന്താ നീ ചോദിച്ചത്?ഒന്നുമില്ല. അവന്‍ മുറിയില്‍ക്കയറി വാതിലടച്ചു.

വൈകുന്നേരങ്ങളില്‍ ചതുപ്പിലേക്കു തുറക്കുന്ന ജനാലതുറന്ന് മണിക്കൂറുകള്‍ അവനിരുന്നു. ഒടുവില്‍ ആ ജനാല അവനടയ്ക്കാതായി. പരീക്ഷയുടെ ദിവസങ്ങളിലൊന്നില്‍ രാവിലെ അവന്‍ ഒരു കുടിലിനുമുന്നില്‍ മെഹര്‍ബാനെ കണ്ടു. അന്ന് സ്കൂളിലേക്കു പോകാതെ അവന്‍ റെയില്‍വേപാളം മുറിച്ചു കടന്ന് ചതുപ്പിലെത്തി. തട്ടമിട്ടു നില്‍ക്കുന്ന മെഹര്‍ബാന്‍ തന്നെ പരിഹസിച്ചെങ്കിലെന്നവന്‍ ആശിച്ചു. അവളിലെ ചിത്രശലഭം എവിടെയോ പറന്നുപോയ്ക്കഴിഞ്ഞിരുന്നു. വരൂ അവള്‍ അകത്തേക്ക് ക്ഷണിച്ചു. അകത്തുകയറിയ അവന്‍ കിടക്കയില്‍ ഒരു അസ്ഥിപഞ്ജരത്തെക്കണ്ടു. ഒരു സ്ത്രീരൂപം. ഉമ്മയാണ്. ബാപ്പ മരിക്കുമ്മുമ്പേ ഉമ്മ കിടപ്പിലായിരുന്നു. ഇക്ക പോയതോടെ ബോധവും പോയി. ഇതിനെ ഇവിടെക്കിടത്തിയിട്ട് എന്തു പണിക്കുപോവാനാ? തീവ്രവാദിയുടെ വീടായതുകൊണ്ട് ആരും..നിമിഷങ്ങളുടെ നിശബ്ദതയ്ക്കുശേഷം അവന്‍ ചോദിച്ചു: "എന്താ സംഭവിച്ചത്? ഇക്കാ യഥാര്‍ഥത്തില്‍...?" "ഒന്നുമില്ല സോളമന്‍. ഞങ്ങളെ സത്യസന്ധരായാണ് ബാപ്പ വളര്‍ത്തിയത്. അഞ്ചുനേരം നിസ്കരിക്കുന്നതിനെക്കാള്‍ ജീവിതത്തില്‍ സത്യസന്ധരായിരിക്കുകയാണ് വേണ്ടതെന്ന് ബാപ്പ ഞങ്ങളെ രണ്ടാളെയും പഠിപ്പിച്ചു. എന്നെക്കാള്‍ അക്കാര്യത്തില്‍ വാശിയായിരുന്നു ഇക്കായ്ക്ക്. ഇക്കാ നിരപരാധിയാണ്. എനിക്കുറപ്പാണ് സോളമന്‍. പക്ഷേ, കുറ്റം സമ്മതിച്ച സ്ഥിതിക്ക്. സമ്മതിച്ചതോ സമ്മതിപ്പിച്ചതോ...? വാക്കുകള്‍ അവന്‍റെ നാവിലുടക്കിനിന്നു.

ഇറങ്ങി നടന്ന അവന്‍ സ്റ്റേഷനില്‍ നിന്ന് അടുത്ത വണ്ടിയില്‍ക്കയറി. വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവന്നത് ചതുപ്പിലേക്കായിരുന്നു. ബോധം വന്നും പോയും ജീവന്‍റെതുടിപ്പ് നിലയ്ക്കാതെ കിടക്കുന്ന ഉമ്മയെയും മകളെയും കാണാന്‍വേണ്ടി മാത്രമായി ആഴ്ചയിലൊരിക്കലുള്ള അവന്‍റെ വരവുകള്‍. ലോകത്ത് അവനുള്ള ഒരേയൊരു ബന്ധം; അവര്‍ക്കും. അവന്‍ സാവധാനം ചതുപ്പിലേക്കു നടന്നുമറഞ്ഞു.