Dr Neethu Chandran

ചെങ്കണ്ണു വന്നാല്‍ ചെയ്യേണ്ടതെന്തെല്ലാം

കണ്ണിനുള്ളിലെ വെളുത്ത പാടയെ ബാധിക്കുന്ന രോഗമാണ് ചെങ്കണ്ണ്. സാധാരണയായി വേനല്‍ക്കാലങ്ങളില്‍ കണ്ടുവരുന്ന രോഗമാണെങ്കിലും മറ്റു കാലാവസ്ഥകളിലും ചെങ്കണ്ണ് കണ്ടുവരാറുണ്ട്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ഈ രോഗം കുട്ടികളെയാണ് പ്രധാനമായും ബാധിക്കുക. അലര്‍ജ്ജി , കെമിക്കല്‍ അങ്ങനെ പലതും ചെങ്കണ്ണിനു കാരണമാകാറു ണ്ടെങ്കിലും അണുബാധയുടെ ഭാഗമായാണ് രോഗം സാധാരണ കണ്ടു വരാറ്. അതാണ്‌ പടര്‍ന്നു പിടിക്കും വിധമുള്ള ചെങ്കണ്ണ്. ബാക്ടീറിയ , വൈറസസ് എന്നിവയാലുള്ള ചെങ്കണ്ണു രോഗമാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

രോഗകാരണമാകുന്ന സാഹചര്യങ്ങള്‍

വൃത്തിയില്ലായ്മ ( വ്യക്തി / പരിസര ശുചിത്വങ്ങളുടെ അഭാവം). ചൂടുള്ള കാലാവസ്ഥ ഇത്തരം സാഹചര്യങ്ങളില്‍ രോഗാണുക്കള്‍ അതിവേഗം പെരുകുകയും അതിന്‍ഫലമെന്നോണം രോഗം പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍

കണ്ണില്‍ പൊടി വീണതു പോലുള്ള തോന്നല്‍ .

കണ്ണില്‍ ചുവപ്പ് ,

പഴുപ്പ് വരിക.

വെളിച്ചത്തിലേക്കു നോക്കുന്നതിനുള്ള ബുദ്ധിമുട്ട്.

രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ പീള കെട്ടുന്ന അവസ്ഥ.

കണ്‍പോളകളില്‍ തടിപ്പ്.

കാഴ്ച്ചക്ക് മങ്ങല്‍.

കണ്ണില്‍ ചൊറിച്ചില്‍ .

സാധാരണ നിലയില്‍ മേല്‍ സൂചിതമായ രോഗലക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂര്‍ദ്ധന്ന്യാവസ്ഥയിലെത്തുകയും ക്രമേണ 10-15 ദിവസങ്ങളാല്‍ ഭേദമാകുകയും ചെയ്യും. കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ 4-5 ദിവസങ്ങളാല്‍ രോഗം ഭേദമാകും.

ചെങ്കണ്ണ് എന്തുകൊണ്ട് ചികിത്സിക്കണം.

സ്വാഭാവികമായി ഭേദമാകുന്ന രോഗമാണെങ്കിലും , ചെങ്കണ്ണിന് ചികിത്സ ആവശ്യമായുണ്ട്‌. രോഗം മൂര്‍ഛിക്കുന്ന വേളയില്‍ കോര്‍ണ്ണിയ , കണ്ണുനീര്‍ഗ്രന്ഥി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെ ബാധിക്കുകയും വൃണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് കാഴ്ച്ച ശക്തിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

ചെങ്കണ്ണ് പകരുരുന്നതെങ്ങനെ.

രോഗമുള്ളവരുമായുള്ള അടുത്തിടപെടലിലൂടെ ബന്ധപ്പെട്ടവരുടെ സ്രവങ്ങള്‍ പടരുന്നതു വഴി.

ചെറിയ ഇനം ഈച്ചകളിലൂടെ.

രോഗമുള്ളവര്‍ ഉപയോഗിച്ച ടൗവ്വലുകള്‍, സോപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ.

ചെങ്കണ്ണ് വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം.

ചെങ്കണ്ണുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ഇത് മറ്റുള്ളവര്‍ക്ക് രോഗം വരുന്നത് തടയാന്‍ വലിയ അളവില്‍ സഹായിക്കും.

രോഗി ഉപയോഗിച്ച ടവ്വലുകള്‍ , സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കണം.

ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.

രോഗി ഉപയോഗിക്കുന്ന തലയിണ, ബെഡ് ഷീറ്റ്, പുതപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കണം.

ചെങ്കണ്ണൂള്ളവര്‍ ഇടക്കിടെ കണ്ണില്‍ തൊടുന്നത് ഒഴിവാക്കണം.

ചെങ്കണ്ണും ചികിത്സയും

കണ്ണില്‍ ഒഴിക്കാന്‍ കഴിയുന്ന ആന്റി ബയോട്ടിക്ക് തുള്ളി മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. അസുഖം കൂടുതലാണെങ്കില്‍ കണ്ണിലെ പഴുപ്പിന്റെ സ്വഭാവത്തിനനുസൃതമായി ആന്റി ബയോട്ടിക്ക് ഉപയോഗിക്കേണ്ടി വരുന്നു. ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് ഇടയ്ക്കിടെ കണ്ണുകള്‍ കഴുകണം. തുടര്‍ച്ചയായി കണ്ണുകള്‍ കഴുകുന്നത് കണ്ണിന് രോഗപ്രതിരോധ ശേഷി പകര്‍ന്നു നല്‍കുന്നുവെങ്കിലും ഇതിലൂടെ ' ലൈസോസൈം' എന്ന എന്‍സൈം നശിച്ചു പോകുമെന്നതിനാല്‍ പ്രസ്തുത പ്രയോഗം പ്രോത്സാഹിപ്പിക്കപ്പെ ടേണ്ടതില്ല. വെളിച്ചത്തിലേക്കു നോക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുവെങ്കില്‍ കറുത്ത കണ്ണട ഉപയോഗിക്കാവുന്നതാണ്. ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിച്ച മരുന്നോ മുന്‍പ് ഉപയോഗിച്ചതിന്റെ ബാക്കിയോ ഉപയോഗിക്കരുത്. അതിലൂടെ രോഗം പകരാം.