Prasanth V Kalu

ഫ്രഞ്ച് പടയോട്ടം; '98 ആവര്‍ത്തിക്കുമോ ..

രണ്ടു ഭൂഖണ്ഡങ്ങളിലായി നടക്കുന്ന 2018 ലോകകപ്പ് ഫുട്‌ബോള്‍ റഷ്യയില്‍ ആരംഭിച്ചു കഴിഞ്ഞു. കളിയാരവങ്ങളുടെ 32 ദിനങ്ങള്‍ മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ തുടങ്ങി കഴിഞ്ഞു. ഇനി ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന ദിനങ്ങള്‍ ആയിരിക്കും. ആരായിരിക്കും ആ സുവര്‍ണ്ണ കിരീടം നേടുക. ലോകം ഉറങ്ങാതെ കാത്തിരിക്കുകയാണ്. ജൂലൈ 15 ലെ ആ ദിനത്തിനു വേണ്ടി. റഷ്യയിലെ 11 നഗരങ്ങളിലെ 12 കളിക്കളങ്ങളില്‍ ഇനി തീപാറുന്ന പോരാട്ടം. ഫുട്‌ബോള്‍ ജീവിതം തന്നെ ആണ് സന്തോഷവും ദു:ഖവും എല്ലാം ഇവിടെയുണ്ട്. വിജയി വിജയിമാത്രമാണ് പരാജയപ്പെട്ടവന്‍ പരാജയപ്പെട്ടവനു എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും ഫുട്‌ബോള്‍ തീര്‍പ്പു കല്‍പ്പിക്കുന്നു.ലോകമെമ്പാടുമുള്ള ഫ്രഞ്ച് ആരാധകര്‍ കാത്തിരിക്കുന്നത് 1998 ഇതിഹാസതാരം സിനദിന്‍ സിദാന്റെ ചിറകിലേറി സ്വന്തം മണ്ണിലുയര്‍ത്തിയ ലോകകപ്പ് കിരീടം 2018 ലും നേടാനാകുമോ എന്നാണ്. 15 ലോകകപ്പുകളില്‍ പങ്കാളികളായ അവര്‍ ഒരിക്കല്‍ മാത്രമാണ് ലോകകപ്പ് നേടിയത്. അന്ന് കപ്പുയര്‍ത്തിയ ദിദിയര്‍ ദെഷാംപ്‌സ് ആണ് ഇന്ന് അവരുടെ കോച്ച്. അന്നത്തെ ഫൈനലില്‍ ബ്രസീലിനെതിരെ സിദാന്റെ 2 ഗോളുകള്‍ ഇന്നു ആരാധകരുടെ മനസ്സിലുണ്ട്. അന്നത്തെ ലോകകപ്പിലാണ് ലോകത്തെ മുഴുവന്‍ ത്രസിപ്പിച്ച LA copa de la vida  എന്ന സ്പാനിഷ് ഗാനവുമായി റിക്കി മാര്‍ട്ടിന്‍ കടന്നു വരുന്നത്. ഇന്നും ആ ഗാനം നമ്മുടെ ഉള്ളില്‍ അലയടിക്കുന്നുണ്ട്. ഫ്രഞ്ച് ഇതിഹാസമായ മിഷേല്‍ പ്ലാറ്റീനിയുടെ പിന്‍മുറക്കാര്‍ കാത്തിരിക്കുകയാണ്. 20 വര്‍ഷത്തിനു ശേഷവും 2018 ല്‍ റഷ്യയില്‍ ലോകകപ്പ് നേടാനാകുമോ എന്ന്. 1984 ല്‍ യൂറോകപ്പും ആ വര്‍ഷം തന്നെ ബ്രസീലിനെ തോല്‍പ്പിച്ച് ഒളിമ്പിക്‌സ് സ്വര്‍ണ്ണവും അവര്‍ സ്വന്തമാക്കി. രണ്ടായിരത്തിലെ യൂറോകപ്പും ഫ്രാന്‍സിനായിരുന്നു.ലെസ് ബ്ലൂസ് എന്ന് വിളിപേരുള്ള അവര്‍ ഫിഫ റാങ്കിങ്ങില്‍ 7-ാം സ്ഥാനത്താണ്. ദിദിയറുടെ പരിശീലനം ഫ്രഞ്ച്പടയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ലോകകപ്പും യൂറോകപ്പുമുയര്‍ത്തിയ ദെഷാപ്‌സ് കഠിനാധ്വാനത്തോടെയും ബുദ്ധിപൂര്‍വ്വവുമായാണ് നീലപ്പടക്കുവേണ്ടി കാര്യങ്ങള്‍ നീക്കുന്നത്. പക്ഷേ അട്ടിമറികള്‍ എപ്പോഴും സംഭവിക്കാം. 2002 ലെ ലോകകപ്പിലെ മല്‍സരത്തില്‍ സെനഗല്‍ 1-0 ത്തിന് ഫ്രാന്‍സിനെ അട്ടിമറിച്ച് ആദ്യറൗണ്ടില്‍ പുറത്താക്കിയിരുന്നു. 2006 ലെ ലോകകപ്പിലെ പെനല്‍റ്റിയില്‍ ഇറ്റലിയോട് 5-3 ന് തോറ്റതും ആ മല്‍സരത്തില്‍ തന്നെ മാര്‍കോ മറ്റരാസിയെ തലകൊണ്ടിടിച്ച് ചുവപ്പു വാങ്ങി സിദാന്‍ പോയതും ഫ്രഞ്ച് ആരാധകര്‍ ഇന്നു നീറലോടെയാണു കാണുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നിന്നും ഫ്രാന്‍സ് ആദ്യറൗണ്ടില്‍ പുറത്തായി. 2014 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയോട് കാലിടറി. 2016 ലെ യൂറോകപ്പില്‍ 2-ാം സ്ഥാനം ഫ്രാന്‍സിനായിരുന്നു. അന്നവര്‍ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടു. ആ ടൂര്‍ണ്ണമെന്റിലെ മികച്ച താരമായ അന്റേറായിന്‍ ഗ്രീസ്മാന്‍ ആണ് ഇപ്പോഴത്തെ അവരുടെ മിന്നുംതാരം.പ്രതിഭകളുടെ ഒരു കൂട്ടത്തെ തന്നെയാണ് ഇപ്രാവശ്യം ഫ്രാന്‍സ് ലോകകപ്പിനിറക്കിയിരിക്കുന്നത്. വല കാക്കുന്നത് ഹ്യൂഗോ ലോറിസ,് ആക്രമണനിരയും മധ്യനിരയും പ്രതിരോധനിരയും ശക്തമാണ്. തിയറി ഹെന്‍ട്രിയുടെ പിന്‍മുറക്കാരനെന്നു വിശേഷിപ്പിക്കുന്ന പി.എസ്.ജിയുടെ താരം കൈലിയാന്‍ എംബാപ്പെ ദേശീയ ടീമില്‍ ഇടം തേടുന്ന പ്രായം കുറഞ്ഞ താരങ്ങളിലൊന്നാണ്. ഉസ്മാന്‍ ഡെംബലെയാണ് മറ്റൊരു താരം. പിന്നെ അവരുടെ കുന്തമുന അന്റേറായിന്‍ ഗ്രീസ്മാന്‍, റയല്‍ മാഡ്രിഡിന്റെ വരാനേ, മധ്യനിരയില്‍ നിന്ന് ശക്തനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോള്‍ പൊഗ്ബ ഇവരെല്ലാവരും ശക്തമായി ഒന്നിച്ചാല്‍ എതിരാളിയുടെ നെഞ്ചിടിക്കും. കരിം ബെന്‍സിമയെ ഇപ്രാവശ്യം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യൂറോപ്പിലെ മിക്ക ക്ലബ്ബുകളിലെയും മിന്നും താരങ്ങള്‍ ഇപ്രാവശ്യം ഫ്രാന്‍സിനു വേണ്ടി അണിനിരക്കുന്നുണ്ട്. അവരുടെ ഡിഫന്‍സ് മറ്റാരെക്കാളും മികച്ചതാണ്.ആസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ ആണ് ഫ്രാന്‍സ് ഉള്ളത്. ജൂണ്‍ 16 ലെ ആദ്യകളിയില്‍ ഫ്രാന്‍സ് 2-1 ന് ഓസ്‌ട്രേലിയയെ കീഴടക്കി. വീഡിയോ സഹായ സംവിധാനം (വാര്‍) ഉപയോഗിച്ച് അനുവദിച്ച ലോകകപ്പിലെ ആദ്യ പെനല്‍റ്റി ചരിത്ര ഗോളാക്കി അന്റേറായിന്‍ ഗ്രീസ്മാന്‍. രണ്ടാമത്തെ ഗോള്‍ മിഡ് ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ കാലില്‍ നിന്നായിരുന്നു. മല്‍സരം സമനില പിടിക്കുമെന്ന അവസരത്തിലാണ് ഈ ഗോള്‍ വീണത്.ഓസ്‌ട്രേലിയക്കു വേണ്ടി പെനല്‍റ്റി കിക്കിലൂടെ മിലെ ജെഡിനാക്ക് ഒരു ഗോള്‍ നേടി. ചാമ്പ്യന്‍മാരാകാന്‍ കച്ച കെട്ടിയിറങ്ങിയ ഫ്രാന്‍സിന് ഇനിയും നന്നായി കളിക്കേണ്ടിയിരിക്കുന്നു. ഒത്തിണക്കം കൂടുതല്‍ അടുത്ത കളിയില്‍ വേണം. ഇനി അവര്‍ക്ക് അടുത്ത കളി പെറുവും ഡെന്‍മാര്‍ക്കും തമ്മിലാണ്. യുറുഗ്വയില്‍ നിന്ന് ലോകകപ്പ് റഷ്യയിലെത്തുമ്പോള്‍ 1998 ല്‍ ഉയര്‍ത്തിയ ലോകകപ്പ് 20 വര്‍ഷങ്ങള്‍ക്കുശേഷം 2018 ല്‍ വീണ്ടും ഉയര്‍ത്താനാകുമോ എന്നാണ് ഫ്രഞ്ച് ആരാധകര്‍ കാത്തിരിക്കുന്നത്.