K P Beena

സായാഹ്നം

ചേര്‍ത്ത് നിര്‍ത്താം നമുക്കമ്മയെ

ചേര്‍ത്ത് നിര്‍ത്താം നമുക്കച്ഛനെ

മുത്തശ്ശിയെയും മുത്തശ്ശനെയും

രക്ഷിതാവായ് നമ്മെ ചേര്‍ന്ന് നിന്നോരെയും

തണലാവാം കുളിരാവാം

ഒരു നല്ല വാക്കാകാം

ഒന്നുമേകാന്‍ കഴിഞ്ഞില്ലയെങ്കിലും

മനം കുളിര്‍ക്കുമൊരു ചെറുപുഞ്ചിരിയേകാ

മവര്‍ തന്‍ മനം തളിര്‍ക്കും


നാളെയാവാനിനി

നാഴികകള്‍ മാത്രം

നമ്മളും പിന്നെ വയോജനമാവും

ഒരു കരസ്പര്‍ശം കൊതിക്കും

ഒരു തലോടല്‍ കാത്ത് നില്‍ക്കും

കിതപ്പോടെ പാഞ്ഞ

ഘടികാര സൂചി

നിശ്ചലമായെന്ന് തോന്നും

അറിയാതെ നമ്മള്‍ തിരിഞ്ഞ് നോക്കുന്നേരം

കണ്‍പാര്‍ത്ത് കണ്‍പാര്‍ത്ത്

കണ്ണീര്‍ പൊഴിച്ച

മുഖമൊക്കെ നാമോര്‍ത്തെടുക്കും

ഒരു വേള ഘടികാര സൂചിയൊന്ന്

പിന്തിരിഞ്ഞെങ്കിലെന്നോര്‍ക്കും

ഒന്ന് പിന്തിരിഞ്ഞെങ്കിലെന്നോര്‍ക്കും

വറ്റിവരണ്ട മിഴിക്കോണിലന്നും

ഒരു തുള്ളി കണ്ണീര്‍ പിടയും

വെറുതെ ഒരു തുള്ളി കണ്ണീര്‍ പൊഴിയും