Padmakumar Parameswaran

നിയോഗം 
ഏഴു മണിക്കാണ്

അമ്മ വിളിക്കാറ്

എഴുന്നേറ്റോ ..?

ഇല്ല .

ഇന്നലെ താമസിച്ചുവോ?

ഉവ്വ് .

ഇതിനപ്പുറം ഒരിയ്ക്കലും

ഏഴുമണിവിളികള്‍

നീണ്ടുപോകാറില്ല.

എന്നാല്‍ കിടന്നോളൂ

എന്ന് പറഞ്ഞ്

കോള്‍കട്ടുചെയ്യുമ്പോള്‍

കേള്‍ക്കാതെ കേള്‍ക്കുന്ന

ഒരു ദീര്‍ഘനിശ്വാസമുണ്ട് .

ആ നിശ്വാസത്തിന്റെ

പുതപ്പിനുള്ളിലാണ്

ഞാന്‍ എട്ടുമണിവരെ

ഉറങ്ങാറുള്ളത്.

എട്ടുമണിക്ക് നീ വിളിക്കും

ഉണര്‍ന്നില്ലേ എന്ന് ചോദിക്കും

രാത്രി എപ്പോഴുറങ്ങി എന്ന്;

എന്തുചെയ്യുകയായിരുന്നു എന്ന്

ചോദ്യം ചെയ്യും.

പത്തുമണിക്കാണ്

അച്ഛന്‍ വിളിക്കാറ്

അന്നന്നത്തെ വാര്‍ത്തകളെക്കുറിച്ച്

സംസാരിക്കും .

ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ച്

മിണ്ടിത്തീര്‍ക്കും.

പെങ്ങളുടെ വിളികള്‍ക്ക്

സമയനിഷ്ഠയേതുമില്ല.

ആധിയുടെ ഭാണ്ഡം

കെട്ടഴിച്ചുകുടഞ്ഞിടാന്‍

അവള്‍ക്ക് ഞാനല്ലേയുള്ളൂ.

എല്ലാ വിളികളും

പരസ്പരം പൂരിപ്പിക്കുന്ന

ഓരോതരം ആശ്വാസങ്ങളാണ്.

ഒരുനാളില്‍ രാവിലെ

മറുപടി ഇല്ലാതാകുമ്പോള്‍

അമ്മ കരുതും

ഞാന്‍ ടോയ്‌ലെറ്റിലാണെന്ന്

വീണ്ടും വിളിച്ചമ്മ കരുതും

ഞാന്‍ കുളിക്കുകയാണെന്ന്

അമ്മയല്ലേ…

പിന്നെയും വിളിക്കും.

എന്നിട്ടോര്‍ക്കും തിരക്കുകാരണം

ഞാന്‍ മിണ്ടാത്തതാണെന്ന്‌.

‘അമ്മ ചിലപ്പോള്‍അച്ഛനോട്

പറഞ്ഞേക്കാം .

അച്ഛനും വിളിക്കും.

കിട്ടാതാകുമ്പോള്‍ ഒന്ന് വിറയ്ക്കും.

നിറഞ്ഞ പരിഭവങ്ങള്‍

തുറക്കാനുറച്ച് പെങ്ങള്‍വിളിച്ചിട്ട്

അമ്മയോടുപറയും,

അവന്‍ സിനിമയോ

നാടകമോ കാണുകയായിരിക്കും.

രണ്ടാംനാള്‍രാവിലെ

അമ്മ വിളിക്കുമ്പോഴാണ്

ഫോണ്‍ സ്വിച്ചോഫ്

ആണെന്നറിയുക.

അച്ഛനും പെങ്ങളും

വിളിക്കുമ്പോഴും സ്വിച്ചോഫാണ്.

അമ്മയുമച്ഛനും പെങ്ങളും

നീയുമല്ലാതെ

മറ്റാരും വിളിക്കാത്തതുകൊണ്ട്

ഫോണും ഞാനും

നിലച്ചുവെന്നത്

ആരുമറിയുന്നില്ലല്ലോ .

നിനക്കറിയാം. പക്ഷേ,

ഇന്നലത്തെ എട്ടുമണിയുടെ വിളി

അറ്റന്‍ഡ് ചെയ്യാത്തപ്പോള്‍തന്നെ

നീ പിണങ്ങിപ്പോയല്ലോ…