Prajil Aman

എന്റെ ഉന്മാദങ്ങളുടെ സഹായാത്രികക്ക്
പിരിയന്‍ ഗോവണി

കയറുന്നിടയിലെ

കിരു കിരാ ശബ്ദത്തെ

ബിതോവന്റെ സിംഫണിയില്‍

ചേര്‍ത്തു വെക്കുന്നവള്‍ക്ക്

 

എന്നോടൊട്ടിക്കിടന്നു

മച്ചില്‍ പതിച്ചു വച്ച

ആകാശത്തെ കാണുമ്പോഴൊക്കെ ,

വലതു വശത്ത് മിന്നി നില്‍ക്കുന്ന നക്ഷത്രത്തിന്

എന്റെ പേരിടണമെന്ന്

അടക്കം പറഞ്ഞവ്ള്‍ക്ക്

 

കടലിരമ്പങ്ങളെ

കട്ടെടുത്തു കൊണ്ടുവന്നില്ലെന്നു പറഞ്ഞു ,

ഇനിയും കണ്ടെത്തിയിട്ടിലാത്ത

സ്നേഹങ്ങളുടെ ദ്വീപുകളില്‍

പരിഭവങ്ങളെ

ഒളിച്ചു വെക്കുന്നവള്‍ക്ക്

 

രാത്രിയാണോ ? പകലാണോ ?

എന്ന് ചോദിക്കുമ്പോള്‍

'നിന്റെ കൂടെയാണെന്ന് ' മാത്രം

മറുപടി പറയുന്ന ,

ചിരിക്കുന്ന കണ്ണുകളുള്ള

എന്റെ ഉന്മാദങ്ങളുടെ സഹയാത്രികക്ക് .