സാംസ്കാരിക ദേശീയതയുടെ ഡി എൻ എ യാണ് ഹിന്ദുത്വ. ഹിന്ദു മതത്തിന്റെ രാഷ്ട്രീയവത്കൃത രൂപമാണ് ഹിന്ദുത്വ. അതിന് മതം എന്ന നിലയിലോ വിശ്വാസികളെന്ന നിലയിലോ ഹിന്ദുക്കളുമായി വിശേഷബന്ധമില്ല. ഹിന്ദുത്വ എന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുൻനിർത്തി സംഘപരിവാരം രൂപകൽപ്പന ചെയ്ത വിദ്വേഷ പദ്ധതിയാണ്. ആർ എസ് എസ്സിന്റെ പ്രത്യയശാസ്ത്ര സംഹിത വിചാരധാര അനുശാസിക്കുന്ന ' ഇന്ത്യയുടെ ആന്തരിക ശത്രുക്കളായ മുസ്ലിങ്ങൾ, കൃസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ' എന്നിവർക്കെതിരായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വേട്ടയാണത്. സാമൂഹിക ജീവിതത്തിന്റെ സമഗ്രതയായ സംസ്കാരത്തിൽ ഇടപെട്ടുകൊണ്ടും അതിന്റെ ബഹുസ്വരതയ്ക്കുമേൽ അധീശത്വം സ്ഥാപിച്ചുകൊണ്ടുമാണ് ഹിന്ദുത്വ സനാതനത്വമടക്കമുള്ളവകളിലൂടെ ' ധർമ്മസ്ഥാപനം' സാധ്യമാക്കുന്നത്. സംസ്കാരം സ്വാഭാവികമായും ആശയങ്ങൾ തമ്മിലുള്ള തർക്കങ്ങളുടേയും സംഘട്ടനങ്ങളുടേയും വേദിയാണ്.
സർഗ്ഗാത്മകതയുടെ ലക്ഷ്യം
സംസ്കാരത്തെ അതിന്റെ ബഹുസ്വരതയെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് മാനവികതയിൽ വിശ്വാസമർപ്പിക്കുന്നവരുടെ പ്രാഥമികവും ആത്യന്തികവുമായ കടമ. കല, സാഹിത്യം, സിനിമ തുടങ്ങിയവയുടെ ആവിഷ്ക്കാരങ്ങളോ പ്രകടനങ്ങളോ എല്ലാം ഏതുനിലയിലും സമൂഹത്തിന്റെ പുരോഗതിക്ക് അനുഗുണമാകണം. അത് മനുഷ്യനെ വെറുപ്പിൽ നിന്നെന്നപോലെ വിദ്വേഷങ്ങളിൽ നിന്നും നിർമ്മലീകരിക്കണം. നവോത്ഥാന, ദേശീയ സ്വാതന്ത്ര്യ സമര, കർഷ - തൊഴിലാളി സമരങ്ങളിലൂടെ രൂപപ്പെട്ട നവകേരളവും അതിന്റെ സംസ്കാരവും വർഗ്ഗീയതക്കും ജാതീയതക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരായ വർഗ്ഗഭാവുകത്വത്തിന്റെ അടയാളപ്പെടലാണ്. ' നവോത്ഥാനം, ജനാധിപത്യവത്ക്കരണം' എന്നിവകളിലൂടെ ആർജ്ജിച്ച മികവുകളെല്ലാം കവർന്നെടുത്ത് കേരളത്തെ ചാതുർവർണ്യകാലത്തിലേക്ക് പിന്നാക്കം നടത്താൻ സാംസ്കാരിക ദേശീയതയിലൂടെ ഹിന്ദുത്വ രാഷ്ട്രീയം നടത്തുന്ന ഇടവേളകളില്ലാത്ത ശ്രമങ്ങളെ ജാഗ്രതയോടെയാണ് നോക്കിക്കാണേണ്ടത്.

സംസ്കാര ഭാരതി.
അഖിലേന്ത്യാ തലത്തിലെ സാംസ്കാരിക ഇടപെടലുകൾ ഏകോപിപ്പിക്കുന്ന ആർ എസ് എസ് സംഘടന സംസ്കാര ഭാരതിയുടെ കേരളീയ എഡിഷനാണ് തപസ്യ കലാസാഹിത്യ വേദി.'ഭാരതീയ സംസ്കൃതിയുടെ ചൈതന്യദർശനം' എന്ന ഉപശീർഷകത്തിൽ സംസ്കാരത്തെ ഹിന്ദുത്വവത്ക്കരിക്കുന്നതിനുള്ള ഹിന്ദുത്വ പ്രൊപ്പഗണ്ട എന്ന നിലയിലാണ് കേരളീയ സാംസ്കാരിക മണ്ഡലത്തിൽ അപ്രസക്തമായ ചില ഇടപെടലുകളിലൂടെ തപസ്യ ഇടം പിടിക്കാൻ ശ്രമിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ഒരു വർഷക്കാലത്തെ സുവർണ്ണോത്സവ ആഘോഷങ്ങളുടെ ഉദ്‌ഘാടനം 2025 ഫെബ്രുവരി 04 ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ നിർവ്വഹിച്ചത് ഉദ്‌ഘാടനം ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭഗവത് അല്ലാതെ മറ്റാരുമല്ല. 'വസുധൈവ കുടുംബകം’ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാൻ സാഹിത്യകാരന്മാർക്ക് സാധിക്കു' മെന്നാണ് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞുവെച്ചത്. ആർ എസ് എസ്സിന്റെ വസുധൈവ കുടുംബകത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ആർ എസ് എസ്സിന്റെ രണ്ടാം സർസംഘ് ചാലക്ക് മാധവ സദാശിവ ഗോൾവൾക്കർ കുപ്രസിദ്ധമായ വിചാരധാരയിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്വാഗത ' സംഘം '.
തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണോത്സവ ആഘോഷ സ്വാഗത സംഘം സംബന്ധിച്ച് 2024 ഡിസംബർ 24 ന് ജന്മഭൂമി ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ഗായിക കെ എസ് ചിത്ര മുഖ്യരക്ഷാധികാരിയും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനുമാണ്. ടി. പത്മനാഭന്‍, ഡോ. എം. ലീലാവതി എന്നിവരും സ്വാഗത സംഘത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തെ പിന്നിൽ നിന്നും കുത്തിയ ചരിത്രം മാത്രമുള്ള ആർ എസ് എസ് അതിന്റെ പ്രൊപ്പഗണ്ടാ ടൂളായ തപസ്യ കലാസാഹിത്യ വേദിയിലൂടെ കേരളീയ മതനിരപേക്ഷ മണ്ഡലത്തെ ദുർബലപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടപ്പിലാക്കുവാൻ തയ്യാറെടുക്കുന്നതിന്റെ പ്രത്യക്ഷ സൂചനകളാണ് മോഹൻ ഭഗവതിന്റെ ' സുവർണ്ണോത്സവ പ്രസംഗവും അനുബന്ധ ഇടപെടലുകളും. പൊതുഇടങ്ങളെ ദുർബലപ്പെടുത്തുന്നതിനുള്ള ആർ എസ് എസ് നീക്കങ്ങളെ സർഗ്ഗാത്മകതയിലൂടെ പ്രതിരോധിച്ച മലയാളിയുടെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്വാധീനമായ സർഗ്ഗധനരെ സ്വാഗത സംഘം എന്ന പേരിൽ ' സംഘ ' മാക്കൻ ശ്രമിക്കുന്നത്ബിആർ എസ് എസ്സിന്റെ രാഷ്ട്രീയരൂപമായ ബി ജെ പി യുടെ മിസ്ഡ് കോൾ അംഗത്വം പോലെ പരിഹാസ്യമെന്നതിൽ സംശയമില്ല. മതനിരപേക്ഷ കേരളം സ്നേഹാദരങ്ങളോടെ ചേർത്തുപിടിക്കുന്ന ധൈഷണിക സമ്പത്തിനെ കവർന്നെടുക്കുന്നതിനുള്ള ആർ എസ് എസ് ഗൂഢപദ്ധതികൾക്കെതിരെ സാംസ്കാരിക രാഷ്ട്രീയത്തിലൂന്നിയ ഉയർന്ന ജാഗ്രത ആവശ്യമുണ്ട്. പുരോഗമന കലാസാഹിത്യ സംഘം അടക്കമുള്ള സാംസ്കാരിക പ്രസ്ഥാനങ്ങൾ ഫ്യൂഡൽ മൂല്യ വ്യവസ്ഥയേയും അതിൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങളേയും മാറ്റി മറിക്കാൻ ഇതപര്യന്തം നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ്. ബി ജെ പി ആർ എസ് എസ് യൂണിയൻ സർക്കാരിന്റെ 2025 കാലയളവിലെ ബഡ്ജറ്റും അത് കേരളത്തോട് വെച്ചുപുലർത്തുന്ന വിവേചനപരമായ ശത്രുതയിലും പ്രതിഷേധിച്ച് ടി പത്മനാഭൻ നടത്തിയ പ്രതികരണം കക്ഷിരാഷ്ട്രീയത്തിനപ്പുറം കേരളീയ സമൂഹം ചർച്ചയ്ക്കു വിധേയമാക്കി. കേരളീയ സമൂഹം നേരിടുന്ന മൂർത്തമായ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളോടോന്നും പ്രതികരിക്കാതെ സംഘപരിവാരത്തിന്റെ വെറുപ്പിനും വിദ്വേഷത്തിനുമൊപ്പം അനുയാത്ര ചെയ്തും പരിപോഷിപ്പിച്ചും നിലകൊള്ളുന്ന യൂണിയൻ സർക്കാർ ഭരണവിലാസം കലാവേദിയുടെ പൊറാട്ടുനാടകങ്ങൾ വെറും അൽപ്പായുസ്സുക്കളാണ്.
തള്ളിപ്പറയുമല്ലോ.
സംഘപരിവാരത്തിന്റെ ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്‌ണനെ അപഹസിച്ച് ബി ജെ പി ആർ എസ് എസ് വക്താവ് ബി ഗോപാലകൃഷ്ണൻ നടത്തിയ ഭീഷണിയോളം പോന്ന പരിഹാസങ്ങൾ കേരളം മറന്നിട്ടില്ല.
' ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂരിന് പേരുമാറ്റി അന്യഗ്രഹങ്ങളിലേക്ക് ജീവിക്കാനായ് പോകുന്നതാണ് നല്ലതെന്നും ജയ് ശ്രീറാം എന്നു കേൾക്കാനാകുന്നില്ലെങ്കിൽ ചന്ദ്രനിലേക്ക് പോകാം എന്നുമാണ് ബി ഗോപാലകൃഷ്ണൻ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. ഒറ്റക്കെട്ടായാണ് കേരളം അടൂരിരിനു പിന്തുണയുമായി രംഗത്തെത്തിയത്.
' പുതിയ ബജറ്റ് കണ്ടു. എനിക്കിപ്പോള്‍ ഒരു സംശയം കേരളം ഇന്ത്യയിലാണോ'
ടി പത്മനാഭൻ
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക തുടങ്ങിയ നിലകളിൽ എം ലീലാവതിയും പിന്നണിഗായിക എന്ന നിലയിൽ കെ എസ് ചിത്രയും മലയാളിയുടെ സർഗ്ഗാത്മകതയെ രൂപപ്പെടുത്തിയത് വിഭാഗീയമല്ല. അതിന്റെ സാർവ്വമലയാളികതയെ കേവലമൊരു സ്വാഗത 'സംഘത്തി'ന് കവരാനാകുന്നതുമല്ല. സ്വാഗത ' സംഘ ' ത്തിൽ സൂചിതരുടെ പേരു ചേർത്തുവെച്ചത് തങ്ങളുടെ അറിവോടെ ആകാനിടയില്ല എന്നുറച്ചു വിശ്വസിക്കുന്ന 'മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുകയും ജീവിതമൂല്യങ്ങളിൽ ഉറച്ചുവിശ്വസിക്കുകയും' ചെയ്യുന്ന മലയാളിയാണ് കേരളത്തിന്റെ സമ്പത്ത്; അവരാണ് ഭൂരിപക്ഷവും. അനുവാദമില്ലാതെ പേരുകൾ ഉപയോഗിക്കുന്നവരെ തള്ളിപ്പറയുകയെന്നത് സാമാന്യ നീതിയാണ്; കടമയും.