Jigish K

അഞ്ചു സൌന്ദര്യങ്ങള്‍

ചരിത്രം ഓര്‍മ്മയാണ്. ഒരു ജനതയ്ക്കു മുഴുവന്‍ വഴിവിളക്കായിത്തീരേണ്ട ഓര്‍മ്മകളുടെ സമാഹാരം. പക്ഷേ, വര്‍ത്തമാനത്തിന്റെ ഭ്രമങ്ങളില്‍ മുഴുകിയ നമുക്കിപ്പോള്‍ ഓര്‍മ്മകള്‍ അമിതഭാരമാണ്. മറവിയാണു സുഖകരം. ഓര്‍മ്മ നഷ്ടപ്പെട്ട അഥവാ ചരിത്രബോധമില്ലാത്ത ഒരു സമൂഹത്തിന്, ഭാവിയിലേക്ക് തെറ്റില്ലാത്ത ഒരു ചുവടുപോലും വെയ്ക്കാനാവുമോ എന്ന കാര്യം സംശയമാണ്.

ഇന്ത്യന്‍ സിനിമ നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിന്നിട്ട നൂറു വര്‍ഷങ്ങള്‍ , ധൈര്യസമേതം ലോകത്തിനു മുന്‍ പില്‍ വെക്കാവുന്ന എത്ര സിനിമകള്‍ നമുക്കുതന്നു എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്. മറുപടിയ്ക്കായി വിരലുകള്‍ അധികം മടക്കേണ്ടിവരില്ല. നേരനുഭവത്തിന്റെ, ചരിത്രബോധത്തിന്റെ, ലോകവീക്ഷണത്തിന്റെ പരിമിതികള്‍ ന്യായമായും നമ്മുടെ കലയെയും തളര്‍ത്തിയിട്ടുണ്ട്. ‘പഥേര്‍ പാഞ്ചലി‘ക്കപ്പുറത്തേക്ക് ഇന്ത്യയുടെ ദൃശ്യഭാഷ വളര്‍ന്നിട്ടുണ്ടോ എന്ന സംശയം സിനിമക്കാര്‍ക്കിടയില്‍ത്തന്നെ പ്രബലമാണ്.

ഈ ഘട്ടത്തിലാണ്, സിനിമയെ ഗാഢമായി പ്രണയിക്കുന്ന അഞ്ചു യുവാക്കള്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പിറന്നാള്‍ സമ്മാനവുമായി വരുന്നത്. ‘അഞ്ചുസുന്ദരികള്‍ ’ എന്നാണ് സിനിമയുടെ പേരെങ്കിലും പ്രണയനൂലില്‍ കോര്‍ത്തെടുത്ത അഞ്ചു ചെറുചിത്രങ്ങളുടെ പാക്കേജാണിത്. സവിശേഷമായ ഒരു ചരിത്രസന്ദര്‍ഭത്തോടുള്ള നീതിപുലര്‍ത്തല്‍ മാത്രമല്ല; ഭാഷയിലും ഭാവത്തിലും തികച്ചും വ്യത്യസ്തരായ അഞ്ചു സ്ത്രീകളുടെ ആത്മാവിഷ്കാരം കൂടിയാണിത്. സ്ത്രീയുടെ സ്വത്വം ഓരോ നിമിഷവും ചരക്കുവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പുരുഷന്മാരേറ്റെടുത്ത ഈ സ്ത്രീ-പ്രകാശനങ്ങള്‍ക്ക് സവിശേഷമായ പ്രസക്തിയുണ്ട്. കണ്ടിരിക്കെ, ജീവിതം ജീവിതമെന്ന് പലപ്പോഴും ഹൃദയം മന്ത്രിച്ചു. ചില നേരങ്ങളില്‍, സ്ക്രീനിലേക്കു നോക്കാനാവാതെ മനസ്സുലഞ്ഞു. മനസ്സറിയാതെ കണ്ണുകള്‍ നിറഞ്ഞു. ചുരുക്കത്തില്‍, അഞ്ചുസുന്ദരികളും ചേര്ന്ന് ഒന്നുരണ്ടു രാത്രികളുടെ ഉറക്കം കെടുത്തിക്കളഞ്ഞു.

പരസ്പരം മത്സരിക്കുന്ന അഞ്ചുസുന്ദരികളാവുമ്പോള്‍ , മനസ്സിനെ കീഴടക്കിയതിന്റെ ക്രമത്തില്‍ പറയുന്നതാവും ഉചിതം.

ആമി

ഒരു രക്ഷയുമില്ലാത്ത പ്രണയത്തിന്റെ ഊഷ്മളതയാണിവള്‍ . കലയിലും ക്രാഫ്റ്റിലും അതിസുന്ദരമായി രൂപകല്പന ചെയ്ത ഈ റോഡ്മൂവീ, പരസ്പരപ്രണയത്തിന്റെ ചൂരും ചൂടും ആവിഷ്കരിക്കുന്നതിനൊപ്പം രാത്രി പുലരുവോളം ഈ പാരസ്പര്യം ഒരു മനുഷ്യനെ പിന്തുടരുന്നതും തീരുമാനിക്കുന്നതും കാട്ടിത്തരുന്നു. പലവിധത്തിലുള്ള സങ്കീര്‍ണ്ണതകളില്‍ പുലരുന്ന അജ്മലെന്ന ബിസ്സിനസ്സുകാരന്റെ കാര്‍യാത്രയാണ് സിനിമയില്‍ നാം കാണുന്ന ഒരേയൊരു വിഷ്വല്‍. എന്നാല്‍, അതു മാത്രമാണോ.? അല്ല. യാത്രയ്ക്കിടയിലെ വലുതും ചെറുതുമായ സംഭവങ്ങള്‍ മനുഷ്യജീവിതത്തിന്റെ മുഴുവന്‍ സന്ദിഗ്ദ്ധതകളും വിദഗ്ദ്ധമായി പ്രേക്ഷകനിലേയ്ക്കു പകരുന്നു. ആമിയെന്ന സ്ത്രീയെ അവസാനത്തെ ഒരേയൊരു ഷോട്ടിലേ നമ്മള്‍ കാണുന്നുള്ളു. പക്ഷേ, ദേശത്തനിമയൂറുന്ന മധുരശബ്ദത്തിലൂടെ സിനിമയിലുടനീളം അവളെ കാണാതെ കാണുന്നു. ആ പ്രണയം അനുഭവിക്കുന്നു. അന്തര്‍ദ്ദേശീയനിലവാരമുള്ള ഇത്ര സുന്ദരമായ ഒരു നറേറ്റീവ് മലയാളസിനിമയില്‍ വളരെ അപൂര്‍വമത്രേ. ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാളിള്‍ ലോകത്തിനു സമര്‍പ്പിക്കാന്‍ പറ്റിയ സിനിമ തന്നെ. തിരക്കഥ, ദൃശ്യം, ശബ്ദം എന്നീ ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിച്ച ഒരു സംവിധായകന്റെ ചിത്രം. അന്‍വര്‍ റഷീദിന്റെ അഭിമാനചിത്രം.

സേതുലക്ഷ്മി

ഇവര്‍ ആരും തോറ്റുപോവുന്ന പ്രണയത്തിന്റെ നിഷ്കളങ്കതയാണ്. പത്തുവര്‍ഷം മുന്‍പ് എം. മുകുന്ദനെഴുതിയ ഫോട്ടോ എന്ന കഥയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വന്നവള്‍ . ആസുരമായ രതിയുടെയും ആസക്തികളുടെയും കാലത്ത് ഏതൊരു വേട്ടക്കാരനെയും വിരക്തനാക്കാന്‍ പോന്ന ഒരു പുഞ്ചിരി. സിനിമയുടെ മുഴുവന്‍ സൌന്ദര്യവും ആവാഹിക്കുന്ന ആ മുഖം തന്നെ ഒരു സിനിമയാണ്. അനിക എന്ന ബാലതാരത്തിന്റെ അന്യായ ഭാവപ്രകടനങ്ങള്‍ സേതുലക്ഷ്മിയെ പ്രേക്ഷകന്റെ അരുമയാക്കി മാറ്റുന്നു. നിസ്സഹായയായ ഇരയുടെ വിവരണാതീതമായ നോട്ടങ്ങള്‍ക്ക്, നീര്‍നിറഞ്ഞ ആ കണ്ണുകള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ നിങ്ങളെ പിന്തുടരാന്‍പോന്ന കരുത്തുണ്ട്.

ഷൈജു ഖാലിദെന്ന സിനിമറ്റോഗ്രാഫറുടെ ആദ്യസംരംഭമെന്ന നിലയില്‍, ഈ സിനിമ ഒരു സംവിധായകന്റെ ഉദയം കുറിക്കുന്നു. ബാലപീഡനമെന്ന പ്രമേയത്തില്‍ പുറത്തുവന്ന ഏറ്റവും നല്ല ഒരാവിഷ്കാരമാണിത്. കഥാകൃത്തിന് ഈ സിനിമ ഏറെ ഇഷ്ടമായതില്‍ അത്ഭുതമില്ല. വരമൊഴിയെ വെല്ലുന്ന വിഷ്വലും ശില്പവും തന്നെ. അല്പം തെറ്റിയാല്‍, ഇരയുടേതില്‍ നിന്നു വേട്ടക്കാരന്റെ വീക്ഷണത്തിലേയ്ക്ക് പ്രേക്ഷകമനസ്സ് മാറിപ്പോകാനിടയുള്ള രംഗങ്ങളുണ്ട്. അവിടെയെല്ലാം, ദൈവത്തിന്റെ കരവിരുതോടെ ഷൈജു പ്രവര്‍ത്തിക്കുന്നു. ഇരയോടുള്ള സഹാനുഭൂതിയും വേട്ടക്കാരനോടുള്ള വിരോധവും സൃഷ്ടിക്കുന്നു. ഈ സിനിമ ഭോഗാന്ധതയിര്‍ മുങ്ങിയ നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള ഒരു വിഷ്വര്‍ പ്രസ്താവം കൂടിയാണ്. ഏതിരുട്ടില്‍ നിന്നും വിശ്വമാനവികത വളര്‍ത്തിയെടുക്കാനാവുമെന്നതിന്റെ ഒരുത്തമദൃഷ്ടാന്തവും.

കുള്ളന്റെ ഭാര്യ

സ്വന്തമായി ഒരു പേരുപോലുമില്ലാത്ത ഇവള്‍ മരണത്തിലും കെടാത്ത പ്രണയത്തിന്റെ സൌന്ദര്യമാണ്. അപ്പാര്‍ട്ട്മെന്റിലെ വാടകമുറിയില്‍ താമസത്തിനെത്തുന്ന കുള്ളനും സുന്ദരിയായ ഭാര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെങ്കിലും നാഗരികസമൂഹത്തിന്റെ മുഖമുദ്രയായ ഒളിഞ്ഞുനോട്ടവും പരദൂഷണവുമാണ് സിനിമയുടെ ശരിക്കുള്ള പ്രമേയപരിസരം. പരപീഡനത്തോളം നീളുന്ന ഈ സദാചാരനാട്യങ്ങള്‍ പരിഷ്കൃതരെന്നഭിമാനിക്കുന്ന നമ്മുടെ മുഴുവന്‍ കള്ളത്തരവും സംസ്കാരശൂന്യതയും തുറന്നുകാട്ടുന്നുണ്ട്. ഒടുവില്‍ , തികച്ചും അപ്രതീക്ഷിതമായി മരണമെന്ന കോമാളി രംഗത്തെത്തുകയും തീവ്രവിഷാദത്തിന്റെ മഴയില്‍ എല്ലാവരെയും നനയ്ക്കുകയും ചെയ്യുന്നു. നിറഞ്ഞുപെയ്യുന്ന കണ്ണീര്‍ മഴയില്‍ ഉയര്‍ത്തിപ്പിടിച്ച കുടയുമായി കുള്ളന്‍ നടന്നുപോകുമ്പോള്‍ , വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന്റെ ഒരു വിലാപം നമ്മുടെയുള്ളിലും അണപൊട്ടുന്നു. ഒരു ശക്തിയ്ക്കും നികത്താനാവാത്ത, നിറയ്ക്കാനാവാത്ത ചില ശൂന്യതകളെപ്പറ്റി നാം ഓര്‍ത്തുപോവുന്നു.

താല്‍ക്കാലികമായി വീല്‍ച്ചെയറില്‍ തളയ്ക്കപ്പെട്ട ഒരാളുടെ ജാലകക്കാഴ്ചകള്‍ , ഹൊറര്‍ മാന്ത്രികന്‍ ഹിച്ച് കോക്കിന്റെ Rear Window-യില്‍ കണ്ടതാണെങ്കിലും, സ്ഥലവും കാലവും മാറുമ്പോഴുള്ള കാഴ്ചയുടെ വ്യത്യസ്തത സിനിമയെ നല്ലൊരു പരീക്ഷണമാക്കുന്നുണ്ട്. സംവിധായകനെന്ന നിലയില്‍ അമല്‍ നീരദിന്റെ ഏറ്റവും മികച്ച സിനിമയും ഇതുതന്നെ.

ഇഷ

പുരുഷനെ വെല്ലുന്ന പുതിയ കാലത്തിന്റെ പ്രലോഭനമായ ഇവള്‍ , കാലത്തിനു മുന്‍പേ പറക്കുന്ന പക്ഷി. പ്രണയത്തിന്റെ പാരമ്യമെങ്കിലും സമീപനത്തില്‍ കള്ളനു കഞ്ഞി വെച്ചവള്‍ പുരുഷനു മുന്‍പില്‍ തോല്‍ക്കാനിഷ്ടമല്ലാത്ത പുതിയ പെണ്ണ്. അവന്റെ കല്‍പ്പനകള്‍ക്കായി കാത്തിരിക്കുന്ന നാടന്‍ പെണ്‍കൊടിമാരുടെ സങ്കല്‍പ്പങ്ങളില്‍ പ്പോലും കടന്നുവരാനിടയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സ്.

പുതുവര്‍ഷരാത്രിയില്‍ , ഒരേലക്ഷ്യവുമായി ഒരു വീട്ടിലെത്തുന്ന ഇഷയും ജിനുവുമാണ് സിനിമയില്‍ . സിരകളെ ചൂടാക്കുന്ന പ്രണയത്തിലും ആരെയും ത്രസിപ്പിക്കുന്ന ക്രാഫ്റ്റിലും ചടുലമായ പരിചരണത്തിലും വിസ്മയിപ്പിക്കുന്ന സസ് പെന്‍സിലുമാണ് സമീര്‍ താഹിറിന്റെ ഊന്നല്‍ . ചാപ്പാകുരിശിന്റെ സംവിധായകനില്‍ നിന്നു പ്രതീക്ഷിച്ച ഒരു ഒരു വിസ്മയം കിട്ടിയില്ലെങ്കിലും മലയാളിയ്ക്ക് ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച സിദ്ധാര്‍ത്ഥ് ഭരതനും സമീറും അഭിനന്ദനമര്‍ഹിക്കുന്നു. പാത്രസൃഷ്ടിയുടെ കാര്യത്തില്‍ ഇഷ ഒരു മലയാളസിനിമയിലെ ഒരു വിപ്ലവം തന്നെ. അതിസുന്ദരിയായ ഈ പെണ്‍കൊടിയെപ്പോലെ, ഏതാംഗിളില്‍ നോക്കിയാലും മനോഹരമായ ഒരു ദൃശ്യശില്പമാണ് ഈ ചിത്രവും.

ഗൌരി

ഏതൊരു പ്രണയത്തിലും പതിയിരിക്കുന്ന ദുരൂഹമായ ഏകാന്തതയാണ് ഗൌരി. അമല്‍ നീരദിന്റെ ഈ മാനസപുത്രിയ്ക്ക് ആഷിക് ജീവന്‍ നല്‍കുമ്പോള്‍ , ഒരിക്കലും വെളിപ്പെടാത്ത ചില ജീവിതസമസ്യകളുടെ മലമുകളിലെത്തിപ്പെട്ട പ്രതീതി. ഉയരം ഒരു ഹരമായ ജോയും നര്‍ത്തകിയായ ഗൌരിയും. ഹില്‍സ്റ്റേഷനിലെ ഒറ്റപ്പെട്ട കോട്ടേജില്‍ താമസിക്കുന്ന ഇവരുടെ ജീവിതം പ്രണയത്തിനു സമര്‍പ്പിക്കപ്പെട്ടതാണ്. പക്ഷേ, വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു വിസ്മയം പ്രതീക്ഷിച്ച് വാതില്‍ തുറക്കുന്ന ഗൌരിയുടെയുടെ മുന്നില്‍ കള്ളച്ചിരിയുമായി കാത്തുനില്‍ക്കുന്നത് മരണമെന്ന കോമാളിയാണ്.

ചിത്രത്തില്‍ അന്തര്‍ലീനമായ പ്രണയവിഷാദത്തിന്റെ സ്വപ്നതുല്യമായ മൂഡ് സൃഷ്ടിക്കുന്നതില്‍ രാജീവ് രവി എന്ന സിനിമറ്റോഗ്രാഫറുടെ പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെട്ട കോട്ടേജിന്റെ ആ ക്ലൈമാക്സ് ഷോട്ടിന് ഒരു ക്ലാസ്സിക് സ്വഭാവം തന്നെ കൈവന്നിട്ടുണ്ട്. പ്രണയം, ഏകാന്തത, വിഷാദം, യാദൃശ്ചികത, രതി, മരണം ഇവയെല്ലാം മാറിമാറി പകര്‍ന്നാടുന്നുണ്ട്. കഥ പറയുന്ന ജോലി പൂര്‍ണ്ണമായും വിഷ്വലുകളെ ഏല്പിച്ചതാവാം പ്രേക്ഷകന്‍ ഈ പ്രണയത്തോട് അല്പം പിണങ്ങിനില്‍ക്കാന്‍ കാരണം. എവിടെയോ ചില കണ്ണികള്‍ വിട്ടുപോയിട്ടുണ്ട്. കാര്യവും കാരണവും മുഴുവന്‍ വ്യക്തമാക്കിക്കിട്ടണമെന്ന ഒരു പിടിവാശി നമ്മെ വിട്ടുപോകാത്തതിന്റെ പ്രശ്നവുമുണ്ട്. സിനിമയെ സംബന്ധിച്ച്, വാചാലമായ മൌനത്തിന്റെ ഇടവേളകള്‍ തന്നെയാണ് സംവിധായകന്റെ വ്യക്തിമുദ്രകളെന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു.

ചരിത്രത്തിലേക്കു മടങ്ങിവന്നാല്‍ , അഞ്ചുസുന്ദരികള്‍ അഞ്ചുസൌന്ദര്യങ്ങള്‍ തന്നെയാണ്. ഇടക്കെങ്കിലും സംഭവിക്കുന്ന ശുദ്ധകലയിലേക്കുള്ള ഈ പിന്മടക്കങ്ങള്‍ തന്നെയാണ് സിനിമയെ ശരിക്കും സിനിമയാക്കി മാറ്റുന്നത്. ഏതൊരു അന്തര്‍ദ്ദേശീയവേദിയിലും മലയാളത്തെ പ്രതിനിധാനം ചെയ്യാന്‍ കെല്‍പ്പുള്ള ചലച്ചിത്രത്തിന്റെ ഉത്തമമാതൃക തന്നെയാണിത്. ചുരുക്കിപ്പറഞ്ഞാല്‍ , പ്രണയത്തിന്റെ മാത്രമല്ല, നമ്മുടെ യുവതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നിരുപാധികമായ സൌഹൃദത്തിന്റെ കൂടി സിനിമയാണിതെന്നു പറയാം. അഹംഭാവത്തിന്റെ ജാടകളഴിച്ചുകളഞ്ഞ് കൊണ്ടും കൊടുത്തും മുന്നേറിയാല്‍ , കളഞ്ഞുപോയ സിനിമയെ വീണ്ടും കണ്ടെത്താമെന്നതിന്റെ ഏറ്റവും പുതിയ തെളിവ്. ഒപ്പം, കേരളത്തിലെ യുവാക്കളുടെ കരങ്ങളില്‍ സിനിമ സുരക്ഷിതമാണ് എന്നതിന്റെയും.