Neelamperoor Madhusoodanan Nair

നമ്മള്‍ വല്ലതും പറയുന്നല്ലോ
എന്തിനെക്കുറിച്ചാവോ

ചൊന്നതു നമ്മള്‍, വസ്ത്ര-

ബന്ധങ്ങളഴിക്കും, ദു-

ശ്ശാസനത്തിനെപ്പറ്റി?

ജീവിതം കുടുക്കിട്ടു

മുറുക്കുമാസൂത്രണ-

ശീലിനെപ്പറ്റി? കര്‍മ്മ-

ശൈലിയെപ്പറ്റി? ഒില-

ക്കയറ്റം ഞെരുക്കുന്ന

ശ്വാസനാളത്തെപ്പറ്റി?

കയറില്‍ കുരുങ്ങുന്ന

ഭാവിയെപ്പറ്റി? രാഷ്ട്ര-

വാഴ്വിനെ നയിക്കുന്ന

ശുംഭിനെപ്പറ്റി? മന്ത്ര -

ശാലയില്‍ നടക്കുന്ന

കാലുമാറ്റത്തെപ്പറ്റി?

വൃദ്ധിയിലില്ലായ്മതന്‍

വിളയാട്ടത്തെപ്പറ്റി?

മുഷ്കില്‍ വീണുടയുന്ന

പൌരധര്‍മ്മത്തെപ്പറ്റി?

മുതുകില്‍ തടയുന്ന

വേലിനെപ്പറ്റി? തീയാ-

യുടലില്‍പ്പതിക്കുന്ന

ദണ്ഡനീതിയെപ്പറ്റി?

മുദ്രകുത്തുവാന്‍ കിട്ടും

ചീട്ടിനെപ്പറ്റി? ചീട്ടിന്‍-

മുദ്രകള്‍ വിടര്‍ത്തുന്ന

കുറുഭാഗ്യത്തെപ്പറ്റി?

എരിയാതണയുന്ന

വിപ്ളവത്തിനെപ്പറ്റി?

എരിയുമുയിരിന്റെ

ദൈന്യഭാവത്തെപ്പറ്റി?

ഹാവൂ, വല്ലതും നമ്മള്‍

പറയുന്നല്ലോ നീറും

കാലബിന്ദുവിലതേ

കാമ്യമെന്നുല്‍ഘോഷിക്കാം