ചെറുതും വലുതുമായ നുഴഞ്ഞുകയറ്റങ്ങളും കയ്യേറ്റങ്ങളും നമ്മുടെ പൊതു ഇടങ്ങളെ അതിവേഗം സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനെതിരെയുള്ള അതിശക്തവും കലാ-സാംസ്‌കാരികവുമായ ചെറുത്തുനില്പാണ് മാനവീയം വീഥിയെന്ന സാംസ്‌കാരിക പൊതു ഇടം. സങ്കുചിത-ജാതി-മത-രാഷ്ട്രീയ-വര്‍ണ്ണ-വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായി ഒരുമിക്കുവാന്‍ കഴിയുന്ന പൊതു ഇടങ്ങളാണ് നാടിനെ ജീവസ്സുറ്റതാക്കുന്നത്.
2001 - ല്‍ കേരള സര്‍ക്കാര്‍ 'മാനവീയം' പ്രോജക്ടിന്റെ ഭാഗമായി കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാനവീയം വീഥി തുറന്നുകൊടുത്തതു മുതല്‍, കഴിഞ്ഞ 14 വര്‍ഷങ്ങളായി യാതൊരുവിധമായ സാമ്പത്തിക താല്പര്യങ്ങളോ സ്വകാര്യ കച്ചവട ആഭിമുഖ്യങ്ങളോ ഇല്ലാതെ ഒരുകൂട്ടം കലാകാര്‍ ഇവിടെ വ്യത്യസ്തങ്ങളായ കലാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സ്വന്തം സാംസ്‌കാരിക ഇടനാഴിയായി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ഈ വീഥിയില്‍ മലയാളത്തിലെ ഏറ്റവും ആദരണീയരായ ഒ.എന്‍.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, ജി. ശങ്കരപിള്ള, ഒ.വി. വിജയന്‍, മാധവിക്കുട്ടി, കടമ്മനിട്ട രാമകൃഷ്ണന്‍, ഭരത് ഗോപി, ജി. അരവിന്ദന്‍, ഡി. വിനയചന്ദ്രന്‍, കലാഭവന്‍ മണി എന്നിവരുടെ ഓര്‍മ്മയ്ക്കായി നട്ടുപിടിപ്പിച്ച വൃക്ഷത്തൈയ്കള്‍ സംരക്ഷിക്കപ്പെട്ടുവരുന്നു.
കവി ഒ.എന്‍.വി. കുറുപ്പിന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് 'വിസമയാ മാക്‌സ്' എന്ന അനിമേഷന്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരച്ച 'ഉജ്ജയിനി' ചുമര്‍ച്ചിത്രവും ശ്രീ. ഒ.വി. വിജയന്റെ വിഖ്യാതനോവലായ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ ആസ്പദമാക്കി അവര്‍തന്നെ വരച്ച ചുമര്‍ച്ചിത്രവും ഈ വീഥിയിലുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ റിയാസ് കോമു, ശിവന്‍, സജിത ശങ്കര്‍ എന്നിവര്‍ വരച്ച ചിത്രങ്ങളും 'സൈക്കോ പാര്‍ക്ക്' എന്ന സന്നദ്ധ സംഘടനയുടെ ചുമര്‍ച്ചിത്രവും ഈ വീഥിയെ മനോഹരമാക്കുന്നു.
വീഥിയുടെ രണ്ട് അറ്റങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ജി. ദേവരാജന്റെയും വയലാര്‍ രാമവര്‍മ്മയുടെയും പ്രതിമകളും ഈ വീഥിയെ വേറിട്ട ഒരിടമായി മാറ്റിയിരിക്കുന്നു. ലോക പ്രശസ്ത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെ ദേശത്തും വിദേശത്തുമുള്ള നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വീഥി സന്ദര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍ ഈ സാംസ്‌കാരിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ മാനവീയം വീഥിയുടെ ഒരുവശത്തെ മതില്‍ പൊളിച്ചുമാറ്റുവാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. 31/05/2016 ന് രാത്രിയില്‍ മതില്‍ പൊളിക്കുവാന്‍ നടത്തിയ ശ്രമം മാനവീയം തെരുവോരക്കൂട്ടം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയുമുണ്ടായി.
നിലവിലുള്ള മൂന്ന് കവാടങ്ങളിലൂടെ വാട്ടര്‍ അതോറിറ്റിയിലേക്ക് അനായാസേന പ്രവേശിക്കാമെന്നിരിക്കെ മാനവീയം വീഥിയുടെ മതില്‍ പൊളിച്ചും വന്‍മരങ്ങള്‍ വെട്ടിമുറിച്ചും കവാടം നിര്‍മ്മിക്കുവാനുള്ള ശ്രമങ്ങള്‍ ഈ സാംസ്‌കാരിക ഇടത്തെ നശിപ്പിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു.
മാനവീയം വീഥിയുടെ സംരക്ഷണത്തിനായി ജൂൺ 12 വൈകുന്നേരം 5 ന് കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടി കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. 'മതില്‍ പൊളിക്കുന്നതിനെതിരെ മനുഷ്യമതില്‍' നിര്‍മ്മിക്കുന്നു.
നമ്മുടെ പൊതു ഇടങ്ങള്‍ വാണിജ്യകേന്ദ്രങ്ങളുമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ബദല്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ വിജയമുഖമാണ് മാനവീയം വീഥി. ഇത് വരുംതലമുറയ്ക്കായി ഉത്തരവാദിത്വവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള ഒരു ജനതയുടെ കാത്തുവെയ്പ്പുകൂടിയാണ്. അത് നഷ്ടമാകാതിരിക്കുവാന്‍ നമുക്ക് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാം . ജൂൺ 12 വൈകുന്നേരം 5 ന് സകുടുംബം സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളയമ്പലം ആല്‍ത്തറ ഭാഗത്തെ മാനവീയം വീഥിയില്‍ എത്തിച്ചേരുമല്ലോ.