Gopakumar Pookkottur

മലപ്പുറം കണ്ട കലോത്സവം

ഏഷ്യയിലെ ഏറ്റവുംവലിയ കലാമേളയെ കേരളമിതുവരെകണ്ടതിനേക്കാള്‍ ജനകീയപങ്കാളിത്തമുള്ളതാക്കിമാറ്റി എന്നാകും മലപ്പുറം കലോത്സവം ചരിത്രത്താളുകളില്‍ ഇനി കോറിയിടുക. ആറുദിനരാത്രങ്ങള്‍, ഉത്സവലഹരിയില്‍ ഉറക്കമില്ലാത്ത നഗരത്തെ ഗ്രാമം വളയുന്ന അപൂര്‍വകാഴ്ചകള്‍, അതാണ് അമ്പത്തിമൂന്നാമത് കേരള സ്കൂള്‍ കലോത്സവം മലപ്പുറത്തിന് സമ്മാനിച്ചത്.


കലാമാമാങ്ക വേദികളിലേക്കുള്ള പൊതുജനങ്ങളുടെ ഒഴുക്കുകൊണ്ടാണ് ഈ കലാമേള വ്യത്യസ്തമാകുന്നത്. പ്രധാനവേദിയില്‍ അരങ്ങുതകര്‍ത്ത ഒപ്പന കാണാനെത്തിയവരുടെ എണ്ണം മാത്രംമതി അതിന് തെളിവ്. ഏതാണ്ട് ഒന്നരലക്ഷം പേരാണ് പുതുനാരിയുടെ മൊഞ്ച് കാണാന്‍ രാത്രി ഏറെ വൈകിയും തടിച്ചുകൂടിയത്. അത് ഒപ്പനയല്ലേ മലപ്പുറമല്ലേ എന്ന് കരുതിയാലും വെറുതേയാകും, നാടകത്തിന്റെ കഥയറിഞ്ഞാല്‍. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി നാടകമത്സരം നടന്ന ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞപ്പോല്‍ സൂചി കുത്താനിടമില്ലാത്തവിധം നിലത്തിരുന്നാണ് പലരും നാടകമാസ്വദിച്ചത്.



തനത് മാപ്പിളകലകളും, മറ്റു ആചാരാനുഷ്ടാനകലകളും എല്ലാം കൂടിചേര്‍ന്ന് ഇഴപിരിക്കാനാകാത്തവിധം മലപ്പുറത്തിന്റെ മണ്ണിലും മനസ്സിലും അലിഞ്ഞുചേര്‍ന്നതുകൊണ്ടുതന്നെയാണ് ഈ കലാസ്വീകാര്യത. ചില സവിശേഷ സാഹചര്യങ്ങളാല്‍ ഇതുവരെ കാണാത്ത പല കലകളും മലപ്പുറത്തുകാര്‍ അടുത്ത് പരിചയപ്പെട്ടതും ഈ വേളയിലാണ്. കലകളോടുള്ള പ്രിയത്തേക്കാളേറെ അവയെന്തന്നറിയാനുള്ള ആകാംക്ഷയായിരിക്കാം പലരിലും. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതാവുന്ന വേലയും പൂരവും നേര്‍ച്ചയും പോലെ ഒരു ഒത്തുചേരല്‍. അതായിരുന്നു മലപ്പുറത്തുകാര്‍ക്ക് ഈ കലോത്സവം.


വൈദേശികാധിപത്യത്തിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ പാട്ടും കലയും സാഹിത്യവും എല്ലാം പണ്ടേ നെഞ്ചേറ്റിയവരാണ് മലപ്പുറത്തുകാര്‍. ഭാഷാപിതാവ് തുഞ്ചന്റെ കിളിപ്പാട്ടുരാമായണവും, ഇശല്‍ ചക്രവര്‍ത്തി മോയിന്‍ കുട്ടിവൈദ്യരുടെ ബദറുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ എന്ന പ്രണയകാവ്യവും മലപ്പുറം പടപ്പാട്ടും ഭക്തകവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയുമെല്ലാം പിറന്നത് ഈ പോരാട്ട ഭൂമികയിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാഹിത്യത്തിന് കൂടുതല്‍ വേരുള്ള വള്ളുവനാടിന്റെയും പടപ്പാട്ടിന് ഏറെ വളക്കൂറുള്ള ഏറനാടിന്റെയും സമന്വയകലയാണ് മലപ്പുറം.


പക്ഷേ കല വെറും കലയല്ല; കല ഒരു സമരമാണ്, പ്രതികരണമാണ്, ആയുധമാണ്, സംസ്കാരമാണ്. എല്ലാ മതില്‍കെട്ടുകള്‍പ്പുറത്ത് മനുഷ്യനെ ഒരുമിപ്പിക്കുന്നു കലയുടെ ഈ വസന്തോത്സവം.



എന്താണ് ഓരോ കലോത്സവവും നമുക്ക് നല്‍കുന്ന പാഠം. പണക്കൊഴുപ്പിന്റെയും ധാരാളിത്തത്തിന്റെയും അമിതമാത്സര്യത്തിന്റെയും പതിവ് പല്ലവികള്‍ക്കപ്പുറം നാം ഓര്‍ക്കേണ്ട ഒന്നുണ്ട് നമ്മുടെ കലകളുടെ അതിജീവനം പ്രതിഫലിക്കുന്ന കണ്ണാടികളാണ് കലോത്സവങ്ങള്‍ എന്ന കാര്യം. അന്യം നിന്നുപോകുന്ന അനുഷ്ടാനകലകള്‍, മതപരമായ ആചാരങ്ങള്‍ക്കകത്ത് തളച്ചിടപ്പെട്ട കലാരൂപങ്ങള്‍, വംശനാശം സംഭവിച്ചെന്നുകരുതിയ നാടന്‍കലകളും സംഗീതങ്ങളും വായ്ത്താരികളും എല്ലാം കലോത്സവത്തില്‍ പൂത്തുതളിര്‍ക്കുന്നു. ആധുനികതയെ പുണരാനുള്ള വെമ്പലില്‍ കാലമുപേക്ഷിച്ച കലകള്‍ പൊടിതട്ടിയെടുത്ത് വേദിയിലെത്തിക്കുകയെന്നത് ചില്ലറ കാര്യമല്ല. പാരമ്പര്യകലകളുടെ തിരിച്ചുവരവാണിത്. അതുകൊണ്ട് മണ്‍മറഞ്ഞുപോയെന്ന് നാം കരുതിയ കലകളുടെ തിരിച്ചുവരവിന്റെ ഉത്സവമാണ് കലോത്സവം.


കലോത്സവം സര്‍ഗാത്മകപ്രതിരോധങ്ങളും പ്രതിഷേധങ്ങളുമാണെന്നതിന്റെ പരീക്ഷണാത്മക തെളിവുകളായിരുന്നു നാടകങ്ങള്‍. നാടകങ്ങള്‍ക്ക് കലോത്സവങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത വേറെയെവിടെയുമില്ലല്ലോ. കഥാപ്രസംഗകലയും തഥൈവ. പാശ്ചാത്യവിദ്യാഭ്യാസരീതിക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ വിമര്‍ശനവുമായെത്തിയ പൊറാട്ട എന്ന നാടകമാണ് ഇത്തവണത്തെ മാസ്റര്‍ പീസ്.



കലോത്സവമാനുവലില്‍ 14 ഇനങ്ങളാണ് ഇക്കുറി ഉള്‍പ്പെടുത്തിയത്. അതില്‍ പ്രധാനമാണ് വംശനാശത്തിന്റെ വക്കിലുള്ള വഞ്ചിപ്പാട്ട്, നങ്ങ്യാര്‍കൂത്ത്, ചവിട്ടുനാടകം എന്നിവ. കൂടാതെ പൊതുഇടങ്ങളില്‍ ഏറെ സജീവമായ നാടന്‍ പാട്ടും ഗസലും കലോത്സവത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ പത്തരമാറ്റ്. ആണ്‍കുട്ടികളുടെ ഒപ്പനയാകട്ടെ, വട്ടപ്പാട്ട് എന്ന പേരില്‍ അതിന്റെ തനിമയോടെ പുതുക്കി ഉള്‍പ്പെടുത്തിയത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്.


മതയാഥാസ്ഥിക കാഴ്ചപ്പാടുകള്‍ കലക്ക് തടസ്സം നിന്ന പഴയ സാഹചര്യം ഇന്നില്ല. കഥകളി അഭ്യസിച്ചതിന് റൂബിയ-മന്‍സിയ സഹോദരിമാര്‍ വിലക്കേര്‍പ്പെടുത്തിയത് പഴങ്കഥ. ഈ കലോത്സവത്തില്‍ മക്കനയിട്ട് എടപ്പാളുകാരി ഫാത്തിമ ഷഹനാസ് നാദസ്വരം വായിച്ചപ്പോള്‍ അലിഞ്ഞില്ലാതായത് കലയുടെ ജാതിയും മതവുമാണ്.


മതനിരപേക്ഷതയാണ് ഉത്സവങ്ങളുടെ മുഖമുദ്ര. കലയാകട്ടെ ജാതിയുടെയും മതത്തിന്റയും ദേശത്തിന്റെയും വേലിക്കെട്ടുകള്‍പ്പുറത്ത് മനുഷ്യനെ ഒരുമിപ്പിക്കുന്നു. ഈ കലയുടെ ഉത്സവം തന്നെയാണ് മലപ്പുറത്ത് നടന്നതും. കല കലക്കുവേണ്ടിയല്ല; മാനവികതയ്ക്കുവേണ്ടിതന്നെയാണ്.


സര്‍ഗവാസനകള്‍ ഇനിയും ചിറകുവിരിഞ്ഞാടും...പുത്തന്‍ ചിന്തകള്‍ പൂത്തുലയും. കലയുടെ മതം മാനവികതയാകട്ടെ. കലയുടെ രാഷ്ട്രീയം നന്മയുടേതും.


മനുഷ്യനുവേണ്ടിയുള്ള ഈ കലയുടെ മാമാങ്കം ഇനിയും നമുക്കു നെഞ്ചേറ്റാം.