Dr Sreekala K V

ആചാരകളവ് / സ്ത്രീജന്യം - രണ്ടു കവിതകള്‍
ആചാരകളവ്

സ്വയം കറങ്ങിയും
കറങ്ങികൊണ്ടു കറങ്ങും
എല്ലാം കാട്ടി കൂട്ടുമീ ഭൂമി
എന്നിട്ട്
മിണ്ടാതെ നില്‍ക്കുന്ന സൂര്യനു പിഴ.

ഉദിപ്പിക്കുന്നതും നീയേ
അസ്തമിപ്പിക്കുന്നതും നീയേ
വെളുപ്പിക്കുന്നതും നീയേ
കറുപ്പിക്കുന്നതും നീയേ !!

എന്നിട്ട് വിരല്‍ ചൂണ്ടുന്നു പകലോനെന്നു
എങ്ങനെ മേലുരുകും പോലെ
പൊള്ളി തിളക്കാതിരിക്കും.!

സ്ത്രീജന്യം

ഒളിത്താവളങ്ങളില്‍
ഒരുപാട് പേരുണ്ട്
മുങ്ങി മറഞ്ഞവര്‍.
നേരിന് പോരാളികള്‍
മരണം വരെയും
പുകച്ചാലും തീരാത്ത
നോവില്‍ പിടയുന്നോരവര്‍
അനീതി ഒരു തുള്ളി മതി
അവഗണന ഒറ്റ മതി
മറക്കരുത് മനഃപൂര്‍വ്വം പകരാന്‍ കൊടുക്കരുതീ വര്‍ഗ്ഗ വിവേചനങ്ങള്‍
ജന്മ സാംക്രമിക
വൈകല്യവിലക്കുകള്‍
പിന്തലമുറക്കാരിലും.