കോവിലില്‍ പോകാം നമുക്ക്’
ഓതി നീ, കോളേജിന്റെ
വാതിലും കടന്നെത്തി- ക്കിലുങ്ങിച്ചിരിക്കവേ
അപ്പോഴുമുദ്ഗംഭീര,
മുദ്ഘോഷം പ്രസംഗിക്കും
അധ്യാപകനെക്കളിപ്പിച്ചൊരെന്‍
കളിമ്പമേ!
നരകത്തിലും പോകാം
നീ കൂടെയുണ്ടെന്നാകില്‍ :
കുറുകീ നിന്‍ തേന്‍മൊഴിക്കൊപ്പമെന്നിലെ പ്രാവും.
ചരല്‍ക്കല്ലുകള്‍ , കരിങ്കല്‍ച്ചീള്‍കള്‍ ;
മുന്നില്‍ പാത നിരത്തീ നടേതന്നെ
നമുക്കായ് നവ്യോത്സവം!
വീഥി വിട്ടിടവഴിയെത്തിനാം;
സ്വപ്നങ്ങള്‍ തന്‍ രാജപാതയിലേറി-
ക്കൈകോര്‍ത്തു നടന്നുപോയ്.
അമ്പലമുറ്റത്തെ വെണ്‍മണലില്‍
പദം വയ്ക്കെ ചിന്തകള്‍ പാറീ:
മൂഢയുഗങ്ങള്‍ കൊഴിഞ്ഞ കാല്‍പ്പാടുകള്‍ ,
അതില്‍ വീണ്ടുമീരില പതിക്കുന്നൂ.
എന്നിലെ വിവേകത്തിന്‍
കതിരും കൊത്തിപ്പാറീ നീ ചെല്ലക്കിളി,
നരിച്ചീറുകള്‍ തലകീഴായ്ത്തൂങ്ങു-
മമ്പലമുകപ്പിന്നകമണഞ്ഞുവോ!
എത്രമേല്‍ കൊതിപ്പൂ ഞാന്‍
നിന്നണുവായിത്തീരാന്‍ ;
എത്രമേല്‍ ത്രസിപ്പൂ ഞാന്‍
നിന്നെ വിട്ടകലുവാന്‍ !