കറുത്തതോ വെളുത്തതോ
ചുമപ്പാർന്ന് തുടുത്തതോ
പറയാമോ മനസ്സിന്റെ നിറമേതെന്ന്.
കാറ്റിലാടി പറക്കുന്ന കരിയില കിളികളേ
പറയാമോ മനസ്സിന്റെ നിറമേതെന്ന്.
ജഠര തീ പടരുമ്പോൾ കരൾ കത്തിക്കരിയുമ്പോൾ
കൺചുവന്ന് തുറിപ്പിച്ച്
നഖരങ്ങൾ കൂർപ്പിച്ച്
വട്ടമിട്ടു പറക്കുന്ന
കഴുകന്റെ മനസ്സിന്റെ നിറമേതാണ്.
ജാതിചോദിച്ചുടലെടുക്കും
മതംചോദിച്ചുയിരെടുക്കും
നിറം പാടി പഴിയുതിർക്കും
നിണബന്ധപ്പെരുമ പാടും
മനുഷ്യന്റെ മനസ്സിന്റെ
നിറമെന്താണ്.
പ്റളയപ്പേയിളകിയാടും
നിലയില്ലാക്കയങ്ങളിൽ
നിറം നോക്കാതുയിരു
കാക്കാനുയിരുനൽകി
തുഴഞ്ഞെത്തും മനുഷ്യന്റെ മനസ്സിന്റെ
നിറമെന്താണ്.
കാട്ടുപച്ചേലഗ്നിനാള
മുളകൾ പൊട്ടി- യുരുൾപൊട്ടി
കാട്ടുചോലച്ചിരിമുറിഞ്ഞു
നിറഞ്ഞു മിഴിയോരം.
ഉയിരുവിട്ട ജഡങ്ങൾ വാനിലുയർത്തി
നിർത്തിയ വിരൽതുമ്പിൽ
വിതുമ്പുന്ന മനസ്സിന്റെ നിറമെന്താണ്.
കറുത്തതോവെളുത്തതോ
ചുവപ്പാർന്ന് തുടുത്തതോ
പറയാമോ മനസ്സിന്റെ നിറമേതെന്ന്.
നാട്ടുപച്ചേൽ വറുതിപൂത്തേ
നാട്ടുമാവേൽ
മൃതികൾ പൂത്തേ.
കുളിരുകോരാ-
നുയിരുകാക്കാൻ
മനസ്സുണരട്ടെ...
കറുത്തതോ വെളുത്തതോ
ചുവപ്പാർന്ന് തുടുത്തതോ.
നിറയും തേൻകനിവൂറും
മനസ്സുണരട്ടെ !