E. P. Jayarajan MLA

ഭൂസമരത്തില്‍ അണിചേരുക. : ഇ പി ജയരാജന്‍ എം എല്‍ എ

കേരള കര്‍ഷകസംഘം, കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി സംരക്ഷണസമിതി, പട്ടികജാതി കോളനി അസോസിയേഷന്‍ എന്നീ സംഘടനകളുടെ കണ്‍വെന്‍ഷന്‍ 20 2 ഒക്ടോബര്‍ 6ന് പാലക്കാട് നടന്നു. കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമം അട്ടിമറിക്കുന്ന യു ഡി എഫ് ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണത്തിനെതിരായും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി സംസ്ഥാനത്ത് അവശേഷിക്കുന്ന നെല്‍വയലുകള്‍ നികത്തുന്നതിനെതിരായും ഭൂരഹിതരായ മുഴുവന്‍ കേരളീയര്‍ക്കും ഭൂമി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.


കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കിയ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ 969 ഡിസംബര്‍ 4 ന് ആലപ്പുഴയില്‍ നടന്ന കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കണ്‍വെന്‍ഷന്‍ രൂപം നല്‍കിയ പ്രക്ഷോഭ സമരത്തിന്റെ തുടര്‍ച്ച അത്യന്താപേക്ഷിതമായിരിക്കുന്നുവെന്നാണ് പാലക്കാട് കണ്‍വെന്‍ഷന്‍ വിലയിരുത്തിയത്.



യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭൂപരിഷ്ക്കരണ നിയമം അട്ടിമറിക്കുന്നതിനുള്ള നിയമഭേദഗതികള്‍ ആവിഷ്ക്കരിക്കുകയും ഭൂമി തിരിമറികള്‍ സാര്‍വ്വത്രികമാവുകയും ചെയ്തു. എസ്റേറ്റ് ഭൂമികളിലെ ഭൂപരിധിനിയമവും പാട്ടവ്യവസ്ഥകളും ഗവണ്‍മെന്റിന്റെ അകമഴിഞ്ഞ പിന്തുണയോടെ വ്യാപകമായി ലംഘിക്കപ്പെടുന്നു. വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിന്റെ ഫലമായി ഭൂവുടമസ്ഥത കേന്ദ്രീകരിക്കപ്പെടുന്നു. ഭൂരഹിതരായ നിര്‍ധന ജനവിഭാഗങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി വിഭാഗക്കാര്‍, ആദിവാസി-ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നീ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരു തുണ്ടുഭൂമി നല്‍കുവാന്‍ നടപടി സ്വീകരിക്കുന്നില്ല എന്നുമാത്രമല്ല അവര്‍ക്ക് ഏതെങ്കിലും പദ്ധതി മുഖേന മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ലഭിച്ച ഭൂമി അന്യാധീനപ്പെടുത്തുവാനും ശ്രമം നടക്കുന്നു.


വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പുകള്‍ നിരവധി പേരുകളില്‍ കമ്പനികള്‍ രജിസ്റര്‍ ചെയ്യുകയും ഓരോന്നിന്റെയും പേരില്‍ 5 ഏക്കറില്‍ താഴെ നെല്‍വയലുകള്‍ വാങ്ങുകയുമാണ്. നെല്‍വയലുകള്‍ നികത്തി കോടികള്‍ നേടാന്‍ യു ഡി എഫ് ഗവണ്‍മെന്റിന്റെ സര്‍വ്വവിധ പിന്തുണയുമുണ്ട്. ഭൂപരിധി നിയമത്തെ വെല്ലുവിളിച്ച് ഇവര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ചെറുവിരലനക്കുവാന്‍ ഭരണ നേതൃത്വം തയ്യാറാകുന്നില്ല. അതോടൊപ്പം സംസ്ഥാനത്തിന്റെ പൊതുസ്വത്തായ ലക്ഷക്കണക്കിന് ഏക്കര്‍ എസ്റേറ്റുഭൂമികള്‍ പാട്ടക്കരാറുകള്‍ ലംഘിച്ച് കൃത്രിമരേഖകള്‍ ഉണ്ടാക്കി ബാങ്കുകളില്‍ കോടിക്കണക്കിന് രൂപക്ക് പണയപ്പെടുത്തുകയും മറിച്ചുവില്‍ക്കുകയും ചെയ്യുന്നു. കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സ്വകാര്യവനഭൂമികളില്‍ കശുമാവ് വെച്ചുപിടിപ്പിക്കുകയും കശുമാവ് തോട്ടങ്ങളാണെന്ന് സ്വയം പ്രഖ്യാപിച്ച് മറിച്ചുവില്‍ക്കുകയും ചെയ്യുന്നു. സ്വകാര്യ വനഭൂമികേസുകളില്‍ സര്‍ക്കാര്‍ സ്വയം തോറ്റുകൊടുക്കുകയാണെന്ന് കേരളത്തിലെ വനം വകുപ്പുമന്ത്രിതന്നെ വെളിപ്പെടുത്തിയ കാര്യം ഓര്‍മ്മിക്കേണ്ടതാണ്.


സംസ്ഥാനത്തെ നെല്‍വയലുകള്‍ വന്‍തോതില്‍ നികത്തപ്പെടുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ സജീവമായ ശ്രമങ്ങള്‍ നടക്കുന്നു. ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പ്പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിനുമുമ്പ് നികത്തിയ വയലുകളെല്ലാം കരഭൂമിയായി ക്രമീകരിക്കാന്‍ ധൃതിപിടിച്ച നീക്കമാണ് നടക്കുന്നത്.


തോട്ടഭൂമിയുടെ അഞ്ചുശതമാനം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ അനുവാദം നല്‍കിയിരിക്കുന്നു. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് ഒറ്റപ്ളോട്ടായിരിക്കണം എന്ന് നിബന്ധനയില്ല. അതുകൊണ്ടുതന്നെ വന്‍കിട തോട്ടം ഉടമകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന തോട്ടഭൂമികളെല്ലാം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടും. നെല്ലിയാമ്പതി, മൂന്നാര്‍, വാഗമണ്‍ അടക്കമുള്ള പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളും കുട്ടനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിശാലമായ പാടശേഖരങ്ങളടങ്ങിയ നെല്‍വയല്‍-നീര്‍ത്തട പ്രദേശങ്ങളുമെല്ലാം കോര്‍പ്പറേറ്റ് റിയല്‍ എസ്റേറ്റ് ഗ്രൂപ്പുകള്‍ കയ്യടക്കുകയും സാധാരണക്കാരനു കടന്നുചെല്ലാന്‍ കഴിയാത്ത റിസോര്‍ട്ട് സമുച്ചയങ്ങള്‍ കെട്ടിയുയര്‍ത്തുകയും ചെയ്യും. ഇതിനു പ്രചോദനമായാണ് എമര്‍ജിംഗ് കേരള എന്ന പേരില്‍ 'ഗവണ്‍മെന്റ് സ്പോണ്‍സേര്‍ഡ് റിയല്‍ എസ്റേറ്റ് ബിസിനസ് മാമാങ്കം' അരങ്ങേറിയത്.



കര്‍ഷകനും, കര്‍ഷകത്തൊഴിലാളിയും, ആദിവാസി ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളും, പട്ടികജാതി കോളനി നിവാസികളും അടങ്ങുന്ന മണ്ണില്‍ പണിയെടുത്ത് പൊന്നുവിളയിക്കുന്നവര്‍ കേരളത്തിന്റെ അന്നദാതാക്കളാണ്. മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും സാധാരണക്കാരും ഇടത്തരക്കാരും തലചായ്ക്കുവാന്‍ ഒരു പിടിമണ്ണിനായി ഒരു പുരുഷായുസ്സിന്റെ അദ്ധ്വാനം തന്നെ നീക്കിവെക്കേണ്ടിവരുന്നവരാണ്. ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്തിട്ടും ഒരു പിടി മണ്ണിന്റെ കൈവശക്കാരാവാന്‍ കഴിയാത്ത 2, 7,358 കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇതുകൂടാതെ ഭൂമി അന്യാധീനപ്പെട്ട 30000ത്തോളം ആദിവാസി കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. ബാക്കിയുള്ള 70 ലക്ഷത്തില്‍പ്പരം വരുന്ന കുടുംബങ്ങളില്‍ ബഹുഭൂരിപക്ഷവും രണ്ടുമുതല്‍ 0 സെന്റുവരെമാത്രം ഭൂമി കൈവശമുള്ളവരാണ്. ഈ പിന്നോക്ക സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭൂപരിഷ്ക്കരണം ലക്ഷ്യമിട്ട ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്ക്കരണത്തിനും ആ നിയമത്തിന്റെ അന്തഃസത്തയെയും അട്ടിമറിക്കുന്നതിനും നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരിനെ നേരിടാന്‍ പാലക്കാട് കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്.


കണ്‍വെന്‍ഷനില്‍ രൂപംകൊണ്ട ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലത്തിലും വില്ലേജ് തലത്തിലും സമരസമിതി രൂപീകരണ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഡിസംബര്‍ 0ന് ഭൂസംരക്ഷണ സമര പ്രചരണാര്‍ത്ഥം നെയ്യാറ്റിന്‍കരയില്‍ നിന്നും സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട് കുമ്പളയില്‍ സ. എസ്. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യുന്ന വടക്കന്‍മേഖലാ ജാഥയും ഡിസംബര്‍ 23ന് എറണാകുളത്ത് സംഗമിക്കും. 20 3 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തുടനീളം നടക്കുന്ന ഭൂസംരക്ഷണ സമരം കേരളം നാളിതുവരെ ദര്‍ശിക്കാത്ത ജനമുന്നേറ്റമായിമാറും. ഈ ബഹുജന പ്രക്ഷോഭത്തില്‍ ഭൂസംരക്ഷണ സമരസമിതി താഴെപ്പറയുന്ന മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുന്നു.



1 ഭൂരഹിതരായ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും സമയബന്ധിതമായി ഭൂമി നല്‍കണം.


2 ഭൂവിതരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കണം.


3 25 വര്‍ഷത്തിലേറെയായി വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക കോടതികളെ ചുമതലപ്പെടുത്തണം.


4 പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കണം.


5 നാമമാത്രമായ ഭൂമി കൈവശംവെച്ച് കൃഷി ചെയ്ത് ഉപജീവനം നയിക്കുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് കൈവശമുള്ള കൃഷിഭൂമിക്ക് പട്ടയം നല്‍കണം.


6 2005-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കണം.


7 കശുവണ്ടി തോട്ടങ്ങളെ പ്ളാന്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്ക്കരണ ഭേദഗതി നിയമവും തോട്ടം ഭൂമിയുടെ 5 ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാമെന്നുള്ള യു. ഡി. എഫ് സര്‍ക്കാരിന്റെ ഭേദഗതികളും റദ്ദുചെയ്യണം.


8 ബിനാമി പേരുകളില്‍ റിയല്‍ എസ്റേറ്റുകാരും കോര്‍പ്പറേറ്റുകളും വാങ്ങിക്കൂട്ടിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം.



ഈ സമരം ഭൂമിയെ സംരക്ഷിക്കുവാനുള്ള സമരമാണ്. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കുവാനുള്ള പ്രക്ഷോഭമാണ്. ഭൂമിയില്ലാത്തവന് ഭൂമി നല്‍കുവാനും ഭൂമിയുടെ അവകാശികളാക്കിമാറ്റുവാനുമുള്ള സഹന സമരമാണ്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളെ ഇന്ന് നാം കാണുന്ന രൂപത്തില്‍ വാര്‍ത്തെടുത്ത സമരതീക്ഷ്ണമായ ഇന്നലെകളില്‍ നടന്ന ഭൂസമരങ്ങളുടെ നാള്‍വഴികള്‍ പുതുക്കിയെഴുതുവാനുള്ള ശക്തമായ പ്രക്ഷോഭങ്ങളാണ് ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ വരും നാളുകളില്‍ കേരളത്തില്‍ അരങ്ങേറുവാന്‍ പോകുന്നത്. നാടിനെ ഉണര്‍ത്തുന്ന ഈ ശക്തമായ സാമൂഹ്യ പരിഷ്ക്കരണ പ്രക്ഷോഭത്തിന് നവമാധ്യമങ്ങളിലടക്കം ഓരോ കേരളീയന്റെയും പിന്തുണയുണ്ടാകണമെന്നും സമരസന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും ഭൂസംരക്ഷണ സമരസമിതിക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു.