Devi Manoj

പി വത്സലയുടെ തിരുനെല്ലിയിലൂടെ

വളഞ്ഞ്‌ പുളഞ്ഞ്‌ ഒരു പാമ്പിന്റെ സഞ്ചാരം പോലെയാണ് റോഡ്‌. ഞങ്ങള്‍ വയനാട്ടിലേക്കുള്ള യാത്രയിലാണ് . കൂത്തുപറമ്പില്‍ നിന്ന് നെടുമ്പോയില്‍ വഴി പെരിയ ചുരംകയറിയുള്ള യാത്ര. നാലാമത്തെ വളവു കഴിഞ്ഞ് താഴോട്ട് നോക്കുമ്പോള്‍ ആകാശത്തില്‍ നില്കുന്നത് പോലെ മലയും മരവും പുഴയും നിറഞ്ഞ അനന്തമായ ലോകം അങ്ങിനെ പടിഞ്ഞാറന്‍ അതിരില്‍ അറബിക്കടല്‍ അവ്യക്തമായ ഒരു വരയായി കാണാം. യാത്രാക്ഷീണം മാറിയപ്പോള്‍ വീണ്ടും ചുരം കയറി മുകളിലേക്ക്‌. ഉച്ചതിരിഞ്ഞതേയുള്ളൂ പക്ഷെ മുന്നില്‍ കാഴ്ച മറയ്കുന്ന കോടമഞ്ഞ്‌ അതില്‍ തുളഞ്ഞുകയറിവേണം ഇനിയുള്ള യാത്ര.

ചുരം കഴിഞ്ഞപ്പോള്‍ മുന്നില്‍ പച്ച പുതയ്ച്ച മലനിരകള്‍. തേയില തോട്ടമാണ്. പണ്ടെങ്ങോ ബ്രിട്ടിഷുകാര്‍ നട്ടുവളര്‍ത്തിയ അപ്പുപ്പന്‍ തേയിലച്ചെടികള്‍ പ്രയാധിക്യം മറന്ന്‌ തളിര്‍ത്തുനില്കുന്നു . ബോയ്സ് ടൌണ്‍ പിന്നിടുമ്പോള്‍ വയനാടന്‍ തേയിലയും ഏലയ്ക്കയും കുരുമുളകും വില്‍ക്കുന്ന ഒരു സ്റ്റാള്‍. വില്പനകാരി ഒരു പെണ്‍കുട്ടിയാണ് . അവളുടെ മൊഴിയിലും മിഴിയിലും വയനാടിന്റെ നൈര്‍മല്ല്യം. വാങ്ങല്‍ തിരിച്ചു വരുമ്പോള്‍ ആകാമല്ലോ എന്നു കരുതി വീണ്ടും മുന്നോട്ട്.

ആദ്യ കാഴ്ച മാനന്തവാടിയുടേതാണ്. പഴശ്ശിരാജാവിന്റെ സ്മാരകവും കുറുച്യപ്പടയുടെ ഉശിരന്‍ ഓര്‍മ്മകളും തങ്ങിനില്‍കുന്ന വയനാടന്‍ മലയോരപട്ടണം. മാനന്തവാടിയിലെ ആഹ്ലാദകരമായ സഞ്ചാരത്തിനു ശേഷം തിരുനെല്ലിയിലേക്ക്. മലയാളത്തിന്റെ പ്രിയ കഥാകാരി പി. വല്‍സലയുടെ നെല്ല് ഇന്നും വിളയുന്ന തിരുനെല്ലി അവിടെയാണ്. പാപനാശിനി; ബ്രഹ്മാവ്‌ സ്ഥാപിച്ച ക്ഷേത്രം എന്നാണ് ഐതിഹ്യം.ഒരു മലയുടെ നെറുകയിലാണ് ക്ഷേത്രം. ദിവസവും നൂറു കണക്കിനാളുകള്‍ ഈ ക്ഷേത്രത്തിലേക്ക് പാപങ്ങള്‍ കഴുകികളയാനെത്തുന്നു.

തിരുനെല്ലിയില്‍ പോസ്റ്റ്‌ ഓഫീസില്ല. ഞങ്ങളുടെ വാഹനം നിര്‍ത്തിയിടത്ത് കനം തൂങ്ങുന്ന ഒരു ബാഗുമായി ഒരു പോസ്റ്റ്‌മാന്റെ ദൃതിപിടിച്ച നടത്തം കണ്ടു, വല്‍സലയുടെ നെല്ലിലെ തപാല്‍ശിപ്പായി ആണോ അത് . ഒറ്റകൊമ്പന്റെ കുത്തേറ്റ്‌ മരിച്ച അടൂര്‍ഭാസി ? തിരുനെല്ലിയുടെ മുഖം പഴമയുടേയും പുതുമടേയുമായ സങ്കലനമാണ്. ഒരു ഭാഗത്ത്‌ പരമ്പരാഗത വേഷവും ,മറു ഭാഗത്ത്‌ പുതിയ കൊണ്ഗ്രീറ്റ് സൌധങ്ങളും. പാപനാശിനിയിലെ സ്നാനം അഭൂതപൂര്‍വ്വമായ അനുഭൂതി പകര്‍ന്നു. എല്ലാ പാപങ്ങളും ഒഴുകുന്നത്‌ പോലെ.

ഓലമേഞ്ഞ നാടന്‍ ഹോട്ടലില്‍ ആണ് തിരുനെല്ലിയിലെ രുചികരമായ ഭക്ഷണം. സമൃദ്ധമായ പച്ചക്കറി ഭക്ഷണത്തിന് മിതമായ നിരക്ക്. വിശപ്പ്‌ മാറിയതിന്റെ ആലസ്യത്തില്‍ സന്ധ്യയോടെ തിരുനെല്ലിയില്‍ നിന്ന് മടക്കം. വഴിയോരത്ത് മാന്‍ കൂട്ടങ്ങള്‍ വഴിമുടക്കി. ആന കൂട്ടങ്ങള്‍. കേരളത്തിലെ ആഫ്രിക്ക എന്നാണ് വയനാടിനെ പാനൂരുകാര്‍ വിളിച്ചത്...കേരളത്തിലെ സ്വര്‍ഗവുമാണ് വയനാട് എന്ന് തോന്നി . സഫലമായ യാത്ര.