Subramanian Swamy

കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി

മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് തികച്ചും സാധാരണക്കാരനായ അനുവാചാകന്റേയും ഹൃദയത്തിനരികെ സ്ഥാനമുള്ളതാണ് കവിത. അതിനുകാരണം രണ്ടാണ്. ഒന്ന് സുന്ദരകോമളപദാവലികള്‍ കൊണ്ട് വൃത്തബന്ധിതമായി, മനോവികാരങ്ങളേയും മാനസോല്ലാസ ദൃശ്യങ്ങളെയും ആകര്‍ഷകമായി അവതരിപ്പിക്കനാകുന്നു എന്നത്. രണ്ടാമത് ഏകാന്തത്തില്‍ ഇരുന്നു ഏതു സഹൃദയനും സ്വയം പാടിരസിക്കാം എന്നത്. സാഹിത്യത്തിന്റെ ആദിമം കവിതയാണെന്നത് യാദൃശ്ചീകമല്ല. പില്‍ക്കാല മനവസംസ്കാരത്തിലെ ഉല്‍ക്കര്‍ഷങ്ങള്‍ക്ക് വളരാനുള്ള വീഥിയായി കവിത തന്നെയായിരുന്നു എന്നും കൂട്ടുണ്ടായിരുന്നത് .


നിലവില്‍ പക്ഷെ കവിത വൃത്തത്തിന്റെ ക്ലിപ്തതയെ ഒഴിവാക്കി അനുവാചകനോട് നേരിട്ട് ഇടപെടുകയാണ്. പറയാനുള്ള കാര്യങ്ങള്‍ അലങ്കാരങ്ങളുടെ ആര്‍ഭാടങ്ങളോ ഭാഷയുടെ ക്ളിഷ്ടതകളോ കൂടാതെ നേരിട്ട് തന്നെ സംവദിക്കുന്ന രീതിയായി കവിത മാറി. ഇത് കവിതയുടെ ആസ്വാദനത്തെ ഗൗരവതരമായി ബാധിച്ചുവെങ്കിലും, പറയുന്നതിലെ സത്യബോധം കേള്‍ക്കുന്നവന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നു എന്നിടത്ത് മറ്റു ന്യായന്യായതകള്‍ അവഗണിക്കപ്പെടുകയാണ് ചെയ്തത്.


ഇവിടെ സിന്ധു .കെ.വി. എന്ന കവി (കവിത എഴുതുന്നയാള്‍ കവി തന്നെ, അതിലെന്ത് ജെന്‍ഡര്‍ ) തന്റെ ആത്മാംശത്തെ അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുന്നത് ഭാഷയിലെ ആര്‍ഭാടങ്ങളെ യാതൊരുവിധത്തിലും ആശ്രയിക്കാതെയാണ്. അവര്‍ പ്രതിഷേധങ്ങളെ അതിന്റെ എല്ലാവിധ കരുത്തോടെയും അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു. അത്ര ശക്തമായി ആഹ്ലാദത്തെ അന്യരോടൊത്ത്‌ അനുഭവിക്കുന്നുമുണ്ട് . എന്നാല്‍ ദുഃഖത്തെ ഒരു സ്വകാര്യ സമ്പാദ്യം എന്നത് പോലെ കൈവിട്ടു കളയാന്‍ മടിക്കുന്ന ലുബ്ധയായി മുറുകെ പിടിക്കുകയും ചെയ്യുന്നു. വേദനക്കും ദുഃഖത്തിനും മധ്യേ പ്രണയം ഒരു ദുരന്തമായി ചിറകിട്ടടിക്കുന്ന ദൃശ്യം ഈ സമാഹാരത്തിലെ ഏറെ കവിതകളുടെയും അന്തര്‍ധാരയായി ഇരിക്കുന്നുവെന്നത് നഷ്ടബോധങ്ങളുടെ ഒരു പ്രസ്താവന മാത്രമായി വിലയിരുത്താന്‍ കാപ്പിതോട്ടങ്ങളെ ലഭ്യമാക്കുന്നില്ല.വേദനയുടെയും വിഷാദത്തിന്റെയും ഒട്ടൊരു പ്രതിഷേധത്തിന്റെയും സ്വകാര്യമായ ഒരു ലോകത്തിലൂടെയുള്ള യാത്ര എന്ന് ഒറ്റ വായനയില്‍ തോന്നിപ്പിക്കുമെന്കിലും വളരെയേറെ ചിന്തിച്ചുമാത്രം അര്‍ത്ഥം കണ്ടെടുക്കാന്‍ പ്രായത്തില്‍ ഏറെ ബുദ്ധിപരമായി വസ്തുതകളെ ഒളിച്ചു താമസിപ്പിച്ചിട്ടുള്ള ഒട്ടേറെ ഗ്വഹരങ്ങള്‍ വായനക്കാരന് വെല്ലുവിളി ആകുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. അതൊന്നുംപക്ഷേ കൃത്രിമമായ ഏതെങ്കിലും പശ്ചാത്തലത്തിന്റെ ഭാഗമായല്ല മറിച്ച് തികച്ചും സ്വഭാവീകമായ വിചാര വികാരങ്ങളുടെ ഓരം ചേര്‍ന്നുതന്നെയാണ് അത് കവിതയുടെ ഭാഗമാകുന്നത്. ഇത് വായനക്കാരനില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് സംശയിക്കപ്പെടുമെങ്കിലും അതിനെ മറികടന്ന് ജഗരൂകമായ ശ്രദ്ധ ആവശ്യപ്പെടുന്ന കവിതകളാണ് മുന്നിലെന്ന് വായനക്കാരന് തീര്‍ച്ചപ്പെടുത്താന്‍ അത് സഹായകമാവുകയാണ് ചെയ്യുക.എങ്ങെനെയാണന്നതല്ലേ? എത്ര അനായാസമാണന്നതല്ലേ ? ഒരാള്‍ സ്വന്തം വഴിയിലൂടെ മാത്രം നടക്കുന്നത് വരകളോ മാര്‍ക്കുകളോ ഇല്ലാതെ തെളിച്ചെടുക്കുന്ന കാഴ്ചകളിലൂടെ,ഒരുവന്‍ അവന്റെ വഴി കണ്ടെത്തുന്നത്. നടക്കുകയാണ് ഒരാള്‍ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. തെളിച്ചെടുക്കുന്ന കഴ്ച്ചയിലൂടെയാണ് ഒരാള്‍ അവന്റെ വഴി കണ്ടെത്തുന്നത്. തെളിച്ചെടുക്കുന്ന എന്നിടത്ത് എല്ലാം വന്നുചേരുന്നു. ഇത് കൌശലതിന്റെ ഭാഷയല്ല. സത്യമാതാണ്. വെറുതെ തെളിയുന്നതല്ല കാഴ്ച അത് തെളിച്ചെടുക്കുയാണ് . ഇത്തരത്തില്‍ തെളിഞ്ഞുകിട്ടെണ്ട ധാരാളം കഴ്ച്ചകളിലെക്കുള്ള ഒരു ക്ഷണമാണ് കാപ്പിതോട്ടങ്ങളുടെ സൂക്ഷിപ്പുകാരി എന്ന ഈ കവിതാസമാഹാരം.


നിങ്ങള്‍ക്കറിയാം തനിച്ചാക്കപ്പെട്ട സ്ത്രീ ഒരു പൊതുമുതലാണെന്ന് ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന ഒരു കവിതയാണവള്‍. ശക്തമായ കരിങ്കല്‍ ചീളുകള്‍ പോലെ വായനക്കാരന്റെ മുഖത്ത്‌ പതിക്കുന്ന ഈ അക്ഷരങ്ങള്‍ യാഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെക്കുന്നത് ചരിത്രത്തില്‍ ഒരുകാലത്തും നീതി ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ സ്ത്രീ സമൂഹത്തിന്റെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും കൂര്‍ത്ത് മൂര്‍ത്ത പ്രതികരണമായിതന്നെയാണ്. കോടമഞ്ഞില്‍ ചില രൂപങ്ങള്‍ എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍ . ഇത്തരത്തില്‍ വാക്കില്‍ അഗ്നി ചിതറുന്ന ധാരാളം ചിത്രങ്ങള്‍ കാപ്പിത്തോട്ടങ്ങളുടെ പുറങ്ങളില്‍ നമുക്ക്‌ അനുഭവിച്ചറിയാനാവുന്നുണ്ട്.ആത്മാവ് ഒരനുഭവമാണ് . അത് ഒരിക്കലും ഒരു കാഴ്ചയല്ല. നമ്മില്‍ നിന്ന് വേറിട്ട്‌ പോകുന്ന ഒരനുഭവത്തെ അമൂര്‍ത്തമായെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ഒരാഭിചാരമാണ് ആവാഹനം. അത് ആത്മാവിനെ അന്വേഷിക്കാലാണ് . അത് ഒരേസമയം ആത്മീയവും ഭൗതീകവുമായ അന്വേഷണമാണ് . തന്നില്‍ നിന്നും നഷ്‌ടമായ ശരീരത്തെ അമൂര്‍ത്തമായെങ്കിലും കണ്ടെത്താനുള്ള ഒരു തൃഷ്ണ അതിലുണ്ട് എന്നതാണ് അതിന്റെ ഭൗതീകപ്രസക്തി.സമാഹാരത്തിലെ തുടക്ക കവിതയായ ആവാഹനം നിവര്‍ത്തിക്കുന്ന സമസ്യ ഈയൊരു അന്വേഷണമാണ്. ശരിക്കും ആ കവിത അനുവാചകനില്‍ വന്നുപതിക്കുന്നത് ഒരാര്‍ത്തനാദമായാണ്. കിടിലമായ ഒരനുഭവം സൃഷ്ടിക്കുന്ന ആത്മരോദനമാണ് അതിലെ വരികള്‍ .


തുടര്‍ന്നുള്ള വായനയില്‍ നമ്മള്‍ കണ്ടെത്തുന്ന ഗേറ്റ് നമ്പര്‍ എന്ന കവിതയില്‍ വന്നുമുട്ടുമ്പോള്‍ ഒരു തിരിച്ചറിവ് നമ്മളെ അലട്ടുന്നുണ്ട്. ഗേറ്റ് നമ്പര്‍ എന്ന കവിതയുടെ തുടര്‍ച്ച മാത്രമല്ലേ ആവാഹനം എന്നത്. നമ്മളെ അമ്പരപ്പിക്കുന്നത്‌ രണ്ടു കവിതകളും കൈകാര്യം ചെയ്യുന്ന ആശയ സാരൂപ്യം കൊണ്ടല്ല. മറിച്ച് അന്തര്‍ധാരയില്‍ അവ പങ്കുവെക്കുന്ന വികാരസാമ്യം അത്രയേറെ ഐക്യരൂപ്യമാണ് എന്നത് കൊണ്ടാണ് . ഗേറ്റ് നമ്പറിന്റെ തുടര്‍ച്ചയായി ആവാഹനത്തെ വായിക്കുമ്പോള്‍ അതുണ്ടാക്കുന്ന കുതൂഹുലം ഹൃദയത്തെ എത്തിക്കുന്ന സങ്കട സാഗരം കവിയുടെ അനുഭവങ്ങളുടെ ആഴം മറഞ്ഞുകിടക്കുന്ന അതിലും വലിയ സമുദ്രത്തിന്റെ ഓരോരം മാത്രമാണല്ലോ എന്ന് വായനക്കാരനെ ഭീതിപ്പെടുത്തുകയാണ്. ഇത്തരത്തില്‍ അനുഭവങ്ങളുടെ ഗാഡത അനുവാചകന് അതി വികാരതീവ്രമായി അനുഭവിപ്പിക്കുന്നു എന്നത് ഈ കാവ്യപുസ്ത്കത്തിന്റെ തെളിമയായി ചേരുകയാണ്.


“നട്ടുച്ച നേരത്ത്‌ കുന്നിന്റെ മോളില്‍ എന്നെ കൊണ്ട് നിറുത്തീട്ട് പോയൊരു പോക്കില്ലേ ?


ഞാന്‍ ആദ്യം നീയാദ്യമെന്ന് ഒരുമിച്ചു പറയാന്‍ ആ കുന്നിന്‍പുറത്തേക്ക് നമ്മള്‍ തിരിച്ചു കയറുകയാണ്.”


ഈ വരികളിലൂന്നി ഗേറ്റ് നമ്പറില്‍ നിന്ന് അറിയാതെ നമ്മള്‍ ആവഹാനത്തിലെ ഈ വരിയിലേക്ക് അറിയാതെ ഊര്‍ന്നു വീഴും. “ ഇടയിലിപ്പോള്‍ ഞാനവുന്ന സീറോ അവര്‍ “ ആ സീറോ അവര്‍ ഒന്നിനും ഒമ്പതിനും മദ്ധ്യേ തനിച്ചാക്കപ്പെടുന്ന അര്‍ത്ഥമോ ധര്‍മ്മമോ കാമ മോക്ഷാദികളോ അവകാശപ്പെടാനില്ലാത്ത, ഒരാത്മാവിന്റെ അന്യമാക്കപ്പെട്ട അനുഭവങ്ങളുടെ സൂക്ഷിപ്പ്‌ പോലെ, അദൃശ്യമായ ഏതോ ചരടില്‍ പരസ്പരം ബന്ധിതരായ ഈ അക്ഷരങ്ങള്‍ സാന്നിധ്യമറിയിക്കുന്നത്, എന്നോ ആരില്‍ നിന്നാരെന്നറിയാതെ ഊര്‍ന്നുപോയ കൈത്തലങ്ങളുടെ ഓര്‍മ്മകളെ തന്നെയാണ്.ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ജടയായി സങ്കല്‍പ്പിക്കുന്ന ഗംഗ എന്ന കവിതയില്‍ ആശ്വാസം കൊതിക്കുന്ന മനസ്സിന്റെ പ്രതീക്ഷകളെ അവതരിപ്പിക്കുന്നത് പുഴയുടെ ഒഴുക്കുമായി ബന്ധപ്പെടുത്തിയാണ് . നനവ് അറിയിക്കാനും മഞ്ഞുരുക്കാനും പതഞ്ഞൊഴുകാനും സ്വപ്നം കാണുന്നത് ജടയിലെ അഴിയാക്കുരുക്കുകള്‍ക്ക് ആശ്വാസം പകരാനാണ്. വലിയൊരു ജീവിതതത്വത്തെ ചുരുക്കം ചില വരികളിലൂടെ ഇത്ര മനോഹരമായി അവതരിപ്പിക്കപ്പെടുന്നത് തെല്ല് കൗതുകത്തോടെ നിരീക്ഷിക്കുമ്പോള്‍ തൊട്ടപ്പുറത്ത് വെഡ്ഡിംഗ് ആനിവേഴ്സറി എന്ന കവിതയില്‍ പൊള്ളുന്ന ഒരു ചിത്രം ജീവിതത്തെ കുറിച്ചുള്ള സകല സാന്ത്വനവും കെടുത്തി കളയുകയാണ് .


എതിര്‍ ദിശയില്‍ ചലിക്കുന്ന ഘടികാരങ്ങളായല്ലാതെ നമുക്കെങ്ങനെയാണ് മിനുത്ത ഫ്രെയിമില്‍ ഈ വിധം ചിരിച്ചു നില്‍ക്കുക ?


ഒരേ ഫ്രെയിമില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഇരുവര്‍ക്കിടയിലെ അറിയാത്ത വിയര്‍പ്പുകണങ്ങളുടെ കഥ പറയുന്നത് ദുസ്സഹമായ ചൂടാണ്. ഒരേ ഫ്രെയിമില്‍ ചിരിച്ചുകൊണ്ടിരിക്കുമ്പോഴും എതിര്‍ ദിശയില്‍ ചലിക്കുന്ന ഘടികാരങ്ങളായി വേര്‍പിരിഞ്ഞു മാറുന്ന ജീവിതങ്ങളുടെ കഠിനമായ ദുരന്തഅനുഭവത്തെ ഇതിലും ലളിതമായൊന്നും പറഞ്ഞുവെക്കനാവില്ല. ആ ചൂടിനെ ഉള്ളില്‍ വെച്ചുകൊണ്ട് വേണം ജടയിലെ അഴിയാ കുരുക്കുകള്‍ക്ക് ലേപനമായി പുഴയായി ഒഴുകി വരുന്ന സ്വപ്നം സമ്മാനിക്കാന്‍ . ഇത് കവിയുടെ ഭാവനാ വൈചിത്ര്യങ്ങള്‍ ആയി അല്ല കാണേണ്ടത്. ദുസ്സഹമായ അനുഭവങ്ങളുടെ കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ കൊത്തിവലിക്കുന്ന ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന വഴികളെയാണ് .


അത്തരം വൈവിദ്ധ്യങ്ങള്‍ സ്വാഭാവീകമായി മനസ്സിനെ കൊണ്ടുപോകുന്ന കൗതുകകരമായ ചില ഭ്രമ കല്‍പ്പനകള്‍ ഉണ്ട്. ഒരേ നാട്ടുകാര്‍ എന്ന കവിതയില്‍ അത്തരം ഒരു ഭ്രമാത്മകതയിലൂടെ സാന്ത്വനം കണ്ടെത്തുവാനുള്ള മനുഷ്യരുടെ രീതിയെ നേരിയ ഒരു പരിഹാസത്തിനകത്ത് കവി കുറിച്ചുവെക്കുന്നത് ഇങ്ങനെ.നമ്മളൊരു നാട്ടുകാരല്ലേ, ഒരേ വളവുകളുള്ള തണല്‍മരപ്പാതയിലെ സഞ്ചാരികള്‍


കാര്യങ്ങള്‍ ഭ്രാമാത്മകമായി അവതരിപ്പിക്കുക വഴി വിശ്വാസ്യതയുടെ ഒരു വൈരുദ്ധ്യം സംഭവിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ വസ്തുതകളെ അനുവാചകന് ബോദ്ധ്യപ്പെടുന്ന രീതിയില്‍ പറയാന്‍ കവി ബാധ്യസ്ഥനാണ്. ഒരുപക്ഷെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസത്തില്‍ ദുര്‍ഘടമായ വിധിയുടെ പരീക്ഷണങ്ങളെ ബോധ്യപ്പെടുത്താനാവില്ലെങ്കില്‍ പറയുക എന്നത് ഒരു ബാധ്യതയാവും. അത്തരം ഘട്ടങ്ങളില്‍ പറയാതെ പോകുന്നതിലെ അപാകതയെ ഓര്‍ത്താവാം സത്യത്തെ ഒരു മുത്തശ്ശി കഥയായി കവി അവതരിപ്പിക്കുന്നത്.കാലഗണനകളെയും അവസ്ഥാന്തരങ്ങളെയും മറക്കും വിധം ദുസ്സഹമായ ഒരനുഭവത്തെ പങ്കുവെക്കാന്‍ പാകത്തില്‍ ആരുമേയില്ല എന്ന ദയനീയമായ ഒരറിവ് കൂടിയാവാം കഥയെ ഇങ്ങനെ ഉപസംഹരിക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത്.


 നിരത്തില്‍ എന്റെയും നിന്റെയും മക്കള്‍ ചുമലുരുമ്മി നടന്നേക്കാം ആദിമധ്യാന്തങ്ങളറിയാത്ത ഈ കുന്നിന്‍ മുകളില്‍ ഞാനും നീയുമില്ലാത്ത ഈ ശാന്ത തലത്തില്‍ ഇനിയൊരു പുതുലോകം എന്റെ കാഴ്ചയാകുന്നില്ല. ഒട്ടുവളരെ പ്രണയമധുരാര്‍ദ്രമായ വരികളിലൂടെ ഒഴുകിയോലിച്ചു പോയാലെ സമാഹാരത്തിന് പുറത്ത്‌കടന്നാശ്വസിക്കാന്‍ വായനക്കാരനെ അനുവദിക്കൂ എന്ന് ആലോചിച്ചുറപ്പിച്ചതു പോലെയുള്ള രീതിയില്‍ എത്ര മനോഹര ഗീതികള്‍ ആണ് ഇതിനകത്ത് നമ്മെ തഴുകി കടന്നുവരുന്നത്? പുസ്തകത്തിന്റെ പേരായി മാറിയ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. വസന്തം വരച്ച വഴിയോരത്തെ പൂത്ത്നില്‍ക്കുന്ന കപ്പിത്തണല്‍ പാതയിലൂടെ എന്നിലേക്കെന്നു നിങ്ങള്‍ വരുമ്പോള്‍ ഒരു മോഷണം നടക്കും. നിങ്ങള്‍ പോലും അറിയാത്ത ഒന്ന് .


തുടര്‍ന്ന് വരുന്ന ദേശടനപക്ഷിയിലെ ഈ വരികള്‍


കണ്ണെത്തും ദൂരം നിന്നെ മാത്രം കാണുന്ന പാകപ്പെടലിന്റെ കാലം എതഗ്നിയില്‍ എരിയുമ്പോഴും എനിക്കായ്‌ നീ കരുതുന്ന കുളിരാഴങ്ങള്‍


ഇതിന് തുടര്‍ച്ചയെന്നോണം പ്രണയം എന്ന കവിത പൂര്‍ണ്ണമായി തന്നെ നിറഞ്ഞൊഴുകുന്നത് തടയുന്നതെങ്ങിനെ എന്നിങ്ങനെയാണ് അറിയുന്നത്.


നിന്നെ കോരാനെങ്കിലും ചോര്‍ച്ചയില്ലാത്ത ഒരു പത്രം കരുതണം ഞാന്‍ എന്റെ കൈവിരല്‍ പഴുതിലൂടെ അത്രമേല്‍ നീ ഊര്‍ന്നു പോകുന്നു.വേണ്ടപ്പോ വഴങ്ങാത്ത ചിലത് പിന്നെ വരാന്നു പറഞ്ഞ് കിലുങ്ങിയോടുന്ന കാമുകിയെ പോലെ. .. പ്രണയത്തിന്റെ ഒരു ഗ്രമ്യഭാഷ്യം വീണുടഞ്ഞു കിടക്കുന്നില്ലേ ഈ വരികളില്‍ . ഒരു വിരല്‍ തുമ്പില്‍ പോലും സ്പര്‍ശിക്കാതിരിക്കുന്നത് പ്രണയവിശുദ്ധിയുടെ തെളിമയായി കരുതിയ കാലത്തിന്റെ കോണില്‍ നിന്ന് കിലുങ്ങിഓടിപോകുന്ന ചുരുള്‍ മുടിയില്‍ തുമ്പപ്പൂ ചൂടിയ പെണ്‍ക്കുട്ടി ഒരു ചിത്രമായി ഈ വരികളില്‍ നിന്ന് ഓടിക്കയറി ഹൃദയത്തില്‍ എത്തുന്നില്ലേ?മറന്നുപോയ വാക്കുകള്‍ എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍ .കവിതയുടെ ഇത്തരം സാധ്യതകളെ നിര്‍ലോഭമായി പ്രയോജനപ്പെടുത്തുന്നു എന്നിടത്ത് സിന്ധു തന്റെ കാവ്യ സായൂജ്യത്തെ എത്രമേല്‍ ആസ്വദ്യകരമാക്കുന്നു എന്നത് വായിച്ചറിയുകയെ വഴിയുള്ളൂ.


പാര്‍ക്കിംഗ് ,മഴവഴികള്‍ , നീ പറയാന്‍ ബാക്കിവെച്ചത്. ഈ മൂന്നു കവിതകളുടെ ഉള്ളുകളിലൂടെ കയറിയിറങ്ങി പോകുന്നതുവഴി എത്തിപ്പെടുന്ന വ്യക്തിത്വത്തിലെ ചില തമോഗ്വഹരങ്ങള്‍ ഉദ്വേഗപൂര്‍ണ്ണമെങ്കിലും ഹാസ നിര്‍ഭരം കൂടിയാണ് .


എന്നും കൂടെയെന്ന് കാതരമൊഴി വെറുതെ വെറുതെയെന്നു മറുമൊഴി


വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദീര്‍ഘപ്രതീക്ഷകളുടെ അന്തസ്സാര ശൂന്യത അര്‍ത്ഥശൂന്യംകൂടെയന്നു വെറുമൊരു ചെറു മൊഴിയില്‍ മൊഴിഞ്ഞുവെക്കുന്നതിവിടെ. ഇതിന്റെ തുടര്‍ച്ചയെന്നോണം മഴവഴികള്‍ എന്ന കവിതയില്‍ ഇങ്ങനെ കരുതിവെക്കുന്നു.


ഒഴുകാതെ വയ്യെന്ന് നീ കൈവഴികളില്‍ നീയറിഞ്ഞ ചരല്‍പ്പാടില്‍ തേച്ചു നീ മിനുക്കിയ കരിമ്പാറകളില്‍ നിന്നിലെക്കൊഴുകിയ പുഷ്പഗന്ധങ്ങളില്‍ നിന്റെ നനവറിഞ്ഞ താഴ്വാരങ്ങളില്‍ അലിയാതെ വയ്യെന്ന് ഞാന്‍ .


ഉപേക്ഷകളുടെ കഠിനമായ വിരഹവാഗ്ദാനത്തിന്റെ മുനമ്പിലും നിഷ്കളങ്കമായി അവതരിപ്പിക്കപ്പെടുന്ന ഈ വ്യാമോഹങ്ങള്‍ യതാര്‍ത്ഥത്തില്‍ അര്‍ത്ഥസമ്പൂര്‍ണ്ണമാകുന്നത് നീ പറയാന്‍ ബാക്കി വെച്ചത് എന്ന കവിതയിലെ അവസാന വരികളിലെ യാഥാര്‍ത്ഥ്യബോധാത്തിലാണ് .


ഇന്ന് പെയ്തൊഴിഞ്ഞ മാനത്തിന് താഴെ നിര്‍വികാരതയുടെ താളില്‍ എന്തിനാണ് നീ എന്നെ തേടി വരുന്നത്?
ആനുകാലികങ്ങളില്‍ പലപ്പോഴായി വായനക്കാരെ ആകര്‍ഷിച്ച കവിതകള്‍ ആദ്യമായി സമാഹാരമായി രൂപപ്പെടുകയാണ് കാപ്പിതോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയിലൂടെ .കവിതകളുടെ തലക്കെട്ടുകള്‍ പലപ്പോഴും വിഷയത്തിന്റെ പ്രാതിനിധ്യസ്വഭാവം പേറിയില്ല എന്നത് പൊതുവേ സമാഹാരത്തിന്റെ ഭംഗിയില്‍ ചെറിയ മണല്‍ത്തരികള്‍ നാവില്‍ പുരളുന്ന അസ്വസ്ഥത തീര്‍ത്തത്‌ മറച്ചുവെക്കുന്നില്ല . അതിനേക്കാള്‍ ദുഃഖകരമായ ആവലാതി കവിതകളുടെ അനുക്രമം വായനയുടെ സുഖത്തെ അല്‍പം വൈഷ്യമ്മത്തില്‍ പെടുത്തുന്നതായിപ്പോയി . ഒരുപക്ഷെ കവിത ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ക്രമത്തില്‍ കവിതകളെ അച്ചടക്കപ്പെടുത്തുന്നത് അസഹ്യമായി തോന്നുന്ന ഒരു കവിയുടെ അച്ചടക്കരാഹിത്യമായി തന്നെയാകാം കവിതകള്‍ ഇങ്ങനെ അവതരിപ്പിക്കപ്പെട്ടത്‌. സമാഹാരത്തിലെ മുഴുവന്‍ കവിതകളെയും പരാമര്‍ശിച്ചു പോവുക എളുപ്പമല്ലെങ്കിലും പരാമര്‍ശിക്കപ്പെടേണ്ട ചിലതിനെയെങ്കിലും വിട്ടുകളയേണ്ടിവന്നതില്‍ ഖേദമുണ്ട്. എങ്കിലും പ്രതിനിധ്യസ്വഭാവത്തോടെ സമഗ്രമാക്കാന്‍ ശ്രമിച്ചു എന്ന ചാരിതാര്‍ത്ഥ്യം മറച്ചുവെക്കുന്നുമില്ല.


കൈരളി ബുക്സ്‌


വില. അമ്പത്‌ രൂപ.