ചില ചലച്ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷവും ഊര്‍ജ്ജവും അനുഭവപ്പെടും. 'മൈ നേബര്‍ ടോട്ടൊറോ (My Neighbor Totoro)' ഈ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ്. കുട്ടികളുടെ ഒരു അനിമേഷന്‍ ചിത്രം എന്ന പരിമിതി മുതിര്‍ന്ന പ്രേക്ഷകര്‍ക്ക് ഒരിക്കലും അനുഭവപ്പെടുത്തുന്നില്ല ഈ ചിത്രം. 'കിഴക്കിന്റെ വാള്‍ട്ട് ഡിസ്നി' എന്നു വിശേഷിപ്പിക്കാവുന്ന ജാപ്പനീസ് സംവിധായകന്‍ ഹയാവോ മിയസാക്കി (Hayao Miyazaki) എഴുതി സംവിധാനം ചെയ്ത ഒരു മികച്ച ചിത്രമാണ് 1988 ല്‍പുറത്തിറങ്ങിയ 'മൈ നേബര്‍ ടോട്ടൊറോ'
കഥ നടക്കുന്നത് 1958 ലാണ്. സാറ്റ്സുകി, മെയി എന്നിവര്‍ സഹോദരിമാരാണ്. സാറ്റ്സുകിക്ക് പത്തു വയസ്സും മെയിക്ക് അഞ്ചും. മിടുക്കികളും, ഊര്‍ജസ്വലരും, സാഹസികരുമാണ് രണ്ടുപേരും. യൂണിവേഴ്സിറ്റി പ്രൊഫസ്സറായ ടാറ്റ്സുവോ കുസാകാബെയുടെ മക്കള്‍ . രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയുടെ ചികിത്സാസൗകര്യാര്‍ത്ഥം ആശുപത്രിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു പഴയ, വലിയ വീട്ടിലേയ്ക്ക് പ്രൊഫസറും മക്കളും താമസത്തിനെത്തുന്നതാണ് കഥയുടെ തുടക്കം.
ധാരാളം പാടങ്ങളും വൃക്ഷങ്ങളും നിറഞ്ഞ അതിസുന്ദരമായ കര്‍ഷകഗ്രാമപ്പ്രദേശം, ഗ്രാമവും പഴയ വീടും അതിനടുത്തുള്ള വലിയൊരു കാംഫര്‍ വൃക്ഷക്കാടുമെല്ലാം വലിയ ആവേശത്തോടെ സാറ്റ്സുക്കിയും കുഞ്ഞു മെയിയും നോക്കിക്കാണുന്നു. പഴയ വീട്ടില്‍ ഏറെ നാളായി ആല്‍ത്താമസമില്ലാത്തതിനാല്‍ കൂടുകൂട്ടി താമസിക്കുന്ന ഒരു കൂട്ടരുണ്ട്- കറുത്തിരുണ്ട ചെറുപഞ്ഞിക്കെട്ടുകള്‍ പോലുള്ള 'ഡസ്റ്റ് ബണ്ണീസ്' - മെയി അവയെ 'മഖുറോ-കുറോസുക്കി' എന്നാണ് വിളിക്കുന്നത്...; പുതിയ താമസക്കാര്‍ വന്നതു പ്രമാണിച്ചു അവ വേറെ സ്ഥലം അന്വേഷിച്ചു പോകുമെന്നു അയല്‍ക്കാരിയായ അമ്മൂമ്മ അവരോടു പറയുന്നു. വീട് വൃത്തിയാക്കുവാനും, സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുവാനുമെല്ലാം വലിയ ഉത്സാഹത്തോടെ അവര്‍ അമ്മൂമ്മയെ സഹായിക്കുന്നു.
അമ്മൂമ്മയുടെ കൊച്ചുമോനും, വികൃതിയും എന്നാല്‍ പേടിക്കാരനുമായ കാന്തയെ അവര്‍ പരിചയപ്പെടുന്നതും അപ്പോഴാണ്. അങ്ങിനെ, കളിച്ചും ചിരിച്ചും, ഇടയ്ക്കു ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശ്ശിച്ചുമെല്ലാം അവര്‍ പോകുന്നിതിനടിയിലാണ് മെയി ഒരു ദിവസം, ചെറിയ മുയല്‍ കുഞ്ഞു പോലുള്ള ഒരു ചെറുജീവി തന്റെ വീട്ടിലേക്കു പോകുന്നത് കാണുന്നത്. അതിനെ പിന്തുടര്‍ന്ന മെയി അല്പം കൂടെ വലിയ ഒരു മുയല്‍ ചെവിയല്‍ ഒരു കിഴിനിറയെ കായ്കളുമായി പുറത്തേയ്ക്ക് പോകുന്നത് കാണുന്നു. ഇവരുടെ പുറകെ പോകുന്ന മെയി അവസാനം എത്തിപ്പെടുന്നത് കാംഫര്‍ മരക്കാടിനുള്ളിലെ ഭീമനും നല്ലവനുമായ മരഭൂതത്തിന്റെ അടുത്താണ്. 'ടോട്ടൊറോ' എന്നാണ് അവന്റെ പേര്. പിന്നീട് സാറ്റ്സുക്കിയും ടോട്ടൊറോയെ പരിചയപ്പെടുന്നു. ടോട്ടൊറോ യാത്ര ചെയ്യുന്ന ഭീമന്‍ പൂച്ച ബസ്സ് ഉള്‍പ്പടെ പല ആവേശകരമായ അത്ഭുതങ്ങളും അവര്‍ കാണുന്നു.
ഈ സിനിമ മനോഹരമായ ഒന്നാണ്. വില്ലന്മാരില്ല, ദുഷ്ടകഥാപാത്രങ്ങളായ മുതിര്‍ന്നവരില്ല, കുട്ടികള്‍ തമ്മിലുള്ള കലഹമില്ല, ഭീകരമൃഗങ്ങളോ പേടിപ്പിക്കുന്ന ഭൂതങ്ങളോ ഇല്ല. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന, മുതിര്‍ന്നവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ മിയസാക്കിയുടെ തന്നെ ഗിബിലി സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം . മയാസാക്കിയുടെ സൂഷ്മ നിരീക്ഷണപാടവവും പ്രതിഭയും ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നു. ജാപ്പനീസ് ചിത്രത്തിന്റെ ഇംഗ്ലീഷ് ഡബ്ബിംഗ്, ശേഷം വന്നുവെങ്കിലും സംവിധായകന്റെ കയ്യൊപ്പുള്ള ജാപ്പനീസ് ശബ്ദവ്യന്ന്യാസവും-സംഭാഷണമാണ് ഏറെ ആകര്‍ഷകം. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം .