Jigish K

ഒരാള്‍പ്പൊക്കം

പുസ്തകം വായിക്കുമ്പോള്‍ പലപ്പോഴും വാക്കുകള്‍ക്കിടയിലെ മൌനം വാചാലമാവുകയും അത് വായനക്കാരനുമായി സംവദിക്കുകയും ചെയ്യുന്നതുപോലെ സിനിമയില്‍ ദൃശ്യബിംബങ്ങള്‍ക്കിടയിലെ മൌനം അര്‍ത്ഥപൂരിതമാവുമ്പോഴാണ് പ്രേക്ഷകനില്‍ ചലച്ചിത്രാനുഭവം ഉണ്ടാവുന്നത്. വിദേശസിനിമകളില്‍ ഇതുപോലുള്ള അനുഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ വളരെ അപൂര്‍വമാണ്. അത്രമേല്‍ അപൂര്‍വതയുള്ള ഒരനുഭവമായതു കൊണ്ടാവാം ഒരാള്‍പ്പൊക്കം ഇപ്പോഴും എന്നെ പിന്തുടരുന്നു.
ഒരു സിനിമ കൺസീവ് ചെയ്യുമ്പോള്‍ ഫിലിംമേക്കര്‍ ചെയ്യുന്ന വിശദമായ ഗൃഹപാഠമാണ് അതിനെ കാലാതിവര്‍ത്തിയാക്കി മാറ്റുന്നത്. കാഴ്ചയ്ക്കപ്പുറം എന്തൊക്കെ സൂചനകള്‍ അതിലടക്കം ചെയ്യാന്‍ കഴിയും എന്നതാണ് ആ ഗൃഹപാഠം. ഒരു കവി തന്റെ വരികളില്‍ അടക്കം ചെയ്യുന്ന ബിംബങ്ങളും രൂപകങ്ങളും ഇതേ പ്രവൃത്തി തന്നെയാണു ചെയ്യുന്നത്. ചുരുക്കത്തില്‍ കവിതയല്ലാത്തത് സിനിമയുമല്ല എന്നു പറയാം. അടിസ്ഥാനപരമായി സനല്‍ ഒരു കവിയായതിനാല്‍ ഈ സങ്കല്‍പ്പം ഇവിടെ കൂടുതല്‍ പ്രസക്തമാണെന്നു തോന്നുന്നു.


Oraalppokkam_movie_poster


സാര്‍വലൌകികമായ പ്രമേയങ്ങളുടെ ഒരു വിശാലഭൂമിക തന്നെയാണ് ഒരാള്‍പ്പൊക്കം. സ്ത്രീ, പുരുഷന്‍, പ്രകൃതി, പ്രണയം, യാത്ര, പരിസ്ഥിതി, ആധ്യാത്മികത തുടങ്ങി നിരവധി പ്രമേയപരിസരങ്ങളിലൂടെ ഒരൊഴുക്കിലെന്നപോലെ നമ്മള്‍ കടന്നുപോകുന്നു. കവിതയോട് വളരെ അടുത്തുനില്‍ക്കുന്ന ഒരു ദൃശ്യപരിചരണമാണ് സനല്‍ സിനിമയ്ക്കു നല്‍കിയിട്ടുള്ളത്. ‘സ്വയം പരാജയപ്പെടുത്തുന്ന ഒരു മത്സരമാണ് ഞാന്‍. എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകള്‍ പരസ്പരം മത്സരിച്ചു തോല്‍ക്കുന്നു. എന്നേക്കാള്‍ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പില്‍ ഞാന്‍ കുഴങ്ങുന്നു’ എന്നൊരു മോണോലോഗില്‍ തുടങ്ങുന്ന സിനിമ മഹേന്ദ്രന്‍ എന്ന മനുഷ്യന്റെ അവസാനമില്ലാത്ത തിരച്ചിലുകളെയും സ്വപ്നങ്ങളെയും സത്യങ്ങളെയും അതിസൂക്ഷ്മമായി അനുധാവനം ചെയ്യുന്നു. തികച്ചും നാഗരികനായ, സമകാലികനെന്നു ഭാവിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാണയാള്‍. വിവാഹം, കുടുംബം തുടങ്ങിയ പരമ്പരാഗതമൂല്യങ്ങളെയൊക്കെ ധിക്കരിച്ചു മുന്നേറുന്നുവെന്നും അയാള്‍ കരുതുന്നു. മഹിയുടെ നഗരജീവിതവും മായയുമായുള്ള പ്രണയവും തകര്‍ച്ചയും പിന്നീട് ഒരു തിരിച്ചറിവിന്റെ നിറവില്‍ അവളെത്തിരഞ്ഞുള്ള അയാളുടെ യാത്രയുമാണ് സിനിമയുടെ ബാഹ്യപ്രമേയം.


14tvf-new-age_G_14_2202401g


സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുദ്ധ്യവും ഒപ്പം സമന്വയവും സൂക്ഷ്മമായി നിരീക്ഷിക്കാനുതകുന്ന ഒരു പ്ലോട്ടിലേക്ക് സംവിധായകന്‍ നമ്മെ വിദഗ്ദ്ധമായി കൊണ്ടുപോവുകയാണ്. കാഷായം ധരിച്ച് സത്യം തിരഞ്ഞുപോകുന്ന ഒരു സന്യാസിയെ ഇവിടെ നമ്മള്‍ കാണുന്നില്ല. പകരം എല്ലാ പരിമിതികളുമുള്ള ഒരു നഗരജീവിയെ കാണുന്നു. മഹിയുടെ ആന്തരികലോകത്തെ പിന്തുടരുന്ന സംവിധായകന്‍ അവന്റെ മനസ്സാക്ഷി തന്നെയായ മായയെയും കൂടിയാണ് പിന്തുടരുന്നത്. അന്വേഷണത്തിന്റെ നീണ്ട വഴികള്‍ മഹി ഒറ്റയ്ക്കു നടന്നുതീര്‍ക്കുന്നു. അയാള്‍ തളരുന്നു. ഒടുവില്‍ കാലത്തിന്റെ ചുവരില്‍ തന്നോടൊപ്പം സഞ്ചരിച്ച എല്ലാവരുടെയും ചിത്രങ്ങള്‍ക്കൊപ്പം മായയുടെ ചിത്രവും അയാള്‍ കണ്ടെത്തുന്നു. ആശകള്‍ ശമിച്ച അയാള്‍ സ്വന്തം വിഴുപ്പുകളും ജീര്‍ണ്ണവസ്ത്രവുമുപേക്ഷിച്ച് കാലത്തിലേയ്ക്കു മടങ്ങുന്നു. അവിടെയും സിനിമ അവസാനിക്കുന്നില്ല. ‘എത്രജന്മം ജലത്തില്‍ കഴിഞ്ഞതും/എത്ര ജന്മം മരങ്ങളായ് നിന്നതും’ എന്ന വരികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് മഹിയും മായയും വീണ്ടും കണ്ടുമുട്ടുന്നു. തങ്ങള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നെന്നും യഥാക്രമം ഗരുഡനും കുരുവിയുമായിരുന്നു എന്നും അവര്‍ ഓര്‍ത്തെടുക്കുന്നു. വീണ്ടും കലഹിക്കുകയും പിരിയുകയും ചെയ്യുന്നു. മരണത്തിനപ്പുറവും മായ അയാളെ പിന്തുടരുന്നു. വീണ്ടുമയാള്‍ അവളെ തിരഞ്ഞുപോകുന്നു. മരങ്ങളും തണലും പൂക്കളും പ്രകൃതിയുമായി അവള്‍ അയാള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്നു.


ഒരുപക്ഷേ, ആപേക്ഷികസത്യങ്ങളില്‍ നിന്ന് ആത്യന്തികസത്യങ്ങളിലേക്കുള്ള ഒരു പ്രയാണം തന്നെയാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. സ്വന്തം ഉണ്മയെ ഒരിക്കലും പുര്‍ണ്ണമായി കണ്ടെത്താന്‍ കഴിയാതെ അയാള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. പലതരം മായകളില്‍ പുലര്‍ന്നുപോകുന്നു. ഇക്കാര്യത്തില്‍ ആസ്തികനും നാസ്തികനും ഒരുപോലെ തന്നെ. കാലവും സാഹചര്യങ്ങളും മാത്രമേ മാറുന്നുള്ളു. മഹേന്ദ്രന്റെ ജീവിതയാത്രയില്‍ മായ എന്ന സ്ത്രീയാണ് ചാലകശക്തി. ഒരുവേള നിങ്ങളുടേത് മറ്റാരെങ്കിലുമാവാം.


images


മായ എന്ന സങ്കല്പത്തെ ദൃശ്യവല്‍ക്കരിക്കാനുള്ള ധീരമായ ഒരു ശ്രമം ഒരാള്‍പ്പൊക്കത്തിലുണ്ട്. ഇതോടൊപ്പം കാലമെന്ന അനന്തതയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവും. സ്വപ്നത്തിന്റെ ഭാഷയും വിഷ്വലുകളുമുപയോഗിച്ച് സമയസഞ്ചാരത്തെ രേഖപ്പെടുത്താന്‍ സംവിധായകന്‍ നടത്തുന്ന ശ്രമമായിരിക്കണം ഈ സിനിമയെ സംവിധായകന്റെ സ്വന്തമാക്കി മാറ്റുന്നത്. പുഴയുടെയും വഴികളുടെയും വാചാലമായ ഷോട്ടുകള്‍ കാലത്തെ ഗഹനസുന്ദരമായി നമ്മുടെ മനസ്സിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ട്. രേഖീയതയുടെ ക്രമം തെറ്റിച്ചുമുന്നേറുന്ന ഒരക്രമം തന്നെയാണ് സ്വപ്നത്തിനും സത്യത്തിനുമിടയിലൂടെയുള്ള മഹിയുടെ ഉന്മാദയാത്ര. അന്ത്യത്തോടടുക്കുമ്പോള്‍ ഭ്രമാത്മകതയുടെ ഉയര്‍ന്ന തലത്തിലേക്ക് അത് വളര്‍ന്നുപടരുകയും ചെയ്യുന്നു. പ്രകൃതി/മനുഷ്യന്‍ ദ്വന്ദ്വത്തെ ഏകമായ ഒന്നിലേയ്ക്കു ലയിപ്പിക്കുന്ന ക്ലൈമാക്സിലെ ആ കവിത brilliance എന്ന വാക്കിനെ ഓര്‍മ്മിപ്പിക്കുന്നതാണ്.


hqdefault


സവിശേഷമായ ഈ അന്വേഷണത്തിന് ഇന്ത്യയുടെ കറന്റായ സന്ദര്‍ഭത്തില്‍ പ്രസക്തിയേറെയാണ്. അതുനമ്മെ പ്രകൃതിയിലേക്കു മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ബോറടി മാറ്റാന്‍ കാടുകയറുന്നവന്റെ ഗൃഹാതുരതയല്ല അത്. ഒരുവേള വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരാത്മീയതയെ അന്വേഷിക്കലാണ്. മഹേന്ദ്രന്‍ എന്ന വ്യക്തിയുടെ അന്വേഷണം ഒരിടത്തും അവസാനിക്കാതെ തുടരുകയാണ്. ഒരുപക്ഷേ ഏതൊരു മനുഷ്യന്റെയും ആത്യന്തികമായ വിധിയും ഇതു തന്നെയാവാം എന്നിടത്ത് സിനിമ സാര്‍വലൌകികമായ മനുഷ്യചരിതമായി മാറുന്നു. മായ എന്നൊരു ഏകസത്യത്തിലേക്ക് ഒടുവില്‍ നാമെത്തിച്ചേരുന്നു. ഉയരങ്ങളില്‍ പെയ്യുന്ന മഞ്ഞുമഴയായി അത് സിനിമയ്ക്കു ശേഷവും നമ്മെ പിന്തുടരുന്നു. മനുഷ്യകഥാനുഗായിയായ ഒരു കവിയുടെ നിരുപാധികമായ ആത്മാവിഷ്കാരമായി സിനിമ മാറുകയാണ്. പ്രേക്ഷകന്റെ ഭാവുകത്വത്തെ പുതുക്കിനിശ്ചയിക്കുന്ന ഒരു സൌന്ദര്യാനുഭവമായിത്തീരുകയാണ് ഒരാള്‍പ്പൊക്കം.