മുഖ്യധാരാ സിനിമയുടെ ആഖ്യാനസ്വഭാവത്തില്‍ നിന്നും അത്രയൊന്നും വ്യത്യസ്തമല്ലാത്ത തരത്തില്‍ തന്നെയാണ് പിങ്ക് എന്ന സിനിമയുടെ സഞ്ചാരം.എങ്കില്‍ പോലും ആ സിനിമ പ്രസക്തി നേടുന്ന കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സാംസ്കാരിക സ്വഭാവം കൊണ്ടാണ്.കീറിയ ബ്ലൗസും പിഞ്ഞിയ തലമുടിയും ക്ലാസ്സിക്കല്‍ ബലാത്സംഘബിംബങ്ങളായി ഇന്നും നിലനില്‍ക്കുന്ന സിനിമാലോകത്തിലേക്കാണ് ‘No means No’ എന്ന ശബ്ദവുമായി പിങ്ക് കടന്നു വരുന്നത്.തനത് പാരമ്പര്യങ്ങളെ തിരസ്കരിക്കുന്നതും ഭാഗഭാക്കാവുന്നതുമായ ഇടങ്ങള്‍ സിനിമയില്‍ കാണാവുന്നതാണ്.
സമരസപ്പെടലുകളുടെ കഥാഖ്യാനം
മീനല്‍ അറോറ എന്ന പെണ്‍കുട്ടിക്കും കൂട്ടുകാര്‍ ക്കും നേരിടേണ്ടി വന്ന പീഡന ശ്രമവും ആത്മരക്ഷാര്‍ ത്ഥം അവര്‍ നടത്തുന്ന ശ്രമങ്ങളും, പിന്നീട് അത് കോടതിമുറിയില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന വിചാരണയുമാണ് പ്രമേയം.
‘No means No’ എന്ന് പറയുവാനുള്ള ആര്‍ ജ്ജവം പോലെ തന്നെ പ്രധാനമാണ് തനിക്ക് വേണ്ടി തന്നത്താന്‍ സംസാരിക്കുവാന്‍ ഉള്ള കെല്പും.അമിതാബ് ബച്ചന്റെ കഥാപാത്രത്തിന്റെ രക്ഷകസ്വഭാവം അതില്ലാതാക്കി കളയുന്നത് കോടതിമുറികളില്‍ തങ്ങളുയര്‍ ത്തേണ്ട വാദങ്ങളെ മുഴുവന്‍ അപരന്റേതാക്കി കളഞ്ഞു കൊണ്ട് മുഖ്യധാരാസിനിമാചട്ടങ്ങളിലേക്ക് സിനിമ സമരസപ്പെടുകയാണ് .
ശരീരത്തെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ തങ്ങള്‍ സംസാരിക്കേണ്ടത് മുഴുവന്‍ രക്ഷിതാവിന് നല്‍കികൊണ്ട് തന്നെ ബൂര്‍ഷ്വാ സാമൂഹിക സിനിമാസങ്കല്പത്തിലേക്ക് സിനിമ വഴുതി മാറുകയാണ് .ആ പെണ്‍കുട്ടികള്‍ക്ക് വക്കീലായി ഒരു പുരുഷന്‍ ഉണ്ടായി പോയതായി എന്നതല്ല പരിമിതി , ആ പുരുഷന്റെ തണലിലാണ് സ്വയം നിര്‍ണ്ണയാകാവശമെന്നു പറഞ്ഞു പെണ്‍കുട്ടികള്‍ നിലനില്‍ക്കുന്നു എന്നതാണ് പരിമിതി. ആ രക്ഷാബിംബത്തിനാകട്ടെ തുടക്കം മുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട് താനും. റോഡില്‍ വച്ച് ഫലക് എന്ന പെണ്‍കുട്ടിയെ വണ്ടി തട്ടാന്‍ ശ്രമിയ്ക്കുമ്പോള്‍ രക്ഷകനാവുന്നതിലൂടെ അയാളെ വളരെ മുന്‍ പേ തന്റെ രക്ഷകര്‍ തൃത്വഭാവം വെളിവാക്കുന്നുണ്ട്.മികച്ച സിനിമയില്‍ നിന്ന് തരക്കേടില്ലാത്ത സിനിമയിലേക്ക് ചുരുങ്ങേണ്ടി വരുന്നതിന്റെ പ്രധാനകാരണം ഈ അതിനായകത്വം ആണ്.വിപണിക്കായുള്ള സമരസപ്പെടല്‍ ആണെങ്കില്‍ പോലും അത് സിനിമയ്‌ക്കൊരു ആരോചകത്വം തന്നെയാണ്.
സമരങ്ങളുടെ കഥാഖ്യാനം
അനിരുദ്ധ റോയ് ചൗധരിയുടെ സിനിമ നിലയുറപ്പിയ്ക്കുന്ന ഇടങ്ങള്‍ ഏറെയുണ്ട്. മീനല്‍ , ഫലക് , ആന്‍ ഡ്രിയ എന്നീ മൂന്ന് കഥാപാത്രങ്ങളും വെള്ളിത്തിരയ്ക്ക് അധികം പരിചിതമായ സ്വഭാവങ്ങളല്ല.തനിച്ചു താമസിക്കുകയും തനിച്ചു ജീവിക്കുകയും ,മാനസികമായും ശാരീരികമായും തങ്ങളുടെ സന്തോഷങ്ങളെക്കുറിച്ചും സ്വാതന്ത്ര്യങ്ങളെക്കുറിച്ചും ബോധവതികളായിരിക്കുകയും ചെയ്യുന്ന ഈ കഥാപാത്രങ്ങള്‍ സിനിമയ്ക്കുള്ളിലും സമൂഹത്തിലുമുള്ള സദാചാരസങ്കല്‍പ്പങ്ങളെ , അവയുടെ നിര്‍ മ്മാണങ്ങളെ ചൊടിപ്പിക്കുന്നു.നിലനില്‍ക്കുന്ന സാംസ്കാരിക ബോധത്തെ വെല്ലുവിളിക്കുക എന്ന ലെനിനിസ്റ്റ് കലാസാമീപ്യം ഇവിടെ പ്രകടമാവുന്നു.സിനിമയിലുടനീളം ഉപയോഗിക്കുന്ന സംഭാഷങ്ങള്‍ അവയുടെ കൃത്യമായ ഫോക്കസ് കാരണം മുതല്‍ക്കൂട്ടാണ്.എങ്കില്‍ പോലും ദീര്‍ ഘദൂര സംഭാഷണാഖ്യാനങ്ങള്‍ സിനിമാറ്റിക് സാങ്കേതങ്ങളുടെ സാധ്യതയെ കുറയ്ക്കുന്നു എന്നതും കാണാവുന്നതാണ്.വക്കീല്‍ സാറിന്റെ ലക്‌ചര്‍ ക്ലാസ്സുകളാണ് സിനിമയെ നയിക്കുന്നതെന്ന ഘടകം അവയുടെ പ്രാധാന്യം കൊണ്ട് മുതല്‍ക്കൂട്ടാവുമ്പോള്‍ തന്നെ സിനിമ എന്ന നിലയില്‍ , കാഴ്ചയുടെ കലയെന്ന നിലയില്‍ രസക്കേടാവുന്നു.
മൂന്ന് കഥാപാത്രങ്ങളും സഹകഥാപാത്രങ്ങളും കാഴ്ച വച്ച അഭിനയം എടുത്തു പറയാവുന്നതാണ്.പോലീസ് സ്റ്റേഷന്‍ സീനുകളിലുള്‍പ്പെടെ പ്രകടമാവുന്ന റിയലിസ്റ്റിക് സ്വഭാവം സിനിമയുടെ ഒഴുക്കിന് ശക്തി പകരുന്നു . പെണ്ണത്തത്തിന്റെ കുലീനതാ നിര്‍ വചനങ്ങളെ ശക്തമായി വെല്ലുവിളിക്കുന്ന ഒരു സാംസ്കാരിക ഉപാധി എന്ന നിലയിലാവും വരും കാലങ്ങളില്‍ ‘പിങ്ക്’ എന്ന സിനിമ അടയാളപ്പെടുക.മികച്ച സിനിമയാവേണ്ടിയിരുന്ന ,എന്നാല്‍ ഒരു നല്ല സിനിമ മാത്രമായി ചുരുങ്ങേണ്ടി വന്ന ഒരു സിനിമാ ശ്രമമാണ് ‘പിങ്ക്’ എന്ന് അടയാളപ്പെടുന്നു.