Akhil Madhu

കാര്യവട്ടം കോളേജിലെ ഒന്നാം ദിനം.

രണ്ടു വര്‍ഷത്തെ +2 ജീവിതം അവിസാനിച്ച്, സ്കൂള്‍ ജീവിതത്തിനോടു വിടപറഞ്ഞു കലാലയ ജീവിതവും സ്വപ്നം കണ്ടു നടന്ന സമയത്താണു കാര്യവട്ടം കോളേജിലേക്കുള്ള അഡ്മിഷന്‍ മെമ്മോ കയ്യില്‍ കിട്ടിയത്. സത്യത്തില്‍ അതു ജീവിത്തിന്‍റെ തന്നെ പുതിയൊരു തലത്തിലേക്കുള്ള ടിക്കറ്റായിരുന്നു. ജീവിതത്തിലുണ്ടായ വഴിത്തിരുവുകളില്‍ ഒരെണ്ണമാണ് കാര്യവട്ടം കോളേജിലെ പഠനകാലം.


മറ്റൊരു ഗവണ്മെന്‍റ് കലാലയങ്ങളിലും ഇല്ലാത്ത അപൂര്‍വ്വശാസ്ത്രബിരുദകൊഴ്സുകള്‍ ഉള്ള കലാലയമായിരുന്നു ഗവ: കോളേജ് കാര്യവട്ടം. പഠിക്കാന്‍ വന്ന ഒരുകൂട്ടം പഠിപ്പിസ്റ്റുകളുടെയൊക്കെ കൂടെ ഞാനും കാര്യവട്ടം കോളെജിലേക്ക് കാലെടുത്തുവെച്ചു. ചുറ്റിനുമുള്ള പച്ചപ്പിനിടയില്‍ നല്ല തലയെടുപ്പോടെ കാര്യവട്ടം കോളേജ്. ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും ഒരു ഗ്രഹാതുരത്വം തോന്നിപോകും….


ദാസനും വിജയനും കടപ്പുറത്ത് ചെന്നിറങ്ങിയതുപോലെ ഒന്നാം വര്‍ഷ സ്റ്റാറ്റിസ്ടിക്സ് ക്ലാസ്മുറി തിരക്കി ഞാന്‍ തേരാ-പാര നടന്നു , കണ്ടുപിടിക്കാന്‍ പറ്റില്ല എന്നു ഉറപ്പായ സ്ഥിതിക്ക് ആരോടെങ്കിലും ചോദിക്കാം എന്നു തന്നെ തീരുമനിച്ചു. സുന്ദരിമാരും-സുന്ദരന്മാരുമൊക്കെ പലയിടത്തും ഒറ്റയ്ക്കും കൂട്ടമായുമൊക്കെ മേയുന്നുണ്ട്, കൂട്ടംകൂടി നില്‍ക്കുന്നതിനിടയിലേക്ക് ചെന്ന് കയറിയാല്‍ എട്ടിന്‍റെ പണികിട്ടും എന്നു ഉറപ്പായതുകൊണ്ട് ഒറ്റയ്ക്ക് നടക്കുന്ന ആരെലുമാണ് നല്ലതെന്നെനിക്കുതോന്നി.



ചുറ്റിനുമോന്നു കണ്ണോടിച്ചപ്പോള്‍ അതാ വരുന്നു സുന്ദരിയായൊരു യുവതി നല്ല പച്ച ചുരിതാറൊക്കെയിട്ടു ഒരു കയ്യില്‍ മണിപെഴ്സും മറുകയ്യില്‍ മൊബൈല്‍ഫോണുമായി മന്ദം മന്ദം നടന്നു വരുന്നു, രണ്ടാം വര്‍ഷക്കാരിയോ മൂന്നാം വര്‍ഷക്കാരിയോ ആണെന്നെനിക്കുറപ്പായി, എന്തൊക്കെയായാലും അവിടെ ചുറ്റിനും കൂട്ടംകൂടിയും അല്ലാതെയും നിന്ന മറ്റു പല തരുണിമണികളെക്കാളുമൊക്കെ സുന്ദരിയായിരുന്നു ഈ പച്ചക്കിളി. ഒരു സീനിയറിനെ പ്രേമിക്കാനുള്ള സാധ്യതകളെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കിയെങ്കിലും ആദ്യദിവസം തന്നെയതുവേണ്ടെന്നു തീരുമാനിച്ചു ഞാന്‍ ഒന്നാംവര്‍ഷ സ്റ്റാറ്റിസ്ടിക്സ് ക്ലാസ്മുറി എവിടാന്നു ചോദിച്ചു …go straight then left then you can see your class…ചറപറ കുറെ ഇംഗ്ലീഷ്, ഞാന്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും അതു മുഖത്തു കാണിക്കാതെ ഒരു thanks പറഞ്ഞു ഞാന്‍ അവിടുന്ന് രക്ഷപെട്ടു. ‘സീനിയറൊക്കെ തന്നെ എന്നാലും ഇങ്ങിനെ ഇംഗ്ലീഷ് പറഞ്ഞാല്‍ പാവം മല്ലുപയ്യന്‍സ് എന്ത് ചെയ്യും സൈമ’, എന്ന്‍ ആത്മഗതം പറഞ്ഞു ഞാനെന്‍റെ ക്ലാസ്മുറിയിലേക്ക് നടന്നു.


ഒന്നാം ദിവസം താമസിച്ചുവരുന്ന ഏതൊരു ഹതഭാഗ്യനും കിട്ടുന്ന അതെ ഇരിപ്പിടം എന്നെയും കാത്തിരിപ്പുണ്ടായിരുന്നു ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനം. അടുത്തിരിക്കുന്നാളുടെ പേരുപോലും ചോദിക്കാതെ മസ്സിലുപിടിച്ചിരിക്കുന്ന നാല്‍പ്പതോളം പേരുടെ കൂടെ ഞാനുമങ്ങനെ മസ്സിലുപിടിച്ചിരുന്നു. നിശബ്ദതയിക്ക് വിരാമമിട്ടു പ്രധാനാധ്യാപിക (ക്ലാസ്ടീച്ചര്‍ എന്നും പറയാം) ക്ലാസിലേക്കു കയറി.


സ്റ്റാറ്റിസ്ടിക്സ്നെക്കുറിച്ചും പഠിക്കാനുള്ള മുഴുവന്‍ സില്ലബസിനെകുറിച്ചും ടിച്ചര്‍ ഒരുമണിക്കുറോളം നിര്‍ത്താതെ പറഞ്ഞു. ടിച്ചറുടെ വായില്‍ നിന്നുവീഴുന്ന ഒരു വാക്കുപോലും മിസ്‌ ചെയ്യാതെ എന്‍റെ ചുറ്റിനുമിരുന്നെല്ലാരുമെഴുതുന്നത് കണ്ടപ്പോളെന്‍റെ ചങ്കു തകര്‍ന്നുപോയി. പെണ്‍കുട്ടികളെഴുതുന്നതു പോട്ടെയെന്നുവെയ്ക്കാം അതു manufacturing defect, ഈ പയ്യന്മാരിങ്ങനെ ചെയ്യുന്നത് പുരുഷ വര്‍ഗത്തിനു തന്നെ അപമാനമല്ലേ സൈമാ ?,


ഒന്നരമാണിക്കൂറോളമുള്ള പാരായണം കഴിഞ്ഞപ്പോള്‍ ഞാനാകെക്കുറിച്ചത് രണ്ടേ രണ്ടു വാക്കുകള്‍ മാത്രം S.C Guptha പിന്നെ Fundamentals of Statistics, ഈ രണ്ടു വാക്കുതന്നെ ധാരാളം എന്നുകരുതി ഞാന്‍ അപ്പോള്‍ തന്നെ ബുക്ക്‌ മടക്കിവെച്ചു.


വീണ്ടും അടുത്ത ടിച്ചറിനായുള്ള കാത്തിരിപ്പ് ഈ സമയം നിശബ്ദതയ്ക്ക് വെള്ളികീറി അങ്ങിങ്ങായി ചെറു ചിരികളും സംസാരവുമൊക്കെ പൊങ്ങി വരുന്നുണ്ട്. ഞങ്ങള്‍ പയ്യന്‍സെല്ലാം ഈസമയം കൊണ്ട് പരസ്പരം പരിചയപ്പെടുകയും ക്ലാസിലുണ്ടായിരുന്ന മുഴുവന്‍ പെണ്‍കുട്ടികളെക്കുറിച്ചും ഒരു ഗ്രൂപ്പ്‌സ്റ്റഡിയും നടത്തി കഴിഞ്ഞിരുന്നു, ‘പയ്യന്മാരാരാ മുതല്‍’ .


അതാ പെട്ടന്ന് രാവിലെ കണ്ട ആ സീനിയര്‍ പച്ചക്കിളി ക്ലാസിലേക്ക് കടന്നു വരുന്നു, എന്നെ തിരക്കി ഇറങ്ങിയതാണോ? പ്രണയത്തിന്‍റെ വാതില്‍ തള്ളിത്തുറക്കാന്‍ നിമിഷങ്ങള്‍ മതി സൈമാ…. എന്നൊക്കെ മനസ്സിലാലോചിച്ചു നൂന്നു നോക്കിയപ്പോള്‍ അതാ അവള്‍ പ്ലാറ്റ്ഫോമിലേക്കു കയറുന്നു…. ചോക്ക് കയ്യിലെടുക്കുന്നു…. ബോര്‍ഡില്‍ English എന്നു കുറിച്ചിട്ടു എന്നിട്ട് Good morning students, Im your English teacherഎന്നൊരു ഡയലലോഗും, . . .ഹിരോഷിമയിലേക്ക് ബോംബുവീണതുപൊലെ എന്‍റെ സങ്കല്‍പ്പങ്ങളാകെ തകര്‍ന്നു വീണു, ഏതാണ്ട് ഹര്‍ഭജന്‍ സിംഗിന്‍റെ അടികിട്ടിയ ശ്രീശാന്തിന്‍റെ അവസ്ഥപോലായി.


ഒരു ചെറിയ ചമ്മലോടെ ഞാന്‍ ചുറ്റുമൊന്നു നോക്കി, എല്ലാരും ഏതൊ അടൂര്‍ ഭാസി സിനിമ കാണുമ്പോലെ കണ്ണുചിമ്മാതെ ബോര്‍ഡിലേക്ക് നോക്കിയിരിക്കുന്നു, മുഖത്തൊരു ഭാവവുമില്ല മാറ്റവുമില്ല …. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കിയിരുന്നു ആ ഒരു മണിക്കൂറും വളരെ കഷ്ട്ടപെട്ടു തള്ളി നീക്കി . ഏറെ സമയമായിട്ടും ആരും വരാത്തതു കൊണ്ട് ഇടവേള സമയമായിരിക്കുമെന്നുറപ്പായി. അതു കൊണ്ടായിരിക്കാം ക്ലാസിനു വെളിയില്‍ നല്ലൊരു തിരക്ക് കാണുന്നുണ്ടായിരുന്നു. എല്ലാവരും കൂട് തുറന്നുവിട്ട പക്ഷികൂട്ടം പോലെ കറങ്ങി നടക്കുന്നു.



മരുന്നിനുപോലും പുറത്തുകണ്ടവരുടെ കൂട്ടത്തില്‍ ഒന്നാം വര്‍ഷക്കാരില്ലായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ കരുതും ഈ പറയുന്ന ഞാന്‍ നെഞ്ചുവിരിച്ച് പുറത്തിറങ്ങി നടക്കുന്നുണ്ടാവുമെന്ന്‍,എങ്കില്‍ തെറ്റി എനിക്ക് ഒന്നാം ദിവസം പുറത്തിറങ്ങി നടക്കാന്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു, സത്യമായിട്ടും പേടികൊണ്ടല്ല കേട്ടോ. നഷ്ടബോധം കൊണ്ടാണെന്നു തോന്നുന്നു പുറത്തെ കാഴ്ചകള്‍ ബോറടിച്ചു തുടങ്ങി. സമയം തള്ളിനിക്കാന്‍ പുറത്തെ വല്യ ക്യാന്‍വാസില്‍ നിന്നെന്‍റെ വിക്ഷണകോണ്‍ ക്ലാസിനുള്ളിലെ സങ്കുചിതമായ ക്യാന്‍വാസിലേക്ക് തിരിച്ചു വെച്ചു.


മൊത്തം മുപ്പതോളം പെണ്‍കുട്ടികള്‍.ന്യൂനപക്ഷം എന്നപോലെ പത്ത്-പതിനഞ്ച് ആണ്‍പിള്ളേരും. എല്ലാവരുടെയും മുഖത്ത് ആദ്യമുണ്ടായിരുന്ന നിഷ്കളങ്കതയൊക്കെ മാറിത്തുടങ്ങി, പലരുടെയും തനിക്കൊണം പുറത്തു വന്നുതുടങ്ങി എന്നു തന്നെ പറയാം. ഒരുത്തന്‍ കട്ടിയ സമയംകൊണ്ട് പെണ്‍കുട്ടികളുടെ സെന്‍സെക്സ് എടുത്തു തുടങ്ങി അവനെ സഹായിക്കാന്‍ എന്നപോലെ കൂടിരുന്ന രണ്ടു പേരും ആ വിനോധത്തില്‍ മുഴുകി. ചിലര്‍ മൊബൈലില്‍ നിന്നു കണ്ണെടുക്കാതെ മെസ്സേജയപ്പ് അപ്പുറത്തെ തലയ്ക്കല്‍ ഇരിക്കുന്നന്നത് മറുതയോ യക്ഷിയോ എന്നൊന്നും ഒരു വിച്ചരവുമില്ലാതെ തകര്‍ത്ത് മെസ്സേജയപ്പാണ്, ഇടയ്ക്ക് താനെ ചിരിക്കുന്നുമുണ്ട്. എല്ലാ ക്ലാസിലുമെന്നപൊലെ ചില പഠിപ്പിസ്റ്റ് ബുജികള്‍ ആദ്യ ക്ലാസില്‍ത്തന്നെ രണ്ടാം സെമെസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ അവലോകനം ചെയ്യ്തു തലപുകയ്ക്കുകയായിരുന്നു. ആ പുകച്ചുരുളിനുള്ളിലൂടെ പുറകുബെഞ്ചിലേക്ക് നോക്കിയപ്പോളാണ് നമ്മുടെ കഥ നായകന്‍ ഈ തിരക്കുകളുടെയെല്ലാം ഇടയില്‍ തന്‍റെ ചോറുപോതിയുമായി അങ്കം തുടങ്ങിയിരിക്കുന്നു. ദീപസ്തഭം മഹാശ്ചര്യം എനിക്ക് സമയത്ത് ചോറുണ്ണണം എന്നപോലെ, ഒരു ക്ലാസില്‍ ഒരാള്‍ ഒറ്റയ്ക്കിരുന്നു ചോറുണ്ണുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു. ചുറ്റിനുമിരുന്ന മഹാന്മാരും മഹാതികളും വായില്‍ കപ്പലോട്ടിച്ചുകൊണ്ട് ചോറുണ്ണുന്നതിതിവരെ കണ്ടിട്ടില്ലാത്തപോലെ നോക്കിനില്‍ക്കുകയാണ്, ഇതൊന്നും കാണുന്നെയില്ലാ എന്ന മട്ടില്‍ നമ്മുടെ നായകന്‍ പോതിച്ചോറുമായുള്ള അങ്കത്തില്‍ നിന്നു തലനൂത്ത് നോക്കിയതെയില്ല. എല്ലാരുടെയും ഉള്ളില്‍ വിശപ്പിന്‍റെ വിളി വല്ലാതെ അലതല്ലുന്നുണ്ടായിരുന്നു, എന്‍റെയും. സ്കൂള്‍കാലം മുതലെ വല്ലവന്‍റെയും ചോറ് കയ്യിട്ടുവാരന്‍ വല്യ താല്പര്യമയിരുന്നെങ്കിലും ആദ്യദിവസമല്ലെ എന്നുകരുതി വിശപ്പിനെ ഉള്ളിലൊതുക്കി മിണ്ടാതെ ഇരുന്നു.


പെട്ടെന്നോരുതി ആരോമല്‍ ചെകവര്‍ക്കൊപ്പം കളത്തിലിറങ്ങിയ ഉണ്ണിയാര്‍ച്ച ചേച്ചിയെ പോലെ ആ പൊതിചോര്‍ അങ്കകളരിയിലേക്ക് കയ്യിടുന്നു. ഇതാരപ്പാ. ഇത്രേം ആണ്‍പിള്ളേരിവിടെ വായില്‍ കപ്പലോട്ടിച്ചു നോക്കിയിരിക്കുമ്പോള്‍ ആ പൊതിച്ചോറില്‍ കയ്യിടാന്‍ ഇവളാരാടെ... ചുറ്റിനും അവരെപ്പറ്റിയുള്ള ചൂടന്‍ ചര്‍ച്ചകള്‍ക്ക് ചെവികൊടുക്കാതെ അവര്‍ അവരുടെ പണിയില്‍ മുഴുകിയിരുന്നു. സാദാചാര കര്‍മപാലകര്‍ക്ക് അവിടെയും ഒരു കുറവുമില്ലായിരുന്നു. അവര്‍ പുത്തന്‍ മഞ്ഞകഥകള്‍ വരെ മെനഞ്ഞു തുടങ്ങി. എന്തൊക്കെയായാലും ഇനി അവനെ കൂട്ടത്തില്‍ കൂട്ടണ്ടെന്നായി ഒരുത്തന്‍, അതിനു പൂര്‍ണ്ണ പിന്തുണയുമെകി വേറെ നാലുപേര്‍. ഇതിന്‍റെയെല്ലാമിടയില്‍ കഥാനായകന്‍ അവളോട്‌ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു, അതെന്താണെന്ന്‍ അറിഞ്ഞെപറ്റു എന്നുംപറഞ്ഞ് ഒരുത്താന്‍ മുട്ടയിടാന്‍ പരതുന്ന കോഴിയെപ്പോലെ അവര്‍ക്ക് ചുറ്റുമൊന്നു കറങ്ങി വന്നു, എന്തൊ ആഭ്യന്തര രഹസ്യം കൈക്കലാക്കിയ മട്ടില്‍ അവന്‍ സേതുരാമയ്യര്‍ സ്റൈലില്‍ തിരിച്ചു വന്നു, സദാചാര കമ്മറ്റിയുടെ നടുക്കവന്‍ ബാക്കിയുള്ളവന്മാര്‍ ചുറ്റും. ഒരു വളിച്ച ചിരിയിയോടെ അവന്‍ പരമരഹസ്യം അവന്മാര്‍ക്ക് പകുത്ത് നല്‍കി. അളിയാ നമ്മള് പറഞ്ഞതൊന്നുമല്ല കഥ അവരു പഴേ ക്ലാസ്മേറ്റ്സ് വേറെ ഒന്നും ഇല്ല.. എന്തോക്കയൊ വലിയ കണക്കുകൂട്ടലുകളൊക്കെ തെറ്റിയപോലെ സദാചാരക്കമ്മറ്റി. ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കിയിരിക്കുന്നു.


ഒരുത്തന് തിന്നാമെങ്കില്‍ പിന്നെന്തേ എനിക്ക് തിന്നൂടയെന്നമട്ടില്‍ അങ്ങിങ്ങായി ചോറുപോതികള്‍ പൊങ്ങിതുടങ്ങി. ഞാന്‍ ചോറുപോതിയെടുക്കാന്‍ ബാഗിലേക്കു കയീട്ടതും ക്ലാസ്ടിച്ചര്‍ ക്ലാസിലേക്കു പറന്നെത്തി. ഉച്ചവരെ ക്ലാസ് ഉള്ളു എല്ലാവര്‍ക്കും വീട്ടില്‍ പോകാം എന്നും പറഞ്ഞു ടീച്ചര്‍ അപ്രതീക്ഷിതമായി. പുറത്തേക്കെടുത്ത ചോറു പൊതികള്‍ അകത്തേക്കു തള്ളിക്കേറ്റി എല്ലാരും ബാഗുകള്‍ തോളില്‍ കയറ്റി. മനസില്ലാമനസോടെ ഞാനെന്‍റെ ചോറുപൊതിയിലേക്കു നിസ്സഹായതയോടെ ഒരു നോക്ക്നോക്കി പിന്നയതിനെ ബാഗില്‍ ഒളിപ്പിച്ചു വെച്ചു. അമല്‍നീരദ് ചിത്രംകണ്ട് പുറത്തെക്കിറങ്ങാനുള്ള തിടുക്കംപോലെ എല്ലാവരും പരസ്പരം ഉന്തിയും തള്ളിയുമൊക്കെ പുറത്തേക്കിറങ്ങി.


ക്ലാസിനു പുറത്തും-അകത്തും നിന്ന ഒരുപാട് സീനിയര്‍ കണ്ണുകള്‍ ജൂനിയര്‍ പേടമാന്‍കിടാവുകളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. നോട്ടം കൂടുതലും പെണ്‍കിടാവുകളെയായിരുന്നത് ഞങ്ങടെ ഭാഗ്യം. പുറത്തേക്ക് നടക്കുമ്പോഴാണ് കോളേജിന്‍റെ മറ്റുപല സവിശേഷതകളും എന്‍റെ കണ്ണില്‍ പതിഞ്ഞത്, നാലുകെട്ട് മാത്രകയിലായിരുന്നു കോളേജിന്‍റെ നിര്‍മിതി. ചുറ്റിനുംക്ലാസുകള്‍ നടുക്കൊരു നടുത്തളം അതിനു അഭിമുഖമായൊരു തുറന്ന യവനിക. നാലുകേട്ട് എന്നത് കാര്യവട്ടം കോളേജിന്‍റെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു എന്നുതന്നെ പറയാം. നലുകെട്ടുള്ള മറ്റൊരു കലാലയവും ഉള്ളതായി കേട്ടറിവില്ല. അതിന്‍റെ നാലു വശങ്ങളില്‍ നിന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടന്നു വരുന്നുണ്ട്. ഞങ്ങള്‍ പയ്യന്മാര്‍ വീണ്ടും പഴേപണി തുടങ്ങി , മറ്റുക്ലാസിലെ പെണ്‍കുട്ടികളാണോ ഞങ്ങടെ ക്ലാസിനെക്കാള്‍ കുറച്ചുടെ മികച്ചത് എന്നൊരു ചോദ്യം ഞങ്ങള്‍ക്കിടയില്‍ ഉദിച്ചു. സ്വന്തം പാത്രത്തിലിരിക്കുന്ന ഭക്ഷണത്തെക്കാള്‍ പയ്യന്മാര്‍ക്കിഷ്ട്ടം മറ്റു പാത്രത്തിലിരിക്കുന്നതാണല്ലോ, അതുകൊണ്ടായിരിക്കും എന്നുകരുതി ഞങ്ങള്‍ പരസ്പരം സമാധാനിപ്പിച്ചു.



നടന്നു നടന്നു ഞങ്ങള്‍ കോളെജിനു പുറത്തെത്തി. കാഴ്ചകളൊക്കെ കണ്ടിങ്ങനെ നടക്കുന്നതിനിടയില്‍ കൂട്ടം സുന്ദരിമാര്‍ ഞങ്ങടെ മുന്പിലങ്ങനെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരുവനന്തപുരംകാരാണ്, അല്ല. നല്ല തിരോന്തരംകാര്' എന്നു തന്നെ പറയാം. സ്കൂളില്‍ ഒന്നിച്ചു പഠിച്ചവരാണെന്നുറപ്പായി. പലരും പല ഡിപ്പാര്‍ട്ട്മെന്‍റ്, കൂട്ടത്തില്‍ ഒരുത്തി ഞങ്ങടെ ക്ലാസിലുള്ളവളാണ്. അവളെ ക്ലാസില്‍ വെച്ചു പരിച്ചയപെട്ടിരുന്നെങ്കില്‍ ലവളുമാരെയെല്ലാം പരിചയപ്പെടമായിരുന്നു എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ പിറകെ നടന്നു. പെട്ടന്നവള്‍ പിറകിലെക്കൊന്നു കണ്ണോടിച്ചതുപോലെ തോന്നി, വീണുകിട്ടിയ അവസരം പരമാവധി മുതലെടുക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. നടത്തയുടെ വേഗം കൂട്ടി ഞങ്ങള്‍ അവരുടെ അടുത്തെത്തി എങ്ങിനെ കയറി മുട്ടും എന്ന ചോദ്യം പരസ്പരം മുഴങ്ങി. ആലോചിച്ചങ്ങനെ നടക്കുന്നതിനിടയില്‍ അറ്റത്തു നിന്നവന്‍ ചെന്നൊരുരു കുട്ടിയെ നന്നായൊരു മുട്ട് മുട്ടി. പക്ഷെ ഞങ്ങള്‍ ഉദ്ദേശിച്ച മുട്ടും അവന്‍ മുട്ടിയ മുട്ടും രണ്ടും രണ്ടായിരുന്നു. തറയില്‍കിടന്ന കല്ലില്‍ തട്ടി അറിയാതെ മുട്ടിയതാണെന്ന അവന്‍റെ ഞ്ജായികാരണം ആ കുട്ടി വിശ്വസിച്ചെങ്കിലും, അത് ഞങ്ങള്‍ക്കത്ര വിശ്വാസയോഗ്യമല്ലായിരുന്നു. ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനെപ്പോലെ അവന്‍റെ മുഖത്തെഴുതിവെച്ചിരുന്ന കള്ളലക്ഷണം ഞങ്ങളെ അതിനു അനുവധിച്ചതുമില്ല. വല്ല സദാചാര പോല്ലിസമ്മാവന്മാരുവല്ലതും കണ്ടിരുന്നെങ്കില്‍ ആ കുട്ടിയെ അഭിസാരികയായി മുദ്രയുംകുത്തിയേനെ അവന്‍റെ നെഞ്ജത്തുകയറിയിരുന്നു പൊങ്കാലയുമിട്ടെനെ. എന്തൊക്കെയായാലും ആ മുട്ട് കാരണം. ലവളുമാര്‍ ഇങ്ങോട്ടുവന്നു പരിചയപെട്ടു, ഒരു മുട്ടിന്‍റെ ഗുണമേ. അഞ്ചെണ്ണവും കാണാന്‍ ഒന്നിനൊന്നുമിച്ചം. എല്ലാം നല്ല തനി തിരോന്തരം കാരികള്‍ തന്നെ. കാണുബോള്‍ ഉണ്ടായിരുന്ന മതിപ്പൊക്കെ സംസാരിച്ചപ്പോള്‍ ഇല്ലാതായെന്നുമാത്രം. ഓ തന്നെ എന്തര് പറെണപ്പി എന്നൊക്കെത്തുടങ്ങി നല്ല തനി തിരോന്തരം ഭാഷ, ഏതാണ്ട് നമ്മടെ സുരാജേട്ടന്‍ ലേഡിസ് വോയിസില്‍ സംസാരിക്കുംപോലെ. എന്‍റെ കൂടെ ഉണ്ടായിരുന്ന ഒരുത്തന്‍ തിരുവനന്തപുരംകാരനായതുകൊണ്ട് അവനിതൊരു പുത്തരിയെ അല്ലായിരുന്നു, മറ്റൊരുത്തന്‍ തിരുവനന്തപുരംകാരനലായിരുന്നിട്ടുപോലും കണ്ണെടുക്കാതെ അവളുമാരുമായി സൊള്ളലോടു സൊള്ളല്‍.


അങ്ങനെ സംസാരിച്ചു-സംസാരിച്ചു ഞങ്ങള്‍ ഒരു ചെറു-ബേക്കറിയുടെ മുന്നിലെത്തി. മുന്‍പേ പറഞ്ഞുറപ്പിച്ചതുപോലെ അവളുമാരെല്ലാം അങ്ങോട്ടു ദിശമാറ്റി. കൂട്ടത്തില്‍ ഞങ്ങളെയും ക്ഷണിച്ചു. കൂട്ടമായി പോകുന്ന പെണ്‍കുട്ടികളോടൊപ്പം ബേക്കറിയിലും ഐസ്-ക്രീം പാര്‍ളറിലുമൊക്കെ കയറുന്നത് നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്കും ആരോഗ്യത്തിനും ദോഷമാണെന്നായിരുന്നു കൂട്ടത്തില്‍ ഒരുത്തന്‍റെ അഭിപ്രായം, ഞാനും അവന്‍റെ കൂടെ കുടി, ഭൂരിപക്ഷ അഭിപ്രായം മാനിച്ച് മൂന്നാമനും മനസില്ലാമനസോടെ ഞങ്ങള്‍ടെ കൂടെ കുടി. പെണ്‍കുട്ടികളോടു യാത്രയും പറഞ്ഞു ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. പെണ്‍കുട്ടികളുമായി നടന്നപ്പോള്‍ അറിയാതെ വേഗത കുറഞ്ഞുപോയതുകൊണ്ടാവാം, ഞങ്ങള്‍ക്ക് മുന്നേ നടന്നവരൊക്കെ ദൂരെ എത്തിയിരുന്നു. നടന്നു നടന്നു ഞങ്ങളും ബസ് സ്റ്റോപ്പിലെത്തി, ഏറെ കുറെ പേര്‍ ബസ്‌ കയറി പോയിരുന്നു. കൂടെവന്ന രണ്ടവന്മാരും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവന്മാരായിരുന്നു, ഞാന്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കും. അപ്പോത്തന്നെ വന്നൊരു ബസില്‍ കയറി ഒരു റ്റാറ്റയുംതന്ന്‍ അവന്മാര്‍ യാത്രയായി.


വീണ്ടും ഞാന്‍ ഒറ്റയ്ക്ക്. ദൂരെനിന്ന്‍ ആറ്റിങ്ങലെക്കൊരു ആനവണ്ടി ആളെയും കുത്തിനിറച്ചു മന്ദംമന്ദം വരുന്നുണ്ട്. ധ്രതിയില്‍ റോഡുമുറിച്ചു കടന്നു അപരിച്ചതരെപ്പോലെ നിന്ന ഒരു കൂട്ടം ഒന്നാംവര്‍ഷക്കാരോടൊപ്പം ഞാനും ബസുവരുന്നതും നോക്കിനിന്നു. ബസ് അടുത്ത് വരുംതോറും കയറാനുള്ളവരുടെ എണ്ണം കൂടുന്നതുപോലെ തോന്നി. ബസ്സിനകത്തും പുറത്തും നല്ല തിരക്ക്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കണക്കെ ചിലര്‍ കയറുന്നു ചിലര്‍ ഒഴുക്കില്‍ പിന്നിലേക്ക് നീന്തുന്നു. റിലീസ് ദിവസം സിനിമയ്ക്ക് തള്ളിക്കയറിയും, സ്ഥിരം പല-പല ബസ്സുകളിലും മറ്റു പല ക്യൂവിലുമൊക്കെ തള്ളിക്കയറി നല്ലമുന്‍കാല പരിചയമുള്ളതുകൊണ്ട് എങ്ങിനെയും ഈ ബസ്സില്‍ കയറും എന്നു തീരുമാനിച്ച്, ചെറിയൊരു ഭഗീരഥ പ്രയത്നമൊക്കെ നടത്തി ഒരുവിധം ബസ്സിനുള്ളിലെത്തി.


തൊട്ടടുത്ത സ്റ്റോപ്പില്‍തന്നെ എനിക്ക് സീറ്റും കിട്ടി, നാട്ടുപാതകളെക്കാള്‍ കഷ്ട്ടംതോന്നിക്കുന്ന ദേശിയപാതയിലൂടെ ആനവണ്ടിയങ്ങിനെ നീങ്ങുകയാണ്. പെട്ടെന്നൊരു സ്ത്രീ കയ്യിലൊരു കുഞ്ഞുമായി ബസ്സില്‍ക്കേറി , ഇരിക്കുന്നവരുടെ കൂട്ടത്തില്‍ കൂടുതലും സ്ത്രീമഹതികള്‍ തന്നെ, ഓരോര്‍ത്തരുടെയും മുഖത്ത് ആ സ്ത്രീ നിസ്സഹായതയോടെ നോക്കി, ചിലര്‍ കിണ്ണംകട്ട കള്ളികളെപോലെ മറ്റെന്‍ങ്ങോട്ടെങ്കിലുമൊക്കെ തലതിരുച്ചുകളഞ്ഞു.ചിലര്‍ മുഖത്തൊരു ഭാവവും കാണിക്കാതെ അങ്ങനെ നോക്കിയിരിക്കുന്നു. സ്ത്രീമഹത്വത്തെപറ്റി ഘോരം-ഘോരം പ്രസംഗിക്കുന്ന നല്ലലക്ഷണമോത്ത ഫെമിനിസ്റ്റുകളുമൊക്കെ ആ കൂട്ടത്തില്‍ ഉണ്ടായിരിക്കാമെന്നിരിന്നിട്ടും, ആ സ്ത്രീക്ക് ഇരിക്കാന്‍ എന്‍റെ സീറ്റ്‌തന്നെ കൊടുക്കേണ്ടി വന്നു.


അങ്ങനെ നിന്നും ഇരുന്നുമൊക്കെ വൈകുന്നേരത്തോടെ വീട്ടിലെത്തി. ഉച്ചയ്ക്ക് ഒന്നും കഴിക്കാഞ്ഞതിനാല്‍ നല്ലവിശപ്പോടുകൂടിയായിരുന്നു വീട്ടിലെക്കു ചെന്നു കയറിയത്. ആഹാരമൊക്കെ കഴിച്ച് മറ്റു കലാപരുപടികളും കഴിഞ്ഞു എന്‍റെ ജീവിതത്തിലെ ആദ്യകലാലയ ദിനത്തിന്‍റെ ഓര്‍മകളയവിറക്കി ഞാനെന്‍റെ കട്ടിലിലേക്കു കിടന്നു.


വരാനിരിക്കുന്ന കലാലയദിനങ്ങളുടെ സ്വപ്നങ്ങള്‍ കാണാനുള്ള തിടുക്കം കൊണ്ടാണെന്നുതോന്നുന്നു ഉറക്കത്തിലേക്ക് വഴുതി വീണത് ഞാന്‍ അറിഞ്ഞതേയില്ല.