K G Suraj

ഭരണഘടനാലംഘകരെ പ്രോസിക്യൂട്ടു ചെയ്യണം

പൊതു തിരഞ്ഞെടുപ്പ് - ഭരണകൂടം - ജനാധിപത്യം


മാനവ വിഭവശേഷിയില്‍ സാര്‍വ്വദേശീയ തലത്തില്‍ രണ്ടാം സ്ഥാനമലങ്കരിക്കുന്ന ദക്ഷിണേഷ്യന്‍ രാഷ്ട്രമായ ഇന്ത്യ , രാജ്യത്തിന്റെ അതി സങ്കീര്‍ണ്ണവും സുദീര്‍ഘവുമായ പൊതു തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നു പോകുകയാണ് . 1.27 ബില്ല്യണ്‍ ഇന്ത്യന്‍ ജന സംഘ്യയിലെ 81.45 കോടി വോട്ടര്‍മ്മാരാണ് ഏപ്രില്‍ 7 മുതല്‍ 12 മെയ് 2014 വരെ നീണ്ടു നില്‍ക്കുന്ന 16 ആമത് ലോക് സഭാ തിരഞ്ഞെടുപ്പിലൂടെ 543 മണ്ഡലങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക. ഇന്ത്യന്‍ ഭരണഘടനക്കനുസൃതമായി കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനുള്ള ബാധ്യത ഓരോ പൌരനിലും ജനപ്രതിനിധികളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിക്ഷിപ്തമായിരിക്കുന്നു .

ജനാധിപത്യത്തിന്റെ ഊടും പാവും അരക്കെട്ടുറപ്പിക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയവും - സാമ്പത്തികവും - സാമൂഹികവുമായ നയ രൂപീകരണങ്ങളിലും അതിനിര്‍ണ്ണായകമായ സ്ഥാനമാണ് തിരഞ്ഞെടുപ്പുകള്‍ക്കുള്ളത് . സ്വാഭാവികമായും ബന്ധപ്പെട്ട പ്രക്രിയയ്ക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ നിലകളില്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനാധിപത്യത്തിന്റെ നാടീവ്യൂഹങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണഘടന വ്യവസ്ഥ ചെയ്യുന്ന നിലയില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്തുവാന്‍ ഉത്തരവാദിത്വമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

The Constitution of India

(Preamble )

ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൌരന്മാര്‍ക്കെല്ലാം:

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും

ചിന്തയ്ക്കും ആശയപ്രകടനത്ത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും ;

പദവിയിലും അവസരത്തിലും സമത്വവും

സംപ്രാപ്തമാക്കുവാനും ;

അവര്‍ക്കെല്ലാമിടയില്‍

വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും:

സഗൌരവം തീരുമാനിച്ചിരിക്കയാല്‍

നമ്മുടെ ഭരണഘടനാ നിയമ നിര്‍മ്മാണസഭയില്‍ ഈ 1949 നവംമ്പര്‍ ഇരുപത്തിയാറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു .

ഭരണഘടന പ്രകാരംഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. നീതി , സ്വാതന്ത്രം , സമത്വം , സാഹോദര്യം തുടങ്ങിയവയവ അടിസ്ഥാന ശിലകളാകുന്ന കാണുന്ന ഇന്ത്യന്‍ ഭരണഘടന, സമത്വത്തിലും തുല്യനീതിയിലുമധിഷ്ഠിമായ സാമൂഹികക്രമമാണ് ലക്‌ഷ്യം വെയ്ക്കുന്നത് . പ്രസ്തുത ആശയത്തെ അട്ടിമറിക്കുന്നത്തിനുള്ള ഏതു നീക്കവും രാജ്യദ്രോഹമോ വിഘടനവാദമോ ആയി പരിഗണിച്ച് നിയമനടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട് . പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘ് പരിവാര്‍ രാജ്യമാസകലം സംഘടിപ്പിച്ച വിഷലിപ്ത വംശീയ പ്രചാരണങ്ങളുടെ ഉള്ളടക്കവും ലക്ഷ്യവും കക്ഷിരാഷ്ട്രീയഭേദമെന്യേ വിമര്‍ശനവിധേയമാകുന്നത് അതീവ ഗുരുതരമായ പ്രസ്തുത സാമൂഹ്യ സാഹചര്യത്തിലാണ് . രാജ്യത്തിന്റെ ഐക്യവും അഘണ്ഡതയും തകര്‍ക്കുന്നതിനും കലാപം വിതച്ച് നിക്ഷ്പ്തതാത്പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആര്‍ എസ് എസ് നേതാക്കളുടെ വിദ്വേഷ (അധിക) പ്രസംഗങ്ങള്‍ സ്വയം സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

വിദ്വേഷം വാക്കാക്കിയോര്‍

ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആജ് തക്ക് ടി വി യില്‍ നടത്തിയ അപകടകരവും ദേശവിരുദ്ധവുമായ അഭിമുഖ സംഭാഷണം പുരോഗമിക്കുന്നത് ഈ വിധമാണ് .

" ഹിന്ദുക്കളെ ഏകോപിപ്പിക്കുകയും മുസ്ലിങ്ങളെ വിഭജിക്കുകയും വേണം "

" മുസ്ലിങ്ങള്‍ തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കണം . അതല്ലെങ്കില്‍ അവര്‍ക്ക് സമ്മതിദാനാവകാശം ഉണ്ടായിരിക്കില്ല.അവരത് തങ്ങളുടെ സമ്മതിദാന പത്രികയില്‍ പ്രഖ്യാപിക്കുകയും വേണം. വോട്ട് ഒരു മൌലികാവകാശമല്ല. അത് ഒരു അവകാശം മാത്രമാണ്. അങ്ങനെ ആയെങ്കില്‍ മാത്രമേ ഇന്ത്യക്ക് തനതായ വ്യക്തിത്വമുണ്ടാകുകയുള്ളൂ. പൂര്‍വ്വികര്‍ ഹിന്ദുക്കളാണ് എന്നംഗീകരിക്കാത്തവര്‍ക്ക് വോട്ടു ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുകയാണു വേണ്ടത്. പക്ഷേ , ഇന്ത്യന്‍ പൌരനായി തുടരുന്നതില്‍ തടസമില്ല താനും. ഇന്ത്യ ഹിന്ദുക്കളുടേതാണ്. എല്ലാവരുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണ്. ഹിന്ദു അല്ല എന്നോ പൂര്‍വ്വികര്‍ ഹിന്ദുക്കളല്ല എന്നോ പ്രഖ്യാപിക്കാത്തവരുടെ വോട്ടുകള്‍ രേഖപ്പെടുത്തരുത്. ഇതെല്ലാം നടപ്പിലാക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനാണ്. സെക്കുലര്‍ എന്ന വാക്കു തന്നെ തികഞ്ഞ അബദ്ധമാണ്. അത് റദ്ദു ചെയ്യണം."

ഭുവനേശ്വറിലെ ഭാവ്നഗറില്‍ ഇസ്ലാം മതവിശ്വാസിയായ കച്ചവടക്കാരന്റെ വസതിക്കു മുന്നില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് / ബജ്രംഗ് ദള്‍ യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാടിയ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഈ വിധമാണ് .

" ഹിന്ദു മത വിശ്വാസികള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നും ഇസ്ലാമിക വിശ്വാസികളെ ഒഴിപ്പിക്കണം എന്നാഹ്വാനം ചെയ്യുന്ന അത്യന്തം പ്രകോപനകരമായി പുരോഗമിക്കുന്ന പ്രസംഗം അതിനായി അണികള്‍ക്ക് രണ്ടു ' വഴികളാണ് ' ഉപദേശിക്കുന്നത് . ഒന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഭാവ്നഗറിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിപ്പിക്കുക . ബന്ധപ്പെട്ട ആക്റ്റ് , പ്രശ്നബാധിത പ്രദേശങ്ങളില്‍ വിവിധ സമുദായങ്ങള്‍ തമ്മില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ക്കു മേലുള്ള ക്രയവിക്രയം തടയുന്നു. മറ്റൊന്ന് വീടുകള്‍ ബലപ്രയോഗങ്ങളിലൂടെ കയ്യാളുക എന്നതാണ് . അനുബന്ധമായ നിയമനടപടികള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കം ഉണ്ടാകുമെന്നതിനാല്‍ നിയന്ത്രണം സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താണെന്ന നിലയില്‍ ആത്മവിശ്വാസം പകരാനും തൊഗാടിയ മറക്കുന്നില്ല.

നാല്‍പ്പത്തെട്ടു മണിക്കൂറാണ് കച്ചവടക്കാരന് വീടൊഴിഞ്ഞു പോകാന്‍ അദ്ദേഹം അനുവദിക്കുന്നത്. ആഹ്വാനം ലംഘിക്കുന്ന പക്ഷം കല്ല്‌ , ടയര്‍ , തക്കാളി തുടങ്ങിയവ വീട്ടിലെക്കെറിയുന്നതില്‍ ഒരു വിധ പിശകും ഇല്ലെന്നു തന്നെ കരുതുന്ന അദ്ദേഹം ഇതിനോടകം സമാന വഴിയിലൂടെ ഇതു നടപ്പിലാക്കിയിട്ടുണ്ടെന്നും ' അഭിമാനം ' കൊള്ളുന്നു .

ആര്‍ എസ് എസ് നേതാവും ബി ജെ പി യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്ത് അമീത് ഷാ വര്‍ഗ്ഗീയ കലാപങ്ങള്‍ രൂക്ഷമായ നിലയില്‍ ദുരിതം വിതച്ച മുസാഫിര്‍ നഗറില്‍ നടത്തിയ പ്രസംഗം അത്യന്തം പ്രകോപനകരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പു കമ്മീഷനടക്കം വിലയിരുത്തിയിട്ടുണ്ട് .

"നമ്മുടെ സമുദായത്തിന് അനുഭവിക്കേണ്ടിവന്ന അപമാനത്തിന് പ്രതികാരം ചെയ്യേണ്ട സമയമാണിത് . നമ്മുടെ അമ്മമാരെയും സഹോദരിമാരെയും മോശമായി കൈകാര്യം ചെയ്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കണം. " കലാപത്തിന്റെ കറയുണങ്ങാത്ത ജാട്ട് ഭൂരിപക്ഷ യോഗത്തിലാണ് ബന്ധപ്പെട്ട പ്രസംഗമെന്നത് സ്ഥിതിഗതികളെ അപകടകരമാക്കുന്നു.

ബി ജെ പി നേതാവും ബീഹാറിലെ നവാടയിലെ സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിംഗ് തന്റെ തിരഞ്ഞെടുപ്പു യോഗത്തില്‍ നടത്തിയ പ്രഖ്യാപനം :

'നരേന്ദ്ര മോഡിയെ തടയാന്‍ ശ്രമിക്കുന്നവര്‍ പിന്‍തുണക്കായി പാക്കിസ്ഥാനിലേക്കു നോക്കുന്നവരാണ് . വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമുണ്ടായിരിക്കില്ല. അത്തരക്കാരുടെ സ്ഥാനം പാക്കിസ്ഥാനിലായിരിക്കും. "

നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ മുംബയിലെ റാലിയില്‍ ശിവസേന നേതാവ് രാം ദാസ് കതം പറഞ്ഞത് :

" മോശമായി പെരുമാറുന്ന മുസ്ലിങ്ങളെ നരേന്ദ്രമോഡി ഒരു പാഠം പഠിപ്പിക്കുമെന്നാണ് ."

ഒരു പ്രമുഖ ദേശീയ പാര്‍ടിയുടെ നേതാവ് ദളിത്‌ വിഭാഗങ്ങളില്‍ പെട്ടവരുടെ വീടുകളില്‍ പോകുന്നത് മധുവിധുവിനും ഉല്ലാസയാത്രയ്ക്കുമാണെന്ന സ്വയം (പ്രഖ്യാപിത) ആള്‍ ദൈവം രാംദേവിന്റെ അഭിപ്പ്രായവും ഗാസിയാബാദ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ആം ആദ്മി പാര്‍ടി നേതാവ് ഷാസിയ ഇല്‍മിയുടെ ന്യൂനപക്ഷങ്ങള്‍ വര്‍ഗ്ഗീയമായി ചിന്തിക്കണമെന്ന ആഹ്വാനവും ഐക്യത്തിന്റെ അന്തസ്സത്തയെ അപകടപ്പെടുത്തുന്നതുമാണ് .

കേസെടുക്കാന്‍ മടിക്കുന്നതെന്തിന്

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് വിഘടനവാദമുയര്‍ത്തുന്നവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ സംസാരിക്കുന്ന തെളിവുകള്‍ ഉള്ളതു കൊണ്ടു തന്നെ ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ (promoting enmity between classes), 295 എ (maliciously insulting religion or religious beliefs of any class), 298 (uttering any word or making any sound in the hearing or making any gesture, or placing any object in the sight of any person, with intention to wound his religious feelings), section 171(g) IPC (false statement in connection with an election),  SC/ST Act (Scheduled Castes and Scheduled Tribes Prevention of Atrocities  തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അടിയന്തിരമായി കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമായി തയ്യാറാക്കിയിരിക്കുന്ന പെരുമാറ്റച്ചട്ടങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഈ വിധമാണ് .

  • ഒരു രാഷ്ട്രീയ പാര്‍ടിയും സ്ഥാനാര്‍ത്ഥിയും നിലനില്‍ക്കുന്ന ഭിന്നതകളെ പ്രകോപിപ്പിക്കും വിധം ഇടപെടുകയോ , ജാതീയമോ മതപരമോ , ഭാഷാപരമോ, സാമുദായികമോ ആയ നിലയില്‍ പരസ്പ്പര വിദ്വേഷവും സംഘര്‍ഷവുമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുവാനും പാടുള്ളതല്ല.
  • സമാധാനപരവും സ്വസ്തപൂര്‍ണ്ണവുമായ വ്യക്തിയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട സ്വാതന്ത്രം ബഹുമാനിക്കപ്പെടണം. വ്യക്തികളുടെ രാഷ്ട്രീയാഭിപ്പ്രായത്തോടുള്ള വിയോജിപ്പുകളുടെ ഭാഗമായി അവരുടെ വീടുകള്‍ക്കു മുന്‍പില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രകടങ്ങള്‍ , ധര്‍ണ്ണകള്‍ തുടങ്ങിയവ ഒരു തരത്തിലും അനുവദനീയമല്ല
  • രാഷ്ട്രീയ പാര്‍ടികള്‍ , സ്ഥാനാര്‍ത്ഥികള്‍, അനുയായികള്‍ തുടങ്ങിയവരൊന്നും വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ഭൂമി , കെട്ടിടം , പുരയിട മതില്‍ക്കെട്ട് തുടങ്ങിയവയില്‍ കൊടികള്‍ കേട്ടുന്നതിനോ , ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ, നോട്ടീസ് പതിപ്പിക്കുന്നതിനോ , മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ പാടുള്ളതല്ല.

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പു പ്രക്രിയയുടെ നിര്‍വ്വഹണത്തിനായി സ്വയം ഭരണാധികാരത്തോടെ ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചട്ടങ്ങളേയും പൂര്‍ണ്ണമായും അവഗണിച്ച് പൊതുസമൂഹത്തില്‍ മതപരവും ജാതീയവും വംശീയവുമായ നിലയില്‍ വിദ്വേഷവും സംഘര്‍ഷവും സൃഷ്ടിക്കുന്നതിനുള്ള കുത്സിത നീക്കങ്ങളാണ് ആര്‍ എസ് എസ് / ബി ജെ പി / വിശ്വഹിന്ദു പരിഷത്ത് / ശിവസേന നേതാക്കളായ സുബ്രമണ്യം സ്വാമി , പ്രവീണ്‍ തൊഗാടിയ, അമീത് ഷാ, ഗിരിരാജ് സിംഗ്, രാംദാസ് കതം, സ്വയം പ്രഖ്യാപിത ആള്‍ ദൈവം  രാം ദേവ്  തുടങ്ങിയവരും അനുയായികളും നടത്തി വരുന്നത് .

" ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ രാജ്യത്തിനാപത്ത് "

-  ഇ എം എസ് -

ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ മാര്‍ക്സിറ്റാചാര്യന്‍  ഇ എം എസ് , വര്‍ഗ്ഗീയതയെ സംബന്ധിച്ച് പറഞ്ഞു വെച്ച വീക്ഷണങ്ങള്‍ കാല ദേശ ഭേദമെന്യേ പ്രസക്തമായി തുടരുന്ന പാശ്ചാത്തലത്തിലാണ്  ആര്‍ എസ് എസ് പ്രഭ്രുതികള്‍ മതമൗലിക - തീവ്രവാദ - രാജ്യ വിരുദ്ധ പ്രസ്താവനകളുമായി ജനതയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് . ആര്‍ എസ് എസ് മതമൗലിക വാദം പ്രചരിപ്പിക്കുന്നതിലും മതേതരത്വം അനിശ്ചിതത്വത്തിലാാക്കാന്‍ ' പാടുപെടുന്നതിലും അസ്വാഭാവികതയില്ല . ആം ആദ്മി പാര്‍ടി നേതാവിന്റെ സെക്കുലര്‍ വിരുദ്ധ പ്രസ്താവന സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ നിലപാടറിയേണ്ടതുണ്ട് .

സംഘ് പരിവാര്‍ ; ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പ്

തീവ്ര ദേശീയതയുടെ ബീഭത്സതയാല്‍ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിനെ ശ്വാസം മുട്ടിച്ച ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പാണ്‌ 1925 ല്‍ രൂപീകൃതമായ ആര്‍ എസ് എസ്. ആര്‍ എസ് എസ്‌ നേതാവ് എം എസ് ഗോള്‍വള്‍ക്കര്‍ എഴുതിയ വിചാരധാരയുടെ അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ്സും ആര്‍ എസ് എസ്സിനാല്‍ നയിക്കപ്പെടുന്ന (സംഘ് പരിവാര്‍) മുപ്പത്തിയാറോളം പരിവാര്‍ സംഘടനകളും സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്. വിചാരധാരയുടെ പതിനാറാം അദ്ധ്യായ പ്രകാരം ഇന്ത്യയുടെ ആന്തരിക ഭീഷണികള്‍ മൂന്നാണ് .

1) മുസ്ലിങ്ങള്‍

2) കൃസ്ത്യാനികള്‍

3) കമ്യൂണിസ്റ്റുകള്‍

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ വിഘാതമാകുന്ന പ്രസ്തുത പ്രഖ്യാപിത ശത്രുക്കളെ ആശയപരമായും കായികമായും ഉന്മൂലനം ചെയ്യുന്ന പ്രായോഗികവത്ക്കരണത്തിന്റെ ആദ്യ പരീക്ഷണം ഹിന്ദു മഹാ സഭ / ആര്‍ എസ് എസ് പ്രചാരക്ക് നാഥുറാം വിനായക് ഗോഡ്സെയിലൂടെ 1948 ജനുവരി മാസം മുപ്പതാം തിയതി വൈകുന്നേരം 5.17 ന് ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നിറനെഞ്ചിലേക്ക് മൂന്നു വട്ടം വെടിയുതിര്‍ത്ത് ഫലപ്രദമായി നടപ്പിലാക്കപ്പെട്ടു. രാമജന്മഭൂമി കാംപെയ്നിന്റെ ഭാഗമായി 1992 ഡിസംബര്‍ ആറിന് ' ബാബറി മസ്ജിദ് തകര്‍ത്തു കൊണ്ട് രാജ്യത്തിന്റെ സെക്കുലര്‍ ഘടനയ്ക്ക് ആര്‍ എസ് എസ് ഏല്‍പ്പിച്ച പരിക്ക് നിസ്സാരമല്ല.

താഴികക്കുടങ്ങള്‍ നിലംപതിച്ചപ്പോള്‍ തകര്‍ന്നു വീണത് പഴകിയ കോണ്‍ക്രീറ്റും ദ്രവിച്ച ഇരുമ്പു കമ്പികളും മാത്രമായിരുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനത അതോടെ അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും അരക്ഷിതത്വത്തിലേക്കും വലിച്ചെറിയപ്പെട്ടു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പരമ്പരകളായി. ആത്മസംഘര്‍ഷങ്ങളുടെ അനുഭവപരിസരങ്ങളിലും അവര്‍ സംയമനം കൈവെടിഞ്ഞില്ല . ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ കരുത്തുറ്റ പിന്തുണയില്‍ മതേതരത്വത്തിനും അവസര സമത്വത്തിനുമായുള്ള സഹനത്തില്‍ ഒറ്റക്കെട്ടായവര്‍ പങ്കാളികളായി. ' സ്വാഭാവിക 'മായ ചില പ്രതികരണങ്ങളെ പക്വമായ ഇടപെടലുകളിലൂടെ അതിജീവിച്ചവര്‍ പൊതു സമൂഹത്തിനു മാതൃക കാട്ടി.

സ്വാതന്ത്രാനന്തരം രാജ്യം കണ്ട ആസൂത്രിതവും സംഘടിതവും വ്യാപകവുമായ വംശീയ കൊലപാതക പരമ്പരകളാണ് നരേന്ദ്ര മോഡി മുഖ്യമന്ത്രി പദമലങ്കരിക്കുന്ന ഗുജറാത്തില്‍ 2002 കാലയളവുകളില്‍ നടന്നത്. ബന്ധപ്പെട്ട സംഭവങ്ങള്‍ പൊടുന്നനവേ ഉണ്ടായതല്ലെന്ന് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്സ് കമ്മീഷന്‍ , സിറ്റിസണ്‍സ് ഇനിഷ്യേറ്റീവ്, വിരമിച്ച ന്യാധിപന്മാരുടെ സംഘം തുടങ്ങിയവര്‍ സമാഹരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. സംഭവങ്ങള്‍ തുടങ്ങി വെയ്ക്കുന്നതിലും നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയും ചെയ്തതില്‍ ആര്‍ എസ് എസ് നേതാവും മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പങ്ക് വിവിധ നിയമസമതികള്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. 2008 ല്‍ കന്യാസ്ത്രികളെയും കൃസ്തുമത വിശ്വാസികളേയും ബലാത്സംഗത്തിനും ആരും കൊലയ്ക്കുമിരയാക്കിയതിലൂടെയും രാജ്യമാസകലം കമ്യൂണിസ്റ്റുകളെ ഏകപക്ഷീയമായി വധിക്കുന്നതിലൂടെയും വിചാരധാരയുടെ ഉള്ളടക്കം ഊര്‍ജ്ജസ്വലമായി നടപ്പിലാക്കപ്പെടുന്നു എന്ന് ബന്ധപ്പെട്ടവര്‍ക്ക് ഊറ്റം കൊള്ളാം. മുസ്ലിങ്ങള്‍ , കൃസ്ത്യാനികള്‍ , കമ്യൂണിസ്റ്റുകള്‍ എന്നിവ വര്‍ക്കു പുറമേ കമിതാക്കള്‍ , മിശ്ര വിവാഹിതര്‍ ,മതപരിര്‍ത്തനം നടത്തിയവര്‍ തുടങ്ങിവര്‍ കൂടി പ്രഖ്യാപിത ശത്രുപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നു എന്നതാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കടമകള്‍ ; കാലം ആവശ്യപ്പെടുന്നത്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താഴികക്കല്ലുകളായ സ്ഥിതി സമത്വം, അഭ്പ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, മതവിശ്വാസത്തിനുള്ള സ്വാതന്ത്രം, വിദ്യാഭ്യാസത്തിനും സ്വതന്ത്രമായി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്വാതന്ത്രം പോലും സംഘ് പരിവാര്‍ തിട്ടൂരങ്ങള്‍ക്കനുസൃതമായി നിജപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

പാക്ക് താലിബാനെയോ ഇസ്രേലിയന്‍ മൊസാദ് നെയോ അനുസ്മരിപ്പിക്കും വിധം ഇന്ത്യന്‍ വംശീയ ഭീകരതയുടെ ഭയാനക രൂപമായി സംഘ് പരിവാറും മെഗാഫോണുകളും മതനിരപേക്ഷതയ്ക്കും സൗഹാര്‍ദ്ദത്തിനും ഭീഷണിയുയര്‍ത്തുകയാണ്. പൊള്ളയായ വികസന വാദങ്ങള്‍ക്കപ്പുറം ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി കോര്‍പ്പറേറ്റ് മൂലധനതാാത്പ്പര്യത്തിന്റെ സംരക്ഷകന്‍ മാത്രമെന്നത് പൊതു സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യത്വവും വര്‍ഗ്ഗീയതയും ഭായി ഭായി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ അന്തസ്സത്ത കാത്തു സംരക്ഷിക്കുന്നതിനും ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമെന്യേ ഭരണഘടനാ ലംഘകരെ നിയമത്തിനു മുന്നില്‍ എത്തിച്ചേ മതിയാകൂ . സാമ്രജ്യത്വത്തിനും ധന - മൂലധന ശക്തികള്‍ക്കും വര്‍ഗ്ഗീയതയും അരാഷ്ട്രീയവാദവും അവസര സമത്വത്തിനായുള്ള ജനകീയ മുന്നേറ്റങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള മികച്ച ആയുധങ്ങളാണ് . അതു കൊണ്ടു തന്നെ സ്വത്വ - പ്രാദേശിക വാദങ്ങളെ വിദൂര നിയന്ത്രിത എന്‍ ജി ഒ സംവിധാനങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നു.

ഐക്യം അഖണ്ഡത

ബഹുസ്വരമായ സാംസ്ക്കാരിക അടിത്തറ അപ്രസക്തമാക്കുന്ന സംഘപരിവാരിയന്‍ ഫാസിസ്റ്റുവത്ക്കരണത്തിന്റെ സമകാലീനതയില്‍ രാഷ്ട്രീയവും സാംസ്ക്കാരികവുമായ അതീവഗൗരവതരമായ കടമകളാണ് ജനാധിപത്യവിശ്വാസികള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. കേവലം തിരഞ്ഞെടുപ്പ് ജയ - പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ സംഘ് പരിവാറിന്റെ ഇടപെടല്‍ ശേഷിയെ വിലയിരുത്തുക ആശാസ്യകരമായിരിക്കില്ല . ഉത്തരവാദിത്വം ഭാരിച്ചതാണ് . സമയം ഏറെയില്ലതാനും . സെക്കുലര്‍ പക്ഷത്തുറച്ചു നില്‍ക്കുന്നവരുടെ അതിവിപുലമായ വര്‍ഗ്ഗ ബോധാത്തിലധിഷ്ഠിതമായ ബഹുജനൈക്യ പ്രസ്ഥാനം രൂപപ്പെടുത്തേണ്ടതുണ്ട് . അതിനാവശ്യമായ  സര്‍ഗ്ഗാത്മകമായ ഇടപെടലുകള്‍ ഉറച്ച നിലപാടുകളിലൂടെ കൂട്ടായി സാധ്യമാക്കാം .