ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജീവിതത്തിലെ ഏറ്റവും മനോഹരകാലമത്രേ കൌമാരം ഒരു വേള, ഏറ്റവും അപകടകരമായ കാലവും ഇതുതന്നെ. ആര് ക്കും പിടി തരാത്ത കൌമാരത്തിന്റെ വിഹ്വലതകള്‍ ചിത്രീകരിച്ച ഒരു പിടി നല്ല സിനിമകള്‍ പോയകാലം നമുക്കു നല് കിയിട്ടുണ്ട്. ഭരതന്റെയും പത്മരാജന്റെയും പേരിലറിയപ്പെട്ട ഒരു സുവര് ണകാലം. പിന്നീട് നമ്മള് മുതിര്‍ന്നുപോയി. കൌമാരകൌതൂഹലങ്ങളെ കൈവിട്ട് നമ്മുടെ സിനിമക്കാര്‍ മറ്റു പലതിന്റെയും പിന്നാലെ പോയി. കുറച്ചുകാലം മുന്‍പ് പ്രേക്ഷകന്റെ നെഞ്ചില്‍ തീ കോരിയിട്ടു കടന്നുപോയ നോട്ട് ബുക്ക് എന്ന സിനിമയും പ്രവചനാതീതമായ കൌമാരകാലത്തിന്റെ ശ്രദ്ധേയമായ ഒരു ഡോക്കുമെന്റേഷനായിരുന്നു.
ഭാരമുള്ള പ്രമേയങ്ങള്‍ സിനിമയില്‍ അരങ്ങു തകര്‍ക്കുന്നതിനിടെ ഇതാ കണ്ണാടിക്കഥയെന്ന ഒരു കുഞ്ഞു കൌമാരചിത്രം കൂടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നു. പേരുപോലെ തന്നെ അതിലോലമായ കഥാതന്തുവാണ് ഈ ഹ്രസ്വചിത്രത്തിന്റേത്. അനു എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ തരളമായ മനസ്സും ചപലചിന്തകളുമാണ് സിനിമയുടെ ഫോക്കസ്സില്‍ . തന്റേതു മാത്രമായ സ്വകാര്യതയുടെ ലോകത്ത് അവള് ചില രഹസ്യങ്ങള്‍ മൂടിവെച്ചിരുന്നു. അവള്‍ക്കും പ്രിയപ്പെട്ട കണ്ണടയ്ക്കും മാത്രമറിയുമായിരുന്ന അവയിപ്പോള്‍ സഹൃദയരുടെ മുന്പില് വെളിപ്പെട്ടിരിക്കുന്നു.
ഫെബ്രുവരി 17-ന് ‘ഒരു കണ്ണാടിക്കഥ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം എറണാകുളം കവിതാ തീയറ്ററിലും ഒപ്പം തിരുവനന്തപുരം നിളയിലും നടന്നപ്പോള്‍ , സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം യുവമനസ്സുകളുടെ സ്വപ്നസാക്ഷാത്കാരമാണ് സംഭവിച്ചത്. സിനിമാ പാരഡിസോ ക്ലബ് എന്ന ചങ്ങാതിക്കൂട്ടമാണ് ഫേസ് ബുക്ക്ഗ്രൂപ്പുകളില് നിന്നുള്ള ഈ കന്നിസംരംഭത്തിന്റെ അമരക്കാര്‍ .
എല്ലാം വളരെപ്പെട്ടെന്നായിരുന്നു. അങ്ങനെയിരിക്കെ ഒരു നാള് സിനിമാപാരഡിസോ ക്ലബ്ബില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നു. ‘ഇങ്ങനെ വാചകമടിച്ചാല്‍ മാത്രം മതിയോ.? നമുക്കൊരു സിനിമ പിടിച്ചാലോ?’ അതായിരുന്നു തുടക്കം. സ്ഥലവും കാലവുമെല്ലാം അനുകൂലമായതു പോലെ എല്ലാ മനസ്സുകളും ഒരുപോലെ പ്രതികരിച്ചു. കൈയ്യും മെയ്യും മറന്ന് അവര്‍ പ്രവര്‍ത്തിച്ചു. സിനിമയെന്ന മന്ത്രം അവരെ ചലിപ്പിച്ചു. ഗ്രൂപ്പില്‍ത്തന്നെയുള്ള സുഹൃത്തുക്കള്‍ അവരവര്‍ക്കാവും വിധം ധനസഹായവുമായി മുന്നോട്ടുവന്നു. ഗ്രൂപ്പിന്റെ അമരക്കാരായ രാകേഷ് റോസ്, ദിവ്യാകൃഷ്ണന്‍ തുടങ്ങിയവര്‍ ഫണ്ട് സ്വരൂപിക്കാനുള്ള സജീവശ്രമങ്ങളിലേര്പ്പെട്ടു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്വന്തമായി ബാങ്ക് അക്കൌണ്ടും തുറന്നു. അനന്തപുരിയില്‍ നിന്നുള്ള അരുണ്‍ ജെ. മോഹന്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിച്ചുകൊണ്ട് ഒപ്പം നിന്നു.. എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കി, അവ കൃത്യമായി ഗ്രൂപ്പില്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. സിനിമയ്ക്കുള്ള ത്രെഡ്ഡും തിരക്കഥയുമായി ഗ്രൂപ്പിലെ തന്നെ യുവപ്രതിഭകള്‍ പലരും രംഗത്തെത്തി. അതില്‍ നിന്ന് മഹേഷ് ഗോപാലിന്റെ കണ്ണാടിക്കഥ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ ലൈനില്‍ ഒതുങ്ങിനിന്ന പ്രവര്‍ത്തനങ്ങള്‍ അതോടെ ഓഫ് ലൈനിലേക്കും കടന്നു.
ഒരു ടീനേജ് പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഒരു കണ്ണട ചെലുത്തുന്ന സ്വാധീനമാണ് അതിലളിതമായ സിനിമയുടെ പ്രമേയപരിസരം. ഗ്രൂപ്പിലെ തന്നെ സജീവാംഗവും ആല്‍ബം സംവിധായകനുമായ അങ്കമാലിക്കാരന് ബിലഹരി കെ. രാജ് ആണ് സംവിധായകന് . ക്ലബ്ബംഗങ്ങള്‍ ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമായിരുന്നു ഈ സംവിധായകന്റെ പേരും. സ്വന്തം ക്യാമറയില്‍ത്തന്നെ സിനിമ ഷൂട്ട് ചെയ്യാനുള്ള സന്നദ്ധതയുമായി കണ്ണൂര്‍ സ്വദേശി സുബിന് സുധര്‍മ്മന്‍ എന്ന യുവ സിനിമറ്റോഗ്രാഫര്‍ മുന്നോട്ടുവന്നു. തിരുവനന്തപുരത്തുള്ള ജോബി തുരുത്തേന്‍ തന്റെ എഡിറ്റിംഗ് ടേബിള്‍ കണ്ണാടിക്കഥയ്ക്കായി സജ്ജമാക്കി. ഡിസംബര്‍ അവസാനവാരം ഷൂട്ടിംഗ് ആരംഭിച്ചു. സ്വപ്നം അതിവേഗത്തില്‍ സത്യത്തിലേക്ക് പ്രവേശിച്ചു.
ഇരിങ്ങാലക്കുട, ആലുവ പരിസരങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കണ്ണാടിക്കഥയുടെ ദൈര്‍ഘ്യം 20 മിനിറ്റാണ്. ശ്രീരഞ്ജിനിയാണ് മുഖ്യകഥാപാത്രമായ അനുവിനെ അവതരിപ്പിച്ചത്. ഒപ്പം, വൈശാഖ്, ഹാരിസ ബീഗം, ബീന സുനില്‍ , രാജേഷ് നാണു എന്നിവരും വേഷമിടുന്നു. ഗാനരചനയും സംഗീതവും യഥാക്രമം വിനായകും വിഷ്ണുവും നിര്‍വഹിച്ചു. പി.എസ്. ജയഹരിയുടേതാണ് പശ്ചാത്തല സംഗീതം. ഗ്രൂപ്പ് അഡ്മിനുകളായ ബെന്‍ മാത്യു, അരുണ്‍ അശോക് എന്നിവരും ഗിരീഷ് എ.ഡി, ജിഗീഷ് കുമാരൻ , രാജേഷ് നാണു എന്നിവരുമാണ് സിനിമയുടെ ക്രിയേറ്റീവ് പാനലിലുള്ളത്. അങ്ങനെ, 13000 അംഗങ്ങളുള്ള ഒരു സൌഹൃദസംഘം വെറും സിനിമാചര്ച്ചകള്ക്കപ്പുറമുള്ള ആക്റ്റിവിസത്തിന്റെ ഒരു മേഖലയിലേക്കു കടന്നുകൊണ്ട് ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ക്ക് ഒരു മാതൃകയാവുകയാണ്. ഒരുപക്ഷേ, ഇതു തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന്റെ മുഖ്യപ്രസക്തിയും.
യഥാര്‍ത്ഥത്തില്‍ , നല്ല സിനിമയുടെ ഒരു വസന്തകാലം കൂടി മലയാളത്തിലേക്കു മടങ്ങിവന്നിട്ടുണ്ടിപ്പോള് . വീണ്ടുമൊരിക്കല്‍ക്കൂടി, സിനിമ ഒരു വികാരമായി യുവതയെ ആവേശിച്ചിരിക്കുന്നു. ഡിജിറ്റല്‍ സങ്കേതങ്ങള്‍ പുതിയ കാലത്തിന്റെ ഈ കലയെ, അതിന്റെ എല്ലാ സൌന്ദര്യത്തോടും കൂടെ ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെനോക്കിയാലും കാണാന്‍ കഴിയുക. ഇന്റര്‍നെറ്റ് സൌഹൃദങ്ങള്‍ പലതും സിനിമയ്ക്കായി കൈകോര്‍ക്കുന്നു. ഹ്രസ്വചിത്രങ്ങളെടുത്ത് അവര്‍ സിനിമ പരിശീലിക്കുന്നു. താമസിയാതെ, വലിയ സിനിമയിലേക്കുള്ള ചുവടുകള്‍ വെയ്ക്കുന്നു. യുവമനസ്സുകളിലെ സര്‍ഗ്ഗാത്മകത നഷ്ടപ്പെടുന്നു എന്നു പരിതപിക്കുന്നവര്‍ തീര്‍ച്ചയായും മൂഢസ്വര്ഗ്ഗത്തിലത്രേ. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പഴയ വഴികളുപേക്ഷിച്ച് അവര്‍ പുതിയ വഴികള്‍ തേടുകയാണ്; സാഹസികതയുടെ പുതിയ പടവുകള്‍ കയറുകയാണ്.