Sunil Sukumaran

അടക്ക

കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൌതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു വ്യാപരിച്ചുകിടക്കുന്ന കമുകിന്‍ തോപ്പുകള്‍ . ആയിരക്കണക്കിന് കമുകുകള്‍ ഇടതിങ്ങി നില്‍ക്കുന്ന മനോഹരമായ കാഴ്ച്ച ആദ്യാനുഭവമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അടക്ക നിരോധിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ കാസര്‍ഗോഡ് ജില്ലയില്‍ അടക്കാകൃഷി ചെയ്യുന്ന ഏതാണ്ട് അറുപതിനായിരം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തും. അടക്ക ഉല്പന്നങ്ങള്‍ അതുപയോഗിക്കുന്നവരില്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നെന്ന നിഗമനത്തിലാണത്രേ ഈ തീരുമാനം വിവര വിജ്ഞാന കോശം വിക്കിപീഡിയയില്‍ അടക്കയെ കുറിച്ചുള്ള ലേഖനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ് ;

"കമുകില്‍ നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് അടക്ക". അടക്കയില്‍ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈന്‍ കോളൈന്‍ എന്ന രാസപദാര്‍ത്ഥത്തിനു സമാനമാണത്രെ. പച്ചഅടക്കയും വേവിച്ചെടുത്ത അടക്കയും ഔഷധമൂല്യം ഉള്ളവയാണ്‌. ആയുര്‍വേദ ഔഷധനിര്‍മ്മാണത്തില്‍ ഇവരണ്ടും ഉപയോഗിക്കുന്നുണ്ട്. അഥവാ അടക്കയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ അതിനു കാരണം ഈ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന കമ്പനികള്‍ പ്രസ്തുത ഉല്പന്നങ്ങളില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ്.

ഇത്തരം ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്ന അപകടാവസ്ഥ മറികടക്കേണ്ടത് പതിനായിരങ്ങളുടെ ജീവിതമാര്‍ഗമായ അടക്കാകൃഷി നിരോധിച്ചു കൊണ്ടാകരുത്. മറിച്ച് അടക്കയെ ലഹരി സമാനമാകുന്ന കമ്പനികളുടെ പ്രക്രീയകളെ നിരോധിച്ചു കൊണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാറിനെ അലോസരപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ ആരോഗ്യമാണെങ്കില്‍ അടക്കയ്ക്ക് മുന്‍പ് നിരോധിക്കേണ്ട എത്രയോ ഉല്പന്നങ്ങള്‍ നമ്മുടെ നാട്ടിലിന്ന് സുലഭമായി വില്‍ക്കപ്പെടുന്നുണ്ട്. മനുഷ്യ ശരീരത്തിലെ എല്ലാ പ്രക്രിയകളേയും ദോഷകരമായി ബാധിക്കുന്ന ശ്വാസ കോശ അര്‍ബുദത്തിന് കാരണമാകുന്ന സിഗരറ്റ്, ബീഡി, കരള്‍ സംബന്ധിയായ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന മദ്യം, ഓസ്റ്റിയോപൊറോസിസ് (Osteoporosis) പൊണ്ണത്തടി (Obesity) കുട്ടികളിലെ പ്രമേഹം (juvenile diabetes) എന്നീ അനാരോഗ്യ അവസ്ഥകള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തപെട്ടിട്ടുള്ള കോളകള്‍ , വിഷലിപ്തമായ ചേരുവകള്‍ കണ്ടെത്തിയിട്ടുള്ള കറിപൊടികള്‍ അങ്ങിനെ എന്തെല്ലാം.

പുകയിലകൃഷി പോലും നിരോധിച്ചിട്ടില്ലാത്ത ഒരു നാട്ടിലാണ് അടക്കാ കൃഷി നിരോധിക്കുന്നതെന്നത് വിരോധാഭാസം മാത്രമായി കാണാനാകില്ല. ഈ തീരുമാനത്തിനു പിന്നില്‍ മറ്റെന്തോ പുകയുന്നുണ്ടെന്നത് വ്യക്തം. രണ്ടു കാര്യങ്ങളാണ് പരിഗണിക്കപ്പെടേണ്ടത് . ഒന്ന്, അടക്കയെ കുറിച്ചുള്ള ഒരു ശാസ്ത്രീയ പഠനം സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും അടക്കാകൃഷിയും, അടക്കാകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കൃഷിക്കാരേയും കേന്ദ്രനിയമത്തില്‍ നിന്ന് സംരക്ഷിച്ച് നിറുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ കൊണ്ടുവരികയും വേണം. രണ്ട്, അടക്കാകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കൃഷിക്കാരുടെ കാര്‍ഷിക വായ്പയുള്‍പ്പെടെയുള്ള ബാങ്ക് വായ്പകള്‍ എഴുതി തള്ളുകയും, ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരങ്ങള്‍ നല്‍കുകയും വേണം. അടക്കയുടെ ദുരുപയോഗമാണ് നിരോധിക്കേണ്ടത് അടക്കയെ അല്ല.