ലോക ശാസ്ത്രദിനമായി ആചരിക്കപ്പെടുന്ന നവംബർ 10 ശാസ്ത്രത്തെയും മാനവിക ജീവിതത്തെയും സംബന്ധിച്ച വലിയൊരു ഓർമ്മപ്പെടുത്തലാണ്. 2002 നവംബർ പത്തിനാണ് സമാധാനത്തിനും വികസനത്തിനുമുള്ള ഉപാധി എന്ന നിലയിൽ ലോക ശാസ്ത്രദിനം ലോകമെമ്പാടും ആചരിച്ചു തുടങ്ങിയത്. ലോക ശാസ്ത്ര ദിനത്തിന്റെ ലക്ഷ്യം ശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ച് പൊതുജനാഭിമുഖ്യം വളർത്തുകയെന്നതാണ്. സമൂഹത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെയും ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളിൽ പൊതുജനങ്ങളെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും ഇത്തവണത്തെ ശാസ്ത്ര ദിനം വിചിന്തനം ചെയ്യുന്നു.
ഭൗതികലോകത്തെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന പഠനങ്ങളുടെ ശാഖകളാണ് സാധാരണഗതിയിൽ ശാസ്ത്രം എന്ന് വിളിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് മുതലാണ് ശാസ്ത്രം എന്ന വാക്കിനെ ശാസ്ത്രീയ മാർഗ്ഗത്തിലുള്ള കണ്ടെത്തലുകളോട് ചേർത്ത് ഉപയോഗിക്കാൻ തുടങ്ങിയത്. മാനവിക ജീവിതത്തിലെ പുരോഗതിയിൽ ശാസ്ത്ര കണ്ടെത്തലുകളും ശാസ്ത്ര മാർഗങ്ങളും നൽകിയിട്ടുള്ള സംഭാവനകൾ അതിൽ നിർണായകമാണ്. യൂറോപ്പിലെ വ്യവസായ വിപ്ലവത്തിനുശേഷമാണ് ഭാരതത്തിൽ ശാസ്ത്ര പ്രധാനമായ വലിയ മുന്നേറ്റത്തിന് പ്രാധാന്യം കൈവരുന്നത്. ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിലൂടെ മാത്രമേ രാജ്യത്തിന് അഭിവൃദ്ധി കൈവരിക്കാൻ സാധ്യമാകൂ. എന്ന് മനസ്സിലാക്കിയ നെഹ്റു 1958- ൽ സയന്റിഫിക് പോളിസി റെസല്യൂഷൻ കൊണ്ടുവന്നു. 1987 മുതലാണ് ഇന്ത്യ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു തുടങ്ങിയത്. സി. വി രാമൻ ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചതിന്റെ ഓർമ്മക്കായിട്ടാണ് ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയത്.
ശാസ്ത്രം എന്ന ബൃഹത് സംഹിതയിൽ നിന്നും മാറി സാങ്കേതികത എന്ന തത്വത്തിൽ ശാസ്ത്രത്തെ വിലയിരുത്തപ്പെട്ടു തുടങ്ങിയത് സമകാലിക പരിസരത്തിലാണ്. മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ സംവർഗങ്ങളിലും സാങ്കേതികത ഒരു ചിഹ്ന രൂപമാണ്. വാർത്താ വിനിമയ സംവിധാനം, കാർഷിക രംഗം, ജലസേചന സംവിധാനങ്ങൾ, നിത്യോപയോഗ ഉപകരണങ്ങൾ എന്നിവ മുതൽ അന്യഗ്രഹ യാത്രയ്ക്കും സൈബോർഗുകളുടെ രൂപകൽപ്പനയ്ക്കും റോബോട്ടിക്സ് സാങ്കേതികത യിലേക്കും ഇന്ന് ശാസ്ത്രലോകം മുന്നേറിയിരിക്കുന്നു. മനുഷ്യനേക്കാൾ ബുദ്ധിയുള്ളതോ മനുഷ്യ ചിന്തയുടെയും പ്രബലതയുടെയും ഏറ്റവും നവീകരണ രൂപമെന്നോ വിശേഷിപ്പിക്കാവുന്ന സൈബോർഗുകളുടെതായ ഒരു യുഗത്തിലേക്ക് ഇന്ന് നമ്മുടെ സാങ്കേതിക ലോകം പരിണമിച്ചിരിക്കുകയാണ്. മനുഷ്യ ഭാവിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന നിരവധി സംവാദങ്ങൾ നൂതന സാങ്കേതിക വിദ്യകളുടെ ആവിർഭാവവുമായി ബന്ധപ്പെട്ട് ശാസ്ത്ര ലോകത്തുനിന്നു തന്നെ ഉരുത്തിരിയുന്നുണ്ട്. ഭാവിയുടെ ശാസ്ത്രമെന്ന നിലയിൽ നവീന സാങ്കേതികത ചർച്ചചെയ്യുമ്പോഴും മനുഷ്യ പരിണാമത്തിലെ പോസ്റ്റ് ഹ്യൂമൻ പരികല്പനകളെ സംബന്ധിച്ച സംവാദങ്ങളും മറുവശത്ത് നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. സാങ്കേതിക വിദ്യയുടെ ഈ മുന്നേറ്റം വളരെ നിർണായകമായി വിലയിരുത്തപ്പെടുന്നൊരു കാലഘട്ടമാണിത്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ പ്രതിപാദിതമാകുന്ന സമകാലിക കാലഘട്ടത്തിൽ സമാധാനത്തിലും വികസനത്തിലും ഊന്നിയുള്ള ശാസ്ത്ര മുന്നേറ്റങ്ങൾ ശാസ്ത്ര സാമൂഹികതയെ ദ്രുതപ്പെടുത്തുന്നതായിരിക്കുമെന്നതിൽ സംശയമില്ല. ശാസ്ത്രത്തിന്റെ സാമൂഹ്യവൽക്കരണം ആധുനിക പ്രക്രിയ ആയിരിക്കുമ്പോഴും അതിലെ നവീകരണ സങ്കല്പനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ജനകീയ പങ്കാളിത്തത്തോടെയുള്ള ശാസ്ത്ര പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു.