K G Suraj

ജസീറാത്തയും കുട്ട്യോളും ഭൂമിമലയാളവും

തിരുവനന്തപുരം: ആഗസ്റ്റ്‌ 10 , 2013

തെരുവുവിളക്കുകള്‍ അണഞ്ഞു തുടങ്ങി. സൈക്കിളുകളില്‍ പത്ത്രക്കെട്ടുകളുമായി വേഗതയില്‍ പാഞ്ഞു പോകുന്നവര്‍ .. അയഞ്ഞ വസ്ത്രങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍... കാക്കളുടെ ചറ-പറ ശബ്ദം .. റിസ്വാനായുടേയും ഷിഫാനായുടേയും പകലുകള്‍ ജാനല തുറക്കുന്നത് ഇങ്ങനെയാണ്. ടൈ കെട്ടിയും വാട്ടര്‍ ബോട്ടില്‍ തൂക്കിയും സക്കൂള്‍ ബസ്സിന്റെ മിനുത്ത സീറ്റിലിരുന്നും തങ്ങളെ കൌതുകത്തോടെ നോക്കുന്ന സമപ്രായക്കാരായ ഒരുപാടു കുട്ടികളിലൂടെ അവരുടെ മുഖവും കടന്നു പോകുന്നുണ്ട്. സ്നേഹവായ്പ്പുകളില്‍ , ഉയര്‍ന്ന ഇനം ഭക്ഷണ സാധനങ്ങളില്‍ , വിലകൂടിയ കളിപ്പാട്ടങ്ങളില്‍ , വീടെന്ന സംരക്ഷിത സംജ്ഞയില്‍ ; എന്തുകൊണ്ടാകണം അവരുടെ ലോകവും സുരക്ഷിതമാകാത്തത് ? ഭരണ സിരാ കേന്ദ്രത്തിന്റെ ഫൂട്ട്പ്പാത്തു മുറ്റത്തില്‍, കുഞ്ഞൊരു മാടത്തില്‍, കാറ്റിലും മഴയിലും പൊടിയിലും ചൂടിലും തണുപ്പിന്റെ പരുക്കിലും, എന്തിനാകണം മാസമൊന്നിവര്‍ ചിലവഴിച്ചിട്ടുണ്ടാകുക ?

മക്കളേ , നിങ്ങളെന്താ ഇവിടെ

ഷിഫാന , റിസ്വാന, ഒപ്പം മുഹമ്മദും : ഞങ്ങടെ ഉമ്മ സമരത്തിലാണ് , ഞങ്ങളും

ഏതു ക്ലാസിലാണ് പഠിക്കുന്നത് :

ഞാന്‍ ഏഴിലും ഷിഫാന അഞ്ചിലും , അവന് ഒന്നര വയസ്സും ..

മ്മേടെ പേരെന്താ :

ജസീറ

വീട്:

കണ്ണൂര്‍ ജില്ലയിലെ മുഴിപ്പിലങ്ങാട്

എന്തിനു വേണ്ടിയാണ് ഉമ്മ സമരം ചെയ്യുന്നതെന്നറിയാമോ .

ഞങ്ങടെ കടപ്പുറം കാണാന്‍ നല്ല ചേലാണ്. ഇപ്പൊ മണലെല്ലാം ഓര് കൊണ്ടോണ് ..

അതിനെതിരെയാണ് സമരം..

മിടുക്കികളുടെ നിഷ്കളങ്കവും വ്യക്തവുമായ സംഭാഷണം പുരോഗമിക്കവേ കുട്ടികളുടെ അമ്മ ചെറുപുഞ്ചിരിയോടെ കടന്നെത്തി. ക്ഷീണിതമെങ്കിലും ഊര്‍ജ്ജം തുളുമ്പുന്ന കണ്ണുകള്‍ ; തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചവ ..

ഔപചാരികതകളുടെ അലങ്കാരങ്ങളില്ലാതെ ആ അമ്മ തന്റെ ജീവിതം പകര്‍ത്തി ..

കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ നീരൊഴുക്കുംചാല്‍ എന്ന പ്രദേശത്താണ് വീട്. പത്താം തരം വരെ പഠിച്ചു. ഞങ്ങളുടേത് ഒരു കടല്‍ത്തീരഗ്രാമമാണ് . തികച്ചും വ്യവസ്ഥാപിതമായ ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. സ്ത്രീകള്‍ പൊതുസമൂഹവുമായി ഇടപെടുന്നതിനും ആണുങ്ങളോടു സംസാരിക്കുന്നതിനു പോലും വിലക്കുകളുണ്ടായിരുന്ന കാലം . പെണ്ണിന് ഒരുവിധ പരിഗണനകളുമുണ്ടായിരുന്നില്ല. കോട്ടയം ജില്ലയിലേക്കാണ് വിവാഹം കഴിച്ചയക്കപ്പെട്ടത്. അവിടെ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തി. ഒരു ഒന്നര വര്‍ഷം മുന്‍പാണ് പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്കു തിരിച്ചെത്തിയത്. അതോടെ എറെമാറിയ എന്റെ നാടിന്റെ മുഖം ഞാന്‍ കണ്ടു.വിശാലമായ കടല്‍ത്തീരമായിരുന്നു ഞങ്ങളുടേത്. പക്ഷേ , അതാകെ ചെറുതായി മാറിയിരുന്നു. നാട്ടുകാരില്‍ വലിയൊരു വിഭാഗവും മതക്കാരുമെല്ലാം മണലെടുത്തു വില്‍പ്പന ആരംഭിച്ചിരുന്നു. തീരം ശുഷ്ക്കിച്ചു വന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം ഇതിനനുകൂലമായ നിലപാടെടുത്തു. വലിയൊരു ആപത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നു മനസ്സിലായി. സ്ഥിരമായി മണലെടുക്കുന്ന പ്രദേശങ്ങളിലെ കടല്‍ഭിത്തികള്‍ ഭീതിതമാംവിധം താഴ്ന്നു പോയി. അപ്പോഴാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. അതോടെ അവരൊറ്റക്കെട്ടായി വീടാക്ക്രമിക്കുന്നതിനും തകര്‍ക്കുന്നതിനും വന്നു. എന്നിരുന്നിട്ടും മണല്‍ക്കൊള്ളക്കെതിരായ പോരാട്ടം നിര്‍ത്താന്‍ എനിക്കായില്ല. ഞാനവരെ പ്രതിരോധിച്ചു. പലപ്പോഴും ഭീമാകാരമായ ലോറികള്‍ എത്തിത്തുടങ്ങി. മണല്‍ കൊള്ളചെയ്യുന്ന വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിച്ചു കൊണ്ടിരുന്നു. പക്ഷേ അവരൊന്നും ചെയ്തില്ല എന്നു മാത്രമല്ല , വിവരം കൃത്യമായി ചോര്‍ത്തിക്കൊടുക്കയും ചെയ്തുകൊണ്ടിരുന്നു. പോലീസും മണല്‍ മാഫിയയും തമ്മില്‍ കൃത്യമായ ധാരണകളുണ്ട്. അവര്‍ ഒത്തുകളിച്ചു കൊണ്ടിരിക്കുന്നു. അവസാനം വണ്ടി തടഞ്ഞു. അവര്‍ വാഹനമിരപ്പിച്ച ഭയപ്പെടുത്താന്‍ ശ്രമിച്ചു. എനിക്കു പേടിക്കാന്‍ മനസ്സുണ്ടായിരുന്നില്ല. അവസാനം എടുത്തിടത്തു തന്നെ മണല്‍ ഉപേക്ഷിച്ച് അവര്‍ക്കു ദയനീയമായി മടങ്ങേണ്ടി വന്നു. അതോടെ മാഫിയക്ക് താല്‍ക്കാലികമായെങ്കിലും മണല്‍ക്കടത്ത് നിര്‍ത്തിവെക്കേണ്ടി വന്നു. ലീഗിന്റെ നേതൃത്വത്തിലാണ് ഈ പകല്‍ക്കൊള്ള നടക്കുന്നത്. ലീഗ് നേതൃത്വം അറിഞ്ഞു തന്നെയാണ് തങ്ങള്‍ മണല്‍ കടത്ത്തുന്നതെന്ന് കടത്തുകാര്‍ പറയുന്നു.

അനില്‍ എന്നൊരു സബ് ഇന്‍സ്പെക്ടര്‍ മണല്‍ മാഫിയക്കെതിരെ അതിശക്തമായ നിലപാടെടുത്തിരുന്നു. പക്ഷേ അവര്‍ അദ്ദേഹത്തെ സ്ഥലം മാറ്റി പ്രതികാരം തീര്‍ത്തു. ലാഭക്കൊതി മൂത്ത് മണല്‍ മോഷ്ടിക്കുന്നവര്‍ കടല്‍ത്തീരം നഷ്ടമാകുന്നതോ കടലിന് കോട്ടം വരുന്നതോ അറിയുന്നില്ല. ഞങ്ങളുടെ നാട് പഴയ നാടല്ല. അത് മണല്‍ മാഫിയ കയ്യടക്കിയിരിക്കുന്നു. ചെറുപ്പക്കാരെയാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. പ്രകൃതിയെയും ഒരു തലമുറയേയും അവര്‍ ഒരുപോലെ നശിപ്പിക്കുന്നു. വികസനത്തിന്റെ പേരില്‍ നാടിന്റെ സര്‍വ്വസ്വവും കൊള്ളയടിക്കപ്പെടുകയാണ്.

ക്ടോബര്‍ 4 , 2013 : തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്കു പോകുന്ന കേരള എക്സ്പ്രസ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്നു -

ജസീറയും കുട്ടികളും യാത്ര തിരിക്കുകയാണ് .

ക്ടോബര്‍ 6 ,2013 :

ദില്ലിയിലെ കേരളാ ഹൌസിനു മുന്‍പിലെ പീപ്പല്‍ വൃക്ഷത്തിനു ചുവട്ടില്‍ , വിരിച്ചിട്ട നീല ടാര്‍പ്പോളിനു മേല്‍ താല്‍ക്കാലികമായ് സജ്ജീകരിച്ച ചെറു സംവിധാനത്തില്‍ പറക്കുമുറ്റാത്ത കുട്ടികള്‍ക്കൊപ്പം ജസീറ സഹന സമരം ആരംഭിച്ചു കഴിഞ്ഞു. അറിയാത്ത ഭാഷ, അപരിചിതരായ മനുഷ്യര്‍, പിന്തുണക്കായ്പ്പോലും ആരോരുമില്ലാത്ത അവസ്ഥ.. ഇതൊന്നും ജസീറയെ അശേഷം ആശങ്കപ്പെടുത്തുന്നതേയില്ല.

താങ്കള്‍ എന്തു കൊണ്ടാണ് പൊടുന്നനവേ സമരം ദില്ലിയിലേയ്ക്കു മാറ്റാന്‍ തീരുമാനിച്ചത്.

സമരം അറുപത്തിനാലാം ദിവസത്തിലേയ്ക്ക് പുരോഗമിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തിലാണ് സമരം ദില്ലിയിലേയ്ക്കു മാറ്റാന്‍ തീരുമാനമെടുത്തത് . കേരളത്തില്‍ സെക്രട്ടറിയറ്റിനു മുന്‍പില്‍ സമരം ആരംഭിച്ച് മൂന്നാം ദിവസം തന്നെ ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തിര നടപടികള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് നടപ്പിലായില്ല. ഒരുവിധ നടപടികളും നാളിതുവരെ ഉണ്ടായിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയമെത്തിക്കുന്നതിനും അതിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നതിനുമാണ് ദില്ലിയിലെത്തിയിരിക്കുന്നത്. ഒന്‍പതു മുതല്‍ അഞ്ചുവരെയുള്ള പകല്‍ സമയം മാത്രമേ സമരം ചെയ്യാന്‍ അനുവദിക്കൂ എന്ന നിലയില്‍ ദില്ലീ പോലീസ് അറിയിപ്പു തന്നിരുന്നു. സമയ ക്ലിപ്തമായി സമരം ചെയ്യാനല്ല ഇവിടെയെത്തിയത് . എന്തു പ്രതിസന്ധികള്‍ ഉണ്ടായാലും , ഇനി ഒരു തീരുമാനമുണ്ടാകാതെ പിന്നിലേക്കില്ല. കുട്ടികള്‍ അമ്മക്കൊപ്പം സമരത്തിലായതു കൊണ്ടു തന്നെ പഠനം മുടക്കത്തിലായിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനാവശ്യമായ പിന്‍തുണയൊരുക്കുന്നുണ്ട്.

ജലം ആകാശം മണ്ണ് ; ജനതയുടെ പൊതു സ്വത്ത്

കാലദേശഭേദമെന്യേ ലോകമാസകലം പാരിസ്ഥിതിക സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുള്ള ചെറുതും വലുതുമായ സമരങ്ങള്‍ സജീവമാകുകയാണ്. പൊതുസമൂഹത്തെയാകെ കമ്പോളവല്‍ക്കരിച്ച് ലാഭം മാത്രം കൊയ്യുന്നതിനുള്ള ധനമൂലധന ശക്തികളുടെ സംഘടിതമായ ശ്രമങ്ങളാണ് പാരിസ്ഥിതിക ചൂഷണങ്ങളുടെയടിസ്ഥാനം. ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയടക്കം തങ്ങളുടെ ഇഛാനുസരണം മെരുക്കിയെടുത്ത് ചൂഷണം ശക്തിപ്പെടുത്തി അനൈതികവും അധാര്‍മ്മികവുമായ നിലയില്‍ അവര്‍ കൊള്ള തുടരുന്നു; കോര്‍പ്പറേറ്റ് ഭീകരതയുടെ ഫാഷിസ്റ്റു രൂപമാണിത് .

പൊതു സ്വത്തായ മണ്ണും ജലവും ആകാശവും അപഹരിക്കപ്പെടുകയാണ്. വലതു പക്ഷ ഭരണകൂടങ്ങള്‍ മൂലധനത്തിന്റെ സേവകരോ വക്താക്കളോ ആയി പാരിസ്ഥിതിക വീക്ഷണങ്ങളെ തങ്ങള്‍ക്കനുകൂലാമം വിധം സമര്‍ഥമായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടു തന്നെ പരിസ്ഥിതി ഒരു അരാഷ്ട്രീയ സമസ്യയാകുന്നില്ല; കേവലാര്‍ഥത്തിലെ ഗൃഹാതുരതയും. പ്രസ്തുത സമകാലീനതയിലാണ് തങ്ങളുടെ ഗ്രാമത്തിലെ കടല്‍ത്തീരമാകെ കൊള്ള ചെയ്ത് കടല്‍ സ്ഥിതിയും പരിസ്ഥിതിയും പൊതു സ്ഥിതിയും അപകടപ്പെടുത്തുന്ന മണല്‍ മാഫിയക്കെതിരായ ജസീറയുടേയും കൈക്കുഞ്ഞുങ്ങളുടേയും സഹന സമരം സംസ്ഥാന-കേന്ദ്ര , ഭരണസിരാകേന്ദ്രങ്ങള്‍ക്കു മുന്‍പില്‍ പുതുവത്സരത്തിലും പുരോഗമിക്കുന്നത് . ഒരുവിധ ന്യായീകരണളുമില്ലാതെ മാഫിയാ വിരുദ്ധ പോരാട്ടത്തെ ഭരണകൂടം നിരന്തരം അവഗണിക്കുകയാണ് . സമരത്തിനാധാരമായ വിഷയങ്ങളോട് ഐക്യദാര്‍ഡ്യപ്പെടുകയെന്നത് സ്വകാര്യവല്‍ക്കരണത്തിനും ചൂഷണത്തിനുമെതിരായ രാഷ്ട്രീയവും സാംസ്ക്കാരികവുമായ ഉത്തരവാദിത്വമായി പൊതു സമൂഹം തിരിച്ചറിയുന്നു.