Indu Menon - Dr Anishia Jayadev

അരാഷ്ട്രീയമോ പൊളിറ്റിക്കലി ഇന്‍കറക്റ്റോ ആയ വര്‍ക്ക് ഓഫ് ആര്‍ട്ട് ആത്മഹത്യാപരം : ഇന്ദു മേനോന്‍

അഭിമുഖം: ഇന്ദു മേനോന്‍ / ഡോ. അനിഷ്യാ ജയദേവ്

പെണ്ണെഴുത്തുകാരി എന്ന ലേബല്‍ വായനാസമൂഹവും നിരൂപകരും കല്‍പ്പിച്ചു തന്നിട്ടുണ്ടല്ലോ. അതെക്കുറിച്ചുള്ള സമീപനം, ഒരു പെണ്ണെഴുത്തുകാരി എന്ന് സ്വയം രേഖപ്പടുത്തുന്നുണ്ടോ.

പെണ്ണെഴുത്തെന്നത് സംവരണമാണെന്നും അതൊരുതരം അശ്ലീലമാണെന്നും വിശ്വസിച്ച മണ്ടന്‍ കാലഘട്ടവും ജീവിതത്തില്‍ ഉണ്ടായിരുന്നു.വായിച്ചും ചിന്തിച്ചും അതില്‍ വന്ന മാറ്റത്തെ പറ്റി മുമ്പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കാം.ആവര്‍ത്തന വിരസമായേക്കാം എങ്കിലും ഈ വിഷയത്തിന്റെ രാഷ്ട്രീയം എന്നെ സംബന്ധിച്ചിടത്തോളം അത്രമേല്‍ കൃത്യമാണ് . മുമ്പെല്ലാം 'പെണ്ണെഴുത്ത്/ ഫെമിനിസം തുടങ്ങി നിര്‍വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യങ്ങളെ വളരെ ദേഷ്യത്തോടെയാണു സമീപിച്ചിരുന്നത്.അപ്പോഴെല്ലാം പെണ്ണെഴുത്ത് എന്ന പദത്തിനെതന്നെ അശ്ലീലമായ ഒന്നായി കാണാനാണ് ഞാനിഷ്ടപ്പെട്ടിരുന്നത്. എഴുത്തിന് അങ്ങനെയൊരു വേര്‍തിരിവ് ആവശ്യമില്ലെന്നും രചനയാണ് മുഖ്യം.അതിലെ ക്രിയേറ്റിവ് ആയ സംഗതികള്‍ക്കാണു പ്രാധാന്യം എന്നും കരുതിയിരുന്നു.

സമീപകാലത്തായി കൂടുതല്‍ രാഷ്ട്രീയമായി എന്റെ നിലപാടുകളെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ആ ചിന്തയില്‍ മാറ്റങ്ങള്‍ വന്നത് . ഒരു സ്ത്രീ എന്നതില്‍ നിന്നും വിഭിന്നമായി ഞാന്‍ ഒരു സമൂഹത്തിന്റെ സ്വരമാണു കേള്‍പ്പിക്കുന്നത് എന്ന നിലപാടില്‍ രാഷ്ട്രീയമായ ഒരു ശരികേടുണ്ട്. പെണ്ണിനെ പ്രതിനിധാനം ചെയ്തുയരേണ്ട ഒരു ശബ്ദം സമൂഹത്തിന്റെ അധികാരത്തിന്റെ ശബ്ദത്തില്‍ മുഴങ്ങുന്നുവെന്ന അപകടം. കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നുവെന്നു ധാരണയില്‍ ഞാന്‍ എന്റെ മേല്‍ പരോക്ഷമായി വന്നു എന്നെ അമര്‍ച്ച ചെയ്യുന്ന പുരുഷാധിപത്യത്തിന്റെ സ്വരത്തെ പ്രതിനിധീകരിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്.

എഴുത്തില്‍ കേള്‍ക്കേണ്ടത് കേള്‍ക്കാത്ത സ്വരമാണ് .സ്വാഭാവികമായും അധികാരത്തിന്റെയും അനീതിയുടേയും ഉഗ്ര പര്‍ വതങ്ങള്‍ ക്കടിയില്‍ അമര്‍ ന്നു പോകുന്ന ശബ്ദങ്ങള്‍ ...ദുര്‍ബലവും നേര്‍ത്തതുമായ ശബ്ദങ്ങള്‍ ... അന്യായവും അനീതിയും ചേര്‍ന്നു പൊത്തിക്കളഞ്ഞ തൊണ്ടക്കുഴിയുടെ നിശബ്ദതയെ ശബ്ദമായുയര്‍ത്തല്‍ അതാണു വേണ്ടത്... ഞാന്‍ എന്റെ വര്‍ക്ക് ഒഫ് ആര്‍ട്ടില്‍ പ്രതിനിധീകരിക്കുന്നത് സ്ത്രീശാക്തീകരണത്തിലെ ഏറ്റം താഴേക്കിടയിലുള്ല സ്റ്റ്രാറ്റായെയാണ്..ആ കീഴ്ത്തട്ടിനെയാണു. മിക്കവാറും ആ ലെയറില്‍ ഉള്ളത് ദളിതരും സ്ത്രീകളും തന്നെയായിരിക്കയും ചെയ്യും. കഥകളിലേക്ക് വരികയാണെങ്കില്‍ ഞാനേറ്റവും സംസാരിച്ചിട്ടുള്ളത് കേള്‍ പ്പിച്ചിട്ടുള്ളത് മുസ്ലിം സ്ത്രീയുടെയും ദളിത് സ്ത്രീയുടെയും ശബ്ദമാണ്.ആഡ്ഡ്രെസ്സ് ചെയ്യ്തിട്ടുള്ളത് അവരുടെ പ്രശ്നങ്ങളാണ് .ഭ്രൂണത്തില്‍ പൂമക്കുട്ടിയും ലെസ്ബിയന്‍ പശുവിലെ മെഹ്രുന്നിസ്സയും രക്തകാളീയിലെ കമലയും സര്‍പ്പിണിയുമെല്ലാം ആ സ്മൂഹത്തില്‍ നിന്നു വന്നിട്ടുള്ളവരാണ്.

ഇനി സ്ത്രീ/പെണ്‍ എന്ന ഐഡന്റിറ്റിയെ എടുക്കുക. അതൊരു ഏകശിലാസ്വത്വമല്ല. ഉള്ളിയുടെ തൊലി പൊളിയുന്നതു പോലെ സ്ത്രീസമൂഹം പല പല തട്ടിലായി സ്തരീകരിക്കപ്പെട്ടു കിടക്കുന്നു ക്ലാസ്സ്,ജാതി,സൌന്ദര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളൂണ്ടതിന്.പണക്കരിയായ സ്ത്രീ,ഉയര്‍ന്ന ജാതിയെ പ്രതിനിധീകരിക്കുന്ന സ്ത്രീ, സൌന്ദര്യമുള്ള സ്ത്രീ, ദരിദ്രയായവള്‍ ,ദളിതയായവള്‍ ,കറുത്തവള്‍ തുടങ്ങി ലെറ്റ്യൂസ്സ് പോലെ സ്ത്രീയിലയിതളുകള്‍ തീര്‍ത്തും വ്യത്യസ്തം തന്നെയാവുന്നു. താഴേക്കിടയിലെ സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ രൂക്ഷമാണ്. ശാരീരികമായ അപമാനം, ചൂഷണം, പീഡനം തുടങ്ങിയവയൊക്കെ അതിന്റെ ഓപ്റ്റിമം അളവിലോ മാരകമായ അളവിലോ അനുഭവിക്കേണ്ടി വരിക ലോവറ് സോഷ്യല്‍ ക്ലാസ്സിലെ സ്ത്രീ തന്നെയാണ്. കോപ്പിയടിച്ചു പിടിക്കപ്പെട്ടാല്‍ മോഷണത്തിനു പിടികൂടപ്പെട്ടാല്‍ കുറ്റകൃത്യം ചെയ്താല്‍ ലോവര്‍ സ്റ്റ്രാറ്റയിലെ സ്ത്രീകളോടുള്ള സമൂഹത്തിന്റെയും പലപ്പോഴും നീതിന്യായവ്യവസ്ഥയുടെയും പ്രതികരണങ്ങളുടെ ഒരു പക്ഷേ കോടതി ശിക്ഷപോലും കൂടുതല്‍ രൂക്ഷമാകുന്നതും മറ്റൊന്നും കൊണ്ടല്ല.സമൂഹത്തിന്റെ മനസ്സ് അധികാരത്തെ പ്രതിനിധീകരിക്കുന്ന എന്തിനെയും പാലൂട്ടുന്ന തരം അലിവ് ചുരത്തുന്നു. ഇതുയര്‍ന്ന ക്ലാസ്സിലെ സ്ത്രീകള്‍ പരോക്ഷമായി പ്രതിനിധീകരിക്കുന്നത് തന്റെ ക്ലാസ്സിന്റെ അധികാരത്തെ തന്നെയാണ്. വിശേഷിച്ച് പുരുഷാധിപത്യപരമായ അധികാരത്തെ ഉള്‍ത്തലത്തില്‍ സ്ത്രീ പുരുഷാധിപത്യത്തിനു കീഴ്പ്പെടുമെങ്കിലും പുറംതലത്തില്‍ ,അവളെ കീഴ്പ്പെടുത്തുന്ന അതേ അധികാരം അവളെ സംരക്ഷിക്കുന്നു.

ആ അധികാരത്തിന്റെ ഭാഗമായതിനാലുള്ള ഇളവുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉയര്‍ന്നക്ലാസ്സിലെ സ്ത്രീ സ്ത്രീ എന്നു പറയുന്ന മറ്റൊരര്‍ത്ഥത്തില്‍ ഒരു ഒറ്റ എഡന്റിറ്റിയിലെ നിസ്സഹായരായ സ്ത്രീയെ ചൂഷണം ചെയ്യുകയാണ് , അവള്‍ക്കു നിഷേധിക്കപ്പെടുന്ന അവകാശങ്ങങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടും അവര്‍ റെപ്രസെന്റ് ചെയ്യുന്ന അധികാരം ലോവര്‍ സ്റ്റ്രാറ്റയിലെ പുരുഷനില്‍ പ്രയോഗിക്കുന്നതിലൂടെ ആ സമൂഹത്തിലെ സ്ത്രീയുടെ മേല്‍ കൂടുതല്‍ ഭാരമേല്‍പ്പിച്ചും അത് തുടരുന്നു.

സ്ത്രീ എന്ന നിലയില്‍ പരിഗണനയോ അവഗണനയോ പ്രത്യേകമായി സമൂഹം കല്‍പ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ.

സ്ത്രീ എന്ന ജെണ്ടെറില്‍ ഉള്‍പ്പെട്ടതിനാല്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചെന്നോ ദൌര്‍ഭാഗ്യമുണ്ടായെന്നോ വിശ്വസിക്കുന്നില്ല.സ്ത്രീ ആയതിനാല്‍ കൂടുതലായി എഴുതാനാകുന്നുവെന്നു തോന്നിയിട്ടുമില്ല.സ്ത്രീ എന്ന നിലയില്‍ പരിഗണന എന്നു പറയുന്നതിനെപ്പോലും പലതായി വായിക്കേണ്ടതുണ്ട്. പെണ്‍ പേന ചുമക്കുന്നതിനാല്‍ മാത്രം എന്റെ കഥ ആരും പ്രസിദ്ധീകരിച്ചിട്ടില്ല.പെണ്ണായതിനാല്‍ ചില മേഖലകളില്‍ കൂലി കുറച്ച് നല്‍കുന്നതു പോലെ ആരും കൂലി കുറച്ചു നല്‍കിയുമില്ല.അതാണു സത്യം. കാപിറ്റലിസ്റ്റ് യുക്തിയിലധിഷ്ഠിതമായ അത്ര നിഷ്കളങ്കമല്ലാത്ത ഒരു ചോദ്യമുന ആ ചോദ്യത്തിലുണ്ട്. അത് സ്ത്രീ വിരുദ്ധവുമാണു താനും. സ്ത്രീയെന്ന രീതിയില്‍ പരിഗണന എന്നത് സ്ത്രീ തന്റെ ലൈംഗിക മൂലധനത്തെ കാപിറ്റലൈസ്സ് ചെയ്യുന്നു എന്നതുമായി ചേര്‍ത്തു വേണം യഥാര്‍ത്ഥത്തില്‍ വായിക്കാന്‍.

മറ്റൊന്ന് സ്ത്രീ എന്ന രീതിയിലെ ഉത്തരവാദിത്തവുമായി ചേര്‍ത്തു വേണം വായിക്കാന്‍ .തൊഴിലാവശ്യങ്ങള്‍ക്കായി എല്ല്ലാ പ്രവര്‍ ത്തിദിവസങ്ങളിലും ദൂരെയായിരിക്കുന്ന ഒരു ഭര്‍ത്താവിന്റ്റെ ഭാര്യ, രണ്ടു കുഞ്ഞുങ്ങളുടെ അമ്മ, ഉദ്യോഗസ്ഥ, ഗവേഷണ വിദ്യാര്‍ത്ഥിനി, എഴുത്തുകാരി; എന്റെ ചുമതലകള്‍ എനിക്ക് പലപ്പോഴും താങ്ങാനാകാത്ത വിധമാകാറുണ്ട്. എന്റെ എഴുത്ത് മാത്രമാണു അല്‍പ്പം മാറ്റി വെക്കാവുന്ന ഒന്നു. തീര്‍ച്ചയായും എന്റെ കുടുംബം എന്നെ എഴുതാന്‍ അന്തരീക്ഷം നല്‍കി സഹായിക്കുന്നുണ്ട്. പക്ഷെ ഞാനൊരു പുരുഷനായിരുന്നുവെങ്കില്‍ ഉത്തരവാദിത്തമേല്‍ക്കാന്‍ കെല്‍പ്പുള്ള ഭാര്യയുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി നന്നായി എഴുതാന്‍ കഴിഞ്ഞേനെ എന്നു തോന്നിയിട്ടുണ്ട്. അമ്മയുടെ പാലിന് കരയുന്ന കുഞ്ഞിനോട് എഴുത്തുമുറിയിലാണെന്നു പറയാന്‍ എഴുത്തുകാരിയെങ്കിലും അമ്മയെന്ന നിലയിന്‍ എനിക്ക് കഴിയില്ല.

എഴുതാനുള്ള വിഷയങ്ങള്‍ എങ്ങനെയാണ് തെരഞ്ഞെടുക്കാറ്? ചുറ്റുമുള്ള ലോകത്തില്‍ നിന്നോ ഭാവനയില്‍ നിന്നോ.

വിഷയം തിരഞ്ഞെടുക്കുകയല്ല, വിഷയം എന്നെ തിരഞ്ഞെടൂക്കുകയാണു.എന്നെ ക്രൂശിക്കാനുള്ള കുരിശ് എന്നിലേക്ക് വരും പോലെ. എന്റെ കാലില്‍ തറക്കാനുള്ള മുള്ളു മണ്ണില്‍ കൂര്‍പ്പുമായി എന്റെ മാംസത്തെ കാത്തിരിക്കുന്ന പോലെ വിഷയം എന്നെ തിരഞ്ഞെടുത്ത് എന്നിലേക്ക് വരുന്നു. ആ വിഷയം പുറം ലോകത്തു നിന്നു തന്നെയായിരിക്കണം അകത്തു കയറിപറ്റിയിരിക്കുന്നത്. എന്നാല്‍ അത് ഭാവനയില്‍ കിടന്നു വെന്തു പാകം കൊണ്ട് പുതിയ പദാര്‍ഥമായി പുറത്തു വരുന്നു. ഭ്രാന്തോളം അല്ലെങ്കില്‍ കിറുക്കോളം വന്യമായ ഭാവനയാണു എനിക്കെന്നു എനിക്കു തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. തനി നട്ടപ്പിരാന്ത്. കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം അതിനുദാഹരണമാണു. നോവലിനു വേണ്ടി ഒരു പാട് ഗവേഷണം നടത്തി അല്ലെ? ഒരു പാട് ഡാറ്റാ കളക്റ്റു ചെയ്തു അല്ലേ? എന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടും ഈ മുരത്ത നുണകള്‍ ഇവരും സത്യമെന്നു വിശ്വസിക്കുന്നുണ്ടോ?കേവല ഭാവനയില്‍ നിന്നുയിര്‍കൊണ്ട കള്ളക്കഥകള്‍ .സ്വപ്നവും ഭ്രമാത്മകതയും ഇഴചേര്‍ന്ന് പാകിയിട്ട അക്ഷരനുണകള്‍ . എനിക്ക് ആഹ്ലാദം തോന്നാറുമുണ്ട്.എന്റെ കിറുക്കുകള്‍ ചിലരെങ്കിലും വായിച്ചാസ്വദിക്കുന്നല്ലോ ... കൌതുകത്തോടെ ചെവി കൂര്‍പ്പിച്ച് ഇരിക്കുന്നല്ലോ എന്നൊക്കെ.

മറ്റൊരു തമാശ പറയാം.പണ്ട് ആരൊ പറഞ്ഞ് കേട്ടിരുന്നു ഡ്രാക്കുള എഴുതിയതിനു ശേഷം ബ്രാംസ്റ്റോക്കര്‍ ഒരിക്കല്‍ പോലും ഒരു മുറിയില്‍ ഒറ്റക്കുറങ്ങിയിട്ടില്ലെന്ന് .എനിക്കതന്ന് വലിയ നുണയായാണു തോന്നിയത്. അവനവന്റെ ഭാവന അവനവനെ വിഴുങ്ങുമോ?ഇല്ല എന്നു തന്നെ ഞാനുറപ്പിച്ചു.എന്നാല്‍ ഒരു നട്ടപ്പാതിരാക്ക് കപ്പലിന്റെ പ്രേതാവിഷ്കാരാധ്യായങ്ങളിലേതോ ഒന്നെഴുതിയെഴുതി ഞാനും പേടിച്ചു. പുറത്തു നിന്നും നായ്ക്കളുടെ മോങ്ങല്‍ കേട്ടു. വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാന്‍ വരുന്ന വവ്വാലിന്റെ ചിറകടിയൊച്ച ഭീതിതമായി തോന്നി. പുറത്തെ ചീവീടിന്റെ ഒച്ച ,മേല്‍പ്പുരയില്‍ വലകെട്ടുന്ന എട്ടുകാലി, എന്നെ നോക്കി പല്ലിളിക്കുന്ന ഒരു പല്ലി. എന്തിനു മകളൂടെ കാല്‍പ്പാദസരക്കിലുക്കം കൂടി കേട്ടപ്പോള്‍ ഞാന്‍ ഭയന്നു പോയി. ആ നിമിഷം ബ്രാംസ്റ്റോക്കറുടെ പ്രശ്നമെന്തെന്ന് എനിക്കും ബോധ്യം വന്നു. എന്റെ രണ്ടു കുട്ടികളെയും പൊക്കിയെടുത്ത് ഞാനന്നു എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണു ഉറങ്ങിയത്. ഭാവന അത്യപൂര്‍വ്വമായി എഴുത്തുകാരനെത്തന്നെ വിഴുങ്ങുന്ന അവസ്ഥയും ഉണ്ടാകാം എന്നു അന്നു ഞാന്‍ മനസ്സിലാക്കി

ഇന്ദുവിന്റെ എഴുത്തിന്  വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടോ.

തീര്‍ച്ചയായും മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഉള്ളിലുണ്ടാകുന്ന പ്രതിരോധം/ പ്രതിഷേധം എന്റെ രാഷ്ട്രീയത്തില്‍ നിന്നുണ്ടാകുന്നതാണ് . അവകാശങ്ങള്‍ അതര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കാതെ വരുമ്പോള്‍ എനിക്ക് തോന്നുന്ന നിസ്സഹായത ആ രാഷ്ട്രീയത്തില്‍ നിന്നുണ്ടാകുന്നതാണ് . അത് സ്ത്രീ വിരുദ്ധതക്കും സബാള്‍ട്ടേണ്‍ വിരുദ്ധതക്കും മുസ്ലിം വിരുദ്ധതക്കും എതിരായിട്ടുള്ളതാണ് . എഴുത്തില്‍ രാഷ്ട്രീയമായ ശരിയെ കൊണ്ടുവരാന്‍ ഞാന്‍ എല്ലാകാലത്തും പരിശ്രമിച്ചിരുന്നു.പിഴവുകള്‍ എനിക്ക് പറ്റിയിട്ടില്ലെന്നല്ല.

എനിക്കും രാഷ്ട്രീയമായ പിഴവുകള്‍ പറ്റിയിട്ടുണ്ട്.പൊതുബോധത്തെ ഉള്‍ക്കൊണ്ടു കൊണ്ട് സംഭവിച്ച പിഴവുകള്‍ .മരണവേട്ട പോലത്തെ കഥയുടെ രാഷ്ട്രീയ കുടിലത മനഃപ്പൂര്‍വ്വമായ് ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കില്‍ കൂടിയും എന്റെ മാത്രം തെറ്റാണു.ഞാന്‍ ആ കഥയെ തള്ളിപ്പറഞ്ഞതും അതിന്റെ ഉള്ളിലെ രാഷ്ട്രീയമായ ശരികേടിന്‍ പ്രതിയാണ് .ഇപ്പോള്‍ ഓരോ അക്ഷരത്തിലും വാക്കിലും വരിയിലും ഞാന്‍ ശരിയെ –രാഷ്ട്രീയമായ ശരിയെ കണ്ടെത്തുവാന്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. അരാഷ്ട്രീയപരമായതോ പൊളിറ്റിക്കലി ഇന്‍കറക്റ്റായതോ ആയ ഒരു വര്‍ക്ക് ഓഫ് ആര്‍ട്ട് എനിക്ക് ആത്മഹത്യാപരം തന്നെയാണ്.

എഴുത്തുകാരി എന്ന നിലയില്‍ സമൂഹത്തോട് കടപ്പാടുണ്ടോ, ഈ ഒരു വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു.

എഴുത്തുകാരി എന്ന നിലയില്‍ പ്രത്യേകിച്ച് സമൂഹത്തോട് കടപ്പാടുണ്ട് എന്നെനിക്ക് തോന്നാറില്ല.ഒരു സമൂഹത്തിലുള്ള വ്യക്തികള്‍ ക്ക് ആ സമൂഹത്തോട് വേണ്ട ഒരു മിനിമം കടപ്പാട് സമൂഹത്തിലെ വ്യക്തിയെന്ന നിലയില്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നു.അത് എഴുത്തുകാരി എന്ന നിലയിലേ അല്ല.എഴുത്തുകാരന്‍ പ്രതികരണ തൊഴിലാളിയോ സാമൂഹ്യ പരിഷ്കര്‍ ത്താവോ അല്ല.

മരപ്പണിക്കാരനും സാധാരണ തൊഴിലാളിക്കും ഒരു ഡോക്ടര്‍ക്കും സമൂഹത്തോട് ഉണ്ടാകേണ്ട കടപ്പാടില്‍ കവിഞ്ഞ് മറ്റൊരു കടപ്പാടും എഴുത്തുകാരന് ആവശ്യമില്ല.എഴുത്ത് എന്നത് ബഹുമാനിക്കപ്പെടേണ്ടതും പൂജിക്കപ്പെടേണ്ടതുമായ ഒന്നാണു എന്ന മിഥ്യാ ബോധത്തില്‍ നിന്നാണു എഴുത്തുകാരന്‍ /കാരി മഹാനാകുന്നത്.ഓരോ പ്രശ്നത്തിലും അവന്റെ നിലപാടിനെ പ്രതി ആകുലമാകുന്നത്. ഇത് തീര്‍ ത്തും അര്‍ത്ഥരഹിതമാണു.

ചുംബനശബ്ദതാരാവലി എന്ന രചനയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യഅക്കാഡമിയുടെയും എഴുത്തുകാര്‍ക്കായുള്ള പുരസ്കാരവും ലഭിച്ചല്ലോ.  സദാചാരത്തിെന്റെ കണ്ണുകളിലൂടെ മാത്രം മനുഷ്യവികാരങ്ങള്‍ സമീപിക്കപ്പെടുമ്പോള്‍ കേരളത്തിലെ ഇന്നത്തെ ട്രെന്‍ഡ് ആയ സദാചാരത്തോടുള്ള അമിതാവേശത്തെ എങ്ങനെ കാണുന്നു.

(പങ്കാളികള്‍ തമ്മിലെ പരസ്യചുംബനം വ്യക്തിസ്വാതന്ത്ര്യത്തിെന്റെ ഭാഗമായി കാണാന്‍ കഴിയുമോ)

മനുഷ്യന്റെ സ്വകാര്യത,ലൈംഗികത,സമരരീതി എന്നിവയൊക്കെ നിയമത്തിനകത്ത് നിന്നുള്ളതാണെങ്കില്‍ അത് വ്യക്തികളുടെ മാത്രം കാര്യമാണു.സദാചാരന്മാര്‍ ചാരക്കണ്ണ് മിഴിച്ചു നില്‍ക്കേണ്ടതില്ല.സദാചാരികള്‍ സദാചരിച്ചു ജീവിക്കട്ടെ അല്ലാത്തവര്‍ അല്ലാതെയും ജീവിക്കട്ടെ.

ചുംബന സമരത്തെ എങ്ങിനെ നോക്കിക്കാണുന്നു.

ചുംബനത്തെ വിപ്ലവമായും സമരമായുമൊക്കെ കണ്ടിരുന്ന പ്രായം എനിക്കുമുണ്ടായിരുന്നു.അക്കാലഘട്ടങ്ങളിലാണു എന്റെ 2 പുസ്തകങ്ങളൂടെയും മുഖ്യ പ്രമേയം ചുംബനമായി തീര്‍ന്നത്. മനഃപ്പൂര്‍വ്വമായ ഒരു സമരമുറയൊന്നും ആയിരുന്നില്ല അത്.എന്നാല്‍ അതില്‍ സമരത്തിന്റേതായ എലെമെന്റുകള്‍ ഉണ്ടായിരുന്നുതാനും