Prabith Mattannur

ഐ.ആര്‍.പി.സി - അശരണരുടെ അത്താണി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങള്‍ വളക്കൂറ് നല്‍കിയ മണ്ണിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വേരൂന്നിയത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശ്രീനാരായണഗുരുവും അയ്യങ്കാളിയും, സ്വാമി വിവേകാനന്ദനും ഉൾപ്പെടെ നടത്തിയ ഇടപെടലുകള്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ ചലനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെയുള്ള വിമോചന പ്രസ്ഥാനങ്ങളും പ്രക്ഷോഭ സമരങ്ങളും ഉള്‍പ്പെടെ വളര്‍ന്നു വന്ന കേരളത്തില്‍ കോൺഗ്രസ്സ് രാഷ്ട്രീയത്തില്‍ നിന്നും മാറി സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകർശിക്കപ്പെട്ടവർ ജന്മിത്വത്തിന്റെ അടിമ ചങ്ങലകളില്‍ തളയ്ക്കപ്പെട്ട ജീവിതങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ചെറുത്തു നില്‍പ്പുസമരങ്ങള്‍ നടത്തി. 1937 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്  ഗ്രൂപ്പ് രൂപം കൊണ്ടു. 1939 ല്‍ സി.പി.ഐ യും 64 ല്‍ സി.പി.എം ന്റെയും രൂപീകരണ ഘട്ടങ്ങള്‍ങ്ങള്‍ക്കിടയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഴിവെട്ടിയ മണ്ണിലൂടെ മര്‍ദ്ദിതന്റെയും ചൂഷിതന്റെയും ദുരിത പക്ഷം ചേര്‍ന്ന് പോരാടി കൊണ്ടും ജീവകാരുണ്യ പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെട്ടും തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടു നീങ്ങിയത്.


10151131_508981879211028_7846631679530107518_n


മുതലാളിത്ത-സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കുതോടൊപ്പം അതാത് കാലത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ജനത അനുഭവിക്കുന്ന ദൈനംദിന  ജീവിത പ്രയാസങ്ങളില്‍ ഇടപ്പെടാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പാര്‍ട്ടി സഖാക്കള്‍ ശ്രദ്ധിച്ചിരുന്നു . രണ്ടാം ലോക മഹായുദ്ധ കാലത്ത് പടര്‍ന്നു പിടിച്ച വസൂരിയും കോളറയും ജന ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സഖാവ് കൃഷ്ണപിള്ള തന്റെ സഖാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഇങ്ങനെ പറയുന്നു. 'ജനസേവനമാണ് നമ്മുടെ കൊടിക്കൂറമേല്‍ എഴുതിയിട്ടുള്ളത്. ഏറ്റവും നല്ല ജനസേവകരാകാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നുള്ളതാണ് ബോള്‍ഷെവിസത്തിന്റേയും രാജ്യസ്‌നേഹത്തിന്റേയും ഉരകല്ല്. നാം ചെയ്യേണ്ട രാജ്യസേവനം അതാണ്. നമ്മുടെ ദേശാഭിമാനപരമായ നയത്തിന്റെ അടിസ്ഥാനം നമ്മുടെ എതിരായി വരുന്ന എല്ലാ അപവാദങ്ങളുടേയും നാവടക്കും'. ഇത് തെളിയിക്കുന്നത് അക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങളുടെ ഇടപെടലുകളാണ്. എന്നാല്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ചുറ്റുപാടില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് കഴിയാത്ത സ്ഥിതി വന്നു . ഈ പരിമിതികളെ മറികടക്കുവാനും ബഹുജനസമ്മതി ഊട്ടിയുറപ്പിക്കുവാനുമാണ് ; വര്‍ഗ്ഗസമര മുന്നണി കെട്ടിപ്പടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം പുതിയ കാലത്തിന് അനുസരിച്ചുള്ള മാതൃകാപരമായ ഇടപെടലുകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കണമെ് 20- ആം പാര്‍ട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തീരുമാനിച്ചത്.


67bffdcf-4937-4016-bd32-8482bf642980 copy


സി.പി.ഐ (എം) സംസ്ഥാന സമ്മേളന തീരുമാനം നെഞ്ചേറ്റിയുള്ള സുപ്രധാന മുന്നേറ്റമാണ് കണ്ണൂരില്‍ ഉണ്ടായത്. കമ്യൂണിസ്റ്റ് പാര്‍ട്ടി മുളച്ചു പൊന്തിയ മണ്ണില്‍ അതേ മനുഷ്യസ്‌നേഹ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്നദ്ധ സംഘടന 2012 നവംബറില്‍ കണ്ണൂരില്‍ രൂപം കൊണ്ടു. ഇതാണ് I.R.P.C (Initiative for rehabilitation and palliative care)എന്ന സാന്ത്വന പരിചരണ സംഘടന.




ഐ.ആര്‍.സി.പി യെ നയിക്കുന്നത് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ പി.ജയരാജനും. 'കണ്ണൂരില്‍ അശരണരും നിരാലംബരും മാറാരോഗികളുമായ മനുഷ്യ ജീവിതങ്ങള്‍ക്ക് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ സാന്ത്വനപരിചരണം നല്‍കാനും ആവശ്യമായവരെ പുനരധിവസിപ്പിക്കുന്നതിനും സാധിക്കത്തക്ക വിധത്തില്‍ ഒരു ജനകീയ പ്രസ്ഥാനം' - ഇതായിരുന്നു പി.ജയരാജന്റെ ആശയം.



പാര്‍ട്ടി നേതാക്കളും മെമ്പര്‍മാരും അനുഭാവികളും ഉള്‍പ്പെടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം സാന്ത്വന പരിചരണവും ചര്യയാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പാലിയേറ്റീവ് രംഗത്തും വൈദ്യശാസ്ത്ര രംഗത്തും കഴിവ് തെളിയിച്ച വിദഗ്ദരുമായും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും സാമൂഹ്യ പ്രവര്‍ത്തകരേയും കൂട്ടിയോജിപ്പിച്ചും സംവദിച്ചും അഭിപ്രായ രൂപീകരണം നടത്തിയാണ് ഇങ്ങനെയൊരു പ്രസ്ഥാനം രൂപം കൊണ്ടത്. സാന്ത്വനപരിചരണ രംഗത്ത് ലോകത്തിലെ തന്നെ ആദ്യത്തെ ജനകീയ ഇടപെടലാണ് ഐ.ആര്‍.പി.സി. നടത്തുന്നത്. ഇന്ത്യയിലെ പാലിയേറ്റീവ് രംഗത്തെ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് കെയറിന്റെ പ്രസിദ്ധീകരണത്തില്‍ ഇങ്ങനെ പറയുന്നു . 'സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രാഥമിക സാന്ത്വന പരിചരണ സംവിധാനത്തിന് പേര് കേട്ട  തെക്കെ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ പുതിയൊരു മുന്നേറ്റം നടന്നിരിക്കുന്നു. സി.പി.ഐ(എം) എന്ന രാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ 2012 നവംബര്‍ 17 ന് തുടക്കം കുറിച്ച ഐ.ആര്‍.പി.സി. എന്ന സംഘടനയാണിത്. ഒരു പക്ഷേ ലോകത്തിലെ തന്നെ ഈ മേഖലയിലെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലായിരിക്കും ഇത്'.


12507349_797470137028866_774857626142679262_n


ഇന്ന് ഐ.ആര്‍.പി.സി. അതിന്റെ 18 സോണലുകളിലായി അണിനിരന്നിരിക്കുന്ന 3600 വിദഗ്ദ പരിശീലനം നേടിയ വളണ്ടിയര്‍ സേനയെ ഉപയോഗപ്പെടുത്തി ആയിരക്കണക്കായ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കി വരുന്നു . കൂടാതെ കണ്ണൂര്‍ തയ്യില്‍ എന്ന സ്ഥലത്ത് ഐ.ആര്‍.പി.സി. സാന്ത്വന കേന്ദ്രം എന്ന പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിച്ച് വരുന്നു . ഇവിടെ ഒറ്റപ്പെട്ടതും അനാഥരും പരിചരിക്കാന്‍ ആരോരുമില്ലാത്തവരുമായ രോഗികളെ താമസിച്ച് പരിചരണം നല്‍കി വരുന്നുണ്ട്. ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും ഫിസിയോ തെറാപ്പിസ്റ്റുകളുടേയും സേവനം മുഴുവന്‍ സമയവും ലഭ്യമാണ്. ഐ.ആര്‍.പി.സി.യുടെ ആംബുലന്‍സ് സര്‍വ്വീസുകളും കൗസിലിംഗ് കേന്ദ്രങ്ങളും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിന് കാരണം മറ്റന്നല്ല. കണ്ണൂരുകാരുടെ പ്രയാസങ്ങളില്‍ എന്നും ഓടിയെത്തുന്ന മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്- സഖാവ് പി.ജയരാജന്റെ നേതൃത്വവും അദ്ദേഹത്തിന്റെ പിന്നില്‍ നിശ്ചയ ദാര്‍ഡ്യത്തോടെ അണി നിരിരിക്കുന്ന ഒരു ജനതയും ഉണ്ട് എന്നതാണ്.


625428_1377817102453497_404438100_n


കേരളത്തില്‍ ഏതാണ്ട് 60000 ത്തോളം പേര്‍ സാന്ത്വനപരിചരണം ആവശ്യമായിട്ടുള്ളവരാണ്. ജില്ലയില്‍ ഏകദേശം 5000 ത്തോളം രോഗികള്‍ ഉണ്ടാവും. ഒരു വാര്‍ഡില്‍ ആറ് പേരെങ്കിലും ദിനചര്യകള്‍ക്ക് പരസഹായം ആവശ്യമുള്ള പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍ ഉണ്ട് എതാണ് വസ്തുത. ഇത്തരം രോഗികള്‍ക്ക് സമ്പൂര്‍ണ്ണമായ പരിചരണം നല്‍കാന്‍ നിലവിലുള്ള ആരോഗ്യ സംവിധാനം ഫലപ്രദമല്ല. രോഗം ശമിപ്പിക്കുവാനുള്ള (ശാരീരിക പ്രയാസങ്ങള്‍ക്കുള്ള) ചികിത്സകള്‍ മാത്രമാണ് വൈദ്യശാസ്ത്രത്തിന് നല്‍കാന്‍ സാധിക്കുക . എന്നാല്‍ ഇതിനപ്പുറത്തേക്ക് ആ രോഗിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ  പ്രശ്‌നങ്ങളില്‍, പ്രതിസന്ധികളില്‍ അവര്‍ക്ക് സാന്ത്വനം നല്‍കാന്‍ സാമൂഹിക ഇടപെടലുകള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെയാണ് സാമൂഹിക സന്നദ്ധ സംഘടനകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും കൂട്ടായ്മകള്‍ ചേര്‍ന്നു കൊണ്ടുള്ള പാലിയേറ്റീവ് പ്രവര്‍ത്തനം അനിവാര്യമാകുത്. കേരളത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കിയത് 2008 ലെ എല്‍.ഡി.എഫ് ഗവൺമെന്റ് കൊണ്ടുവന്ന പാലിയേറ്റീവ് നയം ആയിരുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ചുവടുവെപ്പായിരുന്നു ഈ നയം. സാന്ത്വന പരിചരണം ആവശ്യമുള്ള മുഴുവന്‍ രോഗികള്‍ക്കും പരിചരണം ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ ഈ നയം മുന്നോട്ടു വെച്ചു. സി.ബി.ഒ. കള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പദ്ധതികള്‍ എന്നിവയുടെ സഹായത്തോടെ അര്‍ഹരായ രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം (ഹോംകെയര്‍) ഉറപ്പ് വരുത്തുമെന്ന്  ഈ നയം വ്യക്തമാക്കുന്നു . ഇതിന്റെ ചുവട് പിടിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടും തനതായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുമാണ് ഐ.ആര്‍.പി.സി. മുന്നോട്ടു പോകുന്നത് .


17316aab-bcf8-4c2d-8fa9-b1ea0b6497dc




ഇന്ന് കണ്ണൂരില്‍ രക്തസാക്ഷി ദിനങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചരമദിനങ്ങളും ആചരിക്കുന്നത് പ്രഭാതഭേരികള്‍ക്കൊപ്പം നേതാക്കളും ഐ.ആര്‍.പി.സി. വളണ്ടിയര്‍മാരും ചേര്‍ന്ന് ഹോംകെയര്‍ കൂടി നടത്തിയിയാണ്. ശയ്യാവ്രണങ്ങള്‍ ബാധിച്ചവരുടെ മുറിവുകള്‍ കഴുകി വൃത്തിയാക്കിയും മരുന്നും ഭക്ഷണവും, സ്‌നേഹവും, പരിചരണവും, കരുതലും നല്‍കി തങ്ങള്‍ക്ക് മുന്‍പേ നടന്നു പോയ മഹാരഥന്മാരുടെ ഓര്‍മ്മ പുതുക്കുന്നു.



ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ മത സാമുദായിക രാഷ്ട്രീയ മേഖലകളില്‍ ഉള്ളവര്‍ ഐ.ആര്‍.പി.സി.യോടൊപ്പം അണിനിരക്കുന്നു . ഐ.ആര്‍.പി.സിക്ക് ആദ്യ സംഭാവന നല്‍കിയത് മുതിര്‍ന്ന  കോഗ്രസ് നേതാവായ പി.പി.ലക്ഷ്മണന്‍ ആയിരുന്നു . പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും ജനനം, മരണം, വിവാഹം , ഗൃഹപ്രവേശം തുടങ്ങി എല്ലാ വിശേഷ ദിവസങ്ങളിലും ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയില്‍ ഒരു പങ്ക് ഐ.ആര്‍.പി.സി. യിലൂടെ നാട്ടിലെ അവശരായവര്‍ക്കും അശരണരായവര്‍ക്കും വേണ്ടി മാറ്റി വെക്കുന്നു . ബസ്സുകള്‍, ഒരു ദിവസം സാന്ത്വനയാത്ര നടത്തി ലഭിക്കുന്ന പണം ഐ.ആര്‍.പി.യുടെ പ്രവര്‍ത്തനത്തിനായി നൽകുന്നു. ജനപ്രതിനിധികള്‍ തങ്ങളുടെ ആദ്യ ഹോണറേറിയം ഐ.ആര്‍.പി.സിയുടെ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു . ഇങ്ങനെ ഐ.ആര്‍.പി.സി.യിലൂടെ, പി.ജയരാജനിലൂടെ കണ്ണൂരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പുതിയൊരു ചരിത്രം പിറക്കുകയാണ്.




കണ്ണൂരിലെ ജനത ഐ.ആര്‍.പി.സിക്കൊപ്പം പി.ജയരാജന്‍ എ പേര് ചേര്‍ത്ത് വായിക്കുന്നത് യാദൃശ്ചികമല്ല. ഐ.ആര്‍.പി.സിയുടെ സാന്ത്വന സ്പര്‍ശം ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ ജയരാജന്‍ എന്ന മനുഷ്യസ്‌നേഹിയെ മറക്കില്ല. ശാരീരിക അവശതകള്‍ മറന്ന് അശരണരുടെ വേദനകളില്‍ പങ്കുകൊള്ളാന്‍ അദ്ദേഹം എന്നും സമയം കണ്ടെത്തുന്നു . ഉപദേശക സമിതി ചെയര്‍മാന്‍ എന്ന  നിലയില്‍ നിരന്തരം ഐ.ആര്‍.പി.സിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയും നയിക്കുകയും ചെയ്യുന്നു . ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഈ ഒരു മേഖലയില്‍ നിരന്തരം ഇടപെടാന്‍ ജയരാജനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. 1999 ലെ ഒരു തിരുവോണ നാളില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഭാര്യയുടേയും മക്കളുടേയുംമുന്നില്‍ അരിഞ്ഞ് വീഴ്ത്തിയപ്പോഴും ഉയിര്‍ത്തെഴുേറ്റത് മനസാന്നിധ്യവും കൃത്യസമയത്ത് ലഭ്യമായ ശുശ്രൂഷയും പരിചരണവും കൊണ്ടാണ്. ഏറെ നാളത്തെ ആശുപത്രി വാസത്തിനിടയില്‍ സഖാക്കളും ഡോക്ടര്‍മാരും നല്‍കിയ പരിചരണവും ജീവിതം വീണ്ടെടുക്കാന്‍ ഏറെ സഹായിച്ചിണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു . ആശുപത്രി കാലങ്ങളില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ സാന്ത്വന സ്പര്‍ശം സമൂഹത്തിലെ അശരണര്‍ക്കും കിടപ്പിലായവര്‍ക്കും ലഭിക്കണമെന്ന്  അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു . ഇത് തന്നെയാണ് ഐ.ആര്‍.പി.സിയുടെ കരുത്തും.



10576925_559145660861316_4876210552951445524_n


ഐ.ആര്‍.പി.സി ഇന്ന് സാന്ത്വനത്തിന്റെ മറുപേരാണ്. രാഷ്ട്രീയ എതിരാളികളും പത്രമാധ്യമങ്ങളും ഐ.ആര്‍.പി.സിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പറഞ്ഞ് കഴിഞ്ഞു. സി.പി.ഐ (എം). ന്റെ സംഘടനാ ശക്തി പാലിയേറ്റീവ് രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചപ്പോള്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഈ രംഗത്ത് നടന്നത്. ക്യാന്‍സര്‍ ഫോളോ അപ് ക്യാമ്പുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ഗ്രൂപ്പുകളും ഫിസിയോതെറാപ്പി ക്യാമ്പുകളും ഉത്സവസമയത്തെ ഹെല്‍പ്പ് ഡെസ്‌ക്കുകളും കൗൺസിലിംഗ് സേവനങ്ങളും ഐ.ആര്‍.പി.സി. നല്‍കി വരുന്നു . താമസിയാതെ പുനരധിവാസ കേന്ദ്രവും ഡി അഡിക്ഷന്‍ സെന്ററും ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്. 21 അംഗ ഭരണ സമിതിയുടെ സെക്രട്ടറിയായി അഷ്‌റഫും ചെയര്‍മാനായി പി.എം.സാജിദും പ്രവര്‍ത്തിക്കുന്നു .