ആഗോളസാമൂഹ്യജീവിതത്തെ പൂര്‍ണമായും പിടിച്ചുലയ്ക്കുകയും ഇപ്പോള്‍ ഒരു പരിധിവരെ നിശ്ചലമാക്കുകയും ചെയ്ത കോവിഡ്-19 എന്ന മഹാമാരി അതിന്റെ സംഹാരതാണ്ഡവം ഇപ്പോഴും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും പടര്‍ ന്നുപിടിച്ച ഈ രോഗം ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ എഴുപത്തയ്യായിരത്തിലധികം മനുഷ്യജീവനുകള്‍ അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ആഗോളപൗരന്മാരെന്നനിലയില്‍ മലയാളിയെയും സ്വാഭാവികമായും ഈ രോഗം വെറുതെ വിടുന്നില്ല. ലോകസമ്പദ്‌വ്യവസ്ഥയെയും, സാമൂഹ്യവ്യവഹാരങ്ങളെയും പൂര്‍ണമായും ബാധിച്ചുകഴിഞ്ഞ ഈ മഹാമാരിയെ നേരിടുന്നതില്‍ കേരളസമൂഹം കാണിക്കുന്ന മാതൃക ഇന്നിപ്പോള്‍ ആഗോളതലത്തില്‍ത്തന്നെ വിശകലനവിധേയമാവുന്നുണ്ട്. അതെങ്ങെനെയെന്നു നമുക്കൊന്ന് പരിശോധിക്കാം.
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്-2 (സാര്‍ സ്-കോവ്-2; severe acute respiratory syndrome coronavirus 2 [SARS-CoV-2]) എന്ന് നാമകരണം ചെയ്യപ്പെട്ട അണുജീവികളാണ് ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന മഹാമാരിക്ക് കാരണമാവുന്നത്. വന്യജീവികളില്‍നിന്ന് മനുഷ്യനിലേക്ക് വന്നതാവാം എന്ന് കരുതപ്പെടുന്ന ഈ വൈറസ് ഇപ്പോള്‍ മനുഷ്യനില്‍നിന്ന് മറ്റു മനുഷ്യരിലേക്ക് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമായും രോഗിയുടെയോ, രോഗവാഹക രുടെയോ ശ്വാസനാളങ്ങളില്‍നിന്നും ശ്വാസകോശത്തില്‍നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. രോഗികള്‍ ചുമയ്ക്കുമ്പോളും, തുമ്മുമ്പോളും അന്തരീക്ഷത്തില്‍ പടരുന്ന പ്രസ്തുത സ്രവങ്ങളില്‍നിന്നുള്ള സൂക്ഷ്മ കണികകളും, ധൂളികളും രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു. ഈ കണികകള്‍ രണ്ടു മീറ്റര്‍ ദൂരംവരെ പടരാമെന്നതാണ് രോഗവ്യാപനം തടയാന്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രസക്തി. കണികകളിലൂടെ പുറത്തുവരുന്ന വൈറസുകള്‍ അന്തരീക്ഷത്തിന്റെ ഊഷ്മാവും, പറ്റിപ്പിടിക്കുന്ന പ്രതലത്തിന്റെ സ്വഭാവവും അനുസരിച്ചു ഒന്നുമുതല്‍ ഏഴുദിവസം വരെ (ആവറേജ് മൂന്നു ദിവസം) നശിക്കാതെ നിലനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സാമൂഹ്യവ്യാപനം തടയാന്‍ രോഗം വന്നവരെയും, രോഗാണുവാഹകരാവാന്‍ സാധ്യതയുള്ളവരെയും സമൂഹത്തില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ ത്തേണ്ടതിന്റെ (ഐസൊലേഷനും ക്വാറന്റീനും) ആവശ്യകതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.
ചൈനയില്‍നിന്നും മറ്റു രാഷ്ട്രങ്ങളിലേക്ക് രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത 2019 ഡിസംബര്‍ അവസാനത്തോടെ തന്നെ ലോകാരോഗ്യസംഘടന കണ്ടെത്തുകയും, ആഗോളതലത്തില്‍ അതേപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടേ, ലോകനേതാക്കളുടെ ബധിരകര്‍ണങ്ങളിലാണ് ഈ മുന്നറിയിപ്പുകള്‍ ചെന്ന്പതിച്ചതെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാര്‍ തന്നെ രോഗബാധിതരാവുകയും, പതിനായിരങ്ങള്‍ അതിദാരുണമായ യാതനകള്‍ക്കുശേഷം നമ്മെ വിട്ടുപിരിയുകയും, ലക്ഷക്കണക്കിന് പേര്‍ ഇന്ന് രോഗത്തോട് മല്ലടിക്കുകയും ചെയ്യുന്ന ദുരവസ്ഥയിലേക്കാണ് അത് നമ്മെ വലിച്ചെറിഞ്ഞത്. വരാനിരിക്കുന്ന വന്‍ദുരന്തത്തിന്റെ ഒരു ലാഞ്ചന മാത്രമാണ് ഇന്നിപ്പോള്‍ കാണുന്നതെന്ന വസ്തുതയ്ക്കു മുമ്പിലാണ് നാമിന്ന് വിറങ്ങലിച്ചു നില്കുന്നത് !.
അല്പം വൈകിയാണെങ്കിലും കോവിഡ്-19 ഉണ്ടാക്കാവുന്ന സാമൂഹ്യവും, സാമ്പത്തികവും, ആരോഗ്യപരവുമായ വന്‍ പ്രത്യാഘാതങ്ങളെപ്പറ്റി ലോകരാഷ്ട്രങ്ങള്‍ കുറച്ചെങ്കിലും തിരിച്ചറിയാന്‍ തുടങ്ങി. അപ്പോഴേക്കും പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഫെബ്രുവരി അവസാനം ഇറ്റലിയില്‍നിന്നുതുടങ്ങി, ഇപ്പോള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കയിലും ആയിരങ്ങള്‍ ദിനംപ്രതി മരിച്ചുവീഴുന്ന, പതിനായിരങ്ങള്‍ രോഗബാധിതരാവുന്ന അതിഭയാനകമായ അവസ്ഥയിലേക്ക് ലോകം വലിച്ചെറിയപ്പെട്ടു. രോഗത്തെ തടയാനും, ഭേദമാക്കാനും, പ്രധിരോധിക്കുവാനും മുന്നണിപ്പോരാളികളാവേണ്ട 10 – 15% ആരോഗ്യപ്രവര്‍ത്തകര്‍ത്തന്നെ മതിയായ സുരക്ഷാ ഉപകാരണങ്ങളുടെ ദൗര്‍ലഭ്യം കാരണം രോഗത്തിനടിമപ്പെടുകയും, അവരില്‍ ചിലരെല്ലാം മരിച്ചുവീഴുകയും ചെയ്യന്ന ദുരവസ്ഥ പ്രശ്നത്തിന്റെ ഗൗരവത്തെ ശതഗുണീഭവിപ്പിക്കുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്ന “ഫ്ലൂ” പോലെയുള്ള സാധാരണ വൈറസ് രോഗങ്ങളെ അപേക്ഷിച്ചു മരണസാധ്യതയും, രോഗം തീവ്രമോ, അതിതീവ്രമോ ആകാനുള്ള സാധ്യതയും 10 മുതല്‍ 30 വരെ മടങ്ങാണെന്നുള്ളതും, രോഗചികിത്സക്കുള്ള ഫലപ്രദമായ മരുന്നുകളോ, വാക്‌സിനോ ഇന്നും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നതും കോവിഡ്-19 മഹാമാരിയെ നേരിടാനുള്ള നമ്മുടെ പരിശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍മാക്കുന്നു.
രോഗബാധിതരില്‍ 80 ശതമാനത്തിലധികവും ഒന്നോ, രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായും സുഖപ്പെടുമെന്നതും, സങ്കീര്‍ണമാവുന്നവരില്‍ നിന്നു പോലും വൈറസുകള്‍ മൂന്നോ നാലോ ആഴ്ചകളില്‍ കൂടുതല്‍ പുറത്തേക്കു വരില്ലെന്നതുമാണ് സാമൂഹ്യവ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ (ലോക്ക് ഡൗണ്‍) പോലുള്ള കടുത്ത നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചത്. ലോക്ക് ഡൗണിന്റെ സാമൂഹ്യവും, സാമ്പത്തികവും, മാനസികവും, നൈതീകവുമായ പ്രത്യാഘാതങ്ങള്‍ ഇന്ന് പൂര്‍ണമായും തിരിച്ചറിയാനുള്ള മാതൃകകള്‍ ലോകത്തിന് മുമ്പിലില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. അമേരിക്കയിലെ അടച്ചുപൂട്ടലിന് ട്രംപിനെ നിര്‍ബന്ധിച്ച, അഞ്ചു മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെ ഉപദേശിച്ച, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി ആന്‍ഡ് ഇന്ഫക്ഷ്യസ് ഡിസീസസ് മേധാവിയും, ലോകത്തെ തന്നെ ഏറ്റവും മഹാനായ സംക്രമികരോഗ ശാസ്ത്രജ്ഞനുമായ അന്തോണി ഫൗസിയെപ്പോലെയുള്ളവര്‍ അമേരിക്കയിലെ വലതുപക്ഷ തീവ്രവാദികളില്‍നിന്ന് നേരിടുന്ന വധഭീഷണി ഇതിന് തെളിവാണ്.
ഏകദേശം പത്തു ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് മുകളില്‍ പോയേക്കാവുന്ന ധനകമ്മിയാണ്, വിശ്വപ്രശസ്ത വൈദ്യശാസ്ത്ര മാസികയായ “ലാന്‍സെറ്റ്”, കോവിഡ്-19 മനുഷ്യരാശിക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ പോകുന്ന സാമ്പത്തികബാധ്യതയായി പ്രവചിക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ മൂന്നിരട്ടിയിലധികംവരും ഈ സംഖ്യയെന്നതാണ് നമ്മെ ഭീതിയിലാഴ്ത്തുന്നത്. ലോകസാമ്പത്തില്‍ ഉണ്ടാവുന്ന ഓരോ പോയിന്റ് ഇടിവും ഒരുകോടിയിലധികം മനുഷ്യജീവികളെ പട്ടിണിയിലേക്ക് വലിച്ചെറിയും എന്ന “ലാന്‍സെറ്റി”ന്റെ നിരീക്ഷണം ഈ മഹാമാരി അടിച്ചേല്‍പ്പിക്കുന്ന ആഘാതത്തിന്റെ തീവ്രത വ്യക്തമാക്കുന്നു! രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ദുരന്തങ്ങളും ഇത്രവലിയ സാമ്പത്തികബാധ്യത ലോകത്തിനുമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. ഇത്തരുണത്തില്‍ മനുഷ്യബാഹ്യമായ ഈ ജൈവദുരന്തത്തെ ഒരു മൂന്നാം ലോകമഹായുദ്ധമെന്ന നിലയില്‍ മാനവരാശി നേരിടേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ പോലെയുള്ള അധികഠിനമായ നടപടികള്‍ ജനതകള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ ഭരണകൂടങ്ങളെ നിര്‍ബന്ധിച്ച സാഹചര്യമിതാണ്. പക്ഷെ സാമൂഹ്യനേട്ടത്തിനു വേണ്ടി അടച്ചുപൂട്ടലിന്റെ ദുരിതം പേറുന്ന ജനതയെ കാത്തുപരിപാലിക്കുക എന്നതും ഭരണകൂടങ്ങളുടെ ചുമതലയാണ്. സാമൂഹ്യഅകലം പാലിക്കാനും, ലോക്ക്ഡൗണിന്റെ ശരിയായ ഫലം നല്‍കാനും ജനത്തെ പ്രേരിപ്പിക്കാന്‍ അത് അത്യന്താപേക്ഷിതവുമാണ്. അല്ലെങ്കില്‍ ലോകജനതയുടെ മൂന്നിലൊന്നിനെ കൊന്നൊടുക്കിയ, “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെട്ട, പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ്ബാധയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താന്‍ വലിയ സാധ്യതയാണുള്ളത്.
ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റികൊണ്ട്, 80 ശതമാനത്തോളം മരണസാധ്യതയുള്ള നിപ്പാ വൈറസ് എപ്പിഡെമിക്കിനെ ആഴ്ചകള്‍ക്കുള്ളില്‍ നാട്ടില്‍നിന്ന് തുരത്തിയ മഹത്തായ അനുഭവപാഠങ്ങളുമായാണ് കേരളം കോവിഡ്-19 മഹാമാരിയെ നേരിടാന്‍ തയ്യാറെടുത്തത്. വുഹാനില്‍നിന്നെത്തിയ മൂന്ന് വിദ്യാര്‍ഥികളെ പൂര്‍ണമായും, മറ്റുള്ളവരിലേക്ക് രോഗം പടരുന്നതില്‍നിന്ന് സംരക്ഷിച്ച്, നാം ചികില്‍സിച്ച് ഭേദപ്പെടുത്തി. പഞ്ചായത്ത്മെമ്പര്‍ മുതല്‍ റവന്യൂമന്ത്രിവരെ, ആശാവര്‍ക്കര്‍ മുതല്‍ ആരോഗ്യമന്ത്രിവരെ, തൂപ്പുകാര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ള കേരളത്തിന്റെ മൊത്തം പടയാളികള്‍ ഫെബ്രുവരിമുതല്‍ ഈ മഹാവ്യാധിക്കെതിരെ പൂര്‍ണമായും യുദ്ധസജ്ജരായി നിലയുറപ്പിച്ചിരുന്നു. ലോകോത്തരമായ ആരോഗ്യസംവിധാനങ്ങളുടെ അഭാവത്തിലും, അടിച്ചേല്പിക്കപ്പെട്ടതും അല്ലാത്തതുമായ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും, മനുഷ്യാദ്ധ്വാനത്തിന്റെ മഹത്വത്തിലും, ഇച്‌ഛാശക്തിയിലുമുള്ള അചഞ്ചലമായ വിശ്വാസവും, ഒരുമയോടെയുള്ള കഠിനപ്രയത്നവുമാണ് ഈ സൈന്യത്തിന്റെ ഏറ്റവും വലിയ കരുത്ത്. ജാതിമതഭേദമന്യേ, എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ്ണസഹകരണ ത്തോടെ കേരളത്തിലെ കരുത്തുറ്റ രാഷ്ട്രീയനേതൃത്വം നടത്തുന്ന ഈ പോരാട്ടമാണ് കോവിഡ്-19-ന്റെ വന്‍പ്രഹരശേഷിക്കുമുമ്പില്‍ ലോകമഹാശക്തികള്‍ തകര്‍ന്നടിയുമ്പോള്‍ നട്ടെല്ല്നിവര്‍ത്തി നില്‍ക്കുന്ന കേരളീയരെ സമാനതകളില്ലാത്തവരാക്കുന്നത്.
കേരളത്തേക്കാള്‍ അല്പം വൈകിയാണെങ്കിലും ഇന്ത്യന്‍ ഭരണകൂടവും മറ്റു രാഷ്ട്രങ്ങളെക്കാള്‍ വളരെയധികം ചടുലമായി കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതരായി. ദേശീയതലത്തില്‍ത്തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം വൈകാതെ സംഘടിപ്പിക്കാന്‍ മോദിഭരണകൂടം മുന്നോട്ടുവന്നു. അതിന്റെ ഭാഗമായി മാര്‍ച്ച് 24-ന് പ്രധാനമന്ത്രി രാജ്യം മൊത്തം ലോക്ക്ഡൗണ്‍ ആയി പ്രഖാപിച്ചു. പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ലോക്ക് ഡൗണ്‍ കാരണം ദുരിദത്തിലാവുന്ന ജനതയെ സംരക്ഷിക്കാനുതകുന്ന കൃത്യവും, പൂര്‍ണമായും, ഫലപ്രദവുമായ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഇതുവരെ മോഡിഭരണത്തിനായിട്ടില്ല. പ്രഖ്യാപിച്ച സാമ്പത്തിക-ആരോഗ്യ പാക്കേജുകളാവട്ടെ തികച്ചും അപര്യാപ്തവുമാണുതാനും. മാത്രവുമല്ല, ഇന്നത്തെ ദശാസന്ധിയില്‍ നാം നേരിടുന്ന വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനുതകുമായിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ അന്താരാഷ്ട്രവിപണയിലെ വിലത്തകര്‍ച്ച ജനതക്കനുകൂലമാക്കേണ്ടതിനു പകരം, കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ചു ഇന്ത്യക്കാരെ ശിക്ഷിക്കുകയാണ് മോദിഭരണകൂടം ചെയ്തത്.
പെട്ടന്നുള്ള അടച്ചുപൂട്ടലിന്റെ ഫലമായി മഹാനഗരങ്ങളില്‍ കുടുങ്ങിപ്പോയ അനേകലക്ഷം അതിഥി തൊഴിലാളികളും, മുംബയ് പോലെയുള്ള മഹാനഗരങ്ങളിലെ ചേരിനിവാസികളും കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഇപ്പോള്‍ത്തന്നെ നാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഈ ജനസഞ്ചയത്തിന്റെ ചലനങ്ങളും, അവര്‍ തിങ്ങിപ്പാര്‍ക്കുന്ന വാസസ്ഥലങ്ങളും കോവിഡ്-19 വൈറസുകളുടെ ഫലപൂയിഷ്ടമായ വിളനിലങ്ങളാണെന്നും, ഇന്ന് മറ്റു രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കൊറോണരോഗാവര്‍ധനയില്‍ കാണപ്പെടുന്ന പ്രശാന്തി കൊടുങ്കാറ്റിന് മുമ്പുള്ള വന്യമായ നിശ്ശബ്ദതയാണെന്നും നാം തീര്‍ച്ചയായും ഭയപ്പെടണം. ഭരണകൂടം രാജ്യനന്മക്കെന്നപേരില്‍ മൊത്തം ജനതക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കു സ്തുതിപാടുന്നവരെമാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരെന്നും, വിശന്ന വയറിന് ഒരുനേരത്തെ ഭക്ഷണമാണ്, സമീപഭാവിയില്‍ മുന്നില്‍വന്നു നിന്നേക്കാവുന്ന മരണസാധ്യതയേക്കാള്‍, രാജ്യത്തെ വലിയൊരു ജനസഞ്ചയത്തെ പ്രചോദിപ്പിക്കുകയെന്നും, തന്മൂലം അത് പ്രതിരോധപ്രവര്‍ ത്തനങ്ങളെ ഒരുപാട് പിന്നോട്ടടിപ്പിക്കുമെന്നും ഇന്നത്തെ ഇന്ത്യന്‍ ഭരണനേതൃത്വം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു! കൊറോണക്കെതിരെ പ്രധാനമന്ത്രിയുടെ ആഹാന പ്രകാരം ജനതയൊന്നടങ്കം ഉയര്‍ ത്തിയ മണിനാദങ്ങളും, തെളിച്ച തിരിനാളങ്ങളും, അങ്ങയേറ്റം അപഹാസ്യമായ പ്രതീകങ്ങളായി പരിണമിക്കാതിരിക്കാന്‍ ഈ തിരിച്ചറിവ് തീര്‍ ച്ചയായും ഉപകരിക്കും. അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ യോഗപരിശീലിയ്ക്കാനും, ഗാര്‍ഡനിങ് നടത്താനും ഉപദേശിച്ച മോദി, പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ജനതയെ സ്വന്തം പ്രജകളായി എണ്ണുന്നില്ലെന്ന് നാം കരുത്തേണ്ടിവരും.!
എന്നാല്‍ കോവിഡ്-19 പ്രതിരോധത്തില്‍ ഇന്ത്യന്‍ ഭരണകൂടം കൈക്കൊണ്ടതില്‍നിന്നും തികച്ചും വിഭിന്നമായ നടപടികള്‍ കൈകൊണ്ടാണ് കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുന്നത്. മുന്‍പേ പറഞ്ഞതുമാതിരി ലോകോത്തരമായ യന്ത്രസാമഗ്രികള്‍ സുലഭമായില്ലെങ്കില്‍ക്കൂടി, ലോകനിലവാര ത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഒരു വലിയ നിര സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ നാളുകളില്‍ കേരളത്തിനായിട്ടുണ്ട്. തികഞ്ഞ ഇച്‌ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിനുകീഴില്‍ എല്ലാ നിലവാരത്തിലുമുള്ള ആരോഗ്യപ്രവര്‍ ത്തകരുടെ സുസജ്ജമായ ഒരു നിര വാര്‍ ത്തെടുക്കാന്‍ പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ത്തന്നെ കേരളത്തിനായതാണ് കോവിഡ്-19 പ്രതിരോധത്തില്‍ മറ്റ് നാടുകളെ അപേക്ഷിച്ച് ഇതുവരെ നാം നേടിയ ഏറ്റവും വലിയ മേല്‍കൈയ്ക്ക് കാരണം. അതിനും പുറമെ സര്‍ക്കാരിന്റെ മറ്റെല്ലാ വിഭാഗങ്ങളും ആരോഗ്യമേഖലയ്ക്ക് താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്തു. രോഗം നേരെത്തെ കണ്ടെത്തി പരിചരിക്കാനും, ഐസൊലേറ്റ് ചെയ്യാനും, ബ്രഹത്തായ സ്ക്രീനിംഗ് ശൃoഘല കെട്ടിപ്പടുത്ത്, അതിന്റെ ഫലമായി വളരെക്കുറഞ്ഞ മരണനിരക്കും, രോഗാതുരതയും നമുക്ക് നേടാനായി.
എല്ലാ മതവിഭാങ്ങളുടെയും മേലധ്യക്ഷന്മാരുമായും, നേതൃത്വങ്ങളുമായും രാഷ്ട്രീയനേതൃത്വം നടത്തിയ ചര്‍ച്ച വഴി പ്രതിരോധദുര്‍ഗങ്ങള്‍ ശക്തിപ്പെടുത്താനായത് എടുത്തുപറയണ്ട കാര്യമാണ്. അടച്ചുപൂട്ടലിന്റെ ഫലമായി ഒരാളും പട്ടിണി കിടക്കില്ലെന്നുറപ്പുവരുത്തിയതും, അന്യസംസ്ഥാന തൊഴിലാളികളെ അഥിതിത്തൊഴിലാളികളായി കണക്കാക്കി ലോക്ക്ഡൗണ്‍ കാലത്ത് അവരുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കിയതും, കമ്മ്യൂണിറ്റി കിച്ചന്‍ പോലെയുള്ള സാമൂഹ്യഭക്ഷ്യസുരക്ഷാപരിപാടികള്‍വഴി നാട്ടിലൊരാളും വിശന്നു ജീവിക്കേണ്ടിവരില്ലെന്നുറപ്പുവരുത്തിയതും കേരളത്തെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമാക്കുന്നു. തെരുവുനായ്കള്‍ക്കും, ക്ഷേത്രങ്ങളിലെ കുരങ്ങുകള്‍ക്കും പോലും അടച്ചുപൂട്ടല്‍കാലത്ത് ഭക്ഷണമുറപ്പുവരുത്തി മനുഷ്യസുരക്ഷയെ മുന്‍നിര്‍ ത്തിയ ഒരു ഭരണകൂടം ലോകത്തിന് മാതൃകയാകാതെ തരമില്ലല്ലോ. എല്ലാ വൈകുന്നേരങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ പ്രതിരോധത്തിന്റെ ജനകീയ സ്വഭാവം വിളിച്ചോതുന്നതുമായി.
മുന്നിലുള്ളത് കൂടുതല്‍ സങ്കീര്‍ണമായേക്കാവുന്ന സാഹചര്യങ്ങളാണ്. അടച്ചുപൂട്ടല്‍ രോഗവര്‍ ധന രാജ്യത്ത് അല്പം സാവധാനത്തിലാക്കിയിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാര്‍ ത്തകള്‍ അത്ര ആശ്വാസം പകരുന്നവയല്ല. മുന്നേ വിവരിച്ചതുപോലെ അടച്ചുപൂട്ടലിനു ശേഷമുള്ള സാമൂഹ്യസാഹചര്യങ്ങള്‍ നേരിടുന്നതില്‍ ദേശീയനേതൃത്വം കാണിച്ച അവധാനത നമ്മേ എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കാന്‍ പോകുന്നതെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ അനുരണനങ്ങളില്‍നിന്ന് കേരളത്തിന് മാത്രമായി വിട്ടുനില്‍ക്കാനാവില്ല. പ്രത്യേകിച്ചും ഉപ്പുമുതല്‍ കര്‍പ്പൂരംവരെയുള്ളവയ്ക്ക് നാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍. സ്വതവേതന്നെ സാമ്പത്തികഞെരുക്കത്തിലായ സംസ്ഥാനത്തിന് ഇന്നത്തെ നിലയില്‍ അധികം മുന്നോട്ടുകുതിക്കാനാവില്ല. പ്രത്യേകിച്ചും കോവിഡ്-19 മഹാമാരി അടിച്ചേല്‍പ്പിക്കുന്ന ആസന്നമായ ലോകസാമ്പത്തികമാന്ദ്യത്തിന്റെ നിഴലില്‍.
ഇതെല്ലാമാണെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള മനുഷ്യവംശത്തിന്റെ കരുത്തും, വീറും നമുക്ക് പ്രത്യാശയേകുന്നു. മാത്രവുമല്ല സമൃദ്ധിയുടെ ഇടവേളകളേക്കാള്‍, ദുരന്തകാലങ്ങളാണ് മനുഷ്യരെ കൂടുതല്‍ കരുത്തുറ്റവരാക്കിയതെന്നും നാം തിരിച്ചറിയണം. ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങള്‍ ലോകത്തിന് സംഭാവനചെയ്ത ശാത്രനേട്ടങ്ങളും, സാഹിത്യസൃഷ്ടികളും തന്നെ ഉദാഹരണം. ചെറുത്തുനില്പുകള്‍ ജന്തുലോകത്തിന്റെ പോലും സഹജസ്വഭാവമാണെന്ന് നാമറിയുക. തകര്‍ന്നു തരിപ്പണമാവാതെ പിടിച്ചുനില്‍ക്കാനുള്ള ശേഷി നമുക്കുണ്ടാവുമെന്നാശിക്കുക. ഒരുപക്ഷെ ഈ മഹാമാരി നമ്മെ സാമ്പത്തികമായും, ശാരീരികമായും, മാനസികമായും താല്‍ക്കാലികമായെങ്കിലും തകര്‍ത്തെറിഞ്ഞാലും സ്വന്തം പട്ടടയില്‍നിന്ന് ഉയിര്‍കൊള്ളുന്ന ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ നാമുയര്‍ത്തെണീറ്റേ തീരൂ. രണ്ടു പ്രളയങ്ങളെയും, നിപ്പയെയും ധീരമായി നേരിട്ട് ജയിച്ച നമ്മുടെ അതിജീവനശേഷിയില്‍ ലോകം അതാണ് ഉറ്റുനോക്കുന്നത്. സമരോല്‍സുക്യത്തിന്റെ ഈ കേരളമാതൃകയുംകൂടി ഒരുമയോടെ ലോകത്തിനു മുമ്പില്‍ നമുക്ക് കാട്ടിക്കൊടുക്കാം. സമാനതകളില്ലാത്ത ഇന്നത്തെ ലോകസാഹചര്യം അതാണ് നമ്മോടാവശ്യപ്പെടുന്നത്.