K G Suraj

കേരളം ഒരു ജാഥയായപ്പോൾ ചരിത്രത്തിന് സംഭവിച്ചത്.

വരിക വരിക സഹജരേ
വലിയ സഹന സമരമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കുപോകനാം.

കൺതുറന്നുനോക്കുവിൻ
കൈകൾ കോർത്തിറങ്ങുവിൻ
കപടകുടിലഭരണകൂടമിക്ഷണം തകർക്കനാം.

ബ്രിട്ടനെ വിരട്ടുവിൻ
ചാട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതിവിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ..

വിജയമെങ്കിൽ വിജയവും
മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്ങണം.

വെടികളടികളിടികളൊക്കെ വന്നു മേത്തുകൊള്ളുകിൽ
പൊടിതുടച്ചു ചിരി ചിരിച്ചു മാറുകാട്ടി നിൽക്കണം.

ഉപ്പുനാം കുറക്കണം
ആരു വന്നെതിർക്കിലും
അൽപ്പവും കെടുത്തിടാതെ
കോപിയാതെ നിൽക്കണം.
ലാത്തിയില്ല തോക്കുമില്ല
എങ്കിലും കരങ്ങളിൽ
രക്തമുള്ള നാൾ വരെ നമുക്കുയുദ്ധമാടണം.


കവി, പത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി തുടങ്ങിയ നിലകളിൽ ലബ്ധപ്രതിഷ്ഠനായ അംശി നാരായണപിള്ള മഹത്തായ ഉപ്പുസത്യഗ്രഹവുമായി ബന്ധപ്പെട്ട് എഴുതിയ വിഖ്യാതമായ സമരഗീതമാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹമാരംഭിഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 78 വളന്റിയർമാർക്കൊപ്പം അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ നിന്നും ഏതാണ്ട്‌ 200 മൈല്‍ ദൂരെയുള്ള ദണ്ഡിയിലേക്കു മാര്‍ച്ച്‌ ചെയ്തു. 24 ദിവസത്തെ കാല്‍നടയാത്രയ്ക്കുശേഷം സംഘം ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി. 1930 ഏപ്രില്‍ 6 ന്‌ ഗാന്ധിജിയും വളന്റിയര്മാരും ദണ്ഡി കടപ്പുറത്തു വെച്ച്‌ ഉപ്പു നിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കി. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ഏറ്റവും അവിസ്മരണീയമായ ഈ ചരിത്ര യാത്രക്ക് മറ്റൊരു തുടർച്ചയുണ്ടാകുന്നു.അന്ന് ചൂഷകരുടെ വേഷത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നുവെങ്കിൽ ഇന്നത് ഫിനാൻസ് മൂലധനത്തിന്റെയും ഭൂരിപക്ഷ വർഗ്ഗീയത ഹിന്ദുത്വയുടേയും സമ്മിശ്രമായ ആർ എസ് എസ് ഉം അവരുടെ രാഷ്ട്രീയ രൂപമായ ബി ജെ പി യുമാണ്.

കേരളം താരതമ്യങ്ങളില്ലാത്ത പോരാട്ടങ്ങളിലൂടെ ആർജ്ജിച്ച സാംസ്‌കാരിക, സാമൂഹിക മുന്നേറ്റങ്ങളെ പിന്നാക്കം നടത്തുന്നതിനുള്ള ബിജെപിയുടെ വിഫല ശ്രമങ്ങളേയും അതിന്‌ ഒക്കച്ചങ്ങാതിമാരോടെന്നോണം ഉപാധിരഹിതം പിന്തുണ നൽകുന്ന കോൺഗ്രസിന്റെ പിന്തിരിപ്പൻ നിലപാടുകളെയും തുറന്നുകാട്ടുന്ന ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുംവിധമൊരു ജനകീയ പ്രതിരോധ ജാഥ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗ്ഗീയതക്കുമെതിരെ സി. പി. ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ കേരളത്തിന്റെ മുഖവും മനസും ചിന്തയുമായിചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു.

2023 ഫെബ്രുവരി 20 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് ജില്ലയിൽ ഉദ്ഘാടനം നിർവ്വഹിച്ച ജനകീയ പ്രതിരോധ ജാഥ പതിനാല് ജില്ലകളിലെ 140 നിയോജകമണ്ഡലങ്ങളിലൂടെ മലനാടും ഇടനാടും തീരദേശവും താണ്ടി ....സ്വീകരണ കേന്ദ്രങ്ങളിലൂടെ ജനമനസ്സുകളെ ആഴത്തിൽ സ്പർശിച്ച് അർത്ഥപൂർണ്ണമായ ആശയവിനിമയങ്ങളിലൂടെയാണ് പുരോഗമിച്ചത്. പി കെ ബിജു ജാഥാ മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥാംഗങ്ങളുമായിരുന്നു.

വേനൽ ചൂടിനെ അവഗണിച്ച് ജാഥയിലൂടെ സി. പി. ഐ (എം) ന്റെ നയപരിപാടികളിൽ വിശ്വാസമർപ്പിച്ച് ഒഴുകിയെത്തിയ ലക്ഷോപലക്ഷങ്ങൾ.. തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ സ്ത്രീകൾ ..കുട്ടികൾ .. ട്രാൻസ് ജെന്റർ വ്യക്തികൾ, ഭിന്നശേഷിതർ, വയോജനങ്ങൾ, യുവാക്കൾ , വിദ്യാർത്ഥികൾ, അഭ്യസ്തവിദ്യർ .. ചുവപ്പ് സേനാ വളണ്ടിയർമാർ , രക്തസാക്ഷി കുടുംബാംഗങ്ങൾ കേരളം ഒരു ജാഥയിലൂടെ ചൂഷിത ജനതയുടെ വിമോചന സ്വപ്ങ്ങൾക്ക് നിറം പകരുന്നതെങ്ങനെയെന്ന് ലോകത്തോട് ഉറക്കെപ്പഞ്ഞു.

2023 മാർച്ച് 18 ന് തിരുവനന്തപുരത്ത് സി.പിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. ഹിന്ദുത്വ കോർപ്പറേറ്റ് അജണ്ടകളെ തുറന്നു കാട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് പൊതുവിലും ഇടതുപക്ഷം വിശേഷിച്ചും മുന്നോട്ടു വെയ്ക്കുന്ന ജനപക്ഷ ഇടത് ബദൽ നയങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ പ്രസക്തിയെ സംബന്ധിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. 'കേരളം ഇന്ത്യക്ക്‌ വഴികാട്ടി'യാണെന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസ്താവന കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തുന്ന നുണപ്രചാരങ്ങൾക്കുള്ള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനപക്ഷ നയങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന് തുടർഭരണം നൽകിയത്. നീതി ആയോഗടക്കം കേന്ദ്ര സ്ഥാപനങ്ങൾക്കുപോലും കേരളത്തിന്റെ മികവ് അംഗീകരിക്കേണ്ടി വന്നു. മൂന്ന് വർഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുമെന്നും എല്ലാവർക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

'സംസ്ഥാനത്ത് 0.7 ശതമാനമാണ് അതിദാരിദ്ര്യം.യു പി ഗുജറാത്ത് എന്നിവിടങ്ങളിൽ അമ്പത് ശതമാനത്തിലധികമാണ് ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64006 കുടുംബങ്ങളെ ദത്തെടുക്കാൻ തീരുമാനിച്ചു. അംബാനിയോ അദാനിയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന് വിലകൽപ്പിക്കുന്ന സർക്കാരാണ് കേരളത്തിലേത്. ഇങ്ങനെ മൂന്ന് വർഷത്തിൽ അതിദാരിദ്യ്രമുള്ളവർ ഇല്ലാത്ത ഏകസംസ്ഥാനമായി കേരളം മാറും'.

 ഒരു രാഷ്ട്രീയ ജാഥ; അത് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ, കാലാനുവർത്തിയാകുന്നത്, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നതിനുള്ള അക്ഷീണ പരിശ്രമങ്ങളോട് പരിപൂർണ്ണമായും നീതി പുലർത്തുമ്പോഴാണ്. അതോടെ political demonstration ന്റേതായ കാല - ദൂര പാരികല്പനകളെ അതിജീവിച്ച് അതൊരു പ്രത്യയശാസ്ത്രമായി രൂപാന്തരം ചെയ്യുന്നുന്നു. ജനകീയ പ്രതിരോധ ജാഥയുടെ സുപ്രധാന സവിശേഷത അതിന്റെയുള്ളടക്കം മുൻനിർത്തുന്ന ചൂഷണ വ്യവസ്ഥിതിക്കെതിരായ പഴുതുകളില്ലാത്ത ബദൽ നയങ്ങളുടെ ശരിയും ശാസ്ത്രീയവുമായ ദർശനമാണ്.

മതനിരപേക്ഷത, സമത്വം, സാമൂഹിക നീതി, ഫെഡറലിസം തുടങ്ങിയവയുടെ സമ്മിശ്രമായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് മതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളാണ് സംഘപരിവാർ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിൻപറ്റുന്ന ബഹുസ്വരമായ സാംസ്കാരിക പശ്ചാത്തലത്തെ അട്ടിമറിക്കുക എന്നതാണ് സ്വാതന്ത്യ്ര സമരത്തെ ഒറ്റിക്കൊടുത്ത ഫ്രീഡം സ്ട്രഗിളിൽ ഒരുവിധ പങ്കുമില്ലാത്ത ആർ എസ് എസ്സിന്റെ പ്രഖ്യാപിതമായ അജണ്ട. ആർ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി യെ രാഷ്ട്രീയാധികാരത്തിൽ നിന്നും മാറ്റിനിർത്തി മാത്രമേ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിനാകുവെന്ന സുധീരമായ political resolution ജനകീയ പ്രതിരോധ ജാഥ അസന്നിഗ്ദ്ധം പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്സ് നടപ്പിലാക്കി ബി ജെ പി ഹിന്ദുത്വ കോർപ്പറേറ്റ് വത്ക്കരണത്തിലൂടെ ശക്തിപ്പെടുത്തുന്ന ജനവിരുദ്ധ ആഗോള - ഉദാര - സ്വകാര്യവത്ക്കരണ നയങ്ങളെ പിന്തുണക്കുന്ന കോൺഗ്രസ്സിന് ബി ജെ പി ക്ക് ബദലാകുന്നതിനാകുന്നില്ല. ഹിന്ദുത്വയുമായി അവസരവാദപരമായ സഖ്യത്തിലാണ് കോൺഗ്രസ് മുന്ന്നോട്ടുപോകുന്നത്. ആഗോളവത്ക്കരണ നയങ്ങൾക്ക് ബദൽ സൃഷ്ടിച്ച് ലോക മാതൃകയായ ഒന്നാം പിണറായി സർക്കാരിന്റെ പിന്തുടർച്ചയാണ് കേരളത്തിലെ രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അടിസ്ഥാന സൗകര്യ മേഖലയിൽ പിണറായി വിജയൻ സർക്കാർ രൂപപ്പെടുത്തിയ ഉജ്വല മുന്നേറ്റങ്ങളുടെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കാൻ അർത്ഥപൂർണ്ണവും സമഗ്രവും സമ്പൂർണവുമായ ചുവടുവെയ്പുകളാണ് കേരളത്തിൽ നടക്കുന്നത്. സാമൂഹിക നീതിയിലധിഷ്ഠിതമായ development സാധിതപ്രായമാക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ആസൂത്രിത പദ്ധതികളാണ് കേന്ദ്ര ബി ജെ പി സർക്കാരും കോൺഗ്രസ്സും നടത്തിക്കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് നയങ്ങളുടെ ബദൽ എന്ന നിലയിൽ സംസ്ഥാന സർക്കാരിനെതിരായ വിധ്വംസക നീക്കങ്ങളെ ചെറുത്തു തോൽപ്പിച്ച് കേരള സർക്കാരിനെസംരക്ഷിക്കുകയെന്നത് സുപ്രധാനമായ ദൗത്യമാണ്.

ജാഥക്ക് ബഹുജനങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യത യു ഡി എഫിനെ പൊതുവിലും കോൺഗ്രസ് - ബി ജെ പി വികസനവിരുദ്ധരെ വിശേഷിച്ചും വലതുപക്ഷ കോർപ്പറേറ്റ്വ മാധ്യമങ്ങളെ ആകെത്തന്നെയും വല്ലാതെകണ്ട് അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെയടക്കം വ്യക്തിഹത്യ ചെയ്ത് കടന്നാക്രമിക്കുന്നതിൽ ഇവരാകെ മത്സരിച്ചുകൊണ്ടേയിരിക്കുന്നു. സർക്കാർ സർവ്വീസുകൾ തടസ്സപ്പെടുത്തിയും പൊലീസിനെ ആക്രമിച്ചും നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർത്ത് വികസനത്തെ അട്ടിമറിക്കാനാകുമോ എന്നനിലയിലെ വിഫലശ്രമമാണ്‌ ഇക്കൂട്ടർ നടത്തിവരുന്നത്. 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് പ്രതിപക്ഷമായ് തന്നെ തുടരേണ്ടി വരുമെന്ന ആപൽശങ്കയാണ്‌ നിയമവ്യവസ്ഥയെ അപ്പാടെ വെല്ലുവിളിക്കും വിധമുള്ള കോൺഗ്രസ്സിന്റെ പെർഫോമെൻസുകളെന്ന സി. പി. ഐ (എം) സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന പ്രസക്തമാകുന്നതും സൂചിത സാഹചര്യത്തിലാണ്.

സംസ്ഥാനത്തിൻെറ വികസനപ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കിഫ്‌ബിയെ (Kerala Infrastructure Investment Fund Board) തകർക്കുന്നതിലും ലോക പ്രശംസക്ക് പാത്രമായ സാമൂഹിക സുരക്ഷാ പദ്ധതികളെ അട്ടിമറിക്കുന്നതിലും കേന്ദ്ര ബി ജെ പി സർക്കാർ പ്രത്യേക അജണ്ടയുമായി കളത്തിലുണ്ട്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷക - ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടെക്കുന്ന സംസ്ഥാന സർക്കാരുകളേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അതിന്റെ നേതൃത്വങ്ങളേയും ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്ര ഏജൻസികൾ എന്നിവകളെ political tool ആക്കി വ്യാജ ആരോപണങ്ങളുന്നയിച്ച് വേട്ടക്ക് വിധേയമാക്കി നിശ്ശബ്ദമാക്കാൻ കേന്ദ്ര ബി ജെ പി സർക്കാർ രാഷ്ട്രീയാധികാരത്തെ പ്രയോജനപ്പെടുത്തുകയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്തുന്നതിനുവേണ്ടി കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം വെട്ടിച്ചുരുക്കി ഫെഡറൽ തത്വങ്ങളെ നോക്കുകുത്തിയാക്കുന്നു.

ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ കേന്ദ്ര ബി ജെ പി സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അപ്പാടെ കോർപ്പറേറ്റ് തീറെഴുതി സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നു. തൊഴിലില്ലായ്മ അടിക്കടി രൂക്ഷമാകുന്നു. കാർഷിക മേഖല അപ്പാടെ തകർന്നടിഞ്ഞു. സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് തുടർക്കഥയാകുന്നു.രാജ്യത്തിന്റെ പരമാധികാരം അദാനിയുടെ കൈകളിലേക്ക് നരേന്ദ്ര മോഡി സർക്കാർ കൈമാറിയിരിക്കുന്നു. ജനവിരുദ്ധ കോർപ്പറേറ്റ് നയങ്ങൾക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ തകർക്കുന്നതിന് ബ്രിട്ടീഷ് കാലഘട്ടത്തിലെന്നോണം വർഗ്ഗീയത ഉപയോഗപ്പെടുത്തി വിഭജിച്ചു ഭരിക്കുക എന്ന അനൈതിക തന്ത്രമാണ് ബി ജെ പി നടപ്പിലാക്കുന്നത്. രാമക്ഷേത്ര നിർമ്മാണം, പൗരത്വ ഭേദഗതി, ജമ്മു കാശ്മീർ വിഭജനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായ കുത്സിത നീക്കങ്ങളാണ്.

പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സിന്റെ (Reporters Without Borders (RSF) കണക്കുകൾ പ്രകാരം ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക 2022 ൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേഖലയിൽ ഇന്ത്യ 150 ആം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങളെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ അനൈതികമായ അധികാര പ്രയോഗമാണ് നടന്നുവരുന്നത്. കേന്ദ്ര സർക്കാർ വർഗ്ഗീയത പ്രോജ്വലിപ്പിച്ച് രാഷ്ട്രീയലാഭം ലാക്കാക്കുമ്പോൾ മതനിരപേക്ഷതയിലൂന്നിയ വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു.

'പൊതുമേഖലയെ സ്വകാര്യവത്ക്കരിച്ച് കാർഷിക മേഖലയിൽ നിന്നും പിന്മാറി സാമൂഹിക സുരക്ഷാ പദ്ധതികളെ തകർത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സ്വകാര്യവത്ക്കരിച്ച് കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹമാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ആഗോളവത്ക്കരണ നയങ്ങൾ' ക്കെതിരായ left alternative വും ക്ഷേമ വികസന മേഖലകളിൽ ഒന്നാമതുമായ കേരളത്തിലെ ഇടതുപക്ഷസർക്കാരിന് തുടർച്ചകൾ ഉണ്ടാകേണ്ടതുണ്ട്.

'കെ റെയിൽ എന്തിന്‌, കെ റെയിൽവിരുദ്ധ സമരത്തിൽ കോൺഗ്രസും ബിജെപിയും പിന്തിരിപ്പൻ ശക്തികളും കൈകോർക്കുന്നതെന്തുകൊണ്ട്‌, വികസന പദ്ധതികൾക്ക് തുരങ്കംവയ്‌ക്കുന്നതാര്. implementation എങ്ങനെ'. ഈവിധം സംവാദാത്മകമാണ് കേരളം ഏറ്റെടുത്ത ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസം സുശക്തമാക്കിയ സി. പി. ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിച്ച ജനകീയ പ്രതിരോധ ജാഥ.