Sarika G S

മീഠി നദി അശാന്തമായ് ഒഴുകുന്നു

ചുട്ടു പൊള്ളുന്ന ചൂടും ഭ്രാന്ത് പിടിപ്പിക്കുന്ന ട്രാഫിക്കിനെനെക്കാള്‍ മുംബൈ ക്കെഴ്സിനു എപ്പോളും ദുരിതങ്ങള്‍ നല്കുന്നത് മണ്‍സൂണ്‍ കാലമാണ്. പൊള്ളുന്ന ചൂടിനു പരിഹാരമായി മഴയെ കാത്തിരിക്കുന്ന മുംബൈ നഗരം പക്ഷെ ഒരു ദിവസം കൊണ്ട് തന്നെ മഴയെ മടുക്കുന്ന കാഴച്ചയാണ് കാണാറുള്ളത്‌. മഴ നനഞ്ഞു കളിക്കുന്ന സുഖം നുകരുന്ന കുരുന്നുകളും , അല്പം പ്രണയത്തിനായി നനയാന്‍ തയ്യാറാകുന്ന യുവത്വവും കടല്‍ തീരങ്ങളിലെ ആസ്വാദനങ്ങളും ഇതു കഴിഞ്ഞാല്‍ പിന്നെ തീര്‍ന്നു എന്ന് പറയാം , മഴയുടെ ഔദാര്യങ്ങള്‍. നൂറു വര്ഷത്തോളം പഴക്കമുള്ള ഡ്രയിനേജ് സിസ്റ്റവും ശരിയായ പ്ലാനിങ്ങുകള്‍ ഇല്ലാത്ത വികസന പ്രഹസനങ്ങളും മുംബൈ നഗരത്തിനു ദുരിതങ്ങള്‍ ഏറെ നല്കിയിട്ടുണ്ട് .

മുംബൈയുടെ സ്വന്തം നാച്ചുറല്‍ഡ്രയിനേജ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന മീഠി നദിയുടെ ഇന്നത്തെ ശോചനീയവസ്ഥക്കു കാരണം പ്രകൃതിയെ വെല്ലു വിളിച്ചുകൊണ്ടുള്ള മുംബൈയുടെ ജീവിതവും വികസനവുമാണ്. മണ്‍സൂണ്‍ കാലത്ത് അധിക ജലം അറബിക്കടലില്‍ എത്തിക്കുക്ക എന്ന ദൌത്യം ഏറ്റെടുത്തു നടത്തിയിരുന്ന ഈ നദി ഇന്നു നാശത്തിന്റെ വക്കിലാണ് . വികസനത്തിന്റെ പേരില്‍ നശിപ്പിച്ചു തീര്‍ത്ത കണ്ടല്‍ക്കാടുകളും, കുന്നുകളും, മരങ്ങള്‍ നശിപ്പിച്ചുള്ള റോഡു വികസനവും എല്ലാം മുംബൈ നഗരത്തെ കനത്ത പാരിസ്ഥിതികാഘാതത്തിലേക്കു നയിക്കുന്നു.

രണ്ടായിരത്തി അഞ്ചില്‍ ഉണ്ടായ പ്രളയത്തെ പോലും പ്രകൃതി സ്നേഹികള്‍ ഉദ്ധരിച്ചത് വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട ഒരു നദിയുടെ പ്രതികാരം എന്നാണ്. ഏകദേശം ഇരുപതു വര്ഷങ്ങള്ക്ക് മുന്‍പ് പല പരിസ്ഥിതി സഘടനകളും മുംബയില്‍ സുരക്ഷിതമായ വികസനങ്ങള്‍ മാത്രമേ പാടുള്ളൂ എന്നാ നിലപാട് എടുത്തിരുന്നു, പക്ഷെ ഇവ ഒന്നും കാര്യമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചില്ല എന്നതാണ് സത്യം. മീഠി നദിയുടെ ഇരുവശവും കൈയ്യടക്കി ഇരിക്കുന്ന പല വ്യവസായ ശാലകള്‍ , രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നിര്‍മ്മിച്ച്‌ കൂട്ടിയിട്ടുള്ള ചൊള്‍ സിസ്റ്റം എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയ ചെറിയ വീടുകള്‍, വികസനത്തിന്റെ പേരില്‍ തീരങ്ങള്‍ക്കു വരുത്തിയ മാറ്റങ്ങള്‍ ഇവയൊക്കെ മീഠി നദിയുടെ വീതി കുറയ്ക്കാന്‍ കാരണമായി.

ഫാക്ടറികളില്‍ നിന്ന് തള്ളപ്പെടുന്ന മാലിന്യങ്ങള്‍ നദിയുടെ മത്സ്യ സമ്പത്തിനെ തന്നെ താറു മാറാക്കിയിരിക്കുന്നു. മനുഷ്യ മാലിന്യങ്ങളും , വ്യവസായ മാലിന്യങ്ങളും നിറഞ്ഞു ഒഴുകുന്ന ഒരു നദി ആയി മീഠി നദി മാറിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തി അഞ്ചിലെ പ്രളയത്തിനു ശേഷം Mithi River Development and Protection Authority ഒരു പ്രൊജെക്ടിനു രൂപം കൊടുത്തിരുന്നു ഇതില്‍ മീഠി നദിയിലെ മാലിന്യ നിര്‍മ്മാര്‍ജനം , നദിയെ സുന്ദരമാക്കല്‍ , വീതി കൂട്ടല്‍ ഇങ്ങനെ പല പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു.

മാറി വരുന്ന ഭരണ സംവിധാനങ്ങളിള്‍ നിന്നും മാറുന്ന കോടികളുടെ കണക്കുകള്‍ പുറത്തു വരുമ്പോഴും നാം രണ്ടായിരത്തി മൂന്നില്‍ എത്തി നില്ക്കുമ്പോഴും മീഠി നദിയെ സംരക്ഷിക്കാന്‍ തുടങ്ങിയ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നതെ ഉള്ളു. ഈ മണ്‍സൂണില്‍ മീഠി നദി ആരെയും ദ്രോഹിക്കില്ല എന്നു അധികാരികള്‍ പറയുമ്പോഴും എല്ലാവര്‍ക്കും അറിയാം ഇനിയും ഒരു പക പോക്കലിനു വേണ്ടി തന്നെയാണ് മീഠി നദിയുടെ ഈ ഒഴുക്ക് എന്നു.