Silsila Kunjahamed Kaladi

സൈക്കിള്‍ സവാരി ഗിരിഗിരി..

ആദ്യം കിട്ടിയത് ഒരു അര വണ്ടി ആയിരുന്നു.. ആറില്‍ പഠിക്കുമ്പോള്‍ ഉപ്പ വാങ്ങി തന്ന നീലയും സ്റ്റീലും ബോഡി യുള്ള അറ്റ്ലസ് .. നിറയെ മലകള്‍ ഉള്ള മലപ്പുറത്തെ കുട്ടിക്ക് സൈക്കിള്‍ ഓടിക്കാന്‍ പറ്റിയ റോഡുകള്‍ പക്ഷെ നാട്ടില്‍ കുറവായിരുന്നു .. എന്നാലും എന്റെ സൈക്കിള്‍ ഒരിക്കലും വിശ്രമിച്ചില്ല..മലയുടെ ഇറക്കത്തിലും കയറ്റത്തിലും ഇട്ടു ഞാന്‍ എങ്ങിനെ ഒക്കെയോ അവനെ ഓടിച്ചു ..

ഒരു വിധം ബാലന്‍സ് ഒക്കെ ആയി വന്നപോളെക്കും അഹങ്കാരം തലയില്‍ കയറി സര്‍ക്കസ് തുടങ്ങി..... ഒരിക്കല്‍ വീടിനു അടുത്തുള്ള ടാര്‍ ഇടാത്ത കണ്ടംകുണ്ടം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോള്‍.. ..ദാ മുന്നില്‍ ഉമ്മ.

"ഉമ്മാ നോക്കീന്നു.. "എന്നും പറഞ്ഞു കൈ വിട്ടത് ഓര്‍മയുണ്ട്. കണ്ണും മൂക്കും യോജിക്കുന്ന അവിടെ ,അന്ന് ഉണ്ടായ കുഴി അതിപ്പോളും അങ്ങനെതന്നെ ഉണ്ട്..

എന്നും വെച്ച് നമ്മള്‍ തോറ്റൊടിയത് ഒന്നും ഇല്ല.. വേഗത്തില്‍ അവനെ മെരുക്കി നേരെ സ്കൂളിലേക്ക്.. ആദ്യമായി സൈക്കിള്‍ ഓടിച്ചു സ്കൂളില്‍ എത്തിയ പെണ്‍കുട്ടിക്ക് വലിയ സ്വീകരണം ഒന്നും കിട്ടിയില്ലെങ്കിലും അന്നുതന്നെ എനിക്കൊരു പേരു വീണു അറ്റ്ലസ് .

അന്നൊക്കെ വെള്ളിയും ഞായറും കുളിയും നനയും കണക്കാണ്..

ആദ്യമാദ്യം കൂട്ടുകാരികള്‍ അകന്നു നിന്നെങ്കിലും പിന്നെ പിന്നെ പിടിവലിയായി.. ഒരാള്‍ക്ക്‌ അഞ്ചു റൌണ്ട് അതായിരുന്നു കണക്ക്. മുതലാളി- കൂട്ടുകാരി വെത്യാസം ഇല്ലാതെ സമത്വം നടപ്പിലാക്കപെട്ട എണ്ണിച്ചുട്ട റൌണ്ടുകള്‍.,.. നിന്നോടിക്കുക ,തീരെ മെല്ലെ ഓടിക്കുക ,കാലു കുത്താതെ കുഞ്ഞു വളവുപോലും തിരിക്കുക അങ്ങിനെ മത്സരങ്ങളും നടന്നു..

ഏറെ ഇഷ്ട്ടം ഉണ്ടായിരുന്ന ആ വണ്ടി കൂട്ടുകാരുടെ സൈക്കിള്‍ പഠിത്തം മൂലം വൈകാതെ പൊളിഞ്ഞു പാളീസ് ആയി.. ശേഷം ഒന്‍പതില്‍ എത്തിയ സമയത്ത് ഒരു 'മിസ്‌ ഇന്ത്യ 'വാങ്ങിത്തന്നു ഉപ്പ...ഞങ്ങടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കുള്ള എക്സ്ക്ലൂസിവ് സൈക്കിള്‍ ഇറങ്ങാത്തത് കൊണ്ട് അന്ന് തിരൂരില്‍ 'ചിത്രസാഗര്‍ 'തിയറ്ററിനു അടുത്തുള്ള ഷോപ്പില്‍ നിന്നാണ് അവളെ കൊണ്ട് വന്നത് .. മുന്നില്‍ കൊട്ടയൊക്കെ ഉള്ള ഒരു മെലിഞ്ഞ വയലറ്റ് സുന്ദരി.

രാവെന്നോ പകലെന്നോ ഇല്ലാതെ ആര്മാധിക്കള്‍ ആയിരുന്നു പിന്നെ ...

ആണ്‍കുട്ടികള്‍ക്ക് വരെ അസൂയ.ഒറ്റ എണ്ണത്തിന് സൈക്കിള്‍ ഇല്ല..പെണ്ണുങ്ങടെ സൈക്കിളില്‍ കയറിയാല്‍ പെണ്ണായി പോകുമെന്ന് കരുതി അവര്‍ ആരും ഒരു റൌണ്ട് ചോദിച്ചതും ഇല്ല..

അങ്ങിനെ ഒരിക്കല്‍ ആര്മാധിച്ചു സൈക്കിള്‍ ചവിട്ടുന്നത്തിനിടയില്‍ ആണ് ആദ്യമായി ലൈങ്കിക സുഖം എന്ന വികാരം പൊടിക്ക്ഞാന്‍ അറിയുന്നത്.. ഹോ.. വല്ലാത്ത ഒരു വശപിശക്‌ സാധനം തന്നെ ഇത്.. പക്ഷെ ആരോടും പറഞ്ഞില്ല.. കൂട്ടുകാരികള്‍ എന്നെ തെറ്റിദ്ധരിക്കുമോ എന്ന പേടിയല്ല..പറഞ്ഞാല്‍ അവര്‍ എങ്ങാനും അതീന്നു ഇറങ്ങാതെ ആയാലോ..

ഹെര്‍കുലീസും ഹീറോയും BSA SLR ഉം. അങ്ങിനെ ലോകത്തുള്ള ഉള്ള സകലമാന ചെത്ത് വണ്ടികളും ഉള്ള നാടാണ് ഉമ്മയുടെ വീടുള്ള എടപ്പാള്‍.. , റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന സൈക്കിളുകള്‍..

തല നരച്ച അപ്പൂപ്പന്മാര്‍ വരെ സൈക്കിളില്‍ റോന്തും.. പോന്നാനിനിയില്‍ ഉള്ള കുഞാമയുടെ വീട്ടില്‍ കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌ വുമെന്‍ സൈക്കിളില്‍ ആണ് വരിക.. ഞാന്‍ കണ്ട ആദ്യത്തെ സൈക്കിള്‍ ഓടിക്കുന്ന പെണ്ണ് അവര്‍ ആയിരുന്നു..

ഞങ്ങളുടെ കുടുംബത്തില്‍ ,യാത്രാവശ്യത്തിനു സൈക്കിള്‍ ഉപയോഗിച്ചിരുന്ന ഒരേഒരാള്‍ , ആ കുഞാമയുടെ ഭര്‍ത്താവ് ആയിരുന്നു. തിരൂരില്‍ ബാങ്ക് ഉധ്യോഗസ്ഥ ന്‍ ആയിരുന്ന അവര്‍ ചമ്രവട്ടം കടവ് വരെ സൈക്കിളിലും ,കടവ് കടന്നു ബസ്സിലും ആയിരുന്നു പോയിരുന്നത്.

പാലം ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു കാത്തിരുന്ന എളാപ്പക്ക് പക്ഷെ പാലം വന്നപോളെക്കും എട്ടിന്റെ പണികിട്ടി ,സ്ഥലം മാറ്റം.

വൈകാതെ ബാങ്കിലെ ജോലിയില്‍ നിന്നും അവര്‍ സ്വയം വിരമിച്ചു സ്വസ്ഥജീവിതം നയിക്കാന്‍ തുടങ്ങിയെങ്കിലും ഇന്നും പ്രഭാത നമസ്കാരത്തിനു പള്ളിയില്‍ പോകുന്നത് ആ പഴയ സൈക്കിളില്‍ തന്നെയാണ്.. പുലരുംമുന്പെ ഉണര്‍ന്നു,മഞ്ഞു കൊള്ളാതെ ഇരിക്കാന്‍ ഒരു തലേകെട്ടും കെട്ടി ,ഡൈനാമോ യുടെ അരണ്ട പ്രകാശത്തില് ഇരുട്ടിലെ തണുപ്പിലേക്ക് ഊളിയിടുന്ന എളാപ്പ ... എനിക്കന്നും ഇന്നും അസൂയയാണ് അവരോട് .

ഇടയ്ക്കു വീണ്ടും അവിടെ പോയപ്പോള്‍ ഒരു പൂതിക്ക്‌ എളാപ്പയുടെ സൈക്കിള്‍ എടുത്തു അഴിമുഖത്തെ പൂഴിയില്‍ അനിയത്തിയെ ഡബിള്‍ വെച്ചു ഞാന്‍.. ., തടികൂടി ബാലന്‍സ് പോയത് കൊണ്ടോ അതോ പൂഴിയില്‍ പുളഞ്ഞോ..അറിയില്ല.. വെട്ടിച്ചു വെട്ടിച്ചു പോകുന്നതിനിടയില്‍ ബ്ലും എന്ന് കച്ചറ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കൂപ്പുകുത്തി..കക്ക വാരുന്ന പെണ്ണുങ്ങള്‍ക്ക് ചിരിക്കാന്‍ ഉള്ള വക ഉണ്ടാക്കി കൊടുത്ത ചാരിതാര്ത്യത്തില്‍ മൂട്ടിലെ ചളി പുഴയില്‍ കഴുകി വേഗം സ്ഥലം കാലിയാക്കി ഞാന്‍

മാമന്മാര്‍ പേര്‍ഷ്യ യില്‍ ആയിരുന്നത് കൊണ്ട് ഉമ്മാന്റെ വീട്ടില്‍ സൈക്കിള്‍ ഇല്ലായിരുന്നു.. ബീഡി കച്ചോടം നടത്തിയിരുന്ന ബാവക്ക യുടെ പിറകില്‍ വലിയ പെട്ടിയുള്ള സൈക്കിള്‍ ,അത് വിശ്രമിചിരുന്നത് ഞങ്ങടെ ഉമ്മറത്ത്തായിരുന്നു.. ബാവക്കയുടെ ബീഡി മണം ,അതാ സൈക്കിളിനും ഉണ്ടായിരുന്നു.. കാല്‍ എത്താത്ത ആ ഒരു വണ്ടി കംബിക്കിടയിലൂടെ കാല്‍ ഇട്ടു ഇടയ്ക്കു ഓടിച്ചു നോക്കും ഞാന്‍..,.. ..നിന്റെ ഒരു കുഞ്ഞി പെങ്ങള്‍ പരിഷ്കാരിച്ചി എന്റെ വീട്ടിലും ഉണ്ടെന്നു ആ പച്ച ഹീറോ യോട്ഞാന്‍ കുശലം പറയും..

കാര്യങ്ങള്‍ ഒക്കെ സ്മൂത്ത്‌ ആയി അങ്ങിനെ പോയികൊണ്ട് ഇരിക്കുമ്പോള്‍ ആണ് ,ഒരു സുപ്രഭാതത്തില്‍ എന്റെ വീടിനു അടുത്തുള്ള പാത്തു ടീച്ചറുടെ വീട്ടില്‍ ഒരു ഗിയര്‍ ഉള്ള സൈക്കിള്‍ വരുന്നത്.. രണ്ടു ചക്രവും ബ്രേക്കും ,അതിനപ്പുറതെക്ക് സൈക്കിളിനു എന്ത് ഗിയറും ക്ലച്ചും ..ഞങ്ങള്‍ അങ്ങിനെ അന്താളിച്ചു നില്‍ക്കുമ്പോള്‍ ,വീടിനു മുന്നിലെ 90 ഡിഗ്രീ കയറ്റം അവന്മാര്‍ സൈക്കിള്‍ ചവിട്ടി കയറ്റും..... തുടക്കത്തില്‍ ഈസി ആയി കയറുമെങ്കിലും ,മുകളില്‍ എത്തുംപോളെക്കും കണ്ടി ഇടാന്‍ ആയിടുണ്ടാവും പയ്യന്മാര്‍..,ഇതിലും നല്ലത് ഞങ്ങടെ തള്ളല്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കും..

ഒരിക്കല്‍ പെരുന്നാളിന് , ചോറൊക്കെ തിന്നു സൈക്കിള്‍ സവാരിക്ക് ഇറങ്ങിയതാണ് ഞാന്‍..,പെരുന്നാള്‍ ഒക്കെ അല്ലെ ഒരു വെത്യസ്തത എന്നാ നിലക്ക് നിന്ന് ചവിട്ടുന്നതിനിടയ്ക്കു കൈവിട്ടു നോക്കിയതാണ് , പെരുന്നാളിന് വിരുന്നു വന്ന അടുത്ത വീട്ടിലെ പേരക്കുട്ടി ,മൂന്നു വയസ് കാണും , എന്റെ സൈക്കിളിനു അടിയില്‍പെട്ട് തല തല്ലി വീണു.. അന്ന് ഞാന്‍ പേടിച്ച പേടി.. പോലീസും കോടതിയും ജയിലില്‍ ഉണ്ടാതിന്നുന്നതും..എന്റെ ജീവിതം നായ നക്കി എന്ന് കരുതിയതാണ്.. ഭാഗ്യം കുട്ടിക്ക് ഒന്നും പറ്റിയില്ല..എന്തായാലും അന്നത്തോടെ നിര്‍ത്തി പരീക്ഷണങ്ങള്‍..

അപ്പോളേക്കും പത്താം ക്ലാസില്‍ എത്തിയിരുന്നു.. വീട്ടില്‍ ആഭ്യന്തര കലാപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടി പുരപ്പെടാവുന്ന സാഹചര്യം ആയിരുന്നത് കൊണ്ട് എന്റെ താമസം സ്കൂളിനു അടുത്തുള്ള അമ്മായിയുടെ വീട്ടിലേക്കു മാറ്റി. അന്ന് പോയി വിജയ ശ്രീ ലാളിതയായി മടങ്ങി വരൂ എന്ന് പറഞ്ഞു യാത്ര ആക്കിയ എന്റെ സൈക്കിളിന്റെ അടുത്തേക്ക് പിന്നെ ഞാന്‍ ചെല്ലുന്നത് പരൂക്ഷ കഴിഞ്ഞു വെകെഷന് ആണ്..

വരൂ നമുക്ക് പറക്കാം എന്ന് പറഞ്ഞു കൂട്ടുകാരികളെ വിളിച്ചു

ഞങ്ങള്‍ ഇല്ലോ എന്നും പറഞ്ഞു അവര്‍ ഓടി ഒളിച്ചു..കാര്യം മനസിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന എന്നോട് അവര്‍ ആ പേടി പങ്കു വെച്ചു.. സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം തെളിയിക്കാന്‍ ഉള്ള കന്യാ ചര്‍മം നഷ്ട്ടമാവുമെന്നു വനിതയില്‍ വായിച്ചത്രേ.. ഇതൊന്നും അറിയാതെ ആണ് ഇത്രേം കാലം ചവിട്ടിയത്.. ആദ്യ രാത്രിയിലേക്ക്‌ മാറ്റി വെക്കാന്‍ ഇനി വല്ലതും ബാക്കി ഉണ്ടോ ആവോ..പെണ്ണുങ്ങളുടെ ചാരിത്ര്യം കവരുന്ന നീച . വഞ്ചക.  ഇനി എന്ത് ചെയ്യും .ആലോചിച്ചിട്ട് ഞങ്ങള്‍ക്ക് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയില്ല..

റിസള്‍ട്ട്‌ വന്നു കോളേജും റാഗ്ഗിങ്ങും പ്രണയവും ഒക്കെ ആയി എല്ലാരും അങ്ങ് ബിസിയായി. ആളൊഴിഞ്ഞ പൂരപറമ്പ് പോലെ മിസ്സ്‌ ഇന്ത്യ ഷെഡില്‍ കയറി.. പെണ്ണുങ്ങളുടെ സൈക്കിള്‍ , എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു അനിയന്‍ പോലും അവളെ മോശക്കാരി ആക്കി മാറ്റി നിര്‍ത്തി ..വര്‍ഷങ്ങള്‍ കഴിഞ്ഞു.. പുതിയ വീട് വെച്ച് താമസം മാറിയപ്പോള്‍ , അനാഥ പ്രേതം ആയി അക്കാലം അത്രയും മൂലക്കല്‍ ഇരുന്ന അവളെ നിങ്ങള്‍ എങ്കിലും നന്നായി നോക്കണേ എന്ന് വാടകക്കാരെ പറഞ്ഞെല്പ്പിച്ചാണ് ഞാന്‍ കെട്ടും ഭാണ്ടവും എടുത്തു ഇറങ്ങിയത്‌..

ഇടക്കൊരിക്കല്‍ പോയപ്പോള്‍ കണ്ടു തലങ്ങും വിലങ്ങും ബ്ലേഡ് വെച്ച് കീറിയ സീറ്റുമായി മഴയത് ഇരിക്കുന്ന അവളെ.. അപ്പോള്‍ തന്നെ വണ്ടി പിടിച്ചു വീട്ടിലേക്കു എടുപ്പിച്ചു.. ഒരു ഓര്‍മയ്ക്ക് , അവള്‍ നമ്മുടെ കാര്‍ ഷെഡില്‍ ഇരുന്നോട്ടെ എന്ന് ഉപ്പയോടും പറഞ്ഞു..

ബംഗ്ലൂരില്‍ വന്ന ശേഷം, ഓട്ടോകാരുടെ കഴുത്തറപ്പിള്‍ നിന്നും രക്ഷപെടാന്‍ ,സൈക്കിളിനെ പറ്റി ചിന്തിച്ചതാണ്. ഇവിടത്തെഭൂപ്രകൃതിയും കാലാവസ്ഥയും സൈക്കിള്‍ സവാരിക്ക് പറ്റിയതാണ്. നിറയെ മരമുള്ള റോഡുകള്‍ ആയതിനാല്‍ വെയിലിനെ പേടിക്കുകയും വേണ്ട.. പഠിക്കുന്ന സ്ഥലത്തേക്കാണെങ്കില്‍ സൈക്കിളില്‍ പോയി വരാവുന്ന ദൂരവും.

അങ്ങിനെയാണ് വീണ്ടും ഒരു സൈക്കിള്‍ വാങ്ങാന്‍ പ്ലാന്‍ ഇടുന്നതും ഷോപ്പില്‍ പോയി നോക്കുന്നതും.. പതിനായിരത്തില്‍ തുടങ്ങി ലക്ഷത്തിലേക്ക് കുതിക്കുന്ന പ്രൈസ് ടാഗുകള്‍ തൂക്കിയ ബൂര്‍ഷ്വാസി സൈക്കിളുകള്‍.. ,രണ്ടു ടയറും അതിനെ ബന്ധിപ്പിക്കുന്ന നാല് കമ്പിയും ഉള്ള നമ്മുടെ ആ പഴയ ആപ്പ ഊപ്പ സൈക്കിളുകള്‍ ഇന്ന് ടെക്നോളജി യുടെ കൂടെ വളര്‍ന്നു GPRS ഇല എത്തി നില്‍ക്കുന്നകാഴ്ച കണ്ടു കണ്ണന്ജിപോയി പോയ ഞാന്‍ ആ പ്ലാന്‍ അന്നേ ഉപേക്ഷിച്ചു..

BMW വീട്ടില്‍ നിര്‍ത്തി ഇടക്കൊരു ചേഞ്ചിന് സൈക്കിളില്‍ ഓഫീസില്‍ പോകുന്ന വരുടെ ഗുട്ടന്‍സ് എനിക്കന്നാണ് കത്തിയത്.സ്റ്റാറ്റസ് ഇന് സ്റ്റാറ്റസ് പ്രകൃതി സ്നേഹത്തിനു പ്രകൃതി സ്നേഹം.. എപ്പടി..

എന്റെ ആ പഴയ സുന്ദരിയെ ഒന്ന് കുട്ടപ്പിയാക്കി ,ട്രെയിന്‍ കയട്ടിവിടാമോ എന്ന് ചോദിക്കാന്‍.. ,അന്നുതന്നെ വീട്ടിലേക്കു വിളിച്ചു . പക്ഷെ കല്ലിയാണം കഴിഞ്ഞു സ്ഥലം വിട്ട ഗ്യാപ്പില്‍ ,എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ , പത്രക്കാരന്‍ പയ്യനോടൊപ്പം ,ഉപ്പ അവളെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറക്കി വിട്ടു എന്ന് ഉമ്മ ഒരു ഹൃദയ വിചാരവും ഇല്ലാതെ പറയുന്നത് കേട്ടപ്പോള്‍ ഇടനെഞ്ചില്‍ ഒരു പിടുത്തം..

എന്റെ ഏകാന്ത സവാരികളില്‍ കൂട്ടുവന്ന , എന്റെ സോപ്നങ്ങള്‍ക്ക് ചിറകുതന്ന,എന്‍റെ കൌമാരത്തിന് സാക്ഷ്യം നിന്ന എന്റെ ലെസ്ബിയന്‍ പാര്‍ട്ണര്‍ അവളിപ്പോള്‍ ഉണ്ടോ ഇല്ലയോ.. അറിയില്ല.. എങ്കിലും എന്നോ ഒരിക്കല്‍ ഊരിവെച്ച അവളുടെ മുന്നിലെ മിസ്സ്‌ ഇന്ത്യ എന്ന് എഴുതിയ ആ കറുത്ത പെട്ടി അതിന്നും എന്റെ മുറിയിലെ റാക്കില്‍ ഇരിപ്പുണ്ട്.. ഒരു കാലഘട്ടത്തിലെ ഓര്‍മയായ പ്രണയ ലേഖനങ്ങള്‍ , ഡയറികള്‍ ,മറ്റു ചില ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ,എനിക്ക് മാത്രം അറിയുന്ന പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരിയാണ് അവളുടെ അവശേഷിക്കുന്ന ഓര്‍മയായ ആ പെട്ടി.