പുരോഗമന സാഹിത്യപ്രസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കി പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭമാണിത്. മനുഷ്യന്റെ പ്രശ്നങ്ങള്‍ സാമൂഹ്യഘടനയുമായി ബന്ധപ്പെടുത്തിയാണ് പഠിക്കേണ്ടതെന്ന സംഘം നിലപാട്, ഒട്ടേറെ സംവാദങ്ങള്‍ക്കുശേഷമാണെങ്കിലും ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. മാറ്റങ്ങള്‍ സാഹിത്യത്തില്‍ മാത്രമുണ്ടായാല്‍ പോര രാജ്യത്തെ സാമൂഹ്യ- രാഷ്ട്രീയ ഘടനതന്നെ മാറണം എന്ന് പുരോഗമന പ്രസ്ഥാനം പറഞ്ഞത് സമൂഹം ശ്രദ്ധിച്ചു. പുരോഗമനോന്മുഖവും, മതനിരപേക്ഷവും, മാനവികവുമായ ഒരു പുതിയ സമൂഹത്തിനുവേണ്ടിയുള്ള സൃഷ്ടികള്‍ സാഹിത്യരംഗത്തും കലാരംഗത്തും ഉണ്ടായി. ചൂഷണ വ്യവസ്ഥയും അതിന്റെ നിര്‍മ്മിതികളായ ഫ്യൂഡല്‍- മുതലാളിത്ത സൌന്ദര്യ സൃഷ്ടികളും ചോദ്യം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തെ മനുഷ്യവല്ക്കരിക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു കഴിഞ്ഞു. വിനോദോപാധിമാത്രമായിരുന്ന സാഹിത്യത്തേയും കലയേയും പൊതുജനത്തിന്റെ പൊതുധാരണയായും പൊതു ഇടമായും മാറ്റിയെടുക്കാനും സാധിച്ചു. സാഹിത്യത്തെ ചരിത്രവല്ക്കരിച്ചുകൊണ്ടും രാഷ്ട്രീയവല്കരിച്ചുകൊണ്ടുമാണ് ഈ നേട്ടം നമ്മള്‍ കൈവരിച്ചത്. ഭാഷയേയും സാഹിത്യത്തേയും ജനാധിപത്യവല്ക്കരിക്കാനും കഴിഞ്ഞു. ചരിത്രം സാമൂഹികപ്പോരാട്ടങ്ങള്‍കൊണ്ടു നിറഞ്ഞതാണെന്നും ആ പോരാട്ടങ്ങളില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നതാണ് പുരോഗമന സാഹിത്യമെന്നും നമ്മള്‍ തെളിയിച്ചു.
ആഗോളവല്ക്കരണകാലത്തെ സാംസ്കാരികാവസ്ഥയാണ് പ്രധാനമായും ഇന്ന് പരിശോധിക്കേണ്ടത്. എഴുത്തും വായനയും കാഴ്ചയും സൌഹൃദവും നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പുതിയ വായനയുടെ പ്രസക്തി പ്രധാനമാണ്. ഒരു ബദല്‍ ജീവിതചിന്തയുടെ സിദ്ധാന്തം എന്താവണം, അതിന്റെ പ്രയോഗം എങ്ങനെയാവണം എന്നതും ചര്‍ച്ച ചെയ്യപ്പെടണം. പ്രത്യയ ശാസ്ത്രസംഘര്‍ഷണങ്ങളെ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തുക, പ്രത്യയശാസ്ത്ര മേഖലയിലെ പ്രതിരോധം എങ്ങനെയാണ് വികസിപ്പിക്കുക- ഇതും അന്വേഷിക്കണം, നൈതിക നിലപാടുകള്‍ എഴുത്തിലും ജീവിതത്തിലും എങ്ങിനെയാവണം എന്ന ചിന്തയും നടത്തേണ്ടതുണ്ട്. തത്ത്വചിന്തയുടെ വികാസപരിണാമങ്ങളും ചര്‍ച്ച ചെയ്യേണ്ടതാണ്. ജീവിതം എങ്ങിനെ? എന്ത്? തുടങ്ങിയ അസ്തിത്വചിന്തകളെപ്പറ്റിയും സംവാദങ്ങള്‍ ഉയര്‍ന്നു വരണം. നവോത്ഥാന നേട്ടങ്ങളും അതിനെ പരാജയപ്പെടുത്തുന്ന ഇന്നത്തെ പുനരുത്ഥാനവും പഠനവിധേയമാക്കണം. സാംസ്കാരിക സംഘടനകളുടെ പ്രാധാന്യം, സര്‍ഗാത്മകത, രാഷ്ട്രീയം- ഇങ്ങനെ നിരവധി വിഷയങ്ങളിലേക്ക് നമ്മുടെ ചര്‍ച്ചകളും അന്വേഷണങ്ങളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
പുതിയ ചരിത്ര സന്ദര്‍ഭത്തെ, കാലഘട്ടത്തെ, അതിന്റെ സവിശേഷതകളെ പുരോഗമന സാംസ്കാരികാവബോധത്തില്‍ നിന്നുകൊണ്ട് അപഗ്രഥിക്കാനും പുതിയ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും നമുക്ക് കഴിയണം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും നവലിബറല്‍ പരിഷ്ക്കാരങ്ങളും നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. തിരിച്ചറിയാനാവാത്ത വിധമാണ് നമ്മുടെ സാംസ്കാരികരംഗം ഇക്കാലത്ത് മാറിയത്. സാംസ്കാരികരംഗത്തെ പ്രതിലോമശക്തികളുടെ സ്വാധീനം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. മുപ്പത് നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരോഗമന ശക്തികളുടെ സാംസ്കാരികരംഗത്തെ ഇടപെടലുകള്‍ക്ക് പിന്നോട്ടടി ഉണ്ടായിരിക്കുന്നു. പുതിയ സാമ്രാജ്യത്വം ജനങ്ങളെ നേരിടുന്നത് പ്രധാനമായും സാംസ്കാരിക കടന്നാക്രമണങ്ങളിലൂടെയാണ്. മാരകായുധങ്ങളും നരമേധങ്ങളും ആവശ്യമായ സ്ഥലങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ അവര്‍ നിര്‍ബാധം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയെപ്പോലുള്ള ചരിത്രം ഉറങ്ങുന്ന വ്യത്യസ്ഥമായ സാംസ്കാരിക സവിശേഷതകളുള്ള ജനസമൂഹങ്ങളില്‍ അവര്‍ സാംസ്കാരത്തെതന്നെയാണ് ഉപകരണമാക്കുന്നത്. ഭരണവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികളെ വിനീതദാസന്മാര്‍ എന്ന നിലയില്‍ മെരുക്കി ഉപയോഗിക്കുന്നു. ജനങ്ങളില്‍ നിന്ന് പാടേ ഒറ്റപ്പെട്ട് ഛിന്നഭിന്നമായി നില്‍ക്കുന്ന ഇന്ത്യയിലെ ഭരണവര്‍ഗത്തെ ആശ്രയിക്കുന്നതിന്റെ പരിമിതിയും സാമ്രാജ്യത്വം തിരിച്ചറിയുന്നു. അതുകൊണ്ട് ഇന്ത്യയില്‍ കോണ്‍ഗ്രസ്, ബി. ജെ. പി പാര്‍ടികളെ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അവയെ നിര്‍ബാധം മറികടന്നുകൊണ്ടും സാമ്രാജ്യത്വം അതിന്റെ പുതിയ തേര്‍വാഴ്ച ഉറപ്പുവരുത്തുന്നു. പലപ്പോഴും ഭരണ വര്‍ഗ രാഷ്ട്രീയ നേതൃത്വം അപ്രസക്തമാവുകയും അതുകൊണ്ടുതന്നെ അവര്‍ക്കെതിരേ ജനത നടത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നിഴല്‍ യുദ്ധംപോലെ ഫല ശൂന്യമാവുകയും ചെയ്യുന്നു. രാഷ്ട്രീയ നേതൃത്വത്തിന് പകരം സാംസ്കാരിക നേതൃത്വമാണ്- സാംസ്കാരിക വ്യവസായികളാണ്- ഇന്ന് സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കുന്നത്. ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ മൂലധനാധിപത്യമുള്ള മാധ്യമങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ചരിത്രപരവും സാംസ്കാരികവുമായ സംഘര്‍ഷങ്ങളേയും പ്രതിസന്ധികളേയും ഇവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷത്തിന്റെ അവശതയും ഭൂരിപക്ഷത്തിന്റെ മേല്‍ക്കോയ്മയും ഒരുപോലെ ഉപയോഗിക്കുന്നു. ദളിതരുടെ ദയനീയ ജീവിതവും വരേണ്യവര്‍ഗത്തിന്റെ അഹങ്കാരവും ഇതുപോലെ ഉപയോഗിക്കുന്നു. കേരളത്തെപ്പോലെ പരിമിതമായ തോതിലെങ്കിലും സാമൂഹ്യപരിഷ്കാരങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ പഴയ ഫ്യൂഡല്‍ വര്‍ഗത്തിലെ പുതിയ തലമുറയുടെ മോഹഭംഗത്തേയും നഷ്ടബോധത്തേയും വിദഗ്ദ്ധമായി അവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പൊതുവേ നോക്കിയാല്‍ രണ്ടു ദശാബ്ദക്കാലത്തെ ആസൂത്രിതമായ ശ്രമംകൊണ്ട് ഇന്ത്യയില്‍ ധൈഷണിക ജീവിതത്തെ മരവിപ്പിക്കാനും വരുതിയിലാക്കാനും സാമ്രാജ്യത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇരയുടെ ആത്മാവില്‍ താവളമടിക്കുക എന്ന നൂതന യുദ്ധതന്ത്രമാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. വ്യക്തികളെ മാത്രമല്ല, മതങ്ങളേയും ജാതിസ്വത്വങ്ങളേയും അവര്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. നവോത്ഥാന കാലത്തും ദേശീയ സമരകാലത്തും രൂപംകൊണ്ട സാമൂഹ്യ പ്രസ്ഥാനങ്ങളെയും ഉള്ളില്‍ കടന്ന് ശിഥിലമാക്കാനും തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ട്. ഒരു പരിധിവരെ അവര്‍ ഇതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. മതങ്ങള്‍ ഏതാണ്ട് സാമ്രാജ്യത്വത്തിന്റെ ചൊല്‍പ്പടിയില്‍ അമര്‍ന്നു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിച്ചു നശിപ്പിക്കാനാണ് അവരുടെ ശ്രമം. ലോകത്തു പലസ്ഥലത്തും പുരോഗമന പ്രസ്ഥാനങ്ങള്‍ തകര്‍ന്നുപോയിട്ടും ഇന്ത്യയില്‍ അത്തരത്തിലൊരു ശിഥിലീകരണം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി വ്യാമോഹം, വിഭാഗീയത- ഇതൊക്കെ ആരോപിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള സാംസ്കാരിക യുദ്ധതന്ത്രമാണ് സാമ്രാജ്യത്വം പയറ്റുന്നത്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കാനും സംരക്ഷിക്കാനും സംഹരിക്കാനും തങ്ങള്‍ക്കു കഴിയും എന്ന അഹങ്കാരം മാധ്യമ ഭീകരന്മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
മാധ്യമങ്ങളെ മാത്രമല്ല ക്ളാസിക്കലും നാടോടിയുമായ നമ്മുടെ ചിരപുരാതന കലകളേയും ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് രൂപംകൊണ്ട പ്രതിരോധത്തിന്റെ കലാരൂപങ്ങളേയും സാഹിത്യത്തേയും സിനിമയേയും ഇതിനായി ഉപയോഗിക്കുന്നു. ആശയ പ്രചാരണത്തിലും അഭിപ്രായ രൂപീകരണത്തിലും ജനങ്ങളുടെ പങ്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. പുതുതായി രംഗത്തു വന്ന ഇ. കലയും ഇ . സാഹിത്യവും മൂലധനത്തിന്റെ മടിത്തട്ടിലാണ് പിറന്നുവീണത്. അതിനെ ജനാധിപത്യ വല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ശാസ്ത്ര പുരോഗതിയുടെ ഏറ്റവും നവീനഭാവമായ ഇലക്ട്രോണിക് ആശയവിനിമയ രംഗത്താണ് കടുത്ത യാഥാസ്ഥിതികരും വിവിധതരം മതഭ്രാന്തന്മാരും ആധിപത്യ മുറപ്പിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കണം. കഴിഞ്ഞ പത്തോപതിനഞ്ചോ കൊല്ലത്തിനിടയ്ക്ക് മാധ്യമങ്ങളുടെ സ്വഭാവം പാടേ മാറിയിരിക്കുന്നതായി നമുക്കു കാണാം. കമ്മ്യൂണിസം വന്നാല്‍ വിഷം കുടിച്ചു മരിക്കും എന്നു പ്രഖ്യാപിച്ച പത്രാധിപരുടെ വികാരപരവും നിഷ്കളങ്കവുമായ രാഷ്ട്രീയ വിരോധമല്ല ഇതെന്നു മനസ്സിലാക്കണം. എല്ലാത്തരം മുഖം മൂടികളും വലിച്ചെറിഞ്ഞ്, ഉടുപുടവ പോലും വലിച്ചെറിഞ്ഞറിഞ്ഞു കൊണ്ടുള്ള കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. അന്ത്യസമരം നടത്തുന്ന യജമാനന്മാരുടെ മരണ വെപ്രാളം അവരുടെ മുഖത്തു കാണാം. വന്‍കിട പത്രങ്ങള്‍ പ്രതിലോമ രാഷ്ട്രീയത്തിന്റെ മാനംകെട്ട പ്രചാരകരായി മാറിയിരിക്കുന്നു എന്ന പരമസത്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല.
നിഷ്പക്ഷതയുടെ മേല്‍വിലാസമാണ് വന്‍കിട മാധ്യമങ്ങള്‍ ഇപ്പോഴും അവകാശപ്പെടുന്നത്. ഇത്രമാത്രം ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണകൂടത്തെ പരസ്യമായി ന്യായീകരിക്കുകയും അവര്‍ക്കു വേണ്ടി ദാസ്യവേല നടത്തുകയും ചെയ്യുന്ന പത്രങ്ങള്‍ക്കാണ് ഇപ്പോഴും കേരളം പോലുള്ള സമൂഹത്തില്‍ ഉയര്‍ന്ന സര്‍ക്കുലേഷന്‍ ഉള്ളതെന്ന സംഗതി അപമാനകരമാണ്.
സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ സാംസ്കാരിക പ്രസ്ഥാനത്തിന് മുന്‍കാലത്തേക്കാള്‍ പ്രസക്തിയുണ്ട്. കേവലമൊരു സാംസ്കാരിക പ്രശ്നമല്ല നമ്മുടെ മുന്നിലുള്ളത്. സമകാലിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കേവലം കഥയിലും കവിതയിലും സിനിമയിലും ഇടപെടുമ്പോള്‍ത്തന്നെ രാജ്യം അഭീമുഖീകരിക്കുന്ന മുഖ്യപ്രശ്നമാണ് തളളിക്കയറി വരുന്നത്. പുതിയ സാഹിത്യം അങ്ങേയറ്റം രാഷ്ട്രീയവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു. സാഹിത്യകാരന്മാര്‍, സാംസ്കാരിക നായകന്മാരായി മാറി. ജനകീയ പ്രശ്നങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. സാംസ്കാരിക തലത്തിലും സംഘര്‍ഷം ശക്തിപ്രാപിച്ചിരിക്കുന്നു. കലാകാരന്മാരേയ്ു സാഹിത്യകാന്മാരേയും ബഹുജനങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള ഒരു സാംസ്കാരിക പ്രതിരോധത്തിനു മാത്രമേ സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക യുദ്ധത്തെ അഭീമുഖീകരിക്കാന്‍ കഴിയൂ. ബഹുജന പ്രസ്ഥാനങ്ങളുടേയും തൊഴിലാളി സംഘടനകളുടേയും പിന്തുണയും പങ്കാളിത്തവും ഇവിടെ ആവശ്യമായിത്തീരുന്നു.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പലതലത്തിലുള്ള തകര്‍ച്ചയ്ക്കും നീണ്ട ഇടവേളയ്ക്കും ശേഷമാണ് ഇന്നു കാണുന്ന സാംസ്കാരിക സംഘടന രൂപം കൊണ്ടത്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ വേദിയിലാണ് നമ്മുടെ സാഹിത്യപ്രസ്ഥാനം ഒരു അനിവാര്യത പോലെ ഒരു ബഹുജനമുന്നണിയായി ഉയര്‍ന്നുവന്നത്. അന്നു നിലനിന്നിരുന്ന ജനകീയ സാംസ്കാരിക കൂട്ടായ്മകള്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം എന്ന അജണ്ട അന്നത്തെ പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്നു. ആ മുദ്രാവാക്യത്തിന്റെ വെളിച്ചത്തില്‍ അതൊരു വിശാലമുന്നണിയായി മാറി. ഇന്നു നാം മറ്റൊരു തരത്തിലുള്ള സാമ്രാജ്യത്വത്തിന്റെ മുമ്പാകെയാണ്. അതിനെതിരായ പോരാട്ടം ഇന്ത്യയിലെ ജനങ്ങളുടെ ജീവല്‍ പ്രശ്നമാണ്. ഇക്കാര്യം തിരിച്ചറിയുന്ന മുഴുവന്‍ സാംസ്കാരിക പ്രവര്‍ത്തകരേയും അണി നിരത്തി പക്വമായ ഒരു വിശാലമുന്നണിയാകാന്‍ നമുക്കു കഴിയണം. അതിനുള്ള ശ്രമം നാളേറെയായി നടക്കുന്നുണ്ടെങ്കിലും വിജയം കൈവരിച്ചിട്ടില്ല. ലക്ഷ്യത്തെക്കുറിച്ചുള്ള ആശങ്കയും അപൂര്‍ണതയുമാണോ മുന്നണിയാവാത്തതിനു കാരണം എന്നു പരിശോധിക്കണം. ഇടതുപുരോഗമന പക്ഷത്തു നില്ക്കുന്ന എഴുത്തുകാരെപ്പോലും പരിമിതമായ രൂപത്തിലേ അണി നിരത്താന്‍ നമുക്കു കഴിയുന്നുള്ളൂ. നമ്മോടൊപ്പം ചേരുന്ന എഴുത്തുകാരില്‍ ചിലരെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഉദാസീനരായിപ്പോകുന്ന അനുഭവവും നമുക്കുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഇടതുപക്ഷപുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള അവസരമായി വലതുപക്ഷ ശക്തികള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചുവല്ലോ. പതിവുപോലെ സാംസ്കാരിക രംഗത്തേയും എഴുത്തുകാരേയുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പ്രിന്റ്, ഇലക്ട്രോണിക്സ് മീഡിയകളിലും, സോഷ്യല്‍നെറ്റ്വര്‍ക്കുകളിലും വലിയ തോതില്‍ ചര്‍ച്ച നടന്നു. വലതുപക്ഷത്തിന്റെ കുഴലൂത്തുകാരാണ് ഒട്ടുമിക്ക ചര്‍ച്ചകളിലും നിറഞ്ഞാടിയത്. നമ്മുടെ ഭാഗത്തു നിന്നും ചുരുക്കം പേര്‍ മാത്രമേ ആ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള താല്പര്യം കാണിച്ചുള്ളൂ. സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നാണല്ലോ നാം സ്വയം വിലയിരുത്തുന്നത്. എന്താണ് ഒരു വ്യക്തി നടത്തേണ്ട സാംസ്കാരിക പ്രവര്‍ത്തനം എന്ന് നിര്‍വ്വചിക്കേണ്ടതുണ്ട്. സംഘടനയിലുള്ളതുകൊണ്ട് മാത്രം സാംസ്കാരിക പ്രവര്‍ത്തനകനാകുന്നില്ല.
സാമ്രാജ്യത്വത്തിനു കീഴ്പ്പെടുന്ന ആധുനിക മനുഷ്യാനുഭവത്തെ കണ്ടെടുക്കാനുള്ള വലിയ ഉത്തരവാദിത്തം പുതിയ സാഹിത്യവും പുതിയ കലയും ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ സാഹിത്യത്തേയും കലയേയും അതിന്റെ ഭാഗമായ വിഭിന്ന ആശയ ധാരകളേയും ഉള്‍ക്കൊള്ളുന്നതിന് പരിമിതമായ തോതിലേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. നവീനായ സാംസ്കാരിക സംവാദങ്ങള്‍ പു.ക.സയ്ക്ക് പുറത്തു നടക്കുന്നത് നമ്മള്‍ ശ്രദ്ധിക്കണം. അത്തരം സംവാദങ്ങളില്‍ ശക്തമായി ഇടപെടാന്‍ നമുക്കു കഴിയണം. സംവാദങ്ങള്‍ അപകടകരമാണെന്ന ചിന്ത ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.
ബഹുവിധ ആശയങ്ങള്‍ നിരന്തരമായി ഉല്പാദിക്കപ്പെടുന്നു എന്നത് ഈ കാലത്തിന്റെ ഒരു സവിശേഷതയാണ്. അതില്‍ പലതും സാമ്രാജ്യത്വ താല്പര്യങ്ങള്‍ അടങ്ങുന്നതാണെന്നത് നമ്മള്‍ തിരിച്ചറിയണം. കേവലമായിട്ടെങ്കിലും ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് സാംസ്കാരിക പ്രവര്‍ത്തനം സംവാദാത്മകമാകാതെ നിര്‍വ്വാഹമില്ല. എതിരഭിപ്രായത്തെ അഭിമുഖീകരിക്കാതെ ഒരു സാംസ്കാരിക പ്രസ്ഥാനത്തിനും ഇക്കാലത്ത് മുന്നോട്ടു പോകാന്‍ കഴിയില്ല. വായനയുടേയും ചിന്തയുടേതുമായ കൂട്ടിരിപ്പുകളും ഹോംവര്‍ക്കുകളും ധാരാളം ആവശ്യമുണ്ട്. സമകാലിക മുതലാളിത്ത പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിരോധത്തിന്റേതായ നവീന ആശയ ധാരകള്‍, സോഷ്യലിസ്റു ചിന്തയെ പരിപുഷ്ടമാക്കുന്ന ആലോചനകള്‍, ലോകത്തിന്റെ പലകോണിലും പരക്കെ ഉണ്ടാകുന്നുണ്ട്. അവ കണ്ടെത്തണം. നമ്മുടെ തുറന്ന സംവാദങ്ങളെ വിവാദമാക്കി ഉപയോഗിപ്പെടുത്താന്‍ എതിര്‍പക്ഷ മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ ഒരുമ്പെടുമെന്നത് ഉറപ്പാണ്. പക്ഷേ അത്തരം ജീര്‍ണമായ നീക്കങ്ങള്‍ ഒന്നോ രണ്ടോ വട്ടം മാത്രമേ ക്ളച്ച് പിടിക്കുകയുള്ളൂ. ജമായത്തെ ഇസ്ളാമി പോലുള്ള ഫണ്ടമെന്റലിസ്റ് സംഘടനകള്‍പോലും സംവാദത്തിന്റെ മുഖം മൂടിയുമായാണ് രംഗത്തു നില്‍ക്കുന്നതെന്ന് ഓര്‍മ്മിക്കണം.
സ്വയം വിമര്‍ശനം എന്നത് കമ്മ്യൂണിസ്റ് ടെര്‍മിനോളജി ജനാധിപത്യ സമൂഹത്തിനു നല്‍കിയ ഏറ്റവും സര്‍ഗാത്മകമായ ഒരാശയമാണ്. ഇരയെ ആശയപരമായി കീഴ്പ്പെടുത്തുന്ന തന്ത്രങ്ങളുള്ള ഇന്നത്തെ ലോകത്ത് ഒരു വ്യക്തി നടത്തുന്ന ആത്മപരിശോധനയും സ്വയം വിമര്‍ശനവും ആത്മവിചാരണയും ഉല്‍കൃഷ്ടമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ഗാത്മകമായ വിമര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. വിമര്‍ശനം ശത്രുക്കള്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ട കാര്യമല്ല. ചെറുകാട് ദേവലോകം നോവലിലും സി.വി. ശ്രീരാമന്‍ പൊന്തന്‍മാടയിലും നടത്തുന്ന വിശകലനങ്ങളും വിമര്‍ശനങ്ങളും ഉദാഹരണങ്ങളായിട്ടെടുക്കാം. അതേസമയം സാമൂഹ്യ ചരിത്രത്തില്‍ നിന്നുരുവം കൊണ്ട - സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നതുകൊണ്ട് - ജനങ്ങളുടെ ആശയും ആവേശവുമായി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അരങ്ങൊരുങ്ങി വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ കരുതിയിരിക്കുകയും വേണം.
പുകസയുടെ പ്രവര്‍ത്തനം പൊതുവില്‍ കേരളത്തിന്റെ ത്വരിതമായ ജനകീയ സാംസ്കാരിക പ്രവര്‍ത്തനത്തിന് പ്രചോദനമാകണം. നാട്ടിന്‍പ്പുറത്തും നഗരങ്ങളിലും നൂറുകണക്കിന് സാംസ്കാരിക സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി പലതും ഉണ്ടാകുന്നുമുണ്ട്. ഇവയില്‍ പലതിനും കൃത്യമായ ഉദ്ദേശ്യമോ ലക്ഷ്യമോ ആശയക്രമമോ ഉണ്ടാവുകയില്ല. പക്ഷേ അവയുടെ പ്രസക്തി വളരെ വലുതാണ്. അടിസ്ഥാനപരമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അവിടെകാണാം. ഇത്തരം സംഘങ്ങളെ പുകസ പ്രവര്‍ത്തകര്‍ പലയിടത്തും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ വിട്ടുനില്‍ക്കല്‍ മൂലം ഇത്തരം സംഘങ്ങള്‍ പലപ്പോഴും ജനശത്രുക്കളുടെ താവളമാകുന്നു. സ്വാഭാവികമായി ജനകീയ പങ്കാളിത്തത്തോടെ ഒട്ടൊക്കെ അരാഷ്ട്രീയമായും ചിലപ്പോള്‍ ഏതെങ്കിലും ഒരു പ്രാദേശിക പ്രശ്നത്തെ മുന്‍നിര്‍ത്തിയും ഉയര്‍ന്നുവന്നു പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ ഏതു രീതിയില്‍ അഭിമുഖീകരിക്കണം എന്നത് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരു സാംസ്കാരിക മുന്നണിയായി ഇത്തരം സമിതികളുമായി ചേര്‍ന്ന് പുകസയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. ജൈവവും ജനകീയവുമായ, ജനാധിപത്യപരവും മതേതരവുമായ നൂറുനൂറുപ്രാദേശിക കൂട്ടായ്മകള്‍ നമുക്ക് ആവശ്യമാണ്.
മനുഷ്യന്‍ അവന്റെ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മ്മിച്ചെടുത്ത കലാരൂപങ്ങളെ അധിനിവേശ ശക്തികളില്‍ നിന്നും തിരിച്ചുപിടിക്കാന്‍ നമുക്കു കഴിയണം. സംഗീതം, ചിത്രകല, സിനിമ, മററ് ഇലക്ട്രോണിക് മീഡിയ എന്നിവയെ ജനകീയവല്ക്കരിച്ച് ഉപയോഗപ്പെടുത്തണം. സംഗീതം ഇന്ന് സാമ്രാജ്യത്വം സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ഇരുപതു മണിക്കൂറും പാട്ടു കേള്‍ക്കുന്ന ഒരു യുവതലമുറയാണ് നമുക്കു മുന്നിലുള്ളത്. ഉറക്കാനുള്ള പാട്ടാണ് അവര്‍ കേള്‍ക്കുന്നതെന്നു മാത്രം. മനുഷ്യാന്മാവിനെ ഇളക്കിമറിക്കാന്‍ കഴിവുള്ള സംഗീതത്തില്‍ മുതലാളിത്തം സമര്‍ത്ഥമായി അതിന്റെ താല്പര്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നു. പാട്ടുകൊണ്ട് പ്രതിരോധത്തിന്റെ കൊട്ടകെട്ടിയ ജനകീയ മുന്നേറ്റത്തിന്റെ ചരിത്രം നമുക്ക് സ്വന്തമായുണ്ട്. സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളില്‍പ്പെട്ട് സാംസ്കാരിക സവിശേഷതകള്‍ നഷ്ടപ്പെട്ട ജനതയ്ക്ക് സംഗീതം, ജീവിതം തിരിച്ചു പിടിക്കാനുള്ള ഉപധിയായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തിലുണ്ട്. എന്തുകൊണ്ട് ജനകീയ സംഗീതത്തെ പുതുകാലത്തിന്റെ ജീവതാളത്തിലേക്ക് സംക്രമിപ്പിച്ച് നമുക്ക് ഉപയോഗിച്ചുകൂടാ? ഒരു സംഗീത ക്യാമ്പു നടത്തി നൂറുപാട്ടുകള്‍ നിര്‍മ്മിച്ച് സംഗീതം കൊടുത്താല്‍ നാട്ടിന്‍ പുറങ്ങളില്‍ അതു കൂട്ടമായി പാടാനുള്ള അരങ്ങുകള്‍ സ്വാഭാവികമായി ഉണ്ടാകും. ചാനലുകളിലെ സംഗീതപരിപാടികളുടെ ജനകീയാകര്‍ഷണം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും ആധുനികമായ ഇലക്ട്രോണിക് കലയേയും ജനാധിപത്യവല്‍ക്കരിച്ച് ഉപയോഗപ്പെടുത്താന്‍ നമുക്കു കഴിയണം. സിനിമയിലും നാടകത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഹിംസയുടേയും പകയുടേയും അരാഷ്ട്രീയതയുടേയും അക്രമത്തിന്റെയും മേഖലകളിലേക്ക് യുവാക്കളെ കൊണ്ടുപോകുന്ന ഇന്നത്തെ സിനിമകളുടെ അപകടം തുറന്ന് കാട്ടണം. സാമൂഹ്യ വര്‍ഗ്ഗമെന്ന നിലയില്‍ നമ്മുടെ സ്ത്രീകളെ പഠിക്കാനും അവര്‍ ഇന്നനുഭവിക്കുന്ന വേതനകള്‍ക്ക് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കണം. ഭാഷയെ നശിപ്പിച്ചുകൊണ്ടാണ് നമ്മുടെ സംസ്കാരത്തെയും സ്വാതന്ത്യ്രത്തെയും അധിനിവേശ ശക്തികള്‍ കവര്‍ന്നെടുക്കുന്നത്. ഭാഷ മരിച്ചാല്‍ ഒരു സംസ്കാരമാണ് ഇല്ലാതാവുന്നതെന്ന തിരിച്ചറിവ് സമൂഹത്തിന് നല്‍കാന്‍ നമുക്ക് കഴിയണം.
പുതിയ സാംസ്കാരിക രാഷ്ട്രീയ രൂപങ്ങള്‍, ആവാസവ്യവസ്ഥ, പരിസ്ഥിതി നാശം, പരിസരമലിനീകരണം, സ്ത്രീപീഡനം, മാഫിയാവല്ക്കരണം - ഇവയെക്കുറിച്ചെല്ലാം പഠനങ്ങള്‍ ഉണ്ടാകണം. സാഹിത്യത്തിലും സാംസ്കാരിക സമീപനങ്ങളിലും ഇടതുപക്ഷ വിരുദ്ധജ്വരം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നു കാണിക്കണം. ഇടതുപക്ഷ പ്രസ്ഥാനം ക്ഷീണിച്ചാല്‍ പകരം വരുന്നത് ജാതിമത ശക്തികളും വര്‍ഗീയവാദവുമാണ്. ഉത്തരേന്ത്യയിലെ ഇന്നത്തെ ജാതി- മതരാഷ്ട്രീയം കേരളത്തിലേയ്ക്കും കടന്നുവരാമെന്ന വിപത്ത് നമ്മള്‍ മുന്‍കൂട്ടി കാണണം. ഒരുമിച്ചു നിയ്ക്കേണ്ട പുരോഗമന ശക്തികളെ ശിഥിലമാക്കാന്‍ മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി ചെറുക്കാനും നമുക്കു കഴിയണം. വ്യക്തമായ ഇടതുപക്ഷ കാഴ്ചപ്പാട് വികസിപ്പിച്ചുകൊണ്ടേ ഇത് സാധ്യമാകൂ.