Jyothi Tagore

ലക്ഷ്യഭേദിയായ ഉണ്ട

ശത്രുവാരെന്നെ ചോദ്യം വളരെ പ്രധാനപ്പെട്ട ഒന്നല്ലേ!!! ശത്രുവില്ല എന്ന ഉത്തരം ഉത്തമമായ അവസ്ഥയുമാണ്. വ്യക്തിയ്ക്കും വ്യവസ്ഥയ്ക്കും ഭരണകൂടത്തിനും ജനതയ്ക്കുമെല്ലാം ശ്രത്രുക്കളുണ്ടാകാം. ശത്രുവില്ല എന്നയുത്തരം ഒരു ജനതയ്ക്കും ഭരണകൂടത്തിനും ഒരേ സ്വരത്തില്‍ പറയാന്‍ കഴിയുന്ന അവസ്ഥ സാമൂഹികവികാസത്തിന്റെ ഉയര്‍ന്നതലമാണ്. ഭരണകൂടത്തിനും ജനതയ്ക്കും ഒരേ ശത്രുവുണ്ടാകുന്ന അവസ്ഥയെ ജനകീയഭരണകൂടം എന്ന സംജ്ഞ കൊണ്ടും വിശേഷിപ്പിക്കാം. അവിടെ ഭരണകൂടം ജനങ്ങളുടെ പ്രാധിനിധ്യം പേറുകയും പോരാട്ടങ്ങള്‍ നയിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്യും. ജനാധിപത്യം വിഭാവന ചെയ്യുന്നതുമിതാണ്. എന്നാല്‍ ഭരണകൂടത്തിനും ജനതയ്ക്കും വേവ്വെറെ വഴികളുണ്ടാകുകയാണ് പതിവ്. സ്ഥാപനവത്ക്കരിക്കപ്പെട്ട ഭരണകൂടങ്ങള്‍ക്ക് ജനതയേക്കാള്‍ വ്യവസ്ഥിതിയോടാണ് കൂറ്. വ്യവസ്ഥിതി സ്വയം നിലനില്‍ക്കാനുള്ള പ്രവണതയുള്ളതും ജനത നവീകരണത്വര പേറുന്നതുമാണ്. വ്യവസ്ഥിതികളെ അതിവര്‍ത്തിച്ചുകൊണ്ട് നടത്തിയ മുന്നേറ്റങ്ങള്‍ക്കാണല്ലോ മാനവപുരോഗതിയെന്ന് പറയുന്നത്. സ്വാഭാവികമായും ഇത്തരമൊരവസ്ഥയില്‍ ഭരണകൂടം വ്യവസ്ഥിതിയുടെ സംരക്ഷകനാകുകയും ജനതയുടെ എതിര്‍ചേരിയിലാകുകയും ചെയ്യുന്നു. ഭരണകൂടഭീകരതയുടെയൊക്കെ വേരുകള്‍ കിടക്കുന്നതവിടെയാണ്. തങ്ങളുടെ രക്ഷയ്ക്കായി സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളില്‍ നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന ജനത എന്ന ദുരന്തമൊക്കെ ഇങ്ങനെയുണ്ടാകുന്നതാണ്. ഉണ്ട എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ പ്രമേയവും മറ്റൊന്നല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രിയശത്രുവാരെന്ന അന്വേഷണമാണ് ഉണ്ടയെ ഇതുവരെയുള്ള മലയാളസിനിമകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.


MV5BMzBmMGJlMTQtOTU4Yi00NjQ4LWEzOGEtYWYxZjdlNDMxMDc1XkEyXkFqcGdeQXRyYW5zY29kZS13b3JrZmxvdw@@._V1_UX477_CR0,0,477,268_AL_


ജനാധിപത്യമെന്നത് ഒരു മുതലാളിത്ത ചിന്താപദ്ധതിയാണെന്ന തീവ്രവിമര്‍ശനമൊക്കെ അവിടെ നില്‍ക്കട്ടെ, നാം ജീവിക്കുന്ന വ്യവസ്ഥിതി മുതലാളിത്തമാണെന്നിരിക്കെ ജനാധിപത്യ ഭരണകൂടങ്ങളെ തങ്ങള്‍ക്കനുഗുണമാക്കിത്തീര്‍ക്കാന്‍ വ്യവസ്ഥിതി ശ്രമിച്ചുകൊണ്ടേയിരിക്കും. മുതലാളിത്ത വികസന രൂപങ്ങളുടെ നടത്തിപ്പുകാരോ ഇടനിലക്കാരോ ഒക്കെയായി ഭരണകൂടം അധ:പ്പതിക്കുകയും ചെയ്യും. ജനകീയമായോ ഒറ്റപ്പെട്ടോ ഉയരുന്ന എതിര്‍പ്പുകള്‍ ശത്രുപക്ഷത്താകുന്നത് സ്വാഭാവികം. അങ്ങനെയാണ് ഭരണകൂടം സ്വന്തം ജനതയ്ക്കെതിരെ തന്നെ തിരിയുന്നത്. എന്നാല്‍ അത്തരം എതിര്‍പ്പുകള്‍ ജനപിന്തുണയാര്‍ജിക്കുന്നതിനെ അധികാരിവര്‍ഗ്ഗം ഭയക്കുന്നുണ്ട്. തങ്ങളുല്‍പ്പാദിപ്പിക്കുന്ന ഹിംസയ്ക്ക് ഒരു ന്യായീകരണം ചമയ്ക്കാന്‍ / പുറമെയ്ക്കെങ്കിലും ജനാധിപത്യമുഖം കാത്തുസൂക്ഷിക്കാന്‍ ഒരു കാരണം സൃഷ്ടിക്കേണ്ടതുമുണ്ട്. ശത്രുബിംബങ്ങളുടെ സ്ഥാപനമാണ് അതിനുള്ള വഴി. തിടം വെച്ചു വരുന്ന പൊതുബോധത്തിന് ഒരു ശത്രുവിനെ സൃഷ്ടിച്ചു നല്‍കുന്നു. അത് മറ്റൊരുരാജ്യമാകാം, ആശയമാകാം, കൂട്ടമാകാം, സമരമാകാം; അപരത്വം = അപകടമെന്ന ധ്വനി വരുന്നതെന്തുമാകാം. ആടിനെ പട്ടിയാക്കിയാലേ പേബാധയാരോപിച്ച് തല്ലു കൊല്ലാനാകൂ. ഉയര്‍ന്നുവരാവുന്ന പ്രതിഷേധരൂപങ്ങള്‍ക്ക് മേല്‍ ഉചിതമായൊരു ശത്രുതാ ബിംബമാരോപിച്ചാല്‍ രണ്ടുണ്ട് കാര്യം. തങ്ങളുടെ ജനാധിപത്യമുഖവും കാക്കാം; എതിര്‍ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുകയുമാവാം.


190619-Mammooty_16b6fa8812a_large


തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഛത്തീസ്ഗഡിലെ ബസ്തറിലേയ്ക്ക് അയക്കപ്പെടുന്ന കേരള പൊലീസിന്റെ ഒരു സംഘം നേരിടുന്ന അനുഭവങ്ങളാണ് ഉണ്ടയുടെ ഇതിവൃത്തം. സിനിമയുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ ബസ്തര്‍ എന്ന പരാമര്‍ശം എന്തുകൊണ്ടും ഉചിതമാണ്. സിനിമയുടെ ഉള്ളടക്കത്തെ അത് കൂടുതല്‍ പ്രഹരശേഷിയുള്ളതാക്കുന്നു. സിനിമയില്‍ സൂചിപ്പിക്കുന്നതു പോലെ ബസ്തര്‍ തീവ്രഇടതു ഗ്രൂപ്പുകള്‍ക്ക് ( മാവോയിസ്റ്റുകള്‍ എന്ന് പരാമര്‍ശം ) മേല്‍ക്കൈയുള്ള പ്രദേശമാണ്. ചുവന്ന ഇടനാഴി എന്ന് വിളിപ്പേരുള്ള ദന്തേവാഡയൊക്കെ ബസ്തര്‍ ഡിവിഷനിലാണ്. സിനിമയില്‍ വെളിവാകുന്ന മറ്റൊരു സൂചന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ സ്വാഭാവിക വാസസ്ഥലമായിരുന്നു അതെന്നാണ്. എന്നാല്‍ ബസ്തറിന് ഉള്ള മറ്റൊരു പ്രത്യേകത പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണിവിടം എന്നതാണ്. ബോക്സൈറ്റ്, വിലകൂടിയ കല്ലുകള്‍ എന്നിവയാണവയില്‍ പ്രധാനം. ഇത് മൂലധനശക്തികളുടെ താല്‍പ്പര്യകേന്ദ്രമായി പ്രദേശത്തെ മാറ്റി. ഭരണകൂടം ഏതുഭാഗത്തു നിലകൊള്ളുന്നു എന്നതും നിര്‍മ്മിക്കപ്പെട്ട ശത്രുബിംബം ഏതെന്നും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഏഷ്യയിലെ നയാഗ്ര എന്നൊക്കെ വിളിപ്പേരുള്ള ചിത്രകൂട് വെള്ളച്ചാട്ടം , ഇന്ദ്രാവതി നദി എന്നിവയുടെ സാന്നിദ്ധ്യമൊക്കെ ഈ മേഖലയില്‍ ജലമെന്ന മറ്റൊരു സാധ്യത മുതലാളിത്തത്തിന് മുന്നില്‍ തുറന്നിടുന്നുണ്ട്. ടൂറിസം പോലുള്ളവ വേറെയും. ലാഭക്കൊതിയുമായെത്തിയവരുടെ മുദ്രാവാക്യം വികസനം എന്ന് തന്നെയായിരിക്കണം. എന്നാല്‍ ആ വികസനം ബസ്തറിലെ ആദിവാസികള്‍ക്കും പ്രദേശവാസികള്‍ക്കും സമ്മാനിച്ചത് കുടിയിറക്കലും വേട്ടയാടലും ദുരിതങ്ങളും തന്നെയെന്ന് സിനിമയിലെ ഫ്രൈമുകള്‍ സാക്ഷി. മൂലധന താല്‍പ്പര്യങ്ങള്‍ കശക്കിയെറിഞ്ഞ നാടാണ് ബസ്തര്‍. ലക്ഷങ്ങള്‍ അധിവസിച്ചിരുന്ന പ്രദേശത്ത് ഇപ്പോള്‍ ആയിരങ്ങളേ താമസമുള്ളൂ എന്ന് ഒരു കഥാപാത്രം പറയുന്നുമുണ്ട്. അനധികൃത മൈനിംഗ് അടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്താണ് ,കാടിനെ ആശ്രയിച്ച് ജീവിക്കുന്ന തദ്ദേശിയന്‍ മാവോയിസ്റ്റായി മുദ്രകുത്തപ്പെടുകയും വധിക്കപ്പെടുകയുമൊക്കെ ചെയ്യുന്നത്. തങ്ങള്‍ക്ക് വിദ്യാഭ്യാസവും കുടിവെള്ളവും പോലും പ്രദാനം ചെയ്യാന്‍ പാങ്ങില്ലാത്ത ഒരു വികസനമാതൃകയ്ക്ക് വേണ്ടിയാണ് അവര്‍ വേട്ടയാടപ്പെടുന്നത് എന്നും മറക്കരുത്.


img1053-tgko69ibcfjjj


ഇന്ത്യയിലെ ഏറ്റവും വികസിതസമൂഹം മലയാളികളാണെന്ന പൊതുപ്രസ്താവത്തില്‍ വിയോജിപ്പുകള്‍ക്ക് ഏറെ സാധ്യതയില്ല. ആന്തരിക വിമര്‍ശനങ്ങള്‍ ഏറെയുണ്ടാകാം; വികസന ചര്‍ച്ചകളില്‍, എല്ലാ സാമൂഹ്യഘടകങ്ങളിലും നാം ഏറെ മുന്നിലാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പൊലീസ് സംവിധാനത്തിലും അത് ദൃശ്യമാണ്. കേരളം പോലെ പുരോഗമനസ്വഭാവം പുലര്‍ത്തുന്ന സമൂഹത്തിന് അപമാനമാകുന്ന വാര്‍ത്തകള്‍ക്ക് കേരള പൊലീസും കാരണമാകുന്നുണ്ട് എന്ന വസ്തുത സ്വയംവിമര്‍ശനത്തിനോ സ്വയംപ്രതിരോധത്തിനോ ഒക്കെയായി നാം മലയാളികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കാരണം ഉണ്ട സിനിമ കേവലമൊരു വടക്കുനോക്കിയന്ത്രമല്ല. എല്ലാം ഭദ്രമായ കേരളമെന്ന ഭൂമികയില്‍ നിന്ന് കൊണ്ടു മറ്റു ഭൂപ്രദേശങ്ങളെ വിമര്‍ശിക്കുകയെന്നതല്ല; കേരളത്തെയും വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. സബ് – ഇന്‍ സ്പക്ടര്‍ മണിയെന്ന കേന്ദ്രകഥാപാത്രം സ്വന്തം ഡിപ്പാര്‍ട്ടുമെന്റിനെക്കുറിച്ച് പറയുന്ന കമന്‍ റുകള്‍ നമ്മുടെ പൊലീസ് സംവിധാനത്തിന്റെ പിഴവുകള്‍ക്ക് നേരെയുള്ള നിശിതവിമര്‍ശനങ്ങളാണ്. ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചും ജോലിയിലെ അതിസമര്‍ദ്ദത്തെക്കുറിച്ചും നിയമപരമായ ചട്ടക്കൂടിനകത്ത് നിസ്സഹായരാകുന്ന മനുഷ്യരെക്കുറിച്ചുമൊക്കെ സിനിമ ആകുലപ്പെടുന്നു. കേരളം No.1 എന്ന മേനി നടിക്കലിനപ്പുറം ആഴത്തിലുള്ള ചില കാഴ്ചകളിലേയ്ക്കാണ് സിനിമ കടന്നു ചെല്ലുന്നത്.


unda-compressed


ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി പ്രയോഗിക്കപ്പെടുന്ന പൊലീസ് സംവിധാനമെന്നത് അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച്; സിസ്റ്റത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കണ്ടീഷന്‍ ചെയ്യപ്പെട്ടതായിരിക്കും. സമരത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ തല്ലി തലപൊട്ടിക്കാനോ , മോഷണക്കുറ്റം ആരോപിച്ച് റിമാന്‍ ഡിലായവനെ ഉരുട്ടിക്കൊല്ലാനോ ഹെല്‍മറ്റ് പിടിക്കാനോ കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനോ പരിശീലിക്കപ്പെട്ട കേരള പൊലീസ് വലിയൊരു സംഘര്‍ഷമേഖലയില്‍ കഴിവുകെട്ട കോമാളിക്കൂട്ടമായി മാറുന്ന ഇരുണ്ടഹാസ്യം നമുക്ക് സിനിമയില്‍ കാണാം. അധികാരിവര്‍ഗ്ഗത്തിന് കോമാളിയായി മാറുന്ന അതേ കാക്കിക്കുള്ളില്‍ ചുമതലബോധമുള്ള, ജനാധിപത്യ വിശ്വാസിയായ “മതേതരമലയാളി ” യാണ് ഉള്ളത് എന്നതാണ് സിനിമയുടെ മര്‍മ്മം.


unda-review-3


മതേതര- ജനാധിപത്യമൂല്യങ്ങള്‍ തുറസ്സുകള്‍ സൃഷ്ടിക്കുകയും അവയില്‍ നിന്ന് വെള്ളവും വളവും കിട്ടി വിശ്വപൗരനാകുകയും ചെയ്ത മലയാളിയുടെ വളര്‍ച്ചാചരിത്രം തന്നെയാണ് നമ്മെ ഇന്ത്യയിലെ മുന്‍ നിര സമൂഹമാക്കി നിര്‍ത്തിയത്. ചങ്ങാത്തമുതലാളിത്തം വെച്ചുനീട്ടിയ മോഹന സ്വപ്നങ്ങള്‍ കൃതജ്ഞതയോടെ നിരാകരിക്കുകയും ” കേരള വികസനമാതൃക”യെന്ന് പുകള്‍പ്പെറ്റ ബദല്‍മാര്‍ഗ്ഗത്തിലൂടെ മുന്നേറുകയും ചെയ്തവരാണ് നാം. കൃതജ്ഞതയോടെയുള്ള നിരാകരണമെന്ന് പറയാന്‍ കാരണം, സംഘര്‍ഷത്തേക്കാള്‍ സമവായത്തോടായിരുന്നു അതിനടുപ്പം. വിതരണനീതിയിലൂന്നി നിന്നുകൊണ്ട് മുതലാളിത്തത്തെ നാം സാമൂഹികമാറ്റത്തിനായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിന്റെ പൊതുബോധത്തില്‍ ഇടതുസ്വഭാവം മേല്‍ക്കൈ നേടിയതും , കൈവന്ന അധികാരത്തെ ഉപയോഗിച്ചുകൊണ്ട് മൂലധനകേന്ദ്രീകരണത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടതും നിര്‍ണ്ണായകമായിരുന്നു. ഭൂപരിപരിഷ്ക്കരണം, സാര്‍വ്വത്രികമായിത്തീര്‍ന്ന പാരിസ്ഥിതികാവബോധം;ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്ന് തുടങ്ങി, മുണ്ടശ്ശേരിയുടെ കാലവും കടന്ന്, സാക്ഷരതായജ്ഞത്തിലൂടെ വളര്‍ന്ന് നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസരംഗം , പൊതുഇടങ്ങളുടെ സാന്നിദ്ധ്യം, ശാസ്ത്രസാഹിത്യപരിഷത്ത്, ലൈബ്രറി കൗൺസില്‍ തുടങ്ങി അനന്യമായ ചില പ്രസ്ഥാനങ്ങള്‍, സര്‍വോപരി പ്രബുദ്ധമായ രാഷ്ട്രീയ നേതൃത്വം എന്നിങ്ങനെ കേരളത്തെ കേരളമാക്കിയ ഒട്ടേറെ ഘടകങ്ങളുണ്ട്. ഇവ നമുക്ക് നല്‍കിയ ദിശബോധം തന്നെയാണ് പലതിനോടും “No;thanks” പറയാന്‍ കേരളത്തിന് കരുത്തു പകര്‍ന്നത്. ശരിയാണ്, നാം സൈലന്റ് വാലി പദ്ധതിയോട് No പറഞ്ഞു. വന്‍ കിട വ്യവസായങ്ങളോട്, വലിയ ഭൂജന്മിത്വത്തോട്, എക്സ്പ്രസ്സ് വേയോട്, ആണവപദ്ധതികളോട്… ; ആര്‍ക്ക് വേണ്ടിയെന്ന ചോദ്യം മറിച്ചും തിരിച്ചും ചോദിച്ചു. അത്തരമൊരു സമൂഹത്തില്‍ നിന്നാണ് കുറെ മനുഷ്യര്‍ കാക്കി യൂണിഫോമില്‍ പൊതിഞ്ഞ് ബസ്തറിലേയ്ക്ക് അയക്കപ്പെട്ടത്. അവര്‍ നേരത്തെ ശത്രുവിനെ തിരിച്ചറിഞ്ഞവരാണ്.


dc-Cover-n9k166j5drsbm2n83oe0794en4-20160713230750.Medi


പക്ഷേ, വേണ്ടവിധം തിരിച്ചറിയാതെ പോകുന്ന ചിലതുണ്ട്. കേരളം ഇന്ത്യയ്ക്ക് വഴികാട്ടും എന്ന മാസ്സ് ഡയലോഗിനുമപ്പുറം , നാം ഭയക്കുന്ന തിന്മകള്‍ സഹ്യനിപ്പുറത്തേയ്ക്കാണ് കടന്നുകയറുന്നത്. നവോത്ഥാനത്തിന്റെ തീയില്‍ വാടിക്കിടന്ന യാഥാസ്ഥിതികത്വം, വടക്കന്‍ കാറ്റില്‍ തളിര്‍ക്കാന്‍ വെമ്പുന്നുണ്ടെന്ന് മലയാളി കാണാതെ പോകുന്നുണ്ട്. ആ കാഴ്ചകളും ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രിയചിത്രമാണിത്. ജാത്യാചാരം അപമാനമായി കരുതിയ സാമൂഹ്യവളര്‍ച്ചയില്‍ നിന്ന് ജാതിവാല്‍ അഭിമാനചിഹ്നമായ പ്രതിനവോത്ഥാനത്തിലാണിന്ന് മലയാളി. അവിടെ നിന്ന് ജാതിയുടെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലയിലേയ്ക്ക് എത്രദൂരമെന്ന് ഇനിയെങ്കിലും നാം ചോദിച്ച് തുടങ്ങണം. പുരോഗമനത്തിന്റെ ഉടുപ്പിനുള്ളില്‍ നാമൊക്കെ ജാതിശരീരം പേറുന്ന മനുഷ്യരായിരുന്നെന്ന് അംഗീകരിക്കണം. മമ്മൂട്ടിയുടെ SI മണിയെന്ന പിന്നാക്കക്കാരനും ലുക്ക്മാന്‍ അവതരിപ്പിക്കുന്ന CPO ബിജുകുമാര്‍ എന്ന ആദിവാസിയും പൊലീസ് സേനയില്‍ ജാതിവേര്‍തിരിവുകള്‍ അനുഭവിക്കുന്നുണ്ട്. ഒന്ന് പൊതുബോധത്തിനകത്തും മറ്റേത് പൊതുബോധത്തിന് പുറത്തുമുള്ള ജീവിതങ്ങളാണെന്ന് മാത്രം. മര്‍ദ്ദനോപകരണമെന്ന പൊലീസ് ഇമേജിനോട് യോജിക്കാത്ത ശരീരഭാഷയാണ് SI മണി പ്രകടിപ്പിക്കുന്നത്. അതിന് അയാളുടെ ജീവിതാനുഭവങ്ങളോട് ബന്ധമുണ്ട്. മേലുദ്യോഗസ്ഥന്‍ വായു ഗുളികയ്ക്കായി അന്വേഷിക്കുന്നതാണ് സിനിമയില്‍ ആ കഥാപാത്രത്തിന്റെ ആദ്യമെന്‍ ഷന്‍ . കീഴുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അയാള്‍ക്ക് നായകപരിവേഷം ലഭിക്കുന്നുമില്ല. വേറെ നിവൃത്തിയുണ്ടെങ്കില്‍ ആരെങ്കിലും പൊലീസാകുമോയെന്ന് അയാള്‍ സഹപ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്. അപ്പോഴൊക്കെയും സിനിമയ്ക്കകത്തെ കഥാപാത്രങ്ങള്‍ക്കും നാം കാണികള്‍ക്കുമയാള്‍ അപരസാന്നിദ്ധ്യമല്ല. കേരള നവോത്ഥാനവും കേരളവികസനമോഡലും സാമൂഹ്യമായി ഉയര്‍ത്തിയെടുത്ത കീഴാളപ്രതിനിധിയാണയാള്‍. അധികാരത്തില്‍ കീഴാളജനതയ്ക്ക് നല്‍കിയ ചരിത്രപരമായ പങ്കാളിത്തം കേരളമുന്നേറ്റത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷേ, അപ്പോഴും അവന്റെ കീഴാളത്തമെന്ന അവശതകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നമുക്കായിട്ടുമില്ല.


scxk4Mdiahabj


അവിടം കൊണ്ടവസാനിക്കുന്ന രാഷ്ട്രീയമേ പങ്കുവെയ്ക്കാനുണ്ടായിരുന്നുവെങ്കില്‍ ഉണ്ടയും പല സിനിമകളില്‍ ഒന്നായി അവസാനിക്കുമായിരുന്നു. വിശപ്പ് എന്ന കുറ്റത്തിന് ആള്‍ക്കൂട്ടവിചാരണ നേരിട്ട് കൊല ചെയ്യപ്പെട്ട മധുവിനെ പോലുള്ളവരെ പുറത്തുനിര്‍ത്തി; കേരളസമൂഹത്തിന്റെ രാഷ്ട്രീയംചര്‍ച്ചചെയ്യുന്നതുപോലെയാകുമായിരുന്നു. മധുവിന്റെ പെങ്ങള്‍ റിക്രൂട്ട് ചെയ്യപ്പെട്ടതു വഴി , സംസ്ഥാന സിവില്‍ സര്‍വീസില്‍ പട്ടികവര്‍ഗ്ഗ പ്രാതിനിധ്യമുയര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായിരുന്നല്ലോ!!! ഭരണഘടനാനുസൃതമായ സംവരണത്തിലൂടെ വിവിധ പിന്നാക്ക ജനതയ്ക്ക് അര്‍ഹമായ ജോലി സംവരണം ലഭിക്കുന്നില്ലയെന്ന് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കേരള പഠനത്തിലൂടെ വെളിവാക്കപ്പെട്ടതാണ്. ഇതിന്റെ ആഴത്തിലേയ്ക്ക് വെളിച്ചം വീശുന്ന കാഴ്ചയായി മാറുന്നു CPO ബിജുകുമാര്‍ എന്ന പാത്രസൃഷ്ടി. ഇന്ത്യയിലെ ഏറ്റവും മതേതര- ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നതായി കരുതുന്ന കേരളസിവില്‍ സര്‍വീസില്‍ പോലും ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതിയെ സിനിമ പച്ചയായി തുറന്നുകാട്ടുന്നുണ്ട്. വെറുപ്പിന്റെ രാഷ്ടീയം സഹ്യപര്‍വ്വതം കടന്നിങ്ങെത്തിയാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാതിരിക്കാന്‍ മാത്രം മതേതരമോ ജാതിരഹിതമോ ഒന്നുമല്ല നാം എന്ന് ചുരുക്കം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ബലാബലത്തിലല്ല, മനസ്സുകളെ കീഴടക്കുന്നതിലാണ് ഫാസിസത്തിന്റെ വിജയമിരിക്കുന്നതെന്ന് സാരം. നാമൊക്കെ ഉള്ളിന്റെയുള്ളില്‍ എത്രത്തോളം വര്‍ഗ്ഗീയത പേറുന്നുണ്ടെന്നതാണ് പ്രധാനം. ജീവിതത്തിന്റെ ഓരോഘടകത്തെയും വിലയിരുത്തി ഈ ചോദ്യം ആവര്‍ത്തിക്കുകയും തിരുത്തലുകള്‍ക്ക് തയ്യാറെടുക്കുകയും വേണം. ത്രിതലപഞ്ചായത്ത് സംവിധാനത്തിന് പകരം ഖാപ്പ് പഞ്ചായത്തുകള്‍ പ്രയോഗത്തില്‍ വരുന്ന കേരളം ഒരു മലയാളിയുടെയും സ്വപ്നത്തിലുണ്ടാകില്ല എന്ന ശുഭാപ്തിവിശ്വാസമാണ് തുടര്‍ന്നും പുലരേണ്ടത്.


images


മതേതരമൂല്യങ്ങള്‍ക്കൊപ്പം വികസന സംസ്ക്കാരത്തിലും മലയാളി തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. കുടിവെള്ളത്തിന്റെ മൂല്യബോധത്തിലും സുഖിമാനായ ഒരു ഉപഭോക്താവിന്റെ മനസ്സാണ് നമുക്കുള്ളത്. ബസ്തറിലെ ജനങ്ങളെ കൊള്ളയടിച്ച സാമ്പത്തികശക്തികള്‍ക്ക് , മതവും വര്‍ഗ്ഗീയതയും ഭീകരവാദവുമൊക്കെ ലാഭചോദിതമായി ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ മാത്രമാണ്. പലപ്പോഴും അവ വിപണിയുടെ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ മറയാക്കപ്പെടുന്നവയാണ്. ഗോരക്ഷാ ക്രിമിനലുകളുടെ നരനായാട്ടിന് പുറകില്‍ ദളിത്-ഇസ്ലാം വിരുദ്ധത മാത്രമല്ല, വലിയ ബീഫ് കയറ്റുമതി കുത്തകകളായ ഹിന്ദുസമ്പന്നരുമുണ്ടെന്നത് ഒരുദാഹരണം മാത്രം. ഇന്ദ്രാവതിയുടെ ജലസമൃദ്ധിയുടെ ഓരത്തും ജലത്തിനായി കൈ നീട്ടേണ്ടി വരുന്ന മനുഷ്യര്‍ , മുതലാളിത്ത വികസനമാതൃകയുടെ നേര്‍ചിത്രമാണ്; കരുതിയിരിക്കണം.


ബസ്തറിനെക്കുറിച്ച് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ദ്രാവിഡന്മാരുടെ ചരിത്രപരമായ പാലായനം ആരംഭിക്കുന്നതവിടെ നിന്നാണെന്നാണ്. ഇന്ത്യന്‍ രാഷ്ടീയ പോരാട്ടത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്ന് കൊണ്ട് ദ്രാവിഡസത്വം ഒരു പൊതു പ്ലാറ്റ്ഫോമിലേയ്ക്ക് ഏകീകരിക്കാനുള്ള പ്രവണത ശക്തമായിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണ്. ഇന്ത്യന്‍ മതേതരത്വത്തിനും അതിന്റെ നട്ടെല്ലായ നമ്മുടെ ഭരണഘടനയ്ക്കും നിരന്തരം വെല്ലുവിളിയുയര്‍ത്തുന്ന ഹിന്ദു വര്‍ഗ്ഗീയതയ്ക്കെതിരെ അത് പ്രതിരോധമുയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഭാഷാവൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ച് ഫെഡറലിസം സംരക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമാണ് തമിഴന്റെ സംഭാവനയെങ്കില്‍ ; കേരളമോഡലെന്ന ബദല്‍ വികസനമാണ് മലയാളി തുറന്നിടുന്ന സമരമുഖം. അതുകൊണ്ടു തന്നെ വികസനത്തിലെ മനുഷ്യമുഖം കൂടുതല്‍ ഊട്ടിയുറപ്പിച്ചും വിട്ടുവീഴ്ചയില്ലാത്ത മതേതരസ്വഭാവം പുലര്‍ത്തിക്കൊണ്ടുമേ ഇന്ത്യയുടെ പരമാധികാരം സംരക്ഷിയ്ക്കാനുള്ള പോരാട്ടം മലയാളിയ്ക്ക് മുന്നോട്ടു കൊണ്ടുപോകാനാകൂ… ബസ്തറില്‍ നിന്ന് ആരംഭിച്ച പാലായനത്തിനെടുത്ത ദൂരത്തേക്കാള്‍ വളരെചെറുതാണ് തിരിച്ചുള്ള ദൂരം.


” പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ…” ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധമായ മുദ്രാഗീതമാണത്. കേരളത്തിന്റെ വികസനവഴിയുടെ ഒരു വിശകലനതലം അതിലുള്‍ച്ചേര്‍ത്തിരിക്കുന്നു. വായനയിലൂടെ ലോകത്തെ, ജീവിതത്തെ അറിഞ്ഞവരാണ് മലയാളികള്‍. അങ്ങനെ സാംശീകരിച്ചതാണ് നമ്മുടെ ലോകവീക്ഷണം. അല്ലാതെ കനപ്പെട്ട ജീവിതവഴികള്‍ താണ്ടി കരഗതമാക്കിയതല്ല. പ്രവാസവും പട്ടിണിയും സ്വാതന്ത്ര്യസമരവുമൊക്കെയാണ് ചുരുക്കം ചില അപവാദങ്ങള്‍. വലിയ പ്രകൃതിദുരന്തങ്ങളോ വര്‍ഗ്ഗീയ കലാപങ്ങളോ വംശീയലഹളകളോ നേരിട്ടവരല്ല നാം. അതുകൊണ്ട് തന്നെ ഇതരഇന്ത്യന്‍ പ്രദേശങ്ങളിലെ ജീവിതാവസ്ഥകളോട് താദാത്മ്യം പ്രാപിക്കാന്‍ നമുക്ക് പ്രയാസവുമായിരിക്കും. ബെന്യാമിന്റെ വാക്കുകള്‍ ഇവിടെ ഉചിതമാണ് – ” നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ് ” . തെരഞ്ഞെടുപ്പ് നടത്തിക്കില്ല എന്ന മാവോയിസ്റ്റ് ഭീഷിണിയെ നേരിടാന്‍ നിയുക്തരായ പൊലീസ് സംഘത്തിന് നേരിടേണ്ടി വന്നത് ബലാല്‍ക്കാരമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വന്ന ഹിന്ദുതീവ്രവാദികളെയാണ്. വടക്കേയിന്ത്യയില്‍ ഇതൊക്കെ പതിവാണെന്ന യാഥാര്‍ത്ഥ്യത്തെ കെട്ടുകഥകളാണെന്ന ഭാഷ്യത്തോടെ നേരിടുന്നവര്‍ മലയാളികളുടെ ഇടയില്‍ കൂടിവരുന്നുണ്ട്. ശരണം വിളികള്‍ക്കിടയില്‍ തെറി മിക്സ് ചെയ്യുന്ന ക്രിമിനലുകള്‍ക്ക് വിശ്വാസികള്‍ക്കു മുന്നില്‍ ഇരട്ടവേഷം കെട്ടാവുന്ന, തെരുവില്‍ മൈക്ക് കെട്ടി ഇന്ത്യന്‍ ഭരണഘടന കത്തിക്കുമെന്ന അലറാവുന്ന ഒരു നാടായി നമ്മുടേത് മാറിയിട്ടുണ്ടെങ്കില്‍ ഓര്‍ക്കുക, ആ കെട്ടുകഥകള്‍ക്ക് നമ്മുടെ ജീവിതത്തിലേയ്ക്ക് അധികദൂരമില്ല. അത് തിരിച്ചറിയുന്നു എന്നതും ശത്രുവിനെ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ചൂണ്ടിക്കാണിക്കുന്നു എന്നതുമാണ് ഉണ്ട സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം. അയ്യപ്പഭക്തന്റ വേഷം ധരിച്ച പൊലീസുകാരനും റൊമാന്റിക് കാമുകനായി ചമഞ്ഞ പൊലീസുകാരനും സുരക്ഷിതമായി സൂക്ഷിക്കാനാവാതെ പോയ “ഉണ്ട” നെഞ്ചില്‍ തറച്ച് ഒരു പാവം ആദിവാസി യുവാവ് കൊല്ലപ്പെടുനുണ്ട്. അവന്റെ അനുജനോട് രാഷ്ട്രീയമലയാളിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ – സ്വന്തം മണ്ണ് വിട്ടുകൊടുക്കരുത്. മലയാളസിനിമയും പറഞ്ഞുകൊണ്ടിരിക്കുന്നത് മറ്റൊന്നുമല്ല – തെല്ലും വിട്ടുകൊടുക്കില്ല. പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടികളാണ് സാക്ഷി.


12


ഖാലിദ് റഹ്മാന്‍ നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്,ഹര്‍ഷദിന്റെ മികച്ച തിരക്കഥയ്ക്ക് ചലച്ചിത്രഭാഷ്യമേകിയതിന്…
ഷൈന്‍ ടോംചാക്കോ, അര്‍ജുന്‍ അശോക്, ലുക്ക്മാന്‍ എന്നിവര്‍ ഗംഭീരപ്രകടനമാണ് നടത്തിയത്. എന്നാല്‍ മമ്മൂട്ടിയെന്ന വലിയ നടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തന്റെ താരഭാരങ്ങള്‍ അഴിച്ച് വെച്ച് ഒരു നടനായി നിന്ന് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം.
സിനിമ കണ്ടിറങ്ങുമ്പോള്‍ നല്ലൊരു വാര്‍ത്തയും തേടിയെത്തി. പരിയേറുംപെരുമാള്‍ സിനിമയുമായി ബന്ധപ്പെട്ട പാഠം തമിഴ്നാട്ടിലെ പ്ലസ് ടു സിലബസില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സിനിമ പ്രതിരോധമുയര്‍ത്തുക തന്നെയാണ്.